UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലഹരിയെ തോല്പ്പിച്ചു, ഇനി ലക്ഷ്യം ഗിന്നസ് റെക്കോഡ്; മരോട്ടിച്ചാലിന്‍റെ ചെസ്സ് പെരുമ

Avatar

ഉണ്ണികൃഷ്ണന്‍ ആര്‍

പൊതുവേ ‘തല’ ഉപയോഗിക്കേണ്ട കാര്യങ്ങളില്‍ അല്‍പ്പം വിമൂഖത കാണിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മരോട്ടിച്ചാലുകാര്‍ക്ക് ‘തല പുകയ്ക്കാതെ’ ഒരു ദിവസം പോലും മുന്നോട്ടു പോവാനാകില്ല. അത്ര മാത്രം ഇവര്‍ ചെസ്സ് കളിയെ സ്‌നേഹിക്കുന്നു. ചെസ്സ് കളിയില്‍ സമ്പൂര്‍ണ സാക്ഷരതയിലേക്കെത്താന്‍ തീവ്രയജ്ഞത്തിലാണിവര്‍.

ചെസ്സില്‍ സമ്പൂര്‍ണ സാക്ഷരത എന്നൊക്കെ പറയുമ്പോള്‍ ചിരിക്കാന്‍ വരട്ടെ, മരോട്ടിച്ചാലുകാര്‍ക്ക് ഇത് വെറു തമാശയല്ല. മരോട്ടിച്ചാലുകാരും ചതുരംഗപ്പലകയും തമ്മിലുള്ള ബന്ധം വളരെ സ്‌ട്രോങ്ങാണ്…

തൃശൂര്‍പൂരത്തിന് പടക്കംപൊട്ടണപോലെയാലെ മരോട്ടിച്ചാലില്‍ ചെസ്സ് കളിക്കണേ. ഒരുസൈഡീന്ന് തൊടങ്ങ്യാ കളിക്കരങ്ങ്ട് പരന്നു കിടക്കല്ലേ…

ഉണ്ണികൃഷ്‌ണേട്ടനാണ് എല്ലാത്തിന്റെം ചുക്കാന്‍ പിടിക്യണാള്… ആള് സിമ്പിളാണ്. ഒരു സാധാരണ ചായ കടക്കാരന്‍. ബട്ട് പവര്‍ഫുള്‍. മദ്യത്തിന്റെം ആലസ്യത്തിന്റെുംനടുവിലാരുന്ന ഒരു പ്രദേശത്തെ ചെസ്സ് എന്ന കായിക വിനോദത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് നാട്ടുകാരുടെ ഈ ‘ഉണ്ണി മാമന്‍’ ആണ്. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മരോട്ടിച്ചാല്‍ മലയോരപ്രദേശമാണ്. 30- 40 വര്‍ഷങ്ങള്‍ക്കുള്ള മരോട്ടിച്ചാലിന്റെ മുഖം ഇതല്ലായിരുന്നു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെയും മറ്റു ലഭ്യമായ ലഹരിപദാര്‍ത്ഥങ്ങളുടെയും പിടിയിലായിരുന്നു ഈ ഗ്രാമം. സ്വാഭാവികമായും ലഹരി തലയ്ക്കു പിടിക്കുന്നവര്‍ ചെയ്യുന്നത് തന്നെ ഈ ഗ്രാമവാസികളും ചെയ്തു. കുടുംബങ്ങളിലും ഗ്രാമ അന്തരീക്ഷത്തിലും അസ്വാരസ്യങ്ങള്‍ നിറഞ്ഞു. വര്‍ഷങ്ങളോളം തലയ്ക്ക് പിടിച്ച ലഹരിയുമായി മരോട്ടിച്ചാല്‍ കഴിഞ്ഞു. അതിനുള്ള ചികിത്സയുമായിരുന്നു ഉണ്ണികൃഷ്ണന്‍ വന്നത്.

തനി നാട്ടിന്‍പുറത്തുകാരന്റെ മനസോടു കൂടിയ ഉണ്ണികൃഷ്ണന്‍. ബാംഗ്ലൂരില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തതിനു ശേഷം സ്വന്തം ഗ്രാമത്തില്‍ തിരിച്ചു വന്നപ്പോള്‍ കണ്ടതു അത്രയ്ക്ക് രസകരമായ സംഭവങ്ങള്‍ ആയിരുന്നില്ല. നാട്ടില്‍ എത്തി സ്വന്തമായി ഒരു ചായ കട തുടങ്ങി ഉണ്ണി. ഇരുപതു വര്‍ഷങ്ങള്‍ക്കു മീതെ പഴക്കമുള്ള ഈ ചായക്കടയാണ് മരോട്ടിച്ചാലിന്റെ ‘ചെസ്സ് ആസ്ഥാനം’. 


 ഉണ്ണികൃഷ്ണന്‍

ചെസ്സ് കളിയില്‍ തത്പരനായിരുന്ന ഉണ്ണികൃഷ്ണന്‍ അത് നാട്ടിലെ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കാന്‍ തുടങ്ങി. ലഹരിയുടെ കളത്തില്‍ നിന്നും ചെസ്സിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ കളത്തിലേക്ക് തന്റെ നാട്ടുകാരെ കൈപിടിച്ചു കൊണ്ടുവരികയായിരുന്നു ഉണ്ണികൃഷ്ണന്‍. അദ്ദേഹം പോലെ അറിയാതെ സംഭവിച്ചൊരു അത്ഭുതം. ‘ശാസ്ത്രീയമായി ചെസ്സ് പഠിച്ചവരല്ല ഇവിടുത്തുകാര്‍. എങ്കിലും ഏകദേശം 80 ശതമാനം ജനങ്ങള്‍ക്കും ഇന്ന് ചെസ്സ് കളി അറിയാം. ചീട്ടു കളിയിലേക്കും മറ്റും പോകാതെ ഇവരെ തടയുക എന്ന രീതിയില്‍ തുടങ്ങിയെന്നെ ഉള്ളു. എന്നാല്‍ ഇന്ന് ചെസ്സ് ഈ ഗ്രാമത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു’.

മരോട്ടിച്ചാലിലെ ജനസംഖ്യയില്‍ അധികവും കുടിയേറി താമസിക്കുന്നവരാണ്. മണ്ണിനോടും മാരകമായ അസുഖങ്ങളോടും മല്ലിടിച്ചു ജീവിക്കുന്നവര്‍. ഭാഷാശൈലിയും സംസ്‌കാരവും പലതാണിവര്‍ക്ക്. ഉണ്ണികൃഷ്ണന്റെ കടയോട് ചേര്‍ന്നുള്ള വീടിന്റെ വശങ്ങളില്‍ ഉള്ള ബെഞ്ചിലും ഡെസ്‌കിലും ചതുരംഗകളങ്ങള്‍ നിറയാന്‍ തുടങ്ങിയതോടെ ഈ ഗ്രാമത്തിന്റെ ചിത്രവും മാറി.

കൃത്യമായി എപ്പോള്‍ കളി തുടങ്ങും എന്നൊന്നും പറയാന്‍ പറ്റില്ല. ചിലപ്പോള്‍ പുലര്‍ച്ചെ ആറു മുതല്‍ വൈകീട്ട് ഏഴു മണിവരെയൊക്കെ കാലാളുകളും തേരുകളും ആനയുമെല്ലാം ഈ ഗ്രാമത്തിന്റെ വിവിധങ്ങളായ ഭാഗങ്ങളില്‍ പോരാട്ടത്തിലേര്‍പ്പെടും. ചിലപ്പോള്‍ റേഷന്‍ വാങ്ങാന്‍ പോവുന്ന വഴി കളിക്കാനിരിക്കും, ചിലപ്പോള്‍ കളിക്കാന്‍ മാത്രമായി വരും. എന്തൊക്കെ ആയാലും കളി വിടാന്‍ പറ്റില്ല ഈ നാടുകാര്‍ക്ക്. ചതുരംഗകളങ്ങള്‍ക്ക് കറുപ്പും വെളുപ്പും നിറമാണെങ്കിലും കളിക്കുന്നവക്ക് നിറങ്ങളുടെയോ ജാതിയുടെയോ മതത്തിന്റൊയോ യാതൊരു വിധ അതിര്‍വരമ്പുകളും ഇല്ല എന്നതാണ് പ്രത്യേകത. .

ഇന്ന് ചെസ്സിനായി ഒരു അസോസിയേഷന്‍ തന്നെ മരോട്ടിചാലില്‍ ഉണ്ട്, ചെസ്സ് അസോസിയേഷന്‍ ഓഫ് മരോട്ടിച്ചാല്‍ എന്ന പേരില്‍. അസോസിയേഷന്‍ പ്രസിഡന്റ് കോട്ടയത്തു നിന്നുവന്ന ബേബി ജോണ്‍. ‘മരോട്ടിച്ചാല്‍ ഒരു ചെസ്സ് ഗ്രാമമായി മാറികഴിഞ്ഞു. ഇനി ഞങ്ങള്‍ക്ക് ഈ ഗ്രാമത്തിന്റെ പേര് ലോകത്തെ കേള്‍പ്പിക്കണം. അതിനായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനുള്ള ശ്രമത്തിലാണിപ്പോള്‍. ഏകദേശം 1000 വീടുകള്‍ കയറി ഇറങ്ങികഴിഞ്ഞു. ഗ്രാമത്തിലെ മുഴുവന്‍ കുടുംബങ്ങളെയും ചെസ്സ് സാക്ഷരരായുള്ള ഗിന്നസ് റെക്കോര്‍ഡ് ആണ് ഞങ്ങളുടെ മനസ്സില്‍. ഈ മിഷന് ഒരു പേരും നല്‍കിയിട്ടുണ്ട് ‘മിഷന്‍ ചെസ്സ് സമ്പൂര്‍ണ്ണ”. 


ബേബി ജോണ്‍

‘ചെസ്സ് കളി പഠിക്കുന്ന ഓരോ വ്യക്തിയിലും മാനസികവും കുടുംബപരവും സാംസ്‌കാരികപരവും ആയ ഗുണങ്ങള്‍വന്നു ചേരുന്നു. മാത്രവുമല്ല, കുട്ടികളില്‍ ഏകാഗ്രതയും ക്ഷമാശീലവും ബുദ്ധിശക്തിയും വര്‍ദ്ധി പ്പിക്കുക വഴി ജീവിത വിജയം നേടാന്‍ ചെസ്സ് സഹായിക്കുന്നു. ഈ വര്‍ഷം ആയിരം മെമ്പര്‍ഷിപ്പ് തികയ്ക്കണം. അതുവഴി ലോകത്തിലെ ഏറ്റവും വലിയ ചെസ്സ് അസോസിയേഷനായി മാറണം.’ ബേബി ജോണിന്റെ വാക്കുകള്‍ ലക്ഷ്യത്തെ വെട്ടി വീഴ്ത്തുമെന്ന നിശ്ചയദാര്‍ഢ്യമുണ്ട്.

ഗ്രാമത്തിനൊരു ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുന്നതിനായി വീടുവീടാന്തരം കയറി ഇറങ്ങുന്ന അസോസിയേഷന്‍ അംഗങ്ങള്‍, ചെസ് അറിയാത്തവരെ പഠിപ്പിക്കുന്നതിനു മുന്‍ കയ്യെടുക്കുകയും, കളി അറിയാവുന്നവരെ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനു വേണ്ടി സജ്ജരാക്കുകയുമാണ്.

ഗിന്നസ് റെക്കോര്‍ഡിലേക്കുള്ള ഇവരുടെ പ്രയത്‌നത്തിനു ശക്തിയേകാന്‍ ഒരു പുരസ്‌കാരം അടുത്ത് തന്നെ ഇവരെ തേടിയെത്തും. ഏഷ്യന്‍ റെക്കോര്‍ഡ്‌സില്‍ മരോട്ടിച്ചാലിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാര്‍. ജനുവരി 31നു തങ്ങളുടെ അസോസിയേഷന്റെ ആദ്യ വാര്‍ഷികത്തില്‍ അത് എത്തിച്ചേരുമെന്ന് ഇവര്‍ കണക്കു കൂട്ടുന്നു. ജനുവരി 31നു ചെസ്സ് അസോസിയേഷന്‍ മരോട്ടിച്ചാലിന് ഒരു വയസ്സ് തികയുകയാണ്. വര്‍ഷങ്ങളായി ഗ്രാമത്തിന്റെ നന്മയ്ക്കു വേണ്ടി മാത്രം നിലകൊണ്ട ഉണ്ണികൃഷ്ണന്റെ നല്ല മനസിനും കറുത്ത ഭൂതകാലത്തില്‍ നിന്നും വിട്ടൊഴിയാന്‍ തയാറായ ഗ്രാമത്തിലെ ജനങ്ങള്‍ക്കും വേണ്ടി അത് ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണിവര്‍. വാര്‍ഷികത്തോടനുബന്ധിച്ചു ഒരു മെഗാ റോഡ് ഷോ ഒരുക്കാനുള്ള ശ്രമത്തിലാണ്. ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ മരോട്ടിച്ചാല്‍ നിവാസികള്‍ അന്നേ ദിവസം ചെസ്സ് കളിക്കും. ഏകദേശം 1000നു മുകളില്‍ ആളുകള്‍ ഇതില്‍ പങ്കാളികളാകും.

മരോട്ടിച്ചാലിന്റെ ചെസ്സ് പശ്ചാത്തലം മലയാള സിനിമക്കും പ്രചോദനമായിട്ടുമുണ്ട്. അനശ്വരനായ പത്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ ആദ്യമായി തിരകഥ എഴുതിയ, കെ.ബി.വേണു സംവിധാനം ചെയ്ത ചിത്രമായ ഓഗസ്റ്റ് ക്ലബ്ബില്‍ മരോട്ടിച്ചാലിന്റെ ചെസ്സ് ഭ്രമം ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. 

ചെസ്സിന്റെ ഖ്യാതി ഈ ഗ്രാമത്തെ ശ്രദ്ധേയമാക്കുമ്പോള്‍ തങ്ങളെ സഹായിച്ചവരെ നന്ദിയോടെ സ്മരിക്കുകയാണ് മാരോട്ടിച്ചാലുകാര്‍. എം.എല്‍.എ കെ.ഡി വിന്‍സെന്റ്, തൃശൂര്‍ ഡിസ്ട്രിക്റ്റ് ചെസ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടയെല്ലാം അകമഴിഞ്ഞ സഹകരണവും ഒപ്പം നിന്ന മറ്റു സുമനസുകളുമാണ് ഈ നിലവരെ തങ്ങളെ എത്തിച്ചതെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു.

മരോട്ടിച്ചാലിന്റെ അടുത്ത പ്രദേശങ്ങളായ പണ്ടാരിക്കുന്ന്, പുളിന്‍ചോട്, വള്ളൂര്‍ തുടങ്ങിയസ്ഥലങ്ങളിലും മരോട്ടിച്ചാല്‍ ചെസ്സ് അസോസിയേഷന്‍ അംഗങ്ങള്‍ കളി പഠിപ്പിക്കുന്നതിനുവേണ്ടി എത്തുന്നു. സമീപ പ്രദേശങ്ങളില്‍ ഉള്ള വിദ്യാലയങ്ങളിലും ഇവര്‍ ചെസ്സ് പഠിപ്പിക്കുവാന്‍ മുന്‍ കയ്യെടുക്കുന്നു. ഏകദേശം 600 ഓളം കുട്ടികള്‍ക്ക് ചെസ്സ് പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന ഈ കൂട്ടായ്മയെ ഗ്രാമനിവാസികള്‍ നെഞ്ചോടു ചേര്‍ത്ത് വയ്ക്കുന്നു. ഭൂരിഭാഗം പേരും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംസ്‌കാരമാണ് മരോട്ടിച്ചാലിന്റെത്. പ്രൊഫഷണല്‍ താരങ്ങള്‍ എന്നു പറയാന്‍ ആരും തന്നെ ഇല്ലെങ്കിലും 75കാരനായ ദാസന്‍ ചേട്ടനെ വേണമെങ്കില്‍ അങ്ങനെ പറയാം. ചെസ്സിലെ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദുമായി ഏറ്റുമുട്ടിയിട്ടുള്ള ആളാണ്. 

പുരുഷന്മാര്‍ മാത്രമല്ല കേട്ടോ ചതുരംഗപ്പലകയുടെ അവകാശികള്‍. നിരവധി വനിതകളും തങ്ങളുടെ ചെസ്സ് കുടുംബത്തില്‍ ഉണ്ടെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു. ഉണ്ണിയേട്ടന്റെ ചായക്കടയുടെ പിന്നിലുള്ള 1000 രൂപ വാടക കെട്ടിടത്തിലാണ് ഇപ്പോഴത്തെ ചെസ്സ് അസോസിയേഷന്‍ ഓഫീസ്. എങ്കിലും പരന്നു കിടക്കുന്ന പാടവും, ഉണ്ണി മാമന്റെ വീടും, റോഡും, കലുങ്കും, എല്ലാം ഇവര്‍ക്കു ശീതീകരിച്ച ചെസ്സ് റൂമുകളാണ്.

സ്വാഭാവികമായും ഒരു സംശയം ബാക്കി, ഇങ്ങനെയൊരു അസോസിയേഷന്‍ ഉണ്ടാവുമ്പോള്‍ അതിലെവിടെയാണ് ഉണ്ണിയേട്ടന്റെ സ്ഥാനം!

ആ സംശയത്തിന് ഒരുചെറു ചിരി സമ്മാനിച്ചു കൊണ്ട് ബേബി ജോണ്‍ ഉത്തരം പറഞ്ഞു, ‘ഉണ്ണി മാമന്‍ ഞങ്ങടെ എല്ലാമാണ്. അദ്ദേഹമാണ് ഞങ്ങളുടെ തലച്ചോറ്’

ഒരു ഗ്രാമം മുഴുവന്‍ കളിക്കുകയാണ്. അത് വഴി ഒരു പുത്തന്‍ സംസ്‌കാരത്തിനും ജന്മംകൊടുക്കുകയാണിവര്‍. ഒരു പുത്തന്‍ ചെസ്സ് സംസ്‌കാരം.

( മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍