UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളുകുടി തുലയ്ക്കും; ഭേദം കഞ്ചാവെന്ന് പഠനം

Avatar

ക്രിസ്റ്റഫര്‍ ഇങ്ഗ്രാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മരിജ്വാനയുടെ വിപണനവും ഉപയോഗവും നിയമാനുസൃതം ആക്കണം എന്ന വിഷയത്തില്‍ കൂടുതല്‍ തലപുകയ്‌ക്കേണ്ടതില്ലെന്നു പുതിയ പഠനം. അതിനു പകരം മദ്യത്തിന്റെയും പുകയിലയുടെയും സിഗരറ്റിന്റെയും ഉപയോഗം നിയന്ത്രിക്കാന്‍ വേണ്ട നിയമമാണ് വേണ്ടത് എന്നും പഠനം പറയുന്നു. 

മുമ്പ് കരുതിയതില്‍ നിന്ന് വ്യത്യസ്തമായി മറ്റു ലഹരി പദാര്‍ഥങ്ങളെ, ഉദാഹരണത്തിന് മദ്യം പോലുള്ളവയെ അപേക്ഷിച്ച് മരിജ്വാന അപകടസാധ്യത കുറഞ്ഞ ഒരു പദാര്‍ത്ഥമാണ്. മദ്യം കഴിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗവേഷകര്‍ വേണ്ടത്ര ഗൗരവം നല്‍കുന്നില്ല എന്നതും ഒരു പ്രശ്‌നം ആണ്. ആളുകള്‍ സാധാരണയായി ഉപയോഗിക്കുന്ന ലഹരി വസ്തുക്കളുടെ അപകട സാധ്യതയെക്കുറിച്ച് ഒരു ഗവേഷണ ലേഖനം സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ഒരു മാസികയില്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തില്‍ മരണത്തിനു കാരണമാകുന്ന ഏറ്റവും അപകടകാരിയായ ഒന്നായി പറയുന്നത് മദ്യത്തെ ആണ്. ഹെറോയിനും കൊക്കെയിനും അതിനു തൊട്ടു പിറകില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. 

ഈ പട്ടികയിലെ അവസാനത്തെ കക്ഷി ആരാണെന്നറിയാമോ? വീഡ് എന്നറിയപെടുന്ന പുകയില, മരിജ്വാന എന്നീ ഇലകളാണ് ഏറ്റവും അപകടം കുറഞ്ഞ ലഹരി പദാര്‍ത്ഥം. ഗവേഷകരുടെ അഭിപ്രായമനുസരിച്ച് മദ്യത്തെക്കാള്‍ 114 മടങ്ങ് അപകട സാധ്യത കുറഞ്ഞ ഒന്നാണ് ഇവ. ഒരു സാധാരണ വ്യക്തി ഉപയോഗിക്കുന്ന അളവിനനുസരിച്ചാണ് ഈ പട്ടികയില്‍ അപകട സാധ്യത തീരുമാനിക്കുന്നതും ക്രമപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഈ പഠനത്തില്‍ ഏറ്റവും അപകടം കുറഞ്ഞ ഒന്നായി തിരഞ്ഞെടുത്തതും മരിജ്വനയെ തന്നെ.

ഈ ഗവേഷണം സുരക്ഷിത ലഹരി പദാര്‍ത്ഥതങ്ങളെ കുറിച്ച് പത്തു വര്‍ഷം മുമ്പ് നടത്തിയ മറൊരു പഠനത്തിന്റെ കണ്ടെത്തലുകളെ ശരിയെന്നു തെളിയിക്കുന്നു. മുമ്പ് നടത്തിയ പഠനത്തെക്കള്‍ വ്യത്യസ്തമായി അല്‍പം കൂടി ശാസ്ത്രീയമായാണ് ഇപ്പോഴത്തെ ഗവേഷണം നടന്നത്. അതിനാല്‍ തന്നെ ഇത് മുമ്പ് കണ്ടെത്തിയ തെളിവുകളുടെ സ്വീകാര്യത ഒന്ന് കൂടി ഉറപ്പിക്കുന്നു. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മരിജ്വാനയുടെ ഉപയോഗം നിയമാനുസൃതമാക്കണം എന്ന ചര്‍ച്ച കൊടുമ്പിരിക്കൊണ്ട സമയത്താണ് ഈ പഠനം പുറത്തു വരുന്നത് എന്നത് ഏറെ പ്രസക്തമാണ്. 

മദ്യത്തെക്കാള്‍ സുരക്ഷിതം എന്നാല്‍ പൂര്‍ണമായും സുരക്ഷിതം എന്നര്‍ത്ഥമില്ല കേട്ടോ. മരിജ്വാന നിയമാനുസൃതമാക്കണം എന്ന് വാദിക്കുന്നവര്‍ സാധാരണ പറയുന്ന ഒന്നുണ്ട്, അത് പ്രകൃതിദത്തമാണെന്ന്. അതിനാല്‍ അത് ഒരു മരുന്നാണെന്നും അത് സുരക്ഷിതമാണെന്നും അവര്‍ വാദിക്കുന്നു. ഈ വാദത്തോട് എനിക്കത്ര യോജിപ്പില്ല. 

റാറ്റില്‍ സ്‌നേക്ക്(ഒരു തരം അമേരിക്കന്‍ വിഷപാമ്പ്) വിഷവും പ്രകൃതി ദത്തം തന്നെ. എന്നാല്‍ അത് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? പല വേദന സംഹാരികളും ശാസ്ത്രീയമാണെങ്കിലും അതുപയോഗിച്ചു ആയിരക്കണക്കിന് ആളുകള്‍ ഓരോ കൊല്ലവും മരണപ്പെടുന്നുണ്ട്. 

മരിജ്വാനായുടെ ഉപയോഗത്തില്‍ ഒരുപാട് അപകടങ്ങള്‍ ഉണ്ട്. മാനസിക വിഭ്രാന്തിക്കുവരെ കാരണമായേക്കാവുന്ന ഇവ എത്ര അളവില്‍ എത്ര തവണ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചിരിക്കും ഇതിന്റെ അപകടസാധ്യതയും. 

നമ്മള്‍ അകത്താക്കുന്ന എന്തിലും ഒരു അപകടം പതുങ്ങിയിരിക്കുന്നുണ്ട്. കൂടുതല്‍ പഞ്ചസാര തിന്നാല്‍ അത് പ്രമേഹത്തിനും പല്ലുകള്‍ കേടുവരുന്നതിനും കാരണമാകും. കൂടുതല്‍ ഉപ്പു കഴിച്ചാല്‍ അത് രക്തസമ്മര്‍ദ്ദ ത്തിനും ഹൃദയാഘാതത്തിനും വഴിവയ്ക്കും. അതേപോലെ മദ്യവും മയക്കുമരുന്നുകളും കഴിക്കും തോറും അപകട സാധ്യത കൂടി വരികയും ചെയ്യും. 

ഇത്തരം മരുന്നുകളെ എങ്ങനെയാണു നിയമം നോക്കിക്കാണുന്നത് എന്നതിലാണ് പ്രശ്നം. മദ്യവും നിക്കോട്ടിനും ഒക്കെ ഏറ്റവും നിയന്ത്രണം കുറഞ്ഞ വസ്തുക്കള്‍ ആണ്. ദേശീയ നയത്തില്‍ തന്നെ ഒട്ടും പ്രാധാന്യം നല്‍കാതെയാണ് ഇവയുടെ നിയന്ത്രണത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. മാനസിക ഉല്ലാസത്തിന് ഉപയോഗിക്കുന്ന മയക്കുമരുന്നുകള്‍ എന്ന വിഭാഗീകരണത്തിന് വേണ്ടത്ര ശാസ്ത്രീയ വിശദീകരണം ഇല്ല എന്ന് ഈ ഗവേഷണത്തില്‍ ചൂണ്ടിക്കാണിക്കുകയും തെളിവുകള്‍ നല്‍കി വിശദമാക്കുകയും ചെയ്യുന്നു. 

മരിജ്വാനയിലും മദ്യത്തിലും അടങ്ങിയിരിക്കുന്ന അപകടങ്ങളെ കണക്കിലെടുത്താല്‍ തന്നെ നിയമ വിരുദ്ധമായ മയക്കു മരുന്നിനേക്കാള്‍ അപകടം കുറഞ്ഞവ തന്നെ ആണിവ. ഏറ്റവും അപകടം കുറഞ്ഞ മരിജ്വാന പോലുള്ളവയെ നിരോധിക്കുകയല്ല, നിയമംവഴി നിയന്ത്രിക്കുകയാണ് വേണ്ടത്. 

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മരിജ്വാന നിയമാനുസൃതമാക്കുന്നതിനെതിരായി കൊടിപിടിക്കുന്നവര്‍ അവരുടെ ശ്രദ്ധ മദ്യത്തിനും സിഗരറ്റിനും എതിരെ തിരിച്ചാല്‍ ഈ രാജ്യത്തെ ആരോഗ്യരംഗം മെച്ചപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. ദിവസം മുഴുവന്‍ മരിജ്വാനയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു വീട്ടില്‍ വന്നു കൂടുതല്‍ വിഷമയമായ എന്തെങ്കിലും കുടിക്കുക എന്ന വിചിത്രത ആണ് ഇന്ന് ഇവിടെ നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍