UPDATES

വായന/സംസ്കാരം

മാര്‍ക്വേസിനെയും തിരുത്തുന്ന കാലം; ഗര്‍ഭനിരോധന ഉറകള്‍ക്ക് മലയാള പാഠപുസ്തകത്തില്‍ സ്ഥാനമില്ലേ?

Avatar

നൈമ നസ്‌റിന്‍

സ്മൃതിനാശം പകര്‍ച്ചവ്യാധിയായി പരിണമിച്ചതിലെ മയക്കങ്ങളില്‍ വാപൊളിച്ചുനിന്നു പോയ മക്കോണ്ടാ ഗ്രാമത്തെ പറ്റി ചോദിക്കുമ്പോള്‍, ഓര്‍മകള്‍ക്കു ചിറകു വച്ചാല്‍ പറക്കാനിരിക്കുന്ന വനാന്തരങ്ങളെ പറ്റി മാത്രം പറയാന്‍ വാക്കുകളുള്ള ഭ്രാന്തന്‍ തുരുത്തുകളില്‍ നിന്നു വേണം മാര്‍ക്വേസിനെ വായിച്ചു തുടങ്ങാന്‍. സ്ഥലകാല വിചിന്തനങ്ങളില്ലാത്ത ജിപ്‌സികളായി വായനക്കാരെ പരിണമിപ്പിക്കുന്നതിലെ കൈത്തഴക്കവും അത്തരത്തില്‍ അപ്രഖ്യാപിതമായ ഒരു ഭ്രാന്തുമാത്രമാകാം.”ലോകത്തിന് ചെറുപ്പമായിരുന്നതുകൊണ്ട് പല വസ്തുക്കള്‍ക്കും പേരുണ്ടായിരുന്നില്ല” എന്ന കണ്ടെത്തലുകളിലും കാണുന്നത് തോന്നലുകളില്‍ പോലും ഭ്രാന്തുണര്‍ത്തുന്ന ചിന്തകളാണ്. 

ഇതിനിടെ പാഠപുസ്തകത്തിലേക്കു കയറിപ്പോയ മറ്റൊരു മാര്‍ക്വേസ്, ചിരിക്കണോ കരയണോ ഒച്ചയെടുത്തുകൊണ്ടലറണോ എന്നറിയാത്ത ചോദ്യചിഹ്നരൂപത്തില്‍ വെട്ടിത്തിരുത്തുകളുടെ മുറിവും കൂട്ടിത്തുന്നലുകളുമായി തിരിച്ചിറങ്ങിയിരുന്നു. പറഞ്ഞുവന്നത് കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ച പാഠ്യപദ്ധതികളോടെ പുറത്തിറക്കിയ കേരള സിലബസ് പന്ത്രണ്ടാം ക്ലാസ്സ് മലയാള പാഠപുസ്തകത്തിലെ മാര്‍ക്വേസിയന്‍ കഥക്കു സംഭവിച്ച പരിക്കുകളെ പറ്റിയാണ്. ഒരുപക്ഷെ കാര്‍ട്ടാഗ്‌ന എന്ന തുറമുഖനഗരത്തില്‍ നിന്നും മാഡ്രിഡ് പട്ടണത്തിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹങ്ങള്‍ക്കിടയിലെപ്പഴോ മാര്‍ക്വെസിനു തോന്നിയ ഒരു ഭ്രാന്തന്‍ സ്വപ്നമാകണം ‘light is like water’ എന്ന ചെറുകഥ. വീട്ടിലെ ബള്‍ബുകളോരോന്നായി പൊട്ടിച്ച് കുട്ടികള്‍ പ്രകാശത്തെ ഒഴുക്കിവിടുന്നതിലെ യാഥാര്‍ത്യങ്ങളില്‍ മാന്ത്രികതകളെ മായിക്കാന്‍ ശ്രമിക്കുന്ന ഗൃഹാതുരനായി മാത്രമേ ഇവിടെ ഗാബോയെ കാണാനാകൂ. പാലായനങ്ങളുടെ അതിപ്രസരം കഥയിലെ ടോട്ടോയുടേയും ജോവലിന്റെയും എട്ടും പത്തും വര്‍ഷങ്ങളുടെ മാത്രം വളര്‍ച്ചയുള്ള തലച്ചോറുകളിലേക്ക് പകര്‍ന്നതും ;മായികതകളില്‍ യാഥാര്‍ത്യങ്ങളെന്ന തോന്നലുകള്‍ക്ക് ജീവന്‍ വെപ്പിക്കുവാനുള്ള അതിജീവനതന്ത്രങ്ങളാണ്. അവര്‍ പ്രകാശത്തിന്റെ ഒഴുക്കില്‍ തോണി തുഴയുകയും മുങ്ങല്‍ സാമഗ്രികളുടെ പരിശീലനത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ഇവിടെ കാര്‍ട്ടാഗ്‌നയുടെ ജലനിബിഡമായ ഓര്‍മകള്‍ കഥാന്ത്യത്തില്‍ പ്രളയരൂപം പ്രാപിച്ച പ്രകാശത്തിന്റെ അലര്‍ച്ചകളായി പരിണമിക്കുന്നതു കാണാം.

കഥാകാരന്റെ കഥയില്‍ നിന്നും പാഠപുസ്തകകാരന്റെ/കാരിയുടെ കഥയിലേക്കുള്ള പരിണാമത്തിനിടെ ഫില്‍ട്ടര്‍ ചെയ്യപ്പെടുന്ന വാക്കുകളെ പറ്റിയാണ് ഇനി സംസാരിച്ചു തുടങ്ങേണ്ടത്. ഒരു 12-ആം തരം ക്ലാസ്മുറിയില്‍ ഗര്‍ഭനിരോധന ഉറകളെപറ്റി ഒന്നുറക്കെ വിളിച്ചുകൂവിയാല്‍ പോലും തകര്‍ന്നുവീഴാവുന്നത്രത്തോളം ജീര്‍ണിച്ചുപോയ ആകാശങ്ങളാണ് നമുക്കുള്ളത് എന്നതിന്റെ പറഞ്ഞുറപ്പിക്കലാണ് ഈ വെട്ടിത്തിരുത്തുകള്‍. തന്റേതല്ലാത്ത ആകാശങ്ങളില്‍ കഥകള്‍ തേടിപ്പോയവരാണ് കഥയിലെ ടോട്ടോയും ജോവലുമെങ്കില്‍ ആകാശങ്ങളെന്തെന്നറിയാത്ത പുസ്തകങ്ങളില്‍ തിരച്ചിലുകള്‍ക്ക് വഴികളികളില്ലാതായവരാണ് നമ്മുടെ കുട്ടികള്‍.” The last tango in paris ” പോലുള്ള ക്ലാസ്സിക് സിനിമകളുടെ പേരു പോലും മായ്ച്ചുകളഞ്ഞതിലെ ചിതലരിച്ച പാഠപുസ്തക ബോധങ്ങളെ പറ്റിയാവണം ക്ലാസ്സ്മുറികള്‍ ഇനി മിണ്ടിത്തുടങ്ങേണ്ടത്. അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റും കവിഞ്ഞ് പ്രകാശം ഒഴുകിയിറങ്ങുമ്പോള്‍ ടൂത്ത്ബ്രഷ്, കോണ്ടം, ഫര്‍ണീച്ചറുകള്‍ തുടങ്ങി ഒഴുകിനടന്നിരുന്ന ജംഗമവസ്തുക്കളെ പറ്റി വിവരിക്കുന്ന കഥാഭാഗം പാഠപുസ്തകത്തിലേക്കു കയറിയപ്പോളും പ്രഖ്യാപിതങ്ങളായ അരുതുകള്‍ മുറിച്ചുമാറ്റപ്പെട്ടു.

പന്ത്രണ്ടാം ക്ലാസ്സിലെ മലയാള പാഠപുസ്തകം എങ്ങനെയായിരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത് ? മാര്‍ക്വേസിയന്‍ കഥയിലായാലും ശരി പാഠപുസ്തക സ്‌ക്രീനിങ്ങില്‍ വെട്ടിത്തിരുത്തുകളാവാം എന്ന നിശ്ചയങ്ങളാരുടേതാണ്?”പാടില്ലാത്തത്” എന്ന ലേബലൊട്ടിച്ച് പുറത്താക്കപ്പെടുന്ന വാക്കുകള്‍ക്ക് കഥയില്‍ കാതലായ ഇപെടലുകളില്ലെന്ന തീരുമാനങ്ങളിലെ ശരികളാരുടേതാണ്? അങ്ങനെ നോക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ ഉത്തരങ്ങളില്ലാത്ത ചോദ്യശേഖരങ്ങളും വിദൂരഭാവിയില്‍ വെറും ചോദ്യചിഹ്നങ്ങളും മാത്രമാകുന്നതില്‍ ഹാസ്യം മാത്രമല്ല; ക്ലാസ്സ്മുറികള്‍ സെന്‍സര്‍ ബോര്‍ഡുകളാവുന്നതിലെ ഭയാശങ്കകളുമുണ്ട്. എങ്കില്‍ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങ’ളെ സിലബസ്സ് ചതുരത്തില്‍ വായിക്കുന്ന വിദ്യാര്‍ത്ഥികളെ നോക്കാം. കപ്പല്‍പ്പാമരത്തുണിയില്‍ കട്ടികൂടിയ തോല്‍ക്കഷ്ണങ്ങള്‍ തുന്നിപ്പിടിപ്പിച്ച് ഇരുമ്പുബക്കിള്‍ ഘടിപ്പിച്ച ഡ്രോയര്‍ കിടപ്പറയില്‍ ഉപയോഗിച്ചിരുന്ന ഉര്‍സുലയെ ‘Mother of ancient cotnraceptive methods’ എന്നു പ്രഖ്യാപിക്കുന്നതിലെ യുക്തിസഹമായ ഹാസ്യങ്ങളില്‍ പോലും നിഷ്‌കളങ്കതകളെ തിരയാനറിയാത്ത ‘ഠ’ വട്ടങ്ങളാണവര്‍ക്കുള്ളത്. ഒരുപക്ഷെ, കാണാതാകുന്ന വാക്കുകളെ പ്രതി ഗാബോ തന്നെ അലറിവിളിച്ചേക്കാം; ലോകത്തിന് നന്നേ ചെറുപ്പമായതു കൊണ്ട് വസ്തുക്കള്‍ക്കൊന്നും പേരുണ്ടായിരുന്നില്ല എന്ന്. മൃതപ്രായങ്ങളായ പൊട്ടന്‍ വ്യവസ്ഥകള്‍ മറന്നുവച്ചിട്ടുപോയ തോന്ന്യവാസങ്ങളായി മാത്രം കുട്ടികള്‍ ഇനി പാഠപുസ്തകങ്ങളെ കാണാന്‍ തുടങ്ങണം. ജനലുകള്‍ക്കപ്പുറം ചുവരുകളെന്തെന്നറിയാത്ത ക്ലാസ്സ്മുറികളുണ്ടാവണം.

(പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ഇന്‍റഗ്രേറ്റഡ് എംഎ സോഷ്യോളജി ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥിയാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നൈമ നസ്‌റിന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍