UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛന്‍ മകള്‍ക്കയച്ച കത്ത്; സുക്കര്‍ബര്‍ഗ് കുഞ്ഞ് മാക്സിനയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം

Avatar

പ്രിയപ്പെട്ട മാക്‌സ്,

വരുംകാലത്തേക്ക് നീ ഞങ്ങള്‍ക്കു തരുന്ന പ്രതീക്ഷകള്‍ എത്രയാണെന്നു വിവരിക്കാന്‍ നിന്റെ അമ്മയ്ക്കും എനിക്കും വാക്കുകളില്ല. വാഗ്ദത്തം നിറഞ്ഞതാണ് നിന്റെ ജീവിതം. അവയെല്ലാം ആസ്വദിക്കാനുള്ള ആരോഗ്യവും സന്തോഷവും നിനക്കുണ്ടാകട്ടെ. നിനക്കു ജീവിക്കേണ്ട ഈ ലോകത്തെപ്പറ്റി കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാന്‍ നീ ഞങ്ങളെ പ്രേരിപ്പിക്കുന്നു.

ഞങ്ങള്‍ ജീവിക്കുന്നതിലും മികച്ച ഒരു ലോകം നിനക്കു ലഭിക്കണമെന്ന് എല്ലാ മാതാപിതാക്കളെയും പോലെ ഞങ്ങളും ആഗ്രഹിക്കുന്നു.

പ്രധാന തലക്കെട്ടുകള്‍ എപ്പോഴും പ്രശ്‌നങ്ങളെപ്പറ്റിയാണെങ്കിലും പലതരത്തിലും ലോകം കൂടുതല്‍ കൂടുതല്‍ നന്നാവുകയാണ്. ആരോഗ്യം മെച്ചപ്പെടുന്നു, ദാരിദ്ര്യം കുറയുന്നു, വിജ്ഞാനം വര്‍ധിക്കുന്നു, ആളുകള്‍ തമ്മിലുള്ള ബന്ധം വിപുലമാകുന്നു. എല്ലാ തലങ്ങളിലും സാങ്കേതികവിദ്യ മെച്ചപ്പെടുന്നുവെന്നതിനാല്‍ നിന്റെ ജീവിതം ഞങ്ങളുടേതിനെക്കാള്‍ വളരെയധികം മികച്ചതാകും.

ലോകത്തെ കൂടുതല്‍ മനോഹരമാക്കാന്‍ ഞങ്ങള്‍ക്കാകുന്നതെല്ലാം ഞങ്ങള്‍ ചെയ്യും. നിന്നോടുള്ള സ്‌നേഹം മാത്രമല്ല അടുത്ത തലമുറയിലെ എല്ലാ കുട്ടികളോടും ഞങ്ങള്‍ക്കുള്ള ധാര്‍മികബാധ്യത കൂടിയാണത്.

എല്ലാവരുടെയും ജീവന് ഒരേ മൂല്യമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്നു ജീവിക്കുന്നവര്‍ മാത്രമല്ല, വരാനിരിക്കുന്ന അനേകം തലമുറകളും ഇതിലുള്‍പ്പെടും. ലോകത്ത് ഇപ്പോഴുള്ളവരുടെ മാത്രമല്ല, ഇനി പിറക്കാനിരിക്കുന്നവരുടെ കൂടി ജീവിതം മെച്ചപ്പെടുത്താന്‍ നമ്മുടെ സമൂഹത്തിനു ബാധ്യതയുണ്ട്.

പക്ഷേ നിന്റെ തലമുറയ്ക്കു ലഭിച്ചേക്കാവുന്ന വലിയ അവസരങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നേക്കാവുന്ന പ്രശ്‌നങ്ങള്‍ക്കും വേണ്ടി എല്ലായ്‌പോഴും ഞങ്ങളുടെ കൂട്ടായ വിഭവസമൃദ്ധിയെ മാറ്റിവയ്ക്കാന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല.

അസുഖങ്ങള്‍ തന്നെ ഉദാഹരണം. ഭാവി തലമുറയ്ക്ക് രോഗം വരാതിരിക്കാനുള്ള പഠനങ്ങള്‍ക്കു മാറ്റിവയ്ക്കുന്നതിന്റെ 50 ഇരട്ടിയാണ് രോഗബാധിതരായവരെ ചികിത്സിക്കാന്‍ ഇന്നത്തെ സമൂഹം ചെലവഴിക്കുന്നത്.

വൈദ്യം ശാസ്ത്രമെന്ന നിലയില്‍ വികസിച്ചിട്ട് 100 വര്‍ഷത്തില്‍ താഴെയേ ആയിട്ടുള്ളൂ. എന്നിട്ടും പല രോഗങ്ങളും പൂര്‍ണമായി ഭേദമാക്കാനും മറ്റുള്ളവയുടെ കാര്യത്തില്‍ നല്ല പുരോഗതി നേടാനും വൈദ്യശാസ്ത്രത്തിനു കഴിഞ്ഞു. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനൊപ്പം അടുത്ത 100 വര്‍ഷത്തില്‍ മിക്കവാറും എല്ലാ രോഗങ്ങളും തടയാനും മറ്റുള്ളവയ്ക്കു പ്രതിവിധി കണ്ടെത്താനും നമുക്കാകും.

ഇന്ന് മിക്കവാറും ആളുകള്‍ മരിക്കുന്നത് അഞ്ചുകാരണങ്ങള്‍ കൊണ്ടാണ്: ഹൃദ്രോഗം, കാന്‍സര്‍, പക്ഷാഘാതം, ന്യൂറോ ഡീജനറേറ്റിവ് രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍. ഇവയിലും മറ്റുള്ളവയിലും കൂടുതല്‍ വേഗത്തില്‍ പുരോഗതിയുണ്ടാക്കാന്‍ നമുക്കാകും.

നിന്റെയും നിന്റെ കുഞ്ഞുങ്ങളുടെയും തലമുറയ്ക്ക് ഈ രോഗങ്ങളില്‍നിന്നു രക്ഷപെടാന്‍ കഴിയുമെങ്കില്‍ അതിനുവേണ്ടി നിക്ഷേപം നടത്താന്‍ ഞങ്ങളുടെ തലമുറയ്ക്ക് കൂട്ടുത്തരവാദിത്തമുണ്ട്. നിന്റെ അമ്മയും ഞാനും ഞങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റും.

രോഗങ്ങള്‍ ഇല്ലാതാകാന്‍ സമയമെടുക്കും. അഞ്ചോ പത്തോ വര്‍ഷം കൊണ്ട് വലിയ വ്യത്യാസമൊന്നും വരുത്താന്‍ കഴിയില്ല. പക്ഷേ ഇപ്പോള്‍ നടുന്ന വിത്തുകള്‍ കാലദൈര്‍ഘ്യത്തില്‍ മുളച്ചുവളരും. ഞങ്ങളുടെ സങ്കല്‍പത്തില്‍ മാത്രമുള്ള, അസുഖങ്ങളില്ലാത്ത ലോകം ഒരിക്കല്‍ നിന്റെയും നിന്റെ കുഞ്ഞുങ്ങളുടെയും മുന്നില്‍ യാഥാര്‍ത്ഥ്യമാകും.

സമാനമായ ധാരാളം അവസരങ്ങള്‍ വേറെയുമുണ്ട്. ഇത്തരം കടുത്ത വെല്ലുവിളികളെ നേരിടുന്നതില്‍ സമൂഹത്തിന്റെ ഊര്‍ജം കേന്ദ്രീകരിച്ചാല്‍ നിന്റെ തലമുറയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം നല്‍കാന്‍ ഞങ്ങള്‍ക്കാകും.

നിന്റെ തലമുറയ്ക്കുവേണ്ടിയുള്ള ഞങ്ങളുടെ പ്രതീക്ഷകള്‍ രണ്ട് ആശയങ്ങളില്‍ അധിഷ്ഠിതമാണ് : മനുഷ്യശേഷി വര്‍ധിപ്പിക്കുക, തുല്യത ഉറപ്പാക്കുക.

മനുഷ്യശേഷി വര്‍ധിപ്പിക്കുക എന്നാല്‍ മനുഷ്യജീവിതത്തിന്റെ മഹത്വം പരമാവധി കൂട്ടുക എന്നാണ്.

ഞങ്ങള്‍ ഇന്നു ചെയ്യുന്നതിന്റെ നൂറിരട്ടി പഠിക്കാനും അനുഭവങ്ങള്‍ സമ്പാദിക്കാനും നിനക്കു കഴിയുമോ?

നിന്റെ തലമുറയ്ക്ക് സുദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കാനായി രോഗങ്ങളെ ഇല്ലാതാക്കാന്‍ ഞങ്ങളുടെ തലമുറയ്ക്ക് ആകുമോ?

നിനക്ക് എല്ലാവരുമായും എല്ലാ ആശയങ്ങളുമായും എല്ലാ അവസരങ്ങളുമായും ബന്ധമുണ്ടാകുംവിധം ലോകത്തെ പരസ്പരം ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ക്കാകുമോ?

പരിസ്ഥിതിക്കു ദോഷമുണ്ടാക്കാതെ തന്നെ ഞങ്ങള്‍ക്കു സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത തരം കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ വേണ്ടത്ര ശുദ്ധഊര്‍ജ സ്രോതസുകള്‍ നല്‍കാന്‍ ഞങ്ങള്‍ക്കാകുമോ?

നിനക്ക് ഏതുതരം വ്യവസായവും കെട്ടിപ്പടുക്കാനാകുംവിധം, സമാധാനത്തിനും അഭിവൃദ്ധിക്കുമെതിരെയുള്ള ഏതു വെല്ലുവിളിയും നേരിടാനാകും വിധം സംരംഭകത്വത്തിനു പുതിയ മാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്കാകുമോ?

തുല്യത: ഈ അവസരങ്ങളെല്ലാം ദേശ, കുടുംബ, സാഹചര്യ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാകുക എന്നതാണ് തുല്യത.

നീതിബോധവും അനുകമ്പയും കൊണ്ടു മാത്രമല്ല മനുഷ്യ പുരോഗതിയുടെ മഹത്വത്തിനു വേണ്ടിക്കൂടി ഞങ്ങളുടെ സമൂഹം ഇത് ചെയ്യേണ്ടിയിരിക്കുന്നു.

ഇന്ന് വളരെയധികം ആളുകളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനാകാതെ നശിച്ചുപോകുന്നു. മനുഷ്യശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ഏകമാര്‍ഗം ലോകത്ത് എല്ലാവരുടെയും കഴിവുകള്‍, ആശയങ്ങള്‍, സംഭാവനകള്‍ എന്നിവയ്ക്ക് ദിശാബോധം നല്‍കുകയാണ്.

ഞങ്ങളുടെ തലമുറയ്ക്ക് ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കാനാകുമോ?

അടിസ്ഥാന ആരോഗ്യസംരക്ഷണം എല്ലാവര്‍ക്കും നല്‍കാനാകുമോ?

എല്ലാവരെയും സ്വാഗതം ചെയ്യുന്ന, എല്ലാവരും ഉള്‍പ്പെട്ട ഒരു സമൂഹം സൃഷ്ടിക്കാനാകുമോ?

വിവിധ ദേശങ്ങള്‍ തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം കൊണ്ടുവരാനാകുമോ?

വനിതകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍, കുടിയേറ്റക്കാര്‍, ഒറ്റപ്പെട്ടവര്‍ എന്നിങ്ങനെ എല്ലാവരെയും ശാക്തീകരിക്കാന്‍ ഞങ്ങള്‍ക്കാകുമോ?

ഞങ്ങളുടെ തലമുറ ശരിയായ ദിശയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ‘കഴിയും’ എന്ന് ഉത്തരം നല്‍കാനാകും; ഒരുപക്ഷേ നിന്റെ ജീവിതകാലത്തുതന്നെ.

മനുഷ്യശേഷി വികസനവും തുല്യതയുമെന്ന ലക്ഷ്യം നേടണമെങ്കില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നവരെല്ലാം പുതുസമീപനം സ്വീകരിക്കണം.

25, 50 അല്ലെങ്കില്‍ 100 വര്‍ഷത്തേക്കാകണം നിക്ഷേപങ്ങള്‍. കടുത്ത വെല്ലുവിളികള്‍ ഹ്രസ്വകാലം കൊണ്ട് നേരിടാനാകില്ല, അതിന് ദീര്‍ഘകാലം വേണ്ടിവരും.

നാം സഹായിക്കാനുദ്ദേശിക്കുന്ന ആളുകളുമായി നേരിട്ട് ബന്ധം വേണം. ഓരോ സമൂഹത്തിന്റെയും ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കാതെ ആരെയും ശാക്തീകരിക്കാനാകില്ല.

മാറ്റമുണ്ടാകണമെങ്കില്‍ സാങ്കേതികവിദ്യ വികസിപ്പിക്കണം. ഈ വെല്ലുവിളികള്‍ നേരിടാന്‍ പലരും പണം മുടക്കുന്നു. എന്നാല്‍ പുരോഗതിയുണ്ടാകുക പുതിയ കണ്ടുപിടിത്തങ്ങളില്‍നിന്നാണ്.

നയരൂപീകരണത്തിലും ശുപാര്‍ശകളിലും സജീവ പങ്കാളിത്തം വേണം. പല പ്രസ്ഥാനങ്ങളും ഇതിനോട് വിമുഖമാണ്. എന്നാല്‍ പുരോഗതി നിലനില്‍ക്കണമെങ്കില്‍ മാറ്റങ്ങള്‍ കൂടിയേ തീരൂ.

ഓരോ മേഖലയിലും ഏറ്റവും ശക്തരും സ്വതന്ത്രരുമായ നേതാക്കളെ പിന്തുണയ്ക്കണം. വിദഗ്ധരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് സ്വയം നേതാവാകുന്നതിനെക്കാള്‍ ഫലപ്രദം.

നാളത്തേക്കുള്ള പാഠങ്ങള്‍ പഠിക്കാന്‍ ഇന്ന് റിസ്‌ക് എടുക്കണം. നാം കാര്യങ്ങള്‍ പഠിച്ചുതുടങ്ങുന്നതേയുള്ളൂ. പരീക്ഷിക്കുന്ന പല കാര്യങ്ങളും വിജയിക്കുന്നില്ല. എങ്കിലും നാം പഠിക്കുകയും മുന്നോട്ടുപോകുകയും ചെയ്യും.

വ്യക്തിഗതമായ പഠനം, ഇന്റര്‍നെറ്റ്, സാമൂഹിക വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലുള്ള അനുഭവപരിചയമാണ് നമ്മുടെ തത്വശാസ്ത്രത്തിനു രൂപം നല്‍കുന്നത്.

എല്ലാവരും ഒരേ വേഗത്തില്‍ ഒരേ കാര്യങ്ങള്‍ പഠിക്കുന്ന ക്ലാസ് മുറികളിലാണ് ഞങ്ങള്‍ വളര്‍ന്നത്. ഇവിടെ ഞങ്ങളുടെ താല്‍പര്യങ്ങള്‍ക്കോ ആവശ്യങ്ങള്‍ക്കോ പ്രസക്തിയുണ്ടായിരുന്നില്ല.

ഭാവിയില്‍ എന്താകാന്‍ ആഗ്രഹിക്കുന്നോ അതിനനുസരിച്ചായിരിക്കണം നിന്റെ തലമുറയുടെ ലക്ഷ്യങ്ങള്‍. എന്‍ജിനീയര്‍, ആരോഗ്യപ്രവര്‍ത്തക, എഴുത്തുകാരി അല്ലെങ്കില്‍ ജനനേതാവ് എന്നിങ്ങനെ. എങ്ങനെ മികച്ച രീതിയില്‍ പഠിക്കാം, എവിടെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നെല്ലാം പറഞ്ഞുതരുന്ന സാങ്കേതിക വിദ്യ നിങ്ങള്‍ക്കു ലഭിക്കും. താല്‍പര്യമുള്ള വിഷയങ്ങളില്‍ നിങ്ങള്‍ പെട്ടെന്നു മുന്നോട്ടു പോകും; വെല്ലുവിളികള്‍ നേരിടാന്‍ സഹായവും ലഭിക്കും. ഇന്ന് സ്‌കൂളുകളില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിഷയങ്ങള്‍ നിങ്ങള്‍ക്കു പഠിക്കാനാകും. നിങ്ങളെ സഹായിക്കുന്ന അധ്യാപകര്‍ക്ക് മെച്ചപ്പെട്ട വിവരങ്ങളും ഉപകരണങ്ങളുമുണ്ടാകും.

ഇന്റര്‍നെറ്റ് വഴി വ്യക്തിഗത പഠനോപകരണങ്ങള്‍ ഉപയോഗിക്കാന്‍ ലോകത്തെവിടെയുമുള്ള കുട്ടികള്‍ക്കാകും; അവരുടെ വീടിനടുത്ത് നല്ല സ്‌കൂളുകള്‍ ഇല്ലെങ്കില്‍പ്പോലും. ജീവിതത്തില്‍ തുല്യ തുടക്കത്തിന് സാങ്കേതികവിദ്യ മാത്രം പോര എന്നതു ശരിതന്നെ. എങ്കിലും എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും തുല്യ അവസരങ്ങളും നല്‍കാന്‍ വ്യക്തിഗത പഠനസൗകര്യങ്ങള്‍ക്കാകും.

സാങ്കേതികവിദ്യ വികസിപ്പിച്ചുതുടങ്ങിക്കഴിഞ്ഞു. ഫലങ്ങള്‍ ആശാവഹമാണ്. വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചപ്പെടുന്നു എന്നു മാത്രമല്ല വേണ്ടതെന്തും പഠിക്കാനുള്ള കഴിവും ആത്മവിശ്വാസവും അവര്‍ക്കുണ്ടാകുന്നു. അധ്യാപനവും സാങ്കേതികവിദ്യയും ഓരോ വര്‍ഷവും മെച്ചപ്പെട്ടുകൊണ്ടിരിക്കും.

നിന്റെ അമ്മയും ഞാനും കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. പഠനം ഫലപ്രദമാകാന്‍ എന്തുവേണമെന്ന് ഞങ്ങള്‍ക്കറിയാം. വിദ്യാഭ്യാസരംഗത്തെ പ്രഗത്ഭര്‍ സ്‌കൂളുകളെ വ്യക്തിഗത പഠനരീതിയിലേക്കു മാറാന്‍ പ്രേരിപ്പിക്കണം. ചെറുസമൂഹങ്ങളുമായുള്ള ആശയവിനിമയത്തിലൂടെയേ ഇതു സാധ്യമാകൂ. അതിനാലാണ് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ സമൂഹവുമായി ചേര്‍ന്ന് ഞങ്ങള്‍ ഇതിനു തുടക്കമിട്ടത്. ഇവിടെ പുതിയ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും പരീക്ഷിക്കപ്പെടും. ലക്ഷ്യം നേടാനാകും മുന്‍പ് പല തെറ്റുകളും പറ്റാം; അതിലൂടെ പുതിയ തിരിച്ചറിവുകളുണ്ടാകും.

നിന്റെ തലമുറയ്ക്ക് നല്‍കേണ്ട ലോകത്തെപ്പറ്റി മനസിലാക്കിക്കഴിഞ്ഞാല്‍ അതു യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി നിക്ഷേപം നടത്താന്‍ ഞങ്ങളുടെ സമൂഹത്തിനു ബാധ്യതയുണ്ട്.

ഒരുമിച്ച് നമുക്കിതു നേടാനാകും. മികച്ച സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, ഇന്റര്‍നെറ്റ് ബന്ധമുള്ള ആര്‍ക്കും വ്യക്തിഗത പഠനത്തിനുള്ള തുല്യ അവസരം ലഭ്യമാകും.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിലൂടെയാകും നിന്റെ തലമുറയ്ക്ക് പല മികച്ച അവസരങ്ങളും കൈവരിക.

വിനോദത്തിനും വാര്‍ത്താവിനിമയത്തിനുമുള്ള മാര്‍ഗമായാണ് മിക്കപ്പോഴും ആളുകള്‍ ഇന്റര്‍നെറ്റിനെ കാണുന്നത്. എന്നാല്‍ ലോകത്ത് ഭൂരിപക്ഷം ആളുകള്‍ക്ക് ഇതൊരു പ്രാണരേഖയാണ്.

മികച്ച സ്‌കൂളില്ലാത്തവര്‍ക്ക് ഇന്റര്‍നെറ്റ് വിദ്യാഭ്യാസം നല്‍കുന്നു; ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തിടത്ത് അത് ആരോഗ്യവിവരങ്ങള്‍ നല്‍കുന്നു; ബാങ്കില്ലാത്ത സ്ഥലങ്ങളില്‍ പണമിടപാടുകള്‍ നടത്തുന്നു; മികച്ച സമ്പദ് വ്യവസ്ഥയില്ലാത്തിടത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നു.

ഇന്റര്‍നെറ്റ് സൗകര്യമുള്ളവരില്‍ 10ല്‍ ഒരാളെങ്കിലും ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടുന്നു; ഒരാള്‍ക്കെങ്കിലും പുതിയ തൊഴിലവസരം ലഭിക്കുന്നു. എങ്കിലും ലോകത്തെ ജനങ്ങളില്‍ പകുതിയോളം പേര്‍ക്ക് – നാലു ബില്യണിലധികം ആളുകള്‍ക്ക് – ഇന്റര്‍നെറ്റ് സൗകര്യമില്ല.

ഇവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ ഞങ്ങളുടെ തലമുറയ്ക്കായാല്‍ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യവിമുക്തരാക്കാനാകും. ലക്ഷക്കണക്കിനു കുട്ടികള്‍ക്കു വിദ്യാഭ്യാസവും ആരോഗ്യവും ലഭിക്കും.

ദീര്‍ഘകാലനിക്ഷേപം വേണ്ട മറ്റൊരു മേഖലയാണിത്. ഇന്റര്‍നെറ്റ് കൂടുതല്‍ ചെലവുകുറഞ്ഞതാക്കാനും ഒറ്റപ്പെട്ട പ്രദേശങ്ങളിലെത്തിക്കാനും പുതിയ സാങ്കേതികവിദ്യ കണ്ടെത്തണം. സര്‍ക്കാരുകളും സംഘടനകളും കമ്പനികളും ഇതിനായി സഹകരിക്കണം. ചെറുസമൂഹങ്ങളുമായി ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങള്‍ അറിയണം. മുന്നോട്ടുള്ള വഴിയെപ്പറ്റി പലര്‍ക്കും പല അഭിപ്രായങ്ങള്‍ കാണും. വിജയിക്കാനാകും മുന്‍പ് അവയൊക്കെ പരീക്ഷിക്കേണ്ടിവരും. 

പക്ഷേ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ തുല്യതയുള്ള ലോകം സൃഷ്ടിക്കുന്നതില്‍ നാം വിജയിക്കും.

പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ സാങ്കേതികവിദ്യയ്ക്കാകില്ല. മെച്ചപ്പെട്ട ലോകമുണ്ടാകണമെങ്കില്‍ ശക്തവും ആരോഗ്യകരവുമായ സമൂഹങ്ങളുണ്ടാകണം.

പഠനത്തിലൂടെയാണ് കുട്ടികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നത്; മികച്ച പഠനത്തിന് മികച്ച ആരോഗ്യം അത്യാവശ്യം.

ആരോഗ്യം ജീവിതത്തിന്റെ ആരംഭം മുതലാണ്: സ്‌നേഹമുള്ള കുടുംബം, മികച്ച പോഷണം, സുരക്ഷിതവും സുസ്ഥിരവുമായ ചുറ്റുപാടുകള്‍.

ചെറുപ്പത്തില്‍ ദുരന്തങ്ങള്‍ നേരിടേണ്ടിവരുന്നവരുടെ മനസിനും ശരീരത്തിനും ആരോഗ്യം കുറവായിരിക്കും. തലച്ചോറിന്റെ വികസനത്തിലെ മാറ്റങ്ങള്‍ കാര്യഗ്രഹണശേഷിയെ ബാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

നിന്റെ അമ്മ ഡോക്ടറും വിദ്യാഭ്യാസ വിദഗ്ധയുമാണ്. ഇക്കാര്യം അമ്മ നേരിട്ടു മനസിലാക്കിയിട്ടുണ്ട്. അനാരോഗ്യകരമായ കുട്ടിക്കാലം കഴിവുകളുടെ പൂര്‍ണവികസനത്തിനു തടസമാകുന്നു.

ഭക്ഷണം, താമസസൗകര്യം, അക്രമം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി ആശങ്കാകുലരാകേണ്ടി വരുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പൂര്‍ണമായി വികസിപ്പിക്കാനാകില്ല.

ഇത്തരം കാര്യങ്ങള്‍ മനസിലാക്കുന്ന സ്ഥാപനങ്ങളാണ് നമുക്കാവശ്യം. നിന്റെ അമ്മ സ്ഥാപിക്കുന്ന സ്‌കൂളിന്റെ ആദര്‍ശം ഇതാണ്.

സ്‌കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, രക്ഷാകര്‍തൃസംഘടനകള്‍, പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയുമായി സഹകരിച്ച് കുട്ടികള്‍ക്ക് ഭക്ഷണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിലൂടെ തുല്യ അവസരങ്ങള്‍ക്കു തുടക്കമിടാനാകും.

ഈ മാതൃക പ്രവര്‍ത്തനക്ഷമമാകാന്‍ വര്‍ഷങ്ങളെടുക്കും. എങ്കിലും മനുഷ്യശേഷിയും തുല്യതയും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. രണ്ടും നേടണമെങ്കില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യകരമായ സമൂഹങ്ങള്‍ ഉണ്ടാകണം.

നിന്റെ തലമുറയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട ലോകം ലഭ്യമാക്കാന്‍ വേണ്ടി ഞങ്ങളുടെ തലമുറയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും.

ഈ വെല്ലുവിളികളെ നേരിടുന്നതില്‍ ഞങ്ങളുടെ ചെറിയ പങ്ക് നിര്‍വഹിക്കുമെന്ന് നിന്റെ അമ്മയും ഞാനും തീരുമാനിച്ചുകഴിഞ്ഞു. ഇനിയും അനേകം വര്‍ഷങ്ങള്‍ ഞാന്‍ ഫേസ്ബുക്കിന്റെ സിഇഒ ആയി തുടരും. പക്ഷേ ഈ വിഷയങ്ങള്‍ അടിയന്തരപ്രാധാന്യം ഉള്ളവയാണ്. ഞങ്ങളും നീയും പ്രായമാകുന്നതുവരെ ഇവയെ അവഗണിക്കാനാകില്ല. ചെറുപ്രായത്തില്‍ ആരംഭിച്ച് ജീവിതകാലത്തുതന്നെ ഫലങ്ങള്‍ കാണണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

ചാന്‍ സുക്കര്‍ബര്‍ഗ് കുടുംബത്തിന്റെ അടുത്ത തലമുറയ്ക്ക് നീ ആരംഭം കുറിച്ചുകഴിഞ്ഞു. മനുഷ്യശേഷിയുടെ പാരമ്യവും എല്ലാ കുട്ടികള്‍ക്കും തുല്യതയും ലക്ഷ്യമിടുന്ന ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റിവിന് ഞങ്ങളും തുടക്കമിടുകയാണ്. തുടക്കത്തില്‍ വ്യക്തിഗത വിദ്യാഭ്യാസം, രോഗ നിര്‍മാര്‍ജനം, വാര്‍ത്താവിനിമയം, ശക്തമായ സമൂഹങ്ങളുടെ രൂപീകരണം എന്നിവയായിരിക്കും പ്രവര്‍ത്തന മേഖലകള്‍.

ഫേസ്ബുക്കിന്റെ 99ശതമാനം ഓഹരികള്‍ – 45 ബില്യണ്‍ ഡോളറിനടുത്ത് – ഞങ്ങളുടെ ജീവിതകാലത്തുതന്നെ ഇതിനായി മാറ്റിവയ്ക്കും. ഈ കാര്യങ്ങള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആളുകളും വിഭവശേഷിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വളരെ ചെറുതാണ്. എങ്കിലും ഞങ്ങള്‍ക്കു കഴിയുന്നത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നു.

പുതിയ കുടുംബാന്തരീക്ഷവുമായി പൊരുത്തപ്പെട്ടശേഷം മറ്റേണിറ്റി, പറ്റേണിറ്റി ലീവ് കഴിഞ്ഞു തിരിച്ചെത്തുന്ന വരും മാസങ്ങളില്‍ ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാം. എന്തുകൊണ്ട്, എങ്ങനെ ഞങ്ങള്‍ ഇതു ചെയ്യുന്നു എന്നതിനെപ്പറ്റി നിനക്കു പല ചോദ്യങ്ങളും കാണുമെന്ന് അറിയാം.

മാതാപിതാക്കളെന്ന നിലയില്‍ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്കു കടക്കുന്ന ഈ അവസരത്തില്‍ ഇത് സാധ്യമാക്കുന്ന എല്ലാവരോടുമുള്ള കരുതല്‍ ഞങ്ങള്‍ പങ്കുവയ്ക്കുന്നു.

ശക്തമായ ആഗോളസമൂഹപിന്തുണയാണ് ഇക്കാര്യങ്ങള്‍ക്ക് ഞങ്ങളെ പ്രാപ്തരാക്കുന്നത്. ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വരുംതലമുറയ്ക്കുവേണ്ടി ലോകത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ വിഭവശേഷി കൊണ്ടുവരുന്നു. ഫേസ് ബുക്കിലെ ഓരോ അംഗവും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്.

വിദഗ്ധരുടെ തോളിലേറി മാത്രമേ ഇതില്‍ പുരോഗതിയുണ്ടാക്കാന്‍ ഞങ്ങള്‍ക്കാകൂ. അഭ്യുദയാകാംക്ഷികള്‍, പങ്കാളികള്‍, ഈ മേഖലകള്‍ വികസിപ്പിച്ച മറ്റ് അനേകം അതിശയിപ്പിക്കുന്ന ആളുകള്‍.

സമൂഹത്തെ സേവിക്കുന്നതിലും ഈ ദൗത്യത്തിലും ഞങ്ങള്‍ക്കു ശ്രദ്ധിക്കാനാകുന്നത് ചുറ്റിലും സ്‌നേഹമുള്ള കുടുംബവും പിന്തുണയേകുന്ന സുഹൃത്തുക്കളും വിസ്മയിപ്പിക്കുന്ന സഹപ്രവര്‍ത്തകരും ഉള്ളതിനാലാണ്. നിന്റെ ജീവിതത്തിലും ഇത്തരം ആഴമുള്ളതും പ്രേരണ നല്‍കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാകുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

മാക്‌സ്, ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. നിനക്കും നിന്റെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ട ഇടമാക്കുക ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ക്കു നീ നല്‍കിയ അതേ സ്‌നേഹവും സന്തോഷവും പ്രതീക്ഷയും നിറഞ്ഞ ജീവിതം നിനക്കു ഞങ്ങള്‍ ആശംസിക്കുന്നു. നീ ഈ ലോകത്തിലേക്ക് എന്താണു കൊണ്ടുവരിക എന്നു കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു..

സ്‌നേഹത്തോടെ
മം ആന്‍ഡ് ഡാഡ്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍