UPDATES

വിദേശം

ഫേസ്ബുക്ക് കാരുണ്യം വിവാദമാക്കുന്നവരോട്

Avatar

വാഷിംഗ്ടണ്‍ പോസ്റ്റ്

ഓഹരികളില്‍ 99 ശതമാനവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുമെന്ന ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും ഭാര്യ പ്രിസില്ല ചാന്റെയും പ്രഖ്യാപനത്തിന് കൗതുകകരമായ അഥവാ അത്ര കൗതുകകരമല്ലാത്ത പ്രതികരണം.

അതിസമ്പന്നരോട് അമേരിക്കക്കാര്‍ക്ക് എന്നും സമ്മിശ്രവികാരമാണ്. ആരാധന, അസൂയ, സ്‌നേഹം, ഇഷ്ടമില്ലായ്ക എന്നിവയെല്ലാം അതില്‍ കലര്‍ന്നിരിക്കുന്നു. സുക്കര്‍ബര്‍ഗ് ദമ്പതികളുടെ പ്രായക്കുറവും സമ്പത്തിന്റെ അളവുകൂടുതലും ഈ വികാരങ്ങള്‍ക്കൊപ്പം സംശയവും നീരസവും കലരാന്‍ കാരണമായിട്ടുണ്ട്.

സത്യത്തില്‍ അവര്‍ പണം ഇങ്ങനെ ദാനം ചെയ്യാതിരിക്കുന്നതല്ലേ നല്ലത്? മറ്റ് അനേകം കോടീശ്വരന്മാരെ അനുകരിക്കുന്നതിനെക്കാള്‍ അവര്‍ സ്വയം ആഡംബരമായി ജീവിക്കുന്നതിനെയല്ലേ നാം അനുകൂലിക്കുക? ചിന്തകള്‍ പല വഴിക്കാണ്.

പരമ്പരാഗതമായ, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കല്ല, ഒരു ലിമിറ്റഡ് ലയബിലിറ്റി കോര്‍പറേഷ (എല്‍എല്‍സി) നാകും പണം ലഭിക്കുകയെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. ഇതാണ് ദാനത്തെപ്പറ്റിയുള്ള പ്രധാന ആക്ഷേപം. ഇങ്ങനെ പണം ചെലവഴിക്കുന്നതുമൂലം നിക്ഷേപങ്ങളില്‍ അയവുള്ള സമീപനം സ്വീകരിക്കാനാകുമെന്ന് സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാണിക്കുന്നു. ലാഭമുണ്ടാക്കലും ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ ഉണ്ടാകുന്ന ലാഭം തിരിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന സുക്കര്‍ബര്‍ഗിന്റെ വാഗ്ദാനം വിമര്‍ശകരെ തൃപ്തരാക്കുന്നില്ല.

ഇത്തരമൊരു ദാനത്തിന്റെ നികുതിവശങ്ങള്‍ മുഴുവന്‍ നമുക്കറിയില്ല. പരമ്പരാഗത സംഘടനകളെക്കാള്‍ കൂടുതല്‍ നികുതിയിളവുകളൊന്നും എല്‍എല്‍സിക്കു ലഭിക്കാനിടയില്ല. ഒരുപക്ഷേ അതിനെക്കാള്‍ കുറവുമാകാം.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന പണത്തിന് നികുതിയിളവുണ്ട്. മൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഓഹരികള്‍ സമ്മാനമായി നല്‍കുമ്പോള്‍ മൂലധനനികുതിയില്‍നിന്നും ഇളവു ലഭിക്കും. ഈ ഇളവുകള്‍ ഇല്ലാതാക്കുന്നതിനെപ്പറ്റിയുള്ള ഏതു ചര്‍ച്ചയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടിഭേദമന്യേ ഒറ്റക്കെട്ടായി ഇളവുകള്‍ക്കായി വാദിക്കാറാണ് പതിവ്. അതിനാല്‍ ഇക്കാര്യത്തില്‍ സുക്കര്‍ബര്‍ഗിനെയും ചാനിനെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല.

ദാനം കൊണ്ട് സുക്കര്‍ബര്‍ഗ് നേടുന്ന പൊതുസമ്മതിയെപ്പറ്റിയാണ് മറ്റൊരു ആക്ഷേപം. അതില്‍ എന്താണ് ദോഷം? വമ്പന്‍ പണക്കാര്‍ ദാനശീലം കൊണ്ടു പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന പരിപാടിക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. റോക്ക് ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയും കാര്‍ണിജ് ലൈബ്രറിയും നമുക്ക് വേണ്ടതുതന്നെയല്ലേ? മാത്രമല്ല, പകുതി സ്വത്ത് ദാനം ചെയ്താലും സുക്കര്‍ബര്‍ഗിന് ഇത്ര തന്നെ പ്രശംസ ലഭിക്കുമായിരുന്നു. ലക്ഷ്യം ഇതായിരുന്നുവെങ്കില്‍ 99ശതമാനം വിട്ടുകൊടുക്കേണ്ട ആവശ്യമേയുണ്ടായിരുന്നില്ല.

ചാന്‍ – സുക്കര്‍ബര്‍ഗ് ദമ്പതിമാരുടെ പണം സര്‍ക്കാരിനെ സ്വാധീനിക്കുമെന്നതാണ് മറ്റൊരു ഭയം. സര്‍ക്കാര്‍ മാത്രം ചെയ്യേണ്ടതരം നയപരമായ കാര്യങ്ങള്‍ ചെയ്യാന്‍ വ്യക്തികളെ അനുവദിച്ചുകൂടാ എന്നതാണ് ചിന്ത. എതിര്‍വാദങ്ങളില്‍ ഏറ്റവും ബാലിശമായതും ഇതാണ്. ഫേസ്ബുക്ക് സമ്പാദ്യം ഏതാണ്ട് 45 ബില്യണോളമാണ്. യുഎസ് ഫെഡറല്‍ ബജറ്റ് തുടങ്ങുന്നതു തന്നെ 3.5 ട്രില്യണിലും!.

പണം കൊണ്ട് വളരെപ്പേരുടെ ജീവിതത്തെ സാര്‍ഥകമാക്കാന്‍ സുക്കര്‍ബര്‍ഗിനും പ്രിസില്ലയ്ക്കും കഴിയും; പണം ബുദ്ധിപരമായി ചെലവിടണമെന്നു മാത്രം. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് മാതൃക അനുകരണീയമാണ്. ദാനം ചെയ്യപ്പെടുന്ന പണത്തിന്റെ അളവുകൊണ്ടുമാത്രമല്ല, പ്രവര്‍ത്തനരീതികൊണ്ടുകൂടിയാണ് അവരുടെ ഫൗണ്ടേഷന്‍ വിജയിക്കുന്നത്. ആവശ്യക്കാരെ തിരിച്ചറിയുക; വിജയസാധ്യതകളും.

ലോകത്തെവിടെയും പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും പോഷണവും മെച്ചപ്പെടുത്തുന്നതുപോലെയുള്ള മേഖലകളിലെ വിജയം സര്‍ക്കാരുകളുടെ ശ്രദ്ധ നേടും. അവരും ഒപ്പം മറ്റു സമ്പന്നരും സഹായിക്കാനെത്തും.

ഗേറ്റ്‌സ് മാതൃക അതേപടി അനുകരിക്കാനോ അതു കൂടുതല്‍ മെച്ചപ്പെടുത്താനോ സുക്കര്‍ബര്‍ഗ്, ചാന്‍ ദമ്പതികള്‍ ശ്രമിക്കുകയാണെങ്കില്‍ ബുദ്ധിയുള്ള ആരുടെയും പ്രതികരണം ഇതുമാത്രമായിരിക്കും: നിങ്ങള്‍ക്കു നന്ദി.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍