UPDATES

സയന്‍സ്/ടെക്നോളജി

വാങ്ങി വാങ്ങി മുന്നേറാന്‍ ഫേസ്ബുക്കിനാവുമോ?

വിവേക് വാധ്വ
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ഫേസ്ബുക്കിന് എ ഒ എല്ലിന്റെയും മൈസ്പേസിന്റെയും ഗതിതന്നെയാണ് ഉണ്ടാവുക എന്ന് കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു. പുതിയ ടെക്നോളജികളുമായി ചേര്‍ന്നുപോയില്ലെങ്കിലാണ് ഇതുണ്ടാവുക. ആളുകള്‍ ലാപ്ടോപ് ഉപയോഗിക്കുന്നതിനെക്കാള്‍ അധികമായി മൊബൈലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയ അത്ര സോഷ്യലല്ലാതായി. ഫ്രണ്ട് ലിസ്റ്റുകള്‍ അഡ്രസ് ബുക്കുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മെസ്സേജിംഗ് ആപ്പുകള്‍ വഴി ചെറിയ സുഹൃദ്സംഘങ്ങളിലൂടെയാണ് ആളുകള്‍ ഇപ്പോള്‍ ആശയവിനിമയം നടത്തുന്നത്. ഫേസ്ബുക്ക് വളരെ ചെറിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുകയും ശല്യക്കാരായ പരസ്യങ്ങള്‍ നിറച്ച് സ്ഥലം കളയുകയുമായിരുന്നു ചെയ്തിരുന്നത്.

എന്നാല്‍ അതെസമയം ഗൂഗിള്‍ സയന്‍സ്ഫിക്ഷന്‍ സിനിമകളില്‍ കാണുന്നതരം സെല്‍ഫ് ഡ്രൈവിംഗ് ഉപകരണങ്ങള്‍ കണ്ടെത്തുന്ന തിരക്കിലായിരുന്നു. നമ്മുടെ തലച്ചോര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെപ്പറ്റിയാണ്‌ ഗൂഗിളിന്റെ ഗവേഷണങ്ങള്‍. നമ്മള്‍ എന്തു സേര്‍ച്ച്‌ ചെയ്യും, എവിടെ പോകാനാഗ്രഹിക്കും, എന്തുകഴിക്കാന്‍ ആഗ്രഹിക്കും എന്നൊക്കെ പ്രവചിക്കാനാണ് ഗൂഗിളിന്റെ ശ്രമം. നമ്മുടെ ലൈബ്രേറിയന്‍ ആയിമാറിയതുപോലെ നമ്മുടെ പേര്‍സണല്‍ അസിസ്റ്റന്‍റും ആയി മാറാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. പുതിയ തരം ഇന്റര്‍നെറ്റ് ഉപയോഗങ്ങളും ഡിസ്പ്ലേ ഉള്ള കണ്ണടകളും ഒക്കെ പരീക്ഷിക്കുകയാണ് ഗൂഗിള്‍. ടെക്നോളജി വികസിച്ചുവരുന്ന ഇക്കാലത്ത് കമ്പനികള്‍ ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത്. പുതിയ കണ്ടെത്തലുകള്‍ക്ക് എവിടെനിന്നെന്നില്ലാതെ പൊട്ടിമുളച്ചുവരാനും വന്‍ കമ്പനികളെ വരെ കടപുഴക്കാനും കഴിയും.

ആ ഭീഷണി ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തിരിച്ചറിഞ്ഞുവെന്ന് തോന്നുന്നു.

ഈയിടെ ഫേസ്ബുക്ക് വന്‍ തുക മുടക്കി വാട്സാപ് വാങ്ങിയത് ഫെസ്ബുക്കിന് ഗുണകരമാണ്. വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് നിര്‍മാതാക്കളായ ഒക്യുലസിനെ വാങ്ങിയതും വരും വിപണിയില്‍ ഫെസ്ബുക്കിനു ഗുണകരമാകും. സ്വന്തം ടെക്നോളജി നിര്‍മ്മിക്കാന്‍ സക്കര്‍ബര്‍ഗിനു കഴിഞ്ഞില്ലെങ്കിലും ഫേസ്ബുക്ക് ഉപയോഗിച്ച് ആവശ്യമുള്ളത് വാങ്ങുക എന്ന തന്ത്രമാണ് സക്കര്‍ബര്ഗ് ഇപ്പോള്‍ ചെയ്യുന്നത്.

എന്നാല്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍. അവശതയിലായ ടെക്നോളജികളെ ഏറ്റെടുക്കുന്നതുപോലെയല്ല നന്നായി പ്രവര്‍ത്തിച്ചുവരുന്ന ടെക്നോളജികളെ കമ്പനിയിലേയ്ക്ക് ഏറ്റെടുക്കുന്നത്. ടെക്നോളജി നിര്‍മ്മാതാക്കള്‍ തങ്ങളുടെ സാങ്കേതികവിദ്യയാണ് ഏറ്റവും മികച്ചത് എന്ന് കരുതുകയും മാറ്റത്തിനുതയ്യാറാകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവരാണ്. ടെക്നോളജിയിലുള്ള ചേര്‍ച്ചക്കുറവുകളും പ്രശ്നങ്ങളുണ്ടാക്കും.

 

“പരസ്യങ്ങളില്ല, ഗെയിമുകളില്ല, ഗിമ്മിക്കുകളില്ല” എന്ന പരസ്യം കൊണ്ട് ശ്രദ്ധേയമായ ഒരു മോബൈല്‍ ആപ്പാണ് വാട്സ് ആപ്പ്. അങ്ങനെതന്നെയാണ് അവര്‍ക്ക് കോടിക്കണക്കിന് ഉപയോക്താക്കളെ ലഭിച്ചതും അവര്‍ വിജയിച്ചതും. ഫെസ്ബുക്കിന്റെ ബിസിനസ് മോഡല്‍ തന്നെ പരസ്യങ്ങളും ഗെയിമുകളും ഗിമ്മിക്കുകളും നിറഞ്ഞതാണ്‌. വാട്സ്ആപ്പിന്റെ യൂസര്‍ഡേറ്റ ഉപയോഗിക്കാന്‍ ഫേസ്ബുക്കിന് കഴിഞ്ഞേക്കും. എന്നാല്‍ അതും ഏറെ ശ്രമകരമായിരിക്കും. വാട്സ്ആപ്പിന്റെ മാര്‍ക്കറ്റ് ഷെയര്‍ കൂടുതലുള്ള രാജ്യങ്ങളായ ഇന്ത്യ, കെനിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കാനും ഫേസ്ബുക്കിന് സാധിച്ചെന്നുവരില്ല.

ഒക്യുലസ് വാങ്ങിയതോടെ ഫേസ്ബുക്ക് ഹാര്‍ഡ് വെയര്‍ ബിസിനസ് രംഗത്തും ചുവടുവെച്ചിരിക്കുകയാണ്. ഇത് എളുപ്പമുള്ള കച്ചവടമല്ല. മോട്ടോറോള വാങ്ങിയപ്പോള്‍ ഗൂഗിള്‍ മനസിലാക്കിയ ഒരു പാഠമാണ് അത്. ഹാര്‍ഡ് വെയറിന് വലിയ മുതല്‍ മുടക്കുവേണം. ഡിസ്ട്രിബ്യൂഷന്‍ മാര്‍ഗങ്ങള്‍ വേണം, കസ്റ്റമര്‍ സപ്പോര്‍ട്ട് വേണം. ഇതെല്ലം ഫേസ്ബുക്കിന് പുതിയ കാര്യങ്ങളാണ്. മൈക്രോസോഫ്റ്റ്‌ എക്സ്ബോക്സ് ഏറ്റെടുത്ത് വിജയമാക്കി. എന്നാല്‍ വിജയിക്കുന്നതിനുമുന്‍പ് കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഉണ്ടായി. വലിയ മുതല്‍മുടക്കുകള്‍ ഉണ്ടാക്കിയെങ്കിലും ഇപ്പോഴും അവര്‍ കമ്പ്യൂട്ടര്‍ ടാബ്ലറ്റ് നിര്‍മ്മാണത്തില്‍ ലാഭം കണ്ടിട്ടില്ല.

കൂടുതല്‍ കമ്പനികള്‍ വാങ്ങാനും ഫെസ്ബുക്കിനെ വിപുലമാക്കാനും തന്നെയാണ് സക്കര്‍ബര്‍ഗിന്‍റെ ഉദ്ദേശം. ഫേസ്ബുക്ക് ഇതില്‍ വിജയിച്ചേക്കാം, അടുത്ത മില്യന്‍ഡോളര്‍ വ്യവസായമായി മാറുകയും ചെയ്യും. ഫെസ്ബുക്കിന്റെ പുതിയ നീക്കങ്ങള്‍ പ്രതീക്ഷതരുന്നവയാണ്. സിലിക്കണ്‍വാലിയിലെ കമ്പനികള്‍ എല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. ടെക്നോളജി വികസിക്കുന്നതോടെ ഈ പ്രതിസന്ധികള്‍ മറ്റുവ്യവസായമേഖലകളിലേയ്ക്കും വ്യാപിക്കും.

(Vivek Wadhwa is a fellow at Rock Center for Corporate Governance at Stanford University, director of Research at Duke University, and distinguished scholar at Singularity and Emory universities)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍