UPDATES

കശ്മീരിനൊപ്പം ബിഹാറും പാകിസ്താന് ഓഫര്‍ ചെയ്ത ജ. കട്ജുവിനെതിരെ രാജ്യദ്രോഹത്തിനു കേസ്‌

അഴിമുഖം പ്രതിനിധി

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ഫെയ്‌സ്ബുക്കിലെ പരാമര്‍ശത്തിനെതിരെ ബിഹാറിലെ ജനതാദള്‍ യുണൈറ്റഡ് ലെജിസ്ട്രേറ്റീവ് കൗണ്‍സില്‍ അംഗം നീരജ് കുമാര്‍ ആണ് കട്ജുവിനെതിരെ പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 124-എ പ്രകാരമാണ് ശാസ്ത്രി നഗര്‍ പോലീസ് കേസെടുത്തത്.

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ഫേസ്ബുക്കിലൂടെ നല്‍കിയ ഓഫറിംഗ് പാക്കേജിലാണ് കട്ജു ബിഹാര്‍ വിരുദ്ധ പരാമര്‍ശം നടത്തിയത്. ‘കശ്മീര്‍ പാക്കിസ്ഥാന്‍ എടുക്കുകയാണെങ്കില്‍ കാശ്മീരിനൊപ്പം ബിഹാര്‍ കൂടി എടുക്കണം. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ആഗ്ര ഉച്ചകോടിയില്‍ ഈ പാക്കേജ് പാക്കിസ്ഥാന് മുന്നില്‍ ഇന്ത്യ വച്ചിരുന്നെങ്കിലും മുഷറഫ് ഇത് തള്ളിക്കളയുകയായിരുന്നു.’ എന്നിങ്ങനെ പോകുന്നു കട്ജുവിന്റെ പരാമര്‍ശം.

കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ബിഹാറികളുടെ പ്രതികരണം. കട്ജുവിന്റെ പരാമര്‍ശം പത്ത് കോടിയോളം വരുന്ന ബിഹാറികള്‍ക്ക് അപമാനമാണെന്നാണ് നീരജ് കുമാര്‍ പരാതിയില്‍ പറയുന്നത്. ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവും, മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ജിയും കട്ജുനെതിരെ വന്നിരുന്നു.

എന്നാല്‍ ബിഹാറികള്‍ക്ക് നര്‍മ്മബോധമില്ലെന്നും അവരെന്നെ അറസ്റ്റ് ചെയ്യാനായി മുറവിളി കൂട്ടുകയാണെന്നും കട്ജുവും സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍