UPDATES

അനശ്വര കൊരട്ടിസ്വരൂപം

കാഴ്ചപ്പാട്

അനുനിമിഷം

അനശ്വര കൊരട്ടിസ്വരൂപം

സ്വന്തമായ ഇടങ്ങള്‍ കൊതിക്കുന്ന സ്ത്രീകളോട്; അവരോട് മാത്രം

കുടുംബം എന്നത് ചങ്ങലയല്ല എന്ന് സത്യസന്ധമായി പറയാന്‍ കഴിയുന്നവര്‍, കുടുംബത്തിനുവേണ്ടി ഒന്നും വേണ്ടാ എന്നു വയ്ക്കേണ്ടി വരാത്തവര്‍ നമ്മളില്‍ എത്രപേര്‍ കാണും?

പ്രണയത്തെക്കുറിച്ച് നേരത്തെ എഴുതിയിരുന്നതു കൊണ്ട് ഇപ്പോളെഴുതാന്‍ പോകുന്ന ലേഖനത്തില്‍ ചില ആവര്‍ത്തനങ്ങള്‍ വന്നു കൂടായ്കയില്ല എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെ ഞാന്‍ ഇന്ന് കുടുംബത്തെക്കുറിച്ച് എഴുതട്ടെ. ഇതും രണ്ടോ മൂന്നോ ഭാഗങ്ങള്‍ ഉള്ള പരമ്പരയാണ്.

ഭാഗം – 1 

കുടുംബത്തിനകത്ത് പ്രേമമോ എന്ന്‍ ചോദിക്കുന്ന സഹപ്രവര്‍ത്തകന്‍റെ ചോദ്യത്തെ ഒരു ചിരികൊണ്ട് അവഗണിച്ചുകൊണ്ടാണ് എഴുതുന്നത് എന്നു കൂടി പറയെട്ടെ. പക്ഷെ എന്‍റെ സഹപ്രവര്‍ത്തകന്‍ ചോദിച്ച ആ ചോദ്യം ഏറെ പ്രസക്തമാണ്. എന്താണ് നമ്മുടെ കുടുംബങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന ഘടകം? പങ്കാളികള്‍ തമ്മിലെ പ്രണയം? അതോ സമൂഹത്തിനു മുന്നില്‍ അണിയാന്‍ ബാധ്യസ്ഥമായ ചില മുഖംമൂടികളോ? സമൂഹം, ഇമേജ് പ്രശ്നങ്ങള്‍, കുട്ടികള്‍ എന്നീ ബാധ്യതകള്‍ ഇല്ലായിരുന്നെകില്‍ നമ്മളില്‍ എത്രപേര്‍ ഇപ്പോഴുള്ള വിവാഹബന്ധങ്ങളില്‍ തുടര്‍ന്നു പോരുമായിരുന്നു? അക്ഷരാര്‍ത്ഥത്തില്‍ കെട്ടിയിടുന്ന ഒരു ബന്ധത്തിലേക്ക് (പെണ്ണുകെട്ടിയാല്‍ കാലുകെട്ടി എന്ന പഴഞ്ചൊല്ല് ഓര്‍ക്കുക) നാം എന്തിനാണ് കടന്നു ചെല്ലുന്നത്?

വിവാഹം അതിമനോഹരമായ ഒന്നാണ് എന്നൊന്നും വാദിക്കരുത്, കാരണം ഓരോ മണിക്കൂറിലും അഞ്ചു വിവാഹമോചനങ്ങള്‍ നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എന്‍റെ മുന്നിലുള്ള ചോദ്യമിതാണ്- ഇത്രമേല്‍ ബന്ധിതമായ, വിട്ടുവീഴ്ചകള്‍ ആവശ്യപ്പെടുന്ന ഒരു സങ്കല്‍പ്പത്തെ ലക്ഷ്യം വച്ച് നമ്മുടെ ജീവിതത്തെ പരുവപ്പെടുത്തിക്കൊണ്ടു വരുന്നത് എന്തിനാണ്? വിവാഹം എന്നത് താത്വികമായി എത്രമേല്‍ മഹത്വവത്കരിച്ചാലും നടപ്പിലാക്കാന്‍ അത്രമേല്‍ പ്രയാസമാണെന്നിരിക്കെ, നാം അത്തരമൊരു തീരുമാനത്തിലേക്ക്  ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ പ്രായത്തില്‍ കടന്നു ചെല്ലുന്നത് എന്തുകൊണ്ടാണ്? ഒരു കൂട്ട് എന്നതാണ് ആത്യന്തികമായ ലക്ഷ്യമെങ്കില്‍ സ്വന്തമായി ജീവിക്കാന്‍ സാധ്യമായ യൗവനത്തെ അതില്‍ ഹോമിക്കുന്നത് എന്തിനാണ്? എനിക്കൊരു കൂട്ട് വേണമെങ്കില്‍ അമ്പത് വയസ്സിനു ശേഷം, ഇനി വലിയ കാര്യമായി ഒന്നും ചെയ്യാനില്ല എന്നു തോന്നുന്ന ഒരു പ്രായത്തില്‍ ഒരാളെ കണ്ടു പിടിക്കുകയല്ലേ നല്ലത്?

കുടുംബം എന്ന സ്ഥാപനം ഇന്നത്തെ രൂപത്തില്‍ നിലവില്‍ വന്നിട്ട് കേരളത്തില്‍ അധികകാലമായി എന്നു പറയാന്‍ വയ്യ. വളരെ ‘സ്വതന്ത്രമായ’ ലൈംഗികബോധം നിലനിന്നിരുന്ന കേരളത്തില്‍, വിവാഹങ്ങള്‍ (വിവാഹമെന്ന സങ്കല്പം ഉള്ള ജാതികളില്‍) നടന്നിരുന്നു. പക്ഷെ ഭൂരിപക്ഷം വരുന്ന സമുദായങ്ങളില്‍ സംബന്ധം എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ലൈംഗികബന്ധ ഉടമ്പടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചെരുപ്പോ പായോ എടുത്ത് പുറത്തേയ്ക്ക് വച്ചാല്‍ തീരുന്ന അത്ര എളുപ്പമായ വിവാഹമോചനങ്ങളും. മറ്റവകാശവാദങ്ങള്‍ ഒന്നുമില്ല, ഇരുകൂട്ടരില്‍ ആര്‍ക്കെങ്കിലും മടുക്കുമ്പോള്‍, കുറച്ചുകൂടി സ്വത്തുള്ള തറവാട്ടിലെ പുരുഷന്മാരെ തറവാട്ട്  കാരണവര്‍ക്ക്‌ ബോധിക്കുമ്പോള്‍ ഒക്കെ ഈ വിവാഹമോചനത്തിനു സാധ്യതയുണ്ടായിരുന്നു. കുളിക്കടവുകളില്‍ “അല്ല, ജാന്വോ, ഇപ്പൊ നിനക്കാരാ?” എന്ന് ചോദിക്കുന്ന തരത്തില്‍ ‘സ്വതന്ത്രമായ’ ഒരു വിവാഹ- ലൈംഗിക- ബന്ധങ്ങള്‍ നിലനിന്ന ഒരിടത്താണ് നാം നമ്മുടെ പാരമ്പര്യത്തിന്‍റെ ചരടിനെ ബന്ധിപ്പിച്ചിരിക്കുന്നത്. (ഈ ലൈംഗിക സ്വാതന്ത്ര്യം സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ മൂര്‍ത്തിമത് ഭാവമായിരുന്നു എന്നൊന്നും അവകാശപ്പെടാന്‍ ഞാന്‍ മുതിരുന്നില്ല.)

കുടുംബം എന്ന സങ്കല്‍പ്പത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഈ ചരിത്രത്തെ പരാമര്‍ശിക്കേണ്ട ആവശ്യമെന്ത് എന്ന ചോദ്യത്തിന്, തുടക്കം എവിടെ എന്നത് അടയാളപ്പെടുത്തുമ്പോഴേ ഇന്ന് നാം വന്നു നില്‍ക്കുന്നതെവിടെ എന്നതിനെ വിശദീകരിക്കാന്‍ ആകൂ എന്നാണ് ഉത്തരം.

കേരളത്തിലെ ഇന്നത്തെ അവസ്ഥയില്‍ ശരാശരി 20 മുതല്‍ 25 വയസ്സുവരെയുള്ള പ്രായത്തില്‍ പെണ്‍കുട്ടികളും 28 മുതല്‍ 32 വരെയുള്ള പ്രായത്തില്‍ ആണ്‍കുട്ടികളും വിവാഹം കഴിക്കും. (ഇതിനെ മറികടന്ന എല്ലാവര്‍ക്കും ഒരു സലാം) പിന്നീടുള്ള അന്‍പതോ അറുപതോ വര്‍ഷം ആ ഒരൊറ്റ കേന്ദ്രബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ജീവിതം രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. ഈ രൂപകല്‍പ്പനയില്‍ ഏറ്റവുമധികം മാറ്റിവയ്ക്കുന്നതും ശ്രദ്ധയില്ലാതെ പോകുന്നതും പങ്കാളികളുടെ സ്വന്തമായ ഇടം എന്നതിനാണ്. ഒരു പുതിയ ബന്ധത്തില്‍, വളരെ യാഥാസ്ഥിതികമായ ബന്ധങ്ങളില്‍ ആണെങ്കില്‍, സ്ത്രീയെ സംബന്ധിച്ച്  പുതിയ വ്യക്തികള്‍, സ്ഥലം, ഉത്തരവാദിത്വങ്ങള്‍ എന്നിവയില്‍ തന്റെ ശ്രദ്ധ ചെലുത്തേണ്ടതുള്ളതുകൊണ്ട് ആദ്യകാലങ്ങളില്‍ സ്വന്തമായ ഇടം എന്നത് ചിന്തകളില്‍ എവിടെയും കടന്നു വരാന്‍ സാധ്യതയില്ല. കാലം കടന്നുപോകേ, ഒരു സ്ത്രീ, ഈ ബന്ധത്തില്‍ തന്‍റെ ഇടമെവിടെ എന്നു ചിന്തിച്ചാല്‍, എന്‍റെ ജീവിതം, എന്‍റെ ഇഷ്ടങ്ങള്‍ എന്നിവയെവിടെ ഇന്നു തിരയാന്‍ തുടങ്ങുമ്പോള്‍, ആ നിമിഷത്തിലാണ് ഒരു പക്ഷെ ആ ബന്ധത്തിന്റെ ‘ആദ്യ ഉലച്ചില്‍’ സംഭവിക്കുന്നത്.

എന്താണ് ഈ ഇടം? വിവാഹം എന്നത് സാമ്പ്രദായിക രീതിയില്‍ പറഞ്ഞാല്‍, പരസ്പരപൂരകമാകേണ്ട, ‘വിട്ടു വീഴ്ചകള്‍’ ചെയ്യേണ്ട, മറ്റൊരാളുടെ ഇഷ്ടങ്ങളെ കൂടി മനസിലാക്കി മുന്നോട്ടു പോകേണ്ട ഒന്നായിട്ടാണല്ലോ കരുതപ്പെടുന്നത്. അതിനിടയില്‍ എന്താണ് ഈ സ്വന്തമായ ഇടം?

നാം നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി എത്ര സമയം കണ്ടെത്താറുണ്ട്? നമ്മുടെ പഴയ സുഹൃത്തുക്കളെ കാണാന്‍? ഇഷ്ടമുള്ള ഒരു സിനിമ കാണാന്‍, പുസ്തകം വായിക്കാന്‍, പാട്ട് കേള്‍ക്കാന്‍? യാത്ര പോകാന്‍? വെറുതെ ഇരിക്കാന്‍? തനിക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാന്‍? ഓരോ വ്യക്തിക്കും ഈ ഇടം എന്നതിന്‍റെ നിര്‍വചനം വ്യത്യസ്തമായിരിക്കും. പക്ഷെ വിവാഹബന്ധത്തില്‍, അത്തരത്തില്‍ ഒരിടം ഉണ്ടാകേണ്ടതുണ്ട് എന്ന വസ്തുത നമുക്കിടയില്‍ എത്രപേര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നുണ്ട്?

“അടുപ്പത്ത് തിളച്ചു തൂവുന്ന പാലിനെ കുറിച്ചോര്‍മിക്കാതെ, അമ്മേ ഒന്ന് വന്നേ എന്നുള്ള വിളികള്‍ ഇല്ലാതെ, വെറുതേ ഒരു കസേരയില്‍, ഒരു വൈകുന്നേരം മുഴുവന്‍ ഒന്നിരിക്കാന്‍ സാധിക്കുക എന്നതാണ് എന്‍റെ വല്യ സ്വപ്നം” – ഓ ഇതാണോ വല്യ കാര്യം. ഇതൊക്കെ സന്തോഷത്തോടെ ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ അല്ലേ?/ ഇതല്ലേ എല്ലാവരുടെയും ജീവിതം എന്നു ചോദിക്കുന്നവരോട്- ക്ഷമിക്കണം, നിങ്ങള്‍ സങ്കല്‍പ്പിക്കുന്ന ജീവിതത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്.

ഇത്തരം ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിക്കാന്‍ പറ്റാത്ത ഒരു സംവിധാനത്തെ എങ്ങനെയാണ് നാം വളരെ മാതൃകാപരമായ ഒന്നായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്? പാശ്ചാത്യലോകം ‘പോലും’ പിന്തുരാന്‍ ആഗ്രഹിക്കുന്ന ഒന്നാണല്ലോ നമ്മുടെ കുടുംബം എന്ന സങ്കല്‍പ്പം, അല്ല അങ്ങനെയല്ലേ സംസ്കാരത്തിന്‍റെ കാവലാളുകള്‍ നമ്മോടു നിരന്തരം പറഞ്ഞിരിക്കുന്നത്. രാത്രി ഉറങ്ങുന്നതിനു മുന്‍പ് അല്‍പ്പം വായിച്ച്, ഇഷ്ടമുള്ള പാട്ടുകള്‍ കേട്ട്, ഉറക്കത്തിലേക്കു വീഴണം എന്ന് ആഗ്രഹിക്കുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രധാനമാണ് എന്ന് മനസിലാക്കാന്‍ സാധിക്കാത്ത ഒരു പങ്കാളിയോടുത്തുള്ള ‘മാതൃകാ ജീവിതം’, അതാണ് പലപ്പോഴും കുടുംബം എന്ന് നാം ഓമനപ്പേരില്‍ വിളിക്കുന്നത്.

ഒരു ബന്ധത്തിലുള്ള പങ്കാളികളില്‍ ഇത്തരം ഇടം നിര്‍മിക്കാന്‍ ഏറ്റവും പ്രയാസം സ്ത്രീക്കാണ് എന്നുള്ള ബോധ്യത്തില്‍ നിന്നാണ് ഇവിടെ സ്ത്രീയുടെ ഇടം എന്നതിനെ എടുത്തു പറയുന്നത്. ഈ ഇടം നിര്‍മിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണ്‌ എന്നത് അതിനുവേണ്ടി ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും അറിയാം. അതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാകാം നമ്മില്‍ ചിലര്‍. ചിലരാകട്ടെ എന്താണ് ഈ ബന്ധത്തില്‍ എനിക്കു നഷ്ടപെടുന്നത് എന്നറിയാതെ ഉഴറിയിട്ടുണ്ടാകാം.

സ്വന്തമായ ഒരിടമില്ലാതാകുന്നതാണ് പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് ഈ ഇടം കണ്ടെത്തുന്നതോടെയാണ് ‘കുഴപ്പങ്ങള്‍’ സംഭവിക്കുന്നത്. ഒരു ചെറിയ സംഭാഷണം:

പുരുഷന്‍: എന്തിനാണ് നിനക്ക് നിന്‍റെ സുഹൃത്തുക്കള്‍? നമുക്ക് രണ്ടുപേര്‍ക്കും ഇഷ്ടംപോലെ സുഹൃത്തുക്കള്‍ ഇല്ലേ?

സ്ത്രീ: “നമുക്ക്”? നിന്റെ സുഹൃത്തുക്കള്‍ എന്ന് പറയൂ, എന്‍റെ പരിചയത്തില്‍ മാത്രമുള്ള എത്ര പേര്‍ നമ്മുടെ സുഹൃത്തുക്കള്‍ ആയിട്ടുണ്ട്‌? എനിക്ക് എന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ആളുകളെയാണ് സുഹൃത്തുക്കളായി വേണ്ടത്.

പു: നിനക്ക് ഭ്രാന്താണ്. നിനക്ക് നിന്റെ ഇഷ്ടങ്ങള്‍ എന്നു മുതല്‍ തുടങ്ങി? ഇതുവരെ നമ്മള്‍ ഒക്കെ പങ്കുവച്ചല്ലേ ജീവിച്ചത്?

സ്ത്രീ: അതെ. പക്ഷെ ഇപ്പോള്‍ എനിക്ക് എന്റേതായ എന്തെങ്കിലും ഒക്കെ വേണം എന്ന്‍ തോന്നുന്നു. നിനക്ക്‌ സുഹൃത്തുക്കള്‍ ഉള്ളപോലെ എനിക്കും സുഹൃത്തുക്കള്‍. അങ്ങനെ കണ്ടാല്‍ പോരെ?

ഒരു വിവാഹബന്ധത്തില്‍ സ്വന്തമായി സുഹൃത്തുക്കള്‍ ഉണ്ടാവുക എന്നത് പോലും അപരാധമായി പോകുന്ന തരത്തില്‍ അത്രമാത്രം ഇടുങ്ങിയതാണോ ഭാര്യ- ഭര്‍തൃ ബന്ധം?

ശരി, മറ്റൊന്ന് നോക്കാം, ഒരു കുഞ്ഞുണ്ടായി കഴിഞ്ഞാല്‍, ആ കുഞ്ഞിനെ കൂടാതെ ഒരു യാത്ര, വേണ്ട, ഒരു സിനിമ കാണുക എന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്ന എത്ര സ്ത്രീകള്‍ നമ്മുടെ കൂടെയുണ്ട്? കുടുംബത്തിനുവേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചല്ലാട്ടോ, അവനവനെ സ്നേഹിക്കുന്ന വ്യക്തികള്‍ക്ക് വേണ്ടിയാണ് ചോദ്യം. മക്കളെ കൂട്ടാതെ, ഒരു സിനിമ കണ്ടാല്‍, ഐസ്ക്രീം കഴിച്ചാല്‍, കുറ്റബോധം തോന്നാത്ത എത്രപേര്‍ ഉണ്ട് നമ്മുടെ ചുറ്റും? വിരലില്‍ എണ്ണി തീര്‍ക്കാം. അങ്ങനെ ഒരു സ്ത്രീ ഉണ്ടെങ്കില്‍ അവരെ എത്രമാത്രം സ്വാര്‍ത്ഥയായിട്ടാണ് ചുറ്റുമുള്ള സമൂഹം വിലയിരുത്തുന്നത്.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ ദീപ ശ്രീനിവാസ് എന്ന അധ്യാപിക പറയും, “ഞാന്‍ എല്ലാ ഞായറാഴ്ചയും എനിക്കുവേണ്ടി സമയം ചിലവഴിക്കും, ചിലപ്പോ ഞാന്‍ ഒന്ന് പുറത്തൊക്കെ ഇറങ്ങി വരും. ചിലപ്പോ ഒന്നും ചെയ്യാതെ കിടക്കയില്‍ തന്നെ കിടക്കും. അത് എന്‍റെ ദിവസമാണ്. ലോകം ഇടിഞ്ഞു വീഴും എന്നു കേട്ടാലും ആ ദിവസം ആര്‍ക്ക് വേണ്ടിയും ഞാന്‍ എന്നെ നല്‍കില്ല. ഞാന്‍ പൊരുതി നേടിയ ഒന്നാണ് ഇത്. ആദ്യമൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മകളുടെ ആവശ്യങ്ങള്‍, പങ്കാളിയുടെ മാതാപിതാക്കളുടെ ഒക്കെ ആവശ്യങ്ങള്‍, പക്ഷെ പതിയെ അവരും എന്‍റെ ഇടത്തെ സ്വീകരിക്കാന്‍ പഠിച്ചു. ഇപ്പോള്‍ അവര്‍ക്കറിയാം. അന്ന് എന്നെ ഒന്നിനും നോക്കണ്ട എന്ന്.” ഒരു സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അധ്യാപികക്ക്  പോലും ‘പൊരുതി’യിട്ടാണ് സ്വന്തം ഇടം വീടിനകത്ത് നിര്‍മിക്കാന്‍ സാധിച്ചത്.

വിര്‍ജീനിയ വൂള്‍ഫ് എഴുതിയ A Room Of One’s Own സ്വന്തമായി ഇടങ്ങള്‍ ഇല്ലാതെയായിപ്പോകുന്ന സ്ത്രീകളെ കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. 1929-ല്‍ എഴുതിയ ആ പുസ്തകം ഇന്നും പ്രസക്തമാകുന്നത് എന്തുകൊണ്ടാണ് ഇന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അടുക്കള കഴിഞ്ഞാല്‍ എവിടെയാണ് ഒരു ഫിസിക്കല്‍ സ്പേസില്‍ സ്ത്രീയുടെ ഇടം? ഒരു പുസ്തകവുമായി സ്വസ്ഥതയോടെ ഇരുന്നു വായിക്കാന്‍, എഴുതാന്‍ സ്ത്രീയ്ക്ക് എവിടെയാണ് സ്ഥലം? അത്തരം സ്ഥലമുള്ളവര്‍ക്ക് പോലും തനിക്ക് വേണ്ടി അത്തരം സമയം, ജീവിതത്തിന്റെ ഏറ്റവും മനോഹരമായ യൗവനത്തില്‍ കണ്ടെത്താന്‍ സാധിക്കാറുണ്ടോ?

ടൈറ്റന്‍ വാച്ചിന്‍റെ പുതിയ പരസ്യത്തില്‍ അവനവനു വേണ്ടി സ്വന്തമായി സമയം കണ്ടെത്തുന്ന അമ്മയെ കുറിച്ച് അഭിമാനത്തോടെ പറയുന്ന മകളെ കാണിക്കുന്നുണ്ട്. ഞാനും അതേപോലെ ഒരു നിര്‍ബന്ധബുദ്ധിക്കാരിയായ അമ്മയായി തീരും എന്നാണ് ആ മകള്‍ പറയുന്നത്. സ്വന്തമായ ഇടത്തില്‍, സ്വന്തം താത്പര്യത്തിനനുസരിച്ചുള്ള ജോലി നേടാന്‍ സാധിക്കുന്ന, സ്വന്തം ഇഷ്ടത്തിന് യാത്ര ചെയ്യാന്‍, പഠിക്കാന്‍ സാധിക്കുന്ന സ്ത്രീകള്‍ എത്രപേര്‍ ഉണ്ട്? കുടുംബം എന്നത് ചങ്ങലയല്ല എന്ന് സത്യസന്ധമായി പറയാന്‍ കഴിയുന്നവര്‍. കുടുംബത്തിനുവേണ്ടി ഒന്നും വേണ്ടാ എന്നു വയ്ക്കേണ്ടി വരാത്തവര്‍ നമ്മളില്‍ എത്രപേര്‍ കാണും?

(തുടരും)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍