UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുക്കര്‍ബര്‍ഗ് പുത്രിയുടെ വാക്‌സിനേഷന്‍: ഹാലിളകി വാക്‌സിന്‍ വിരുദ്ധര്‍

Avatar

യാനാന്‍ വാങ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ഒക്‌ലസ് റിഫ്റ്റ് പ്രൊമോഷനുകള്‍ ഒഴിവാക്കിയാല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പേജ് പൊതുവെ കുടുംബജീവിതത്തിലെ സന്തോഷനിമിഷങ്ങളുടെ ശേഖരമാണ് – ബേബി ഷവര്‍, മെഡിക്കല്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ഭാര്യ പ്രിസില്ല ചാന്‍, ഡാര്‍ത്ത് വാദെര്‍ കോസ്റ്റ്യൂമിലുള്ള വളര്‍ത്തുനായ….

ഡിസംബറില്‍ പുത്രി മാക്‌സ് ജനിച്ചശേഷം ഫേസ്ബുക്ക് സിഇഒയുടെ പേജ് ബേബി മൈല്‍സ്റ്റോണുകളുടെ രേഖപ്പെടുത്തലുകളായി; ഡയപ്പര്‍ മാറ്റങ്ങളും ജിഞ്ചര്‍ ബ്രെഡ് ഹൗസുകളുമായി.

ഏറ്റവും അവസാനത്തേത് ഡോക്ടറെ സന്ദര്‍ശിച്ച നിമിഷമാണ്. അത് തീര്‍ച്ചയായും മറ്റൊരു നാഴികക്കല്ലാണ്. മാക്‌സിന്റെ ആരും മനോഹരമെന്നു സമ്മതിക്കുന്ന ചിത്രം ഒപ്പമുണ്ട്. പക്ഷേ ഈ നിമിഷം ഇന്റര്‍നെറ്റില്‍ ആളിപ്പടര്‍ന്നു, ജിഞ്ചര്‍ ബ്രെഡ് ഹൗസിന് ഒരിക്കലും സാധിക്കാത്തവിധം. കാരണം ഈ ചിത്രം മാക്‌സിനെയല്ല കാണിക്കുന്നത്. വാക്‌സിന്‍ വിവാദത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കുന്ന അവളുടെ പിതാവിനെയാണ്.

47 മില്യണിലധികം വരുന്ന ഫോളോവേഴ്‌സിന് ചിത്രം സുക്കര്‍ബര്‍ഗ് വാക്‌സിനേഷനെ പിന്തുണയ്ക്കുന്നു എന്നതിന്റെ ശക്തമായ സൂചനയായി. ആധുനിക ശാസ്ത്രവും പൗരസ്വാതന്ത്ര്യവും തമ്മിലുള്ള സംവാദത്തില്‍ സുക്കര്‍ബര്‍ഗ് തന്റെ പക്ഷം വ്യക്തമാക്കുകയായിരുന്നു.

‘താങ്കളുടെ കുട്ടിയുടെയും ഒപ്പം വാക്‌സിനേഷന്‍ നടത്താന്‍ കഴിയാത്ത മറ്റനേകം കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയതിനു നന്ദി’, ആലിസണ്‍ ഹഗൂഡ് എഴുതി. ‘ ആരാധ്യയായ കുഞ്ഞ്’.

വാക്‌സിനുവേണ്ടി നിലകൊള്ളുന്നവരുടെ വാദങ്ങളില്‍ പ്രധാനം ‘കൂട്ടസുരക്ഷ’യാണ്. ജനസംഖ്യയിലെ നിര്‍ണായകവിഭാഗം വാക്‌സിനേഷന്‍ നടത്തുമ്പോള്‍ മറ്റുള്ളവരും സംരക്ഷിതരാകുന്നുവെന്ന സങ്കല്‍പം.

എന്നാല്‍ എല്‍സ സക്‌സ് എന്ന മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെയായിരുന്നു:  ‘വാക്‌സിന്‍ മാനവരാശിക്കുള്ള വിഷമാണ്. അത് സഹായിക്കുന്നവരെക്കാള്‍ കൂടുതല്‍ പേരെ കൊല്ലുന്നു. മറ്റുള്ളവര്‍ ഇത് ഒരു മാതൃകയായി സ്വീകരിക്കില്ലെന്ന് കരുതാം’.

70000 കവിഞ്ഞ കമന്റുകളില്‍ ഏറെയും വാക്‌സിന്‍ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള വാക്പയറ്റാണ്. സ്‌മോള്‍ പോക്‌സ് തുടങ്ങി പല രോഗങ്ങളും തുടച്ചുമാറ്റിയത് വാക്‌സിനേഷന്‍ കൊണ്ടാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിനേഷന് ഗുരുതരമായ പ്രതികൂലഫലങ്ങള്‍ അപൂര്‍വമാണെന്നതും എടുത്തുപറയപ്പെടുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ വാക്‌സിനേഷനെ എതിര്‍ക്കുന്നവര്‍ ഏറെയാണ്. സെപ്റ്റംബറില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വാക്‌സിനേഷനെ എതിര്‍ത്ത ട്രംപ് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് തന്റെ കമ്പനിയിലെ ഒരു ജീവനക്കാരന്റെ കുട്ടിയെയാണ്. വാക്‌സിനേഷനുശേഷം കടുത്ത പനി ബാധിച്ച രണ്ടുവയസുള്ള കുട്ടിക്ക് പിന്നീട് ഓട്ടിസം ബാധിച്ചുവെന്നായിരുന്നു ട്രംപിന്റെ വാദം.

വാക്‌സിനുകള്‍ ഓട്ടിസമുണ്ടാക്കുന്നു എന്ന വാദം നേരത്തെയുണ്ട്. ഗവേഷകനായ ആന്‍ഡ്രൂ വേക്ക്ഫീല്‍ഡ് 1998ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ മീസില്‍സ്, മംപ്‌സ്, റൂബെല്ല വാക്‌സിനും (എംഎംആര്‍) ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്നു സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ജെന്നി മക്കാര്‍ത്തിയും ജിം കാരിയും ഉള്‍പ്പെടെ ധാരാളം പ്രശസ്തര്‍ വാക്‌സിനേഷനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ 2010ല്‍ ഈ പ്രബന്ധം പിന്‍വലിക്കപ്പെട്ടു. വേക്ക്ഫീല്‍ഡിന്റെ പഠനത്തിനു ധനസഹായം നല്‍കിയത് വാക്‌സിന്‍ കമ്പനികള്‍ക്കെതിരെ കേസ് നടത്തിയിരുന്ന ചില മാതാപിതാക്കളാണെന്നു കണ്ടതിനെത്തുടര്‍ന്നാണിത്. പ്രബന്ധത്തിന്റെ ചില ഭാഗങ്ങളില്‍ ഓട്ടിസമില്ലാത്ത കുട്ടികള്‍ക്ക് ഈ പ്രശ്‌നമുണ്ടെന്നു പറഞ്ഞതായും കണ്ടെത്തി.

ഇതിനുശേഷവും വാക്‌സിനേഷനെപ്പറ്റിയുള്ള ഭയം നീങ്ങിയില്ല. 19-ാം മാസത്തില്‍ നടത്തിയ വാക്‌സിനേഷനെത്തുടര്‍ന്നാണ് മകള്‍ക്ക് ഓട്ടിസം ബാധിച്ചതെന്നു വാദിച്ച മാതാപിതാക്കള്‍ 2008ല്‍ യുഎസ് ആരോഗ്യവകുപ്പിനെതിരെ കേസ് ജയിച്ചത് വാക്‌സിന്‍ വിരുദ്ധവാദത്തിന് ആക്കം കൂട്ടി.

ഇതേത്തുടര്‍ന്ന് അനേകം പഠനങ്ങള്‍ നടന്നെങ്കിലും ഒന്നിനും വാക്‌സിനേഷനും ഓട്ടിസവും തമ്മിലുള്ള ബന്ധം തെളിയിക്കാനായില്ല. എംഎംആര്‍ വാക്‌സിന്റെ പ്രതികൂലപ്രതികരണം ഒരുമില്യണ്‍ ആളുകളില്‍ ഒന്നിലും താഴെ എന്ന കണക്കിലാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനം കണ്ടെത്തുകയും ചെയ്തു.

എങ്കിലും സുക്കര്‍ബര്‍ഗിന്റെ ആരാധകര്‍ സംശയാലുക്കളായി തുടരുന്നു.

‘വ്യാജശാസ്ത്രത്തിനും കുപ്രചരണത്തിനും വശംവദമായി താങ്കള്‍ മകളെ അനാവശ്യ അപകടത്തിലേക്ക് നയിക്കുന്നതു കണ്ടതില്‍ വിഷമമുണ്ടെ’ന്നായിരുന്നു സ്റ്റുവര്‍ട്ട് മോര്‍ഗന്‍ കുങ്ക്‌ലെ എന്നയാളുടെ കമന്റ്.

സുക്കര്‍ബര്‍ഗ് യഥാര്‍ത്ഥത്തില്‍ മകള്‍ക്കു വാക്‌സിനേഷന്‍ നടത്തിയോ എന്നു സംശയിക്കുന്നവരും കുറവല്ല.

‘ വാക്‌സിനേഷനെപ്പറ്റിയുള്ള പരസ്യങ്ങള്‍ ആരെങ്കിലും വായിച്ചിട്ടുണ്ടോ? എന്തൊക്കെയാണ് അവയില്‍ അടങ്ങിയിരിക്കുന്നത്?  വാക്‌സിനേഷന്‍ നടത്തി സ്വന്തം കുഞ്ഞിനു ബുദ്ധിമാന്ദ്യം വരുത്താന്‍ സുക്കര്‍ബര്‍ഗ് തയാറാകുമെന്ന് എനിക്കു തോന്നുന്നില്ല. പക്ഷേ സുക്കര്‍ ബര്‍ഗ്, ബില്‍ ഗേറ്റ്‌സ് തുടങ്ങിയ മേല്‍ത്തട്ടുകാര്‍ നിങ്ങളുടെ കുട്ടികള്‍ക്കും ഒരു തലമുറയ്ക്കു തന്നെയും സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നതും അവരുടെ കുട്ടികള്‍ക്കുവേണ്ടി ചെയ്യുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഈ പോസ്റ്റ് എത്ര ലജ്ജാരഹിതമാണെന്ന് ആളുകള്‍ തിരിച്ചറിയുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, ” മാത്യു എച്ച് ബനഡിക്ടിന്റെ കമന്റ് ഇങ്ങനെ പോകുന്നു.

വാക്‌സിനേഷനെപ്പറ്റി സുക്കര്‍ബര്‍ഗ് വായിച്ചിട്ടുണ്ടെന്ന ബനഡിക്ടിന്റെ ഊഹം ശരിയാണ്. മുന്‍പൊരിക്കല്‍ വാക്‌സിനേഷന്‍ സംവാദത്തില്‍ പങ്കെടുക്കവേ യൂല ബ്ലിസിന്റെ ‘ഓണ്‍ ഇമ്യൂണിറ്റി’ എന്ന പുസ്തകം നിര്‍ദേശിക്കുകയും ചെയ്തിരുന്നു സുക്കര്‍ബര്‍ഗ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ സുക്കര്‍ബര്‍ഗ് ഇങ്ങനെ എഴുതി: ‘വാക്‌സിനേഷന്‍ കാലോചിതവും പ്രധാനപ്പെട്ടതുമായ വിഷയമാണ്. ശാസ്ത്രം ഇക്കാര്യത്തില്‍ വ്യക്തമാണ്. വാക്‌സിനേഷന്‍ ഫലപ്രദമാണ്. സമൂഹത്തില്‍ ഓരോരുത്തരുടെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വാക്‌സിനേഷന് പ്രാധാന്യമുണ്ട്.

ചിലര്‍ വാക്‌സിനുകളെ ചോദ്യം ചെയ്യുന്നു. അതിന്റെ കാരണങ്ങള്‍ ആരായുന്ന ഈ പുസ്തകം സംശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുക്തിഭദ്രമായി വിശദീകരിക്കുന്നു. വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നു കാണിക്കുന്നു.’

ഫേസ്ബുക്ക് ആസ്ഥാനമായ സിലിക്കണ്‍ വാലി ഈ വിവാദത്തിന് വിളനിലമാണ്. ഇവിടെ വന്‍ ടെക് കമ്പനികളുടെ ഡേ കെയര്‍ സെന്ററുകളിലെല്ലാം വാക്‌സിനേഷന്‍ നിരക്ക് ശരാശരിയിലും താഴെയാണെന്ന് ഒരുവര്‍ഷം മുന്‍പ് ‘വയേഡ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലിഫോര്‍ണിയ പൊതുജനാരോഗ്യവകുപ്പിന്റെ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.

2014ല്‍ ഡിസ്‌നിലാന്‍ഡില്‍ തുടങ്ങി 131 പേരെ ബാധിച്ച മീസില്‍സിനുശേഷം വ്യക്തിഗത വിശ്വാസങ്ങള്‍കൊണ്ട് വാക്‌സിനേഷന്‍ വേണ്ടന്നു വയ്ക്കാനാകില്ലെന്ന് കലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമം കൊണ്ടുവന്നിരുന്നു.

ഇത്തരം നിയന്ത്രണങ്ങള്‍ വേണ്ടതില്ലെന്ന് ചിലര്‍ വിശ്വസിക്കുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കാര്‍ലി ഫിയോറിന അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘സംശയമുള്ള കാര്യങ്ങളില്‍ തീരുമാനം മാതാപിതാക്കള്‍ക്കു വിട്ടുകൊടുക്കുന്നതാണു നല്ലത്’.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍