UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ മാര്യേജ് ടൂറിസം എന്ന ആളെപ്പറ്റിക്കല്‍ ഇടപാട്; വേണമെങ്കില്‍ ഡൈവോഴ്സ് ടൂറിസമാകാം

കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് മാര്യേജ് ടൂറിസം. ഇക്കഴിഞ്ഞ കേരള ട്രാവല്‍ മാര്‍ട്ടില്‍ അതിന്റെ പ്രഖ്യാപനം വന്നു.

കായല്‍ ടൂറിസത്തിന്റെയും ഗ്രാമീണ ടൂറിസത്തിന്റെയും സ്‌പൈസ് (Spice) ടൂറിസത്തിന്റെയും സാധ്യതകള്‍ ചൂഷണം ചെയ്തുകൊണ്ട് വിഭാവന ചെയ്തിട്ടുള്ളതാണ് മാര്യേജ് ടൂറിസം. ആദ്യത്തെ മൂന്ന് ഉല്‍പ്പന്നങ്ങളും ഏറെക്കുറെയെങ്കിലും കുറ്റമറ്റ രീതിയില്‍ വികസിപ്പിച്ചെടുക്കാനും മാര്‍ക്കറ്റ് ചെയ്യാനും കഴിഞ്ഞ ശേഷമാണോ അവയിലൂന്നിക്കൊണ്ടുള്ള മാര്യേജ് ടൂറിസം?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തും മുമ്പ് എന്താണ് മാര്യേജ് ടൂറിസം എന്നു നോക്കാം.

മാര്യേജ് ടൂറിസത്തിന് പ്രധാനമായും രണ്ടു മോഡലുകളുണ്ട്. ഈജിപ്ഷ്യന്‍ മോഡലും തായ്‌ലന്റ് മോഡലും. 

വിവാഹപ്രായമായതോ അല്ലാത്തതോ ആയ  ദരിദ്രരായ പെണ്‍കുട്ടികളെ പുറത്തുനിന്നു വരുന്ന അറബി പണം നല്‍കി വിവാഹം കഴിയ്ക്കുന്നതാണ് ഈജിപ്ഷ്യന്‍ മോഡല്‍. രണ്ടു മണിക്കൂര്‍ മുതല്‍ ഏതാനും വര്‍ഷങ്ങള്‍ വരെയാണ് ഈ വിവാഹത്തിന്റെ ആയുസ്സ്. അപൂര്‍വ്വം ചില അവസരങ്ങളില്‍ ഭാര്യയെ സ്വന്തം നാട്ടിലേയ്ക്ക് അറബി കൂട്ടിക്കൊണ്ടുപോകും. അവിടെ അവള്‍ക്ക് വീട്ടുവേലക്കാരിയായി തുടരാം.

കേരളത്തില്‍ ഇത് പുതിയകാര്യമല്ല. മലബാര്‍ മേഖലയില്‍ പണ്ടും ഇപ്പോഴും ഇതു തുടര്‍ന്നു വരുന്നു. വരന്‍ അറബി തന്നെയാകണമെന്ന് നിര്‍ബന്ധമില്ലെന്നു മാത്രം.

ഈജിപ്റ്റില്‍ ഈ മാര്യേജ് ടൂറിസത്തിനെതിരെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശക്തിയായ പ്രചരണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, രാഷ്ട്രീയ-രാഷ്ട്രീയേതര കാരണങ്ങളാല്‍ കേരളത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുപോലും ഇല്ല.

കേരള ട്രാവല്‍ മാര്‍ട്ടില്‍ പ്രഖ്യാപിച്ചത് തായ്‌ലന്റ് മോഡലാണ്. വിദേശികളായ വരനും വധുവിനും അവരുടെ വിവാഹം തായ്‌ലന്റില്‍ വച്ചു നടത്താനും തുടര്‍ന്നുള്ള മധുവിധു നാളുകള്‍ അവിസ്മരണീയമാക്കാന്‍ തായ്‌ലന്റ് ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനും വേണ്ടി വിഭാവനം ചെയ്തിട്ടുള്ളതാണ് തായ്‌ലന്റ് മോഡല്‍.  തായ്‌ലന്റില്‍ മാര്യേജ് ടൂറിസം ഒരു ഉല്‍പ്പന്നമായി മാറിയത് 2010-ല്‍ ആയിരുന്നു. ‘ഇന്ത്യയില്‍ പ്രണയിക്കൂ; തായ്‌ലന്റില്‍ വിവാഹിതരാകൂ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടെയായിരുന്നു അത്. പ്രധാനമായും ഇന്ത്യയിലെ ഒരു വിഭാഗം സമ്പന്നരെയാണ് അത് ഉന്നം വച്ചത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഒരു വാട്ട്‌സ് ആപ്പ് ക്രൈം
പ്രകൃതിവിരുദ്ധ ലൈംഗികത- ഒരു പുനര്‍വായന
ചാരക്കേസ്: ആരാണ് യഥാര്‍ത്ഥ പ്രതി?
ഫേസ്ബുക്ക് വിപ്ലവകാരികളുടെ ചുംബന വിപ്ലവം; ഒരു എതിര്‍ക്കുറിപ്പ്
ബാര്‍ കോഴ: നെല്ലും പതിരും

 

‘വിവാഹത്തിന് പറ്റിയ ലോകത്തിലെ ഏറ്റവും സുന്ദരസ്ഥലം’ എന്ന് Travel & Leisure Magazine, 2011ല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോക ടൂറിസം ഭൂപടത്തില്‍ തായ്‌ലന്റിന് പുതിയൊരു മുഖം കിട്ടി.

സെക്‌സ് ടൂറിസത്തിന് പ്രസിദ്ധി നേടിയ തായ്‌ലന്റ് ടൂറിസത്തിന് വളരെ ഏറെ മാന്യത നേടിക്കൊടുത്തതാണ് മാര്യേജ് ടൂറിസം. വിവാഹം ആദ്യമായും പ്രധാനമായും സെക്‌സിനു വേണ്ടിയണെങ്കിലും അതൊരു ‘സെക്‌സി’ ഏര്‍പ്പാടായി അവതരിപ്പിയ്ക്കാനോ കാണാനോ ആരും തയ്യാറല്ലല്ലോ.

കേരളത്തിന്റെ മോഡല്‍ ഉന്നം വയ്ക്കുന്നത് ഇന്ത്യക്കാരെയും തുടര്‍ന്ന് വിദേശികളെയുമാണ്. വിവാഹം ഹൗസ് ബോട്ടിലോ കടപ്പുറത്തോ ഹില്‍ സ്റ്റേഷനിലോ വച്ച് ഈവന്റ് മാനേജ്‌മെന്റ് ടീമിനെ കൊണ്ട് നടത്തിക്കാനും തുടര്‍ന്ന്, കേരള ടൂറിസത്തിന്റെ ഉല്‍പ്പന്നങ്ങളായ കായല്‍ ടൂറിസമോ ഗ്രാമീണ ടൂറിസമോ ഹില്‍സ്റ്റേഷന്‍ ടൂറിസമോ ആസ്വദിക്കാന്‍ നവദമ്പതികളെ വിടുകയെന്നതുമാണ് പദ്ധതി.

തായ്‌ലന്റും കേരളവും ഇന്ത്യക്കാരെ തന്നെ കണ്ണുവയ്ക്കുമ്പോള്‍ ഏതായിരിക്കും സമ്പന്നരായ ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കുക?

നൂറിലേറെ വര്‍ഷം മുമ്പുതന്നെ വിനോദസഞ്ചാരികളെ ആകര്‍ഷിച്ച സ്ഥലമാണ് കോവളം കടപ്പുറം. എന്നാല്‍ കോവളം ഇന്നൊരു തകര്‍ന്ന സ്വപ്നമാണ്; ലോണ്‍ലി പ്ലാനറ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും റേറ്റിംഗ് കുറഞ്ഞ സ്ഥലമായി കോവളം മാറിക്കഴിഞ്ഞു. കേരളത്തിലെ ഏതു കടപ്പുറമാണ് കോവളം പോലെ വൃത്തിഹീനമല്ലാത്തത്?

കോവളത്തു നിന്ന് രണ്ടുമണിക്കൂര്‍ കൊണ്ട് എത്താവുന്ന ഹില്‍ സ്റ്റേഷനാണ് പൊന്‍മുടി. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വേനല്‍ക്കാല വിനോദത്തിനുള്ള ഇടമായിരുന്നു പൊന്‍മുടി.

നട്ടുച്ചയ്ക്കുപോലും തണുത്ത കാറ്റും മേഘങ്ങളും തഴുകുമായിരുന്ന പൊന്‍മുടി. കാണിക്കാര്‍ എന്ന ആദിവാസിസമൂഹത്തിന്റെ മലദൈവങ്ങള്‍ അവരുടെ വിലപിടിപ്പുള്ള സ്വര്‍ണ്ണങ്ങള്‍ വെയില്‍കായാന്‍ നിരത്തിവയ്ക്കുമായിരുന്ന പൊന്‍മുടികള്‍. കേരള ടൂറിസം വളര്‍ന്നപ്പോള്‍ തദ്ദേശിയര്‍ പോലും പോകാന്‍ അറയ്ക്കുന്ന ഭയപ്പെടുന്ന സ്ഥലമായി പൊന്‍മുടി മാറി.

ബ്രിട്ടീഷുകാര്‍ വികസിപ്പിച്ചെടുത്ത മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍ ഇന്ന് പരിസ്ഥിതിയുടെ കശാപ്പുശാലയാണ്. പ്രകൃതി നന്നേ കുറഞ്ഞുവരുന്നു. വികൃതി തകൃതിയായി നടക്കുന്നു.

കേരള ടൂറിസം ഒരു ബ്രാന്‍ഡ് ആയി മാറുന്നത് 2000-നു ശേഷമാണ്. ആ വര്‍ഷമാണ് നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ മാഗസിന്റെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായി കേരളത്തെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് ആധാരമായ പ്രധാന ഘടകം കേരളത്തിലെ കായലുകളായിരുന്നു. അതോടെ, ആലപ്പുഴയും കുമരകവും കായല്‍ ടൂറിസത്തിന്റെ കേന്ദ്രബിന്ദുക്കളായി. കായലുകളില്‍ ഹൗസ് ബോട്ടുകളുടെ പ്രളയമായി. മനുഷ്യമാലിന്യം കായല്‍ സൗന്ദര്യത്തെ വളരെപ്പെട്ടെന്നു തന്നെ കീഴ്‌പ്പെടുത്തി.

ഹൗസ് ബോട്ടുകള്‍ ഇന്ന് സെക്‌സ് ടൂറിസത്തിന്റെ – പ്രധാനമായും തദ്ദേശീയരായ ടൂറിസ്റ്റുകളുടെ – അപ്രഖ്യാപിത പ്രതീകമായി മാറിക്കഴിഞ്ഞു.

അപ്പോള്‍, ടൂറിസം വ്യവസായം തകര്‍ത്തുകളഞ്ഞ കടലോരവും കായലും ഹില്‍സ്റ്റേഷനും പുതിയ ഉല്‍പ്പന്നമായ മാര്യേജ് ടൂറിസത്തെ താങ്ങിനിര്‍ത്തുമെന്നാണ് കേരള ട്രാവല്‍ മാര്‍ട്ട് അവകാശപ്പെടുന്നത്.

കടപ്പുറത്തോ ഹൗസ് ബോട്ടിലോ ഹില്‍ സ്റ്റേഷനിലോ വച്ചുനടത്തുന്ന വിവാഹത്തിനുശേഷം വധൂവരന്‍മാര്‍ ഇതിലേതെങ്കിലും ഒന്നോ അല്ലെങ്കില്‍ ഗ്രാമീണ ടൂറിസം മേഖലയോ മധുവിധുവിനായി തിരഞ്ഞെടുക്കും അത്രെ. അവരെ വരവേല്‍ക്കാന്‍ നരകതുല്യമായ റോഡുകളും ഒടുങ്ങാത്ത ഗതാഗത കുരുക്കുകളും  നിരനിരയായി നീളുന്ന മാലിന്യക്കൂമ്പാരങ്ങളും  റെഡിയായി കഴിഞ്ഞു.

ഇത്രയും വികലമായ സ്വപ്നം മലയാളിയ്ക്കല്ലാതെ മറ്റാര്‍ക്കും കാണാന്‍ കഴിയില്ല. സ്വപ്നം കാണാന്‍ പോലും പഠിച്ചിട്ടില്ലാത്ത അഭ്യസ്തവിദ്യരാണ് നമ്മള്‍.

മാര്യേജ് ടൂറിസമെന്ന് കൊട്ടിഘോഷിയ്ക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി മാര്യേജിനെക്കുറിച്ച് ഓര്‍ക്കുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും.

ബ്രിട്ടീഷ് നടിയും മോഡലുമായ എലിസബത്ത് ഹാര്‍ലിയും ഇന്ത്യന്‍ വംശജനും ബ്രിട്ടനിലെ പ്രമുഖ ടെക്‌സ്റ്റൈല്‍ വ്യാപാരിയുമായ അരുണ്‍ നയ്യാരും തമ്മിലുള്ള നിയമപരമായ വിവാഹം ഇംഗ്ലണ്ടിലെ സഡ്‌ലി കൊട്ടാരത്തില്‍ വച്ചും ആഘോഷപൂര്‍വ്വമായ വിവാഹം 2007 മാര്‍ച്ച് മാസം രാജസ്ഥാനിലെ ജോഥ്പൂരില്‍ വച്ചും നടന്നു.

പ്രശസ്ത ഗായകനായ എല്‍ടണ്‍ ജോണ്‍ ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്ത ആഘോഷപൂര്‍വ്വമായ വിവാഹത്തിന്റെ ഒരൊറ്റ ചിത്രം പോലും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടില്ല. ഹെലോ മാഗസിനില്‍ ഒഴിച്ച്. കാരണം വിവാഹത്തിന്റെ ഫോട്ടോ എടുക്കാനുള്ള അവകാശം രണ്ട് മില്യണ്‍ പൗണ്ടിന് ഹര്‍ലി ഹെലോ മാഗസീന് വിറ്റിരുന്നു.

ഇന്ത്യയിലെ മാര്യേജ് ടൂറിസത്തിന്റെ തുടക്കമെന്നാണ് അന്നത്തെ കേന്ദ്ര ടൂറിസം മന്ത്രി അംബികാസോണി ഈ വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടത്തിയത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഡര്‍ബനിലെ അന്താരാഷ്ട്ര ടൂറിസം ഫെയറില്‍ വച്ച്. ഒന്നേ രണ്ടോ മാസത്തിനുള്ളില്‍ തന്നെത്തന്നെ ഹര്‍ലി – നായര്‍ ബന്ധം ഉലഞ്ഞു. ഷെയ്ണ്‍ വോണുമൊത്തുള്ള ഹര്‍ലിയുടെ ചൂടന്‍ ചിത്രങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി.

2011 ജൂണില്‍ ഇരുവരും തമ്മിലുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തി. ഇതിനായി ലണ്ടനിലെ കോടതി എടുത്തത് വെറും 92 സെക്കന്റ് ആണ്. കോടതി നടപടികളില്‍ ഹര്‍ലിയോ നായരോ നേരിട്ട് പങ്കെടുത്തില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.

ഇന്ത്യയിലെ മാര്യേജ് ടൂറിസത്തിന്റെ ഉദയം  എന്നു കൊട്ടിഘോഷിക്കപ്പെട്ട സംഭവത്തിലെ യഥാര്‍ത്ഥ ഗുണഭോക്താവ് എലിസബത്ത് ഹര്‍ലിയെന്ന വിദേശിയായിരുന്നു. ചടങ്ങിലൂടെ അവര്‍ കൈക്കലാക്കിയത് രണ്ടു മില്യണ്‍ പൗണ്ടും.

ഹര്‍ലി ബുദ്ധിമതിയായിരുന്നു. നിയമപരമായ വിവാഹം ലണ്ടനില്‍വച്ച് നടത്തിയത് അതുകൊണ്ടാണ്. നിയമപരമായ വിവാഹം നടന്നത് ഇന്ത്യയില്‍ ആയിരുന്നുവെന്നു കരുതുക. വിവാഹമോചന പ്രക്രിയയുമായി എത്ര മാസത്തോളം എത്ര പ്രാവശ്യം രണ്ടാള്‍ക്കും കോടതി വരാന്തയില്‍ കേസുവിളിയ്ക്കുന്നതും കാത്തു നില്‍ക്കേണ്ടി വരുമായിരുന്നു. മാധ്യമപ്പട അതിരാവിലെ തന്നെ കോടതി പരിസരത്ത് നിറയുമായിരുന്നു. അവര്‍ക്ക് പുറകെ ആരാധകരും കാഴ്ചക്കാരും.  മേമ്പൊടിയായി പോലീസും. സെലിബ്രിറ്റികള്‍ കാലുറയ്ക്കാതെ, ദുഃഖം കടിച്ചുപിടിച്ച് നില്‍ക്കുമായിരുന്നു. ടി.വി.ക്യാമറയ്ക്കു മുന്നില്‍ കണ്ണുതുടയ്ക്കുകയോ പൊട്ടിക്കരയുകയോ ചെയ്യുമായിരുന്നു.

നാടകീയങ്ങളായ എത്ര മുഹൂര്‍ത്തങ്ങള്‍. ആഘോഷം. സര്‍വ്വത്ര ആഘോഷം.

കേരള ടൂറിസത്തിന് പറ്റിയ ഏറ്റവും നല്ല ഉല്‍പ്പന്നം ഒരു പക്ഷേ, അതായിരിയ്ക്കാം; ഡൈവോഴ്‌സ് ടൂറിസം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍