UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാധകരോട് ചിലത് പറയാനുണ്ട്; മരിയ ഷെറപ്പോവ വിശദീകരണവുമായി ഫേസ് ബുക്കില്‍

Avatar

ഉത്തേജക മരുന്ന് വിവാദത്തില്‍ വിശദീകരണവുമായി മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

എന്റെ ആരാധകര്‍ക്ക്,

നിങ്ങളുമായി ചില വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവസാനം പുറത്തുവന്ന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാനും, മാധ്യമങ്ങള്‍ ചില കാര്യങ്ങള്‍ തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇതിനെതിരെ പൊരുതാന്‍ ഞാന്‍ ഉറപ്പിച്ചിരിക്കുന്നു എന്നും അറിയിക്കാനും ആഗ്രഹിക്കുന്നു.

നിങ്ങള്‍ എനിക്ക് വന്‍പിന്തുണ തന്നു. അതിന് ഞാന്‍ നന്ദിയുള്ളവളാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ – എല്ലാവരുമല്ല – സംഭവത്തെപ്പറ്റിയുള്ള വിവരങ്ങള്‍ വളച്ചൊടിക്കുകയും ഊതിപ്പെരുപ്പിക്കുകയും ശരിയല്ലാതെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു എന്നു ഞാന്‍ മനസിലാക്കുന്നു.

മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന വിലക്കിനെപ്പറ്റി എനിക്ക് അഞ്ചുതവണ മുന്നറിയിപ്പ് ലഭിച്ചതായി ഒരു റിപ്പോര്‍ട്ട് പറയുന്നു. അത് സത്യമല്ല. അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല. ലഭ്യമാക്കിയ, അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട വിവരങ്ങള്‍ എന്നതിനെ വളച്ചൊടിച്ചതാണ് ആ റിപ്പോര്‍ട്ട്.

വിലക്കിനെപ്പറ്റി അറിഞ്ഞില്ല എന്നത് ഒഴിവുകഴിവായി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 2015 ഡിസംബര്‍ 22ന് ലഭിച്ച ഇ മെയില്‍ സന്ദേശത്തെപ്പറ്റി ഞാന്‍ നിങ്ങളോട് പറഞ്ഞുകഴിഞ്ഞു.  അതിന്റെ വിഷയം ‘ടെന്നിസ് ആന്റി ഡോപ്പിങ് പരിപാടിയില്‍ വന്ന പ്രധാന മാറ്റങ്ങള്‍ – 2016’എന്നായിരുന്നു. അത് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. പക്ഷേ മറ്റ് അറിയിപ്പുകളോ? അവ ന്യൂസ് ലെറ്ററുകളിലും വെബ്‌സൈറ്റുകളിലും ലഘുലേഖകളിലും മുങ്ങിക്കിടക്കുകയായിരുന്നു.

ഡിസംബര്‍ 18ന് ‘പ്ലെയര്‍ ന്യൂസ് ‘ എന്ന സബ്ജക്ട് ലൈനില്‍ ഒരു ഇ- മെയില്‍ എനിക്കു ലഭിച്ചു. അതില്‍ ഒരു വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററായിരുന്നു. ഉള്ളടക്കത്തില്‍ യാത്രകള്‍, വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍, റാങ്കിങ്ങുകള്‍, സ്ഥിതിവിവരക്കണക്കുകള്‍, ബുള്ളറ്റിന്‍ ബോര്‍ഡ് നോട്ടീസുകള്‍, ജന്മദിനാശംസകള്‍…. ഇവയ്‌ക്കൊപ്പം ആന്റി ഡോപ്പിങ് വിവരങ്ങളും.

ആ ഇ-മെയിലില്‍ നിന്ന് ആന്റി ഡോപ്പിങ് പട്ടികയില്‍ പുതുതായി ചേര്‍ത്ത മരുന്നുകള്‍ കണ്ടെത്തണമെങ്കില്‍ ‘പ്ലേയര്‍ ന്യൂസ് ‘ ഇമെയില്‍ തുറന്ന് ആവശ്യമില്ലാത്ത ഒരു ഡസനോളം ലിങ്കുകള്‍ കടന്ന്, അതില്‍നിന്ന് ‘പ്ലേയര്‍ സോണ്‍’ ലിങ്ക് കണ്ടെത്തി, യൂസര്‍ നെയിമും പാസ് വേഡും നല്‍കി, പല വിഷയങ്ങളിലുള്ള മൂന്നു ഡസനിലധികം ലിങ്കുകളുള്ള ഹോം പേജില്‍നിന്ന് ‘ടെന്നിസ് ആന്റി ഡോപ്പിങ് പരിപാടിയില്‍ വന്ന പ്രധാന മാറ്റങ്ങള്‍ – 2016’ എന്ന ലിങ്ക്  ക്ലിക്ക് ചെയ്ത്, വീണ്ടും ആന്റി ഡോപ്പിങ്ങിനെപ്പറ്റി മൂന്നു ഡസനോളം ലിങ്കുകളുള്ള പേജിലെത്തണം. ഇതില്‍നിന്നു ശരിയായ ലിങ്ക് കണ്ടെത്തി തുറന്ന് പേജ് രണ്ടിന്റെ അവസാനഭാഗത്തെത്തിയാല്‍ അവിടെയാണ് ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നിന്റെ മറ്റൊരു പേര് കണ്ടെത്താനാകുക.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇപ്പറഞ്ഞ മുന്നറിയിപ്പ് കണ്ടെത്തണമെങ്കില്‍ ആന്റി ഡോപ്പിങ്ങുമായി ബന്ധമില്ലാത്ത സബ്ജക്ട് ലൈനുള്ള ഇമെയില്‍ തുറന്ന് വെബ്‌പേജില്‍ ക്ലിക്ക് ചെയ്ത് പാസ് വേഡും യൂസര്‍ നെയിമും കൊടുത്ത് അന്വേഷിച്ച്, ക്ലിക്ക് ചെയ്ത്, അന്വേഷിച്ച്, ക്ലിക്ക് ചെയ്ത്, അന്വേഷിച്ച്, ക്ലിക്ക് ചെയ്ത്, സ്‌ക്രോള്‍ ചെയ്ത വായിക്കണം. ചില മാധ്യമങ്ങള്‍ ഇതിനെ മുന്നറിയിപ്പ് എന്നു വിളിക്കുമെന്നു ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും.

വിലക്ക് പ്രാബല്യത്തില്‍ വന്നശേഷം, 2016ന്റെ തുടക്കം മുതല്‍ വിവിധ ടൂര്‍ണമെന്റുകളില്‍ ഒരു വാലെറ്റ് കാര്‍ഡ് വിതരണം ചെയ്തിരുന്നു. ഇതില്‍ ആയിരക്കണക്കിനു വാക്കുകളുണ്ട്. മിക്കവയും സാങ്കേതിക പദങ്ങളാണ്. എല്ലാം ചെറിയ അക്ഷരങ്ങളിലും. ഞാന്‍ അത് വായിക്കണമായിരുന്നോ? അതെ. എന്നാല്‍ ഈ രേഖ (ഇതോടൊപ്പമുണ്ട്) നിങ്ങള്‍ കാണുകയാണെങ്കില്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ക്കു മനസിലാകും.

വീണ്ടും ഒഴിവുകഴിവുകളല്ല. എന്നാല്‍ എനിക്ക് അഞ്ചുതവണ മുന്നറിയിപ്പു തന്നു എന്നു പറയുന്നത് തെറ്റാണ്.

മരിയ ഷറപോവയുടെ അവിശ്വസനീയ ജീവിതം

‘മരിയ ഷെറപ്പോവയുടെ കാര്യത്തില്‍ നാലു മുതല്‍ ആറുവരെ ആഴ്ചത്തെ ചികിത്സയാണ് സാധാരണം’ എന്നു പറയുന്ന തലക്കെട്ടുകളും കണ്ടു. പല റിപ്പോര്‍ട്ടര്‍മാരും ഈ തലക്കെട്ട് ആവര്‍ത്തിച്ചു. എന്നാല്‍ ബാക്കി വാര്‍ത്ത എന്താണു പറയുന്നതെന്ന് വായനക്കാരെ അറിയിക്കാന്‍ അവര്‍ തയ്യാറായതുമില്ല. എന്റെ മരുന്നിന്റെ ഉത്പാദകര്‍ ആ വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: ‘ ചികിത്സ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കാം. രോഗിക്ക് കൂടുതല്‍ കാലത്തേക്ക് മെല്‍ഡോണിയം ആവശ്യമുണ്ടോ എന്ന് ഒരു ഡോക്ടര്‍ക്കു മാത്രമേ പറയാനാകൂ’.

അതുതന്നെയാണ് ഞാന്‍ ചെയ്തത്. ഞാന്‍ ദിവസവും ആ മരുന്ന് കഴിച്ചില്ല. എന്റെ ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഞാന്‍ അത് ഉപയോഗിച്ചത്. നിര്‍ദേശിക്കപ്പെട്ടതുപോലെ കുറഞ്ഞ അളവിലാണ് അത് ഉപയോഗിച്ചത്.

ഞാന്‍ ഇത് കൈകാര്യം ചെയ്തതിനെപ്പറ്റി എനിക്ക് അഭിമാനമുണ്ട്. ഞാന്‍ സത്യസന്ധയും ധീരയുമായിരുന്നു. പരിശോധനാഫലം മറച്ചുവയ്ക്കാന്‍ വേണ്ടി  പരുക്കേറ്റതായി ഞാന്‍ ഭാവിച്ചില്ല.

ഐടിഎഫ് ഹിയറിങ്ങിനായി ഞാന്‍ കാത്തിരിക്കുന്നു. ആ സമയത്ത് എന്റെ വിശദമായ മെഡിക്കര്‍ റെക്കോഡുകള്‍ അവര്‍ക്കു ലഭിക്കും.

എനിക്കു വീണ്ടും കളിക്കാനാകുമെന്നു കരുതുന്നു. എന്തു സംഭവിച്ചാലും എന്റെ ആരാധകര്‍ സത്യം അറിയണമെന്നും കാര്യങ്ങള്‍ മനസിലാക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

മരിയ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍