UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു

അഴിമുഖം പ്രതിനിധി

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദബാധിതനായിരുന്നു ക്രോ. 53 വയസായിരുന്നു. 

1962 സെപ്തംബര്‍ 22 ന് ഓക്ലന്‍ഡിലെ ഹെന്‍ഡേഴ്‌സനിലായിരുന്നു ക്രോയുടെ ജനനം. ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു പിതാവ് ഡേവ്. മാര്‍ട്ടിന്റെ സഹോദരന്‍ ജെഫ് ക്രോ ദേശീയ ടീമിന്റെ നായകനായിരുന്നു. മറ്റൊരു സഹോദരന്‍ റസല്‍ ക്രോ പ്രമുഖ ഹോളിവുഡ് നടനാണ്. 

1982 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആയിരുന്നു മാര്‍ട്ടിന്‍ ക്രോയുടെ ടെസ്റ്റ് അരങ്ങേറ്റം. 19 ആം വയസിലായിരുന്നു ക്രോ ആദ്യമായി ടെസ്റ്റ് കുപ്പായം അണിയുന്നത്. എട്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ക്രോയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി. ന്യൂസിലന്‍ഡിനായി ആകെ 77 ടെസ്റ്റുകള്‍ കളിച്ച ക്രോ 5446 റണ്‍സ് സ്വന്തമാക്കി. ആ സമയത്ത് മാര്‍ട്ടിന്റെ റണ്‍സ് നേട്ടം ന്യൂസിലന്‍ഡിനെ സംബന്ധിച്ച് റെക്കോര്‍ഡ് ആയിരുന്നു. കൂടാതെ 45.36 ആയിരുന്നു മാര്‍ട്ടിന്റെ ബാറ്റിംഗ് ആവറേജ്. ഇതുമൊരു റെക്കോര്‍ഡായി വര്‍ഷങ്ങളോളം നിലനിന്നു. പിന്നീട് കെയ്ന്‍ വില്യംസ് ആണ് ഇത് മറികടന്നത്. 17 സെഞ്ച്വറികളും നേടി. ന്യൂസിലന്‍ഡിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. 143 ഏകദിനങ്ങളില്‍ നിന്ന് 4704 റണ്‍സും ക്രോ സ്വന്തമാക്കിയിട്ടുണ്ട്.

299 റണ്‍സ് ആണ് ടെസ്റ്റില്‍ ക്രോയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബേസിന്‍ റിസര്‍വില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഈ പ്രകടനം. അര്‍ജുന രണതുംഗയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ന്യൂസിലന്‍ഡ് താരം എന്ന റെക്കോര്‍ഡ് ഒരു റണ്‍സ് അകലെ ക്രോയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ ക്രോയുടെ 299 ഒരു ന്യൂസിലന്‍ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത റണ്‍നേട്ടമായി നിലനിന്നത് 23 വര്‍ഷമാണ്. ഒടുവില്‍ ബ്രണ്ടന്‍ മക്കലം നേടിയ 302 റണ്‍സ് ആണ് ആ നേട്ടത്തെ മറികടന്നത്. ഒരു ന്യൂസിലന്‍ഡ് താരത്തിന്റെ ആദ്യ ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ച്വറി മക്കലം നേടിയതം ക്രോയ്ക്ക് ആ നേട്ടം നഷ്ടമായ അതേ ഗ്രൗണ്ടിലായിരുന്നു എന്നത് വിധിനിശ്ചയം.

ടെസ്റ്റിലെ മികവില്‍ മാത്രമല്ല ക്രോ ന്യൂസിലന്‍ഡുകാര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. കീവിസ് ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നതും ക്രോ നായകനായി നില്‍ക്കുമ്പോഴായിരുന്നു.

1995 ല്‍ ഇന്ത്യക്കെതിരെയായിരുന്നു മാര്‍ട്ടിന്‍ ക്രോയുടെ അവസാന ടെസ്റ്റ്. ഈ മത്സരം സമനിലയില്‍ കലാശിച്ചു. സന്ദര്‍ഭവച്ചാല്‍ ക്രോയുടെ അവസാന ഏകദിനവും ഇന്ത്യക്കെതിരെ തന്നെയായിരുന്നു. 63 റണ്‍സുമായി സ്വന്തം ടീമിനെ വിജയിത്തിലെത്തിച്ചിട്ടാണ് ക്രോ കളിനിര്‍ത്തിയത്.

മികച്ച ക്രിക്കറ്റ്താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം നേടിയിട്ടുള്ള ക്രോയെത്തേടി വിധിയെത്തുന്നത് 2012 ലാണ്. അക്കൊല്ലമാണ് അദ്ദേഹത്തിന് ലിംഫോമിയ ആണെന്നു കണ്ടെത്തിയത്. തുടര്‍ ചെക്കപ്പുകളും ചികിത്സകളുമൊക്കെയായി രണ്ടു വര്‍ഷം. 2014 സെപ്തംബറില്‍ ക്രോ തന്നെ ലോകത്തോട് പറഞ്ഞു, എനിക്ക് ക്യാന്‍സര്‍ ആണെന്ന്. തുടര്‍ന്ന് കുടുംബത്തോടൊപ്പം മാത്രമായി ചുരുങ്ങിയ ക്രോ പൊതുവേദികളിലേക്ക് എത്തിയില്ല. ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് ഐസിസി സംഘടിപ്പിച്ച ചടങ്ങിലാണ്. അന്നദ്ദേഹത്തെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പുരസ്‌കാരം നല്‍കി ആദരിക്കുകയുമുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍