UPDATES

വായന/സംസ്കാരം

യോസയുടെ ‘ചീത്ത പെണ്‍കുട്ടി’ താണ്ടുന്ന വായനയുടെ വന്‍കരകള്‍

Avatar

ശ്രീകാന്ത് പി

1960കളിൽ ഉരുത്തിരിഞ്ഞ ‘ലാറ്റിൻ അമേരിക്കൻ ബൂം’ എന്ന വേലിയേറ്റത്തിലാണ്  മരിയോ വർഗ്ഗാസ് യോസ ഉയർന്നു വരുന്നത്. ഗബ്രിയേൽ മാർകേസ്, ഫുഎന്റസ് എന്നിവരായിരുന്നു ആ സാഹിത്യ മുന്നേറ്റത്തിലെ മറ്റു പ്രമുഖർ. യൂറോപ്പ്യൻ സാഹിത്യത്തിലെ അസ്തിത്വദുഖത്തിന്റെ അന്ത്യം കുറിക്കൽ  ആയിരുന്നു ലാറ്റിൻ അമേരിക്കയിൽ ഉയർന്നു വന്ന പുതിയ കൂട്ടുകെട്ട്. എഴുത്തിലും അതിന്റെ രാഷ്ട്രീയത്തിലും തന്റേതായ കാൻവാസ് തീർക്കാൻ യോസയ്ക്ക് സാധിച്ചു. ജീവിതത്തെ കഥയിൽ  നിന്നോ, കഥ രാഷ്ട്രീയത്തിൽ നിന്നോ, രാഷ്ട്രീയം സാഹിത്യത്തിൽ നിന്നോ, സാഹിത്യം ഫുട്ബോളിൽ നിന്നോ വേർപെടുത്താൻ ആവില്ലെന്ന് ഈ സാഹിത്യകാരന്മാർ തെളിയിച്ചു. യോസ അക്കൂട്ടത്തിൽ പ്രമുഖൻ ആയിരുന്നു.

മാർക്കേസിനെ വായിച്ച പോലെ യോസയെ മലയാളികൾ വായിച്ചിട്ടില്ല. മലയാളത്തിൽ യോസയെ ഏറ്റവും നന്നായി പഠിച്ചിട്ടുള്ള ആളാണ് എൻ ശശിധരൻ. അദ്ദേഹം പറയുന്നത്, “മലയാളിയുടെ സവിശേഷമായ കാല്‍പനിക ഭാവുകത്വത്തിന്‌ ഏറ്റവും ഇണങ്ങിയ എഴുത്തുകാരൻ ആണ് മാർക്കേസ്. എന്നാൽ എഴുത്തുകാരൻ എന്ന നിലയിൽ മാര്‍ക്കേസിനു ഒപ്പമോ ഒരുപടി ഉയരത്തിലോ നിൽക്കാൻ ശേഷിയുണ്ട് യോസയ്ക്ക്. നോവൽ എന്ന സാഹിത്യ രൂപത്തിൽ ഇത്രയേറെ പരീക്ഷണങ്ങൾ നടത്തിയ, രചനകളിൽ ഇത്രയേറെ വൈവിധ്യം പുലർത്തിയ, രചനകളുടെ എണ്ണത്തിലും മികവിലും നമ്മെ ഇത്രയേറെ അമ്പരപ്പിക്കുന്ന മറ്റൊരു എഴുത്തുകാരൻ ജീവിച്ചിരിപ്പില്ല. മാർക്കേസിൽ കാല്‍പനിക ചാരുതയും സൌന്ദര്യാത്മകതയും യോസയെക്കാൾ കൂടും. യോസയുടെ രചനകൾ കുറേക്കൂടി മുറുക്കമേറിയതും ബലിഷ്ഠവുമാണ്. ജനപ്രിയതയെ ചെറുക്കുന്ന എന്തോ ഒന്ന് യോസയുടെ രചനയിൽ ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. “

യോസയുടെ ഓരോ രചനകളും ഓരോ ഇതിഹാസങ്ങൾ ആണ്. 2006ൽ പ്രസിദ്ധീകൃതമായ നോവൽ ആണ് ‘ചീത്ത പെണ്‍കുട്ടി’ (Bad Girl). ഒറ്റ വായനയിൽ ഇത് അസാധാരണവും തീക്ഷ്ണവും ആയ ഒരു പ്രണയ കഥ മാത്രം ആണ്. ഇതിലെ കാമുകൻ യോസ തന്നെയാണ് (ആത്മകഥാംശം ഉള്ള നോവൽ ആണ് ‘ചീത്ത പെണ്‍കുട്ടി’ എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട് ). എന്നാൽ നോവൽ അതിന്റെ പരന്ന പ്രതലം വിട്ടു പുതിയ തലത്തിൽ എത്തുന്നത് അമ്പതുകളിലെയും അറുപതുകളിലെയും എഴുപതുകളിലെയും രാഷ്ട്രീയവുമായും ചരിത്രവുമായും സംവദിക്കുമ്പോൾ ആണ്. അത് അദ്ദേഹത്തിന്റെ ജന്മനാടായ പെറുവിന്റെ മാത്രം ചരിത്രമല്ല, മറിച്ച് യൂറോപ്പിന്റെ, ലാറ്റിൻ അമേരിക്കയുടെ, ഏഷ്യയുടെ ഒക്കെ ചരിത്രമാണ്. ക്യൂബയിലെ വിപ്ലവമുന്നേറ്റങ്ങൾ, ഹിപ്പി സംസ്കാരത്തിന്റെ ഉദയവും വളർച്ചയും, പെറുവിലെ പട്ടാളഭരണങ്ങൾ, പോപ്പുലർ സംഗീതം സാഹിത്യത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നത്, സാഹിത്യത്തിലെ ഫൂക്കോ, ദെരിദ യാന്ത്രികതകൾ, എയിഡ്സ് പരത്തി തുടങ്ങിയ ഭീതി ….

1950ൽ  ഒരു വേനലിൽ ആണ് റിക്കാർഡോ എന്ന പെറുവിയൻ ബാലൻ ലിലി എന്ന ചിലിയൻ പെണ്‍കുട്ടിയെ കാണുന്നത്. ആ കാഴ്ചയിൽ തന്നെ പെണ്‍കുട്ടിയുടെ കുസൃതിയോടെയുള്ള ചിരിയിൽ റിക്കാർഡോ വീഴുന്നു. പിന്നീടാണ് അറിയുന്നത് അവളുടെ ചിലിയൻ ഐഡന്റിറ്റി തന്നെ ഒരു കള്ളം ആണെന്ന്. അവൾ റിക്കാർഡോയ്ക്ക് മുമ്പിൽ പൂരിപ്പിക്കാൻ കഴിയാത്ത ഒരു സമസ്യ ആകുന്നു.

റിക്കാർഡോ പിന്നീട് ഫ്രാൻസിലേക്ക് ചേക്കേറുന്നു. എഴുത്തുകൾ/കഥകൾ തര്‍ജ്ജമ ചെയ്യുക എന്നതായിരുന്നു ജോലി. തുച്ഛമായ വരുമാനത്തിൽ അയാൾ ജീവിതം മുന്നോട്ട് നീക്കുന്നു. ലാറ്റിൻ അമേരിക്കയിലെ വിപ്ലവങ്ങളിലോ, ലോകം മൊത്തം പരന്ന ഹിപ്പി ജീവിതത്തോടെ അയാൾക്ക് തരിമ്പും മമത ഉണ്ടായില്ല. ഭാഗ്യവശാൽ അല്ലെങ്കിൽ നിർഭാഗ്യവശാൽ ചീത്ത പെണ്‍കുട്ടി അയാളുടെ ജീവിതത്തിൽ ഓരോ ഇടവേളകളിൽ കടന്നു വരികയും ഓരോ ഇടവേളകൾ ഉണ്ടാക്കി കടന്നു പോകുകയും ചെയ്യുന്നു. ഓരോ തവണയും അവൾ ഓരോ വേഷങ്ങളിൽ ആയിരുന്നു. വിപ്ലവകാരിയുടെ വെപ്പാട്ടി, ഫ്രാൻസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യ തുടങ്ങി ജപ്പാനിലെ അധോലോക നായകൻറെ കൂട്ടുകാരി വരെ. ചീത്ത പെണ്‍കുട്ടി തന്റേതു മാത്രമാണെന്ന് ഉറപ്പിക്കുമ്പോഴേക്കും വല്ലാത്ത പിടച്ചിൽ റിക്കാർഡോയ്ക്കും വായനക്കാരനും സമ്മാനിച്ചു അവൾ കടന്നു പോകുന്നു. നല്ല ആണ്‍കുട്ടി നല്ല ആണ്‍കുട്ടിയായി അവളെ കാത്തിരുന്നു കൊണ്ടിരുന്നു.

കഥയിൽ രണ്ടു അതിരുകൾ ആണ് കഥാകൃത്ത്‌ ബോധപൂർവം മായ്ച്ചു കളയുന്നത്. ഒന്ന്, ഭൂമിശാസ്ത്രപരമായ അതിരുകൾ. നോവൽ ഓരോ പേജ് മറിയുമ്പോഴും ഓരോ വൻകരകൾ താണ്ടി കാണും. ചീത്ത പെണ്‍കുട്ടി ഇനി എവിടെ നിന്നാണ് കഥയിലേക്ക് തിരിച്ചു വരുന്നത് എന്ന്  വായനക്കാരന് പിടി തരില്ല. രണ്ട്, യാഥാർത്ഥ്യവും ഫിക്ഷനും തമ്മിലുള്ള അതിര്. അതിൽ രണ്ടാമത്തേതാണ് വായനക്കാരൻ എന്ന നിലയിൽ എന്നെ കൂടുതൽ ഭ്രമിപ്പിച്ചത്. ഈ നോവൽ വായിക്കും മുമ്പേ പലവട്ടം സ്വയം ചോദിച്ചതാണ് എവിടെയാണ് ഫിക്ഷനും റിയാലിറ്റിക്കും ഇടയിൽ ഉള്ള ആ അതിര്. ആ ചോദ്യം യൊസയെയും അലട്ടുന്നുണ്ട് എന്ന അറിവ് തരുന്ന സന്തോഷം ചെറുതല്ല. 

“You will find this strange.But she,and all those who live a good part of their lives enclosed in fantasies they erect in order to abolish their real life, both know and don’t know what they are doing.The boarder disappears for a while and then it reappears.”

അറുപതുകൾ തൊട്ട് എഴുത്തിൽ വിസ്മയങ്ങൾ തീർത്ത യോസയ്ക്ക് നോബൽ സമ്മാനം ലഭിക്കുന്നത് 2010ൽ  ആണ്. ഒരുവേള, നോബൽ അദ്ദേഹത്തിന് കിട്ടാകനിയാകുമോ എന്ന് സാഹിത്യ ലോകം നെടുവീർപ്പിട്ടു. വൈകിയെങ്കിലും ആദരം കാണിക്കാൻ സ്വീഡിഷ് അക്കാഡമിക്ക് സാധിച്ചു. കുന്ദേരയ്ക്കും മുറാകാമിക്കും ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍