UPDATES

കായികം

മാര്‍ട്ടി, എന്റെ സുന്ദരനായ പുരുഷന്‍

വിഖ്യാത ക്രിക്കറ്റര്‍ മാര്‍ട്ടിന്‍ ക്രോയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ഭാര്യയുടെ ഓര്‍മകള്‍

ലോക ക്രിക്കറ്റിലെ വിഖ്യാത ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ക്രോ വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. 2016 മാര്‍ച് 3 നായിരുന്നു ക്രോ എല്ലാ ആരവങ്ങള്‍ക്കുമപ്പുറത്തേക്ക് യാത്ര പോകുന്നത്. കളിക്കളത്തില്‍ കാണിച്ച അതേ പോരാട്ടവീര്യം കാന്‍സര്‍ എന്ന മഹാവ്യാധിയോടും നാലുവര്‍ഷം നടത്തിയിട്ടായിരുന്നു ഒടുവില്‍ ആ യാത്ര പറച്ചില്‍. മരണംകൊണ്ട് ക്രോ ഇല്ലാതായില്ല. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെയെല്ലാം മനസില്‍ ആ മഹനായ കളിക്കാരന്‍ ജീവനോടെയുണ്ട്.

എന്നാല്‍ ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ മാര്‍ട്ടിന്‍ ക്രോയെ ലോകമാകെയുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ ഓര്‍മയില്‍ സൂക്ഷിക്കുമ്പോള്‍ ഒരാള്‍ക്കു മാത്രം മാര്‍ട്ടിന്‍ ക്രോ വെറുമൊരു ക്രിക്കറ്റ് കളിക്കാരന്‍ അല്ല, അതിനെല്ലാമപ്പുറമാണ്. വേറാരുമല്ലത്, ക്രോയുടെ ഭാര്യ ലോറൈന്‍ ഡോണസ്.
ക്രോയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കായിക മാസികയായ ക്രിക്കറ്റ് മന്ത്‌ലിയില്‍ എഴുതിയ കുറിപ്പില്‍ 1983 ല്‍ മിസ് യുണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ലൊറൈന്‍ ഡോണസ് ക്രോ തനിക്ക് ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും ഹൃദയാര്‍ദ്രമായി പറയുന്നുണ്ട്.

ലോകത്തിന് അദ്ദേഹം മഹാനായൊരു ക്രിക്കറ്റ് കളിക്കാരനായിരിക്കും. എനിക്ക് അദ്ദേഹം എന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. ഞങ്ങളുടെ ബന്ധം തുടങ്ങിയകാലത്തു തന്നെ ഞാന്‍ അദ്ദേഹത്തിനൊരു ചെല്ലപ്പേര് ഇട്ടിരുന്നു; മാര്‍ട്ടി! എന്റെ സുന്ദരനായ പുരുഷന്‍. എന്നും എനിക്ക് അങ്ങനെ തന്നെയായിരുന്നു അദ്ദേഹം. പരിശുദ്ധവും സുതാര്യവുമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. തികഞ്ഞ സത്യസന്ധന്‍, മനസില്‍ നിറയെ സ്‌നേഹമുള്ളവന്‍. കാല്‍പ്പനികന്‍, ഭാവസമ്പന്നന്‍, സരസപ്രിയന്‍ ഇതെല്ലാമായിരുന്നു മാര്‍ട്ടി.

എന്റെ ഹൃദയത്തിന്റെ പാതി; ഞങ്ങള്‍ എന്നും പരസ്പരം വിശ്വസിച്ചിരുന്നത് അങ്ങനെയാണ്; വിധികല്‍പ്പിതമായി ഒരുമിച്ചു ചേര്‍ന്നവര്‍ തന്നെയാണു ഞങ്ങള്‍. തീര്‍ച്ചയായും ഞങ്ങള്‍ക്കൊരു നല്ല പ്രണയകഥയുണ്ട്.

അദ്ദേഹത്തിന്റെ പ്രണയം ശക്തമായിരുന്നു. ഒരു പങ്കാളിയില്‍ നിന്നും ഞാന്‍ എന്തൊക്കെ സ്വപ്‌നം കണ്ടു, അതെല്ലാം എനിക്കദ്ദേഹത്തില്‍ നിന്നും കിട്ടി. എന്നോട്, കുഞ്ഞുങ്ങളോട്, കുടുംബത്തോട് എല്ലാം അദ്ദേഹത്തിനുണ്ടായിരുന്നത് ശമനമില്ലാത്ത സ്‌നേഹമായിരുന്നു.
ഞാന്‍ മനസിലാക്കിയിട്ടുണ്ട്, എത്രമാത്രം അനുഗ്രഹിക്കപ്പെട്ടവളായിരുന്നു ഞങ്ങളെന്ന്. എന്റെ സുന്ദരനായ പുരഷനോട് അതിനായി എന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

കാന്‍സര്‍ അദ്ദേഹത്തെ ഞങ്ങളില്‍ നിന്നും നഷ്ടപ്പെടുത്തി. ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയെന്നും പറയാം. അസുഖം അദ്ദേഹത്തിനു തന്നെ കുറിച്ച് ചിന്തിക്കാനുള്ള ഒരു അവസരം സൃഷ്ടിച്ചു കൊടുത്തു.

ഒരു ദിവസം ഞാന്‍ അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി, എന്താണ് ഏറ്റവും പ്രധാനപ്പെട്ടതായി പഠിച്ച പാഠം എന്ന്. അന്നദ്ദേഹം പറഞ്ഞ മറുപടി, ഞാന്‍ ഒരുപാടു പാഠങ്ങള്‍ പഠിച്ചു, പക്ഷേ ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് സത്യത്തില്‍ മാത്രം മുറുകെ പിടിക്കുക എന്നതാണ്. അസത്യമായതും തെറ്റായതുമെല്ലാം ജീവിതത്തില്‍ നിന്നും ഉപേക്ഷിക്കുക’.

ലിംഫോമിയ അദ്ദേഹത്തെ കീഴടക്കിയെന്നറിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത്, സാരമില്ല റെയ്ന്‍, ഞാന്‍ എന്റെ സമാധാനം കണ്ടെത്തിയിരിക്കുന്നു എന്നായിരുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്നിരിക്കുന്നതിലായിരുന്നു ആ സമാധനം അദ്ദേഹം കണ്ടെത്തിയിരുന്നത്.
ഞാനെന്നും എന്റെ പ്രിയപ്പെട്ടവനോട് നന്ദിയുള്ളവളായിരിക്കും. എനിക്കൊപ്പം പങ്കുവച്ചവയ്‌ക്കെല്ലാം, ഒരു വ്യക്തിയെന്ന നിലയില്‍ വളരാന്‍ എന്നെ സഹായിച്ചതിന്, ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് എന്നെ പഠിപ്പിച്ചു തന്നതിന്.സ്‌നേഹിക്കാനും പരിലാളിക്കാനും എന്നെ പ്രാപ്തയാക്കിയതിന്…

അദ്ദേഹം എന്നെ സ്‌നേഹിച്ചപോലെ മാറ്റാരാലും ഞാന്‍ സ്‌നേഹിക്കപ്പെട്ടിട്ടില്ല. എനിക്കതൊരിക്കലും മറക്കാന്‍ സാധ്യമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍