UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹം, ഭര്‍ത്താവിന് ഭാര്യയെ ബലാത്സംഗം ചെയ്യാനുള്ള ലൈസന്‍സോ?

Avatar

ടീം അഴിമുഖം

“കുറ്റക്കാരനായ വ്യക്തി, മിക്കവാറും ഒരു പുരുഷന്‍, ഒരാളുടെ സമ്മതത്തോടെയല്ലാതെ താനുമായി ലൈംഗികമായി ബന്ധപ്പെടാനൊ, മറ്റെന്തെങ്കിലും തരത്തിലുള്ള ലൈംഗികമായ വേഴ്ചക്കോ മറ്റൊരു വ്യക്തിയെ നിര്‍ബന്ധപൂര്‍വം വിധേയമാക്കുന്നതിനെയാണ്” ബലാത്സംഗം എന്നു പറയുന്നത്. എന്നാല്‍ ഇര കുറ്റവാളിയുടെ ഭാര്യയാണെങ്കില്‍ പുരുഷന് സംരക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ വാശിപിടിക്കുന്നത്.

വിദ്യാഭ്യാസ നിലവാരം/നിരക്ഷരത, ദാരിദ്ര്യം, കുഴഞ്ഞുമറിഞ്ഞ സാമൂഹിക ആചാരങ്ങളും മൂല്യങ്ങളും, മതവിശ്വാസം എന്നിവയെല്ലാം കൊണ്ട് ഇന്ത്യയില്‍ വിവാഹം ഒരു വിശുദ്ധ കര്‍മമാണെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍തിഭായ് ചൌധരി പറയുന്നു. അതുകൊണ്ടു വൈവാഹിക ബലാത്സംഗം കുറ്റകൃത്യമാക്കാന്‍ ആകില്ല. ചുരുക്കത്തില്‍ ഒരുത്തന് ഭാര്യയെ ബലാത്സംഗം ചെയ്യാനുള്ള അനുമതിയാണ് വിവാഹം.

മന്ത്രി നല്കിയ ന്യായീകരണത്തിന് നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗ് ബി ബി ബി ഡോക്യുമെന്‍ററിയില്‍ പറഞ്ഞ ന്യായങ്ങളുമായി വലിയ വ്യത്യാസമൊന്നുമില്ല- നമ്മുടെ സമൂഹത്തില്‍ ബലാത്സംഗം ചില രീതികളില്‍ സ്വീകാര്യമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ചില വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും നമ്മുടെ രാഷ്ട്രത്തിന്റെ സമൂഹമനസാക്ഷി ബലാത്സംഗത്തെ സാധൂകരിക്കുന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചില നിയമങ്ങള്‍ നോക്കാം.

ഹിന്ദു വിവാഹ നിയമത്തിലെ 19-ആം വകുപ്പ് ഭാര്യക്കും ഭര്‍ത്താവിനും ദാമ്പത്യാവകാശങ്ങള്‍ പുന:സ്ഥാപിച്ച് കിട്ടാനുള്ള നിയമപരമായ അവകാശം നല്കുന്നു. ഭാര്യയില്‍ നിന്നും ലൈംഗികബന്ധത്തിനുള്ള സമ്മതം നേടാന്‍ ഇത് ഭര്‍ത്താവിനെ പ്രാപ്തനാക്കുകയും ഭാര്യ വിസമ്മതിച്ചാല്‍ അത് മാനസികമായ ക്രൂരതയുടെ ഗണത്തില്‍ പെടുത്തി വിവാഹമോചനം തരപ്പെടുത്താനുള്ള വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു. താരതമ്യേന ഉദാരമായ വിവാഹ നിയമവും 22-ആം വകുപ്പില്‍ ഇതുതന്നെ പറയുന്നു.

നിയമമനുസരിച്ച്, ഭാര്യ ‘ന്യായമായ കാരണങ്ങളാലല്ലാതെ’ തന്റെ ശരീരത്തിന്മേല്‍ ഭര്‍ത്താവിനുള്ള പ്രാപ്യത നിഷേധിച്ചാല്‍ ഭര്‍ത്താവിന് അവര്‍ക്കുമേല്‍ ക്രൂരത ആരോപിക്കാം. ലൈംഗികത നിഷേധിക്കുന്നതിന് നിയമം അംഗീകരിക്കുന്ന രണ്ടു കാരണങ്ങള്‍ ഭര്‍ത്താവ് ഷണ്ഡനോ, അല്ലെങ്കില്‍ ഭാര്യ ലൈംഗിക വിരക്തയോ ആയാല്‍ മാത്രമാണ്. സ്വന്തം തെരഞ്ഞെടുപ്പ് എന്നത്-അതായത് ഭര്‍ത്താവിന്റെ ഒപ്പം കിടക്കാന്‍ ഒരു ഭാര്യ വിസമ്മതിക്കുന്നത് അതിനവര്‍ക്ക് ഇഷ്ടമില്ല എന്ന ഒരു കാരണത്താല്‍ ആണെന്നത്, അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയായാലും- നീതി,ന്യായ വ്യവഹാരത്തില്‍ കടന്നുവരുന്നില്ല.

ബ്രിട്ടണിലെ ചീഫ് ജസ്റ്റിസായിരുന്ന സര്‍ മാത്യൂ ഹെയില്‍ 1736-ല പറഞ്ഞതിനെയാണ് ഇതോര്‍മ്മിപ്പിക്കുന്നത്: “നിയമപരമായുള്ള ഭാര്യയെ ബലാത്സംഗം ചെയ്തു എന്ന കുറ്റം ഭര്‍ത്താവില്‍ ചുമത്താനാകില്ല. പരസ്പര വൈവാഹിക സമ്മതത്താലും, കരാറിനാലും തന്നെ ഇതിനായി ഭാര്യ ഭര്‍ത്താവിന് നല്‍കിക്കഴിഞ്ഞു. അവര്‍ക്കതില്‍നിന്നും പിന്തിരിയാനാകില്ല.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സിവില്‍ നടപടിക്രമ നിയമം ഓര്‍ഡര്‍ 21, റൂള്‍ 32 ഇതിനെ ഒന്നുകൂടി ബലപ്പെടുത്തുന്നു. ഇതുപ്രകാരം ദാമ്പത്യാവകാശങ്ങള്‍ പുന:സ്ഥാപിക്കാനുള്ള ഉത്തരവിന്റെ ലംഘനം പിഴയോ, സ്വത്ത് കണ്ടുകെട്ടുകയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ആയി നല്കി ശിക്ഷിക്കപ്പെടാം. പുറമേക്ക് ഇത്  ലിംഗവിവേചനമില്ലാതെ നടപ്പാക്കാവുന്നതാണ്. എന്നാല്‍ തീര്‍ത്തും പുരുഷാധിപത്യ നീതിന്യായ സംവിധാനത്തില്‍ ഭാര്യക്കെതിരെയാകും നീതിയുടെ തുലാസിലെ തട്ട് താഴുക.

അവള്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കുകയും എന്നാല്‍ ഗര്‍ഭം ധരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തെന്നിരിക്കട്ടെ. അവളുടെ കാരണങ്ങള്‍ പലതായിരിക്കാം-ഗര്‍ഭം അലസുന്നതാകാം, തന്റെതായ കാരണങ്ങളാല്‍ കുട്ടികള്‍ വേണ്ടെന്നാകാം. പക്ഷേ കോടതി അവള്‍ ഭര്‍ത്താവിനോട് ക്രൂരത കാണിച്ചു എന്നാണ് മുദ്രകുത്തുക.

ഇതിനെല്ലാം ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തുന്ന പതിവുപരിപാടി നടക്കില്ല. കാരണം അവിടെ 1970-ല്‍ വൈവാഹിക നടപടിക്രമങ്ങളും സ്വത്തവകാശവും നിയമത്തില്‍ ദാമ്പത്യാവകാശങ്ങള്‍ പുന:സ്ഥാപിക്കാനുള്ള അപേക്ഷകള്‍ കോടതികള്‍ എടുക്കുന്നത് തടഞ്ഞു. 1991-ല്‍ പ്രഭു സഭ, ലിംഗ സമത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ലിംഗ വിവേചന നിയമങ്ങള്‍ല്‍ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞു; വിവാഹബന്ധത്തിലും അതാണ് നിയമം, അപവാദമല്ല.

പക്ഷേ, സരോജ് റാണി കേസില്‍ (1984) ടി.ശ്രീലത കേസിലെ (1983) ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പുരോഗമനപരമായ വിധി തള്ളിക്കളയാന്‍ സുപ്രീം കോടതി ആശ്രയിച്ചത് ‘വിവാഹമെന്ന സ്ഥാപനത്തിന്റെ വിശുദ്ധിയാണ്’.

മിക്ക ബലാത്സംഗങ്ങളും കേസാകാതെ പോവുകയാണ്. യഥാര്‍ത്ഥ കണക്ക് ഞെട്ടിപ്പിക്കുന്നതാകും. മറ്റൊരു ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍, ദേശീയ കുടുംബാരോഗ്യ കണക്കെടുപ്പിന്റെയാണ് ; ഇന്ത്യയിലെ ലൈംഗികാതിക്രമങ്ങളില്‍ അധികവും ചെയ്യുന്നത് ഭര്‍ത്താക്കന്മാരാണ്. മൊത്തം ബലാത്സംഗങ്ങളില്‍ 97.7% നടത്തിയതും ഇരയുടെ ഭര്‍ത്താവാണ്.

വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ലൈംഗിക ബന്ധത്തിനുള്ള സമ്മതം നല്കുകയും നല്കാതിരിക്കുകയും ഓരോ സ്ത്രീയുടെയും അവകാശമാണ്-പുരുഷനെ പോലെതന്നെ. സമ്മതത്തോടെയല്ലാത്ത ലൈംഗികബന്ധം കുറ്റവാളിക്ക് ഇരയുമായുള്ള ബന്ധം എന്തെന്നത് കണക്കാക്കാതെ കുറ്റകൃത്യമായിതന്നെ കണക്കാക്കണം. ഈ അവകാശം സംരക്ഷിക്കാന്‍ ഒരു നിയമമില്ലാത്തത് ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു മനുഷ്യാവകാശ ലംഘനവും സ്ത്രീകള്‍ക്കെതിരായ അനീതിയുമാണ്.

തന്നെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ഒരു പുരുഷനെ കൊന്നതിനാണ് ഈയടുത്ത് റെയ്ഹാനെ ജബ്ബാരിയെ ഇറാനില്‍ തൂക്കിക്കൊന്നത്. ഇന്ത്യയിലാണെങ്കില്‍ തിരിച്ചടിച്ചതിന് റെയ്ഹാനയെ ഒരു നായികയായി ആഘോഷിച്ചേനെ. പക്ഷേ അവര്‍ വിവാഹിതയും ലൈംഗികാതിക്രമി അവരുടെ ഭര്‍ത്താവുമാണെങ്കില്‍ നമ്മിലെത്രപേര്‍ അവരെ ആഘോഷിക്കും?

സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന ന്യായത്തില്‍ ഈ സാധര്‍മ്യത്തെ  തള്ളിക്കളയാനാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ നിങ്ങളുടെ ചിന്താഗതിക്ക് എന്തോ പ്രശ്നമുണ്ടെന്നറിയുക. നിങ്ങളുടെ മനസില്‍ എവിടെയോ ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനെ നിങ്ങള്‍ ‘വ്യത്യസ്തമായി’ കാണുന്നു.

ഏത് സ്ത്രീക്കും അതിക്രമിക്കുന്നവര്‍ ആരെന്നു നോക്കാതെ സമ്മത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനുള്ള ശ്രമങ്ങളെ ചെറുക്കാനുള്ള അവകാശമുണ്ട്. ഒരു സ്ത്രീ തന്നെ ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കുന്നത് നമുക്ക് അംഗീകരിക്കാനാവില്ല- ഒരു മധ്യകാല ദുരാചാരം എന്നുപറഞ്ഞു നാമതിനെ അപലപിക്കും. പിന്നെങ്ങിനെയാണ് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യപ്പെടാനായി തന്നെ ബലാത്സംഗം ചെയ്ത ഒരുത്തനുമൊപ്പം താമസിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമത്തെ നമുക്ക് അംഗീകരിക്കാനാകുക? എന്തുകൊണ്ടാണ് പ്രതികരണം വ്യത്യസ്തമാകുന്നത്? പുരുഷ കേന്ദ്രീകൃതമായ ആചാരങ്ങളും നമ്മുടെ സമൂഹത്തിന്റെ പുരുഷാധിപത്യ സമീപനങ്ങളും-പുരുഷന്മാരിലും സ്ത്രീകളിലും-എങ്ങനെ വ്യാപിച്ചിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ഒന്നു സൂക്ഷിച്ചു നോക്കൂ; നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഒരു ഖാപ് പഞ്ചായത്തുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍