UPDATES

സയന്‍സ്/ടെക്നോളജി

ചെറുകാര്‍ വിപ്ലവത്തിന്റെ മാക്സിമം: ഓള്‍ട്ടോ K10 ഓട്ടോമാറ്റിക്

Avatar

ന്യൂ ടെക് /രഘു സക്കറിയാസ്

ചെറുകാറുകളുടെ വിപ്ലവം നടക്കുന്ന സമയമാണിത്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ എക്കാലത്തെയും പ്രിയവാഹന ബ്രാന്‍ഡായ മാരുതിയാണ്. ‘സെലേറിയോ’യിലൂടെ സാധാരണക്കാര്‍ക്കും ഓട്ടോമാറ്റിക് കാര്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിയ മാരുതി ഇപ്പോള്‍ അവരുടെ ഏറ്റവും ജനപ്രിയമായ മോഡലായ ഓള്‍ട്ടോയിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അവതരിപ്പിക്കുന്നു. ഒപ്പം K10 മാനുവലും Lx, Lxi, Vxi, Vxi (o) തുടങ്ങിയ മൂന്നു വ്യത്യസ്ത വിഭാഗങ്ങളിലാണ് ലഭ്യമാകുന്നത്. 

ഇന്ത്യയില്‍ ഇതിനു മുന്‍പ് ചെറിയ വാഹനങ്ങളില്‍ വന്നിരുന്ന ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അത്ര ജനപ്രിയമായിരുന്നില്ല. സാധാരണക്കാര്‍ നേരിട്ട പ്രധാന പ്രശ്‌നം മൈലേജും വാഹനത്തിന്റെ മെയിന്റനന്‍സ് ചെലവും ആയിരുന്നു. പത്തുകിലോമീറ്ററില്‍ താഴെ മാത്രമായിരുന്നു ഓട്ടോമാറ്റിക് ചെറുകാറുകളുടെ ശരാശരി മൈലേജ്. ഇതിനു പരിഹാരമായി മാരുതി അവരുടെ സെലേറിയോയിലൂടെയും ഇപ്പോള്‍ ഓള്‍ട്ടോ K10 ഓട്ടോമാറ്റിക്കിലൂടെയും വിപ്ലവകരമായ സാങ്കേതിക മികവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുന്‍പ് വന്നിരുന്ന മോഡലുകളില്‍ നിന്ന് വത്യസ്തമായി 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ആണ് കമ്പനി അവതരിപ്പിക്കുന്നത്. ഓള്‍ട്ടോ K10 ഓട്ടോമാറ്റിക്കിലും മാനുവലിലും 24.07 കി .മീ പെട്രോള്‍ മൈലേജാണ് കമ്പനി പറയുന്നത്. സി എന്‍ ജി മോഡലില്‍ മുപ്പത്തിരണ്ടു കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. കേരളത്തിലെ റോഡുകളില്‍ കുറഞ്ഞത് പതിനെട്ടു കിലോമീറ്റര്‍ മൈലേജ് കിട്ടുന്നുണ്ട് എന്നാണ് ഇപ്പോള്‍ K10 ഓട്ടോമാറ്റിക് ഉപയോഗിക്കുന്നവര്‍ പറയുന്നത്. 

2010ല്‍ പുറത്തിറങ്ങിയ ഓള്‍ട്ടോ 800 ഭംഗിയുടെ കാര്യത്തില്‍ അത്ര വിജയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഡിസൈനില്‍ വളരെ വത്യസ്തമായാണ് ഓള്‍ട്ടോ K10 നെ മാരുതി അവതരിപ്പിക്കുന്നത്. ഏറെ വിമര്‍ശിക്കപ്പെട്ട റിറ്റ്‌സ് പോലുള്ള ഹാച്ച്ബാക്ക് മോഡലുകളുടെ പിന്‍ഭാഗ ഡിസൈനില്‍ തോന്നുന്ന അപൂര്‍ണത പരിഹരിച്ചു മനോഹരമാക്കിയാണ് K10 അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ഭാഗം പോലെ തന്നെ സൗന്ദര്യത്തോടെയാണ് പുതിയ ടെയില്‍ലൈറ്റ് ഉള്‍പ്പെടെ ഡിസൈന്‍ പുതുക്കിയിരിക്കുന്നത്. കേരളത്തിലെ വളഞ്ഞുപുളഞ്ഞ വഴികളിലൂടെയുള്ള രാത്രിയാത്രയില്‍ വളരെ ഫലപ്രദമാകുന്നതരം ഹെഡ്‌ലൈറ്റുകള്‍ ഡിസൈനില്‍ ചേര്‍ത്തിട്ടുള്ളത് ശ്രദ്ധേയമാണ്. നല്ല ഉയരമുള്ള ആളുകള്‍ക്കും സുഖപ്രദമായ യാത്ര ഉറപ്പുവരുത്തുന്ന രീതിയിലാണ് വണ്ടിയുടെ ഉയരവും ലെഗ്‌സ്‌പേസും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉള്‍ഭാഗത്തെ ഉയരം വാഗണ്‍ ആറിനെ അനുസ്മരിപ്പിക്കും. ടാങ്കോ ഓറഞ്ച്, സെറൂലിയന്‍ ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ, ഫയര്‍ബ്രിക്ക് റെഡ്, സില്‍ക്കി സില്‍വര്‍ എന്നീ മെറ്റാലിക്ക് ഫിനിഷുകളിലും സുപ്പീരിയര്‍ വൈറ്റ് എന്ന തൂവെള്ള നിറത്തിലും ഓള്‍ട്ടോ K10 ലഭ്യമാണ്. കേരളത്തില്‍ ഓട്ടോമാറ്റിക്ക് കാര്‍ ബുക്ക് ചെയ്താല്‍ ഒന്നര മുതല്‍ രണ്ടുമാസം വരെ കാത്തിരിക്കേണ്ടിവരും. 

വാഹനത്തിന്റെ ഉള്‍ഭാഗത്തേക്കു വരുമ്പോള്‍ പ്രകടമായ പല വത്യാസങ്ങള്‍ കമ്പനി വരുത്തിയിരിക്കുന്നതായി കാണാം, 177 ലി ബൂട്ട് സ്‌പേസ് ആണ് കമ്പനി നല്‍കുന്നത്. അതുകൂടാതെ ഡാഷ് ബോര്‍ഡിലും വളരെ അധികം മാറ്റങ്ങള്‍ വരുത്തിയത് ശ്രദ്ധേയമാണ്. മീറ്റര്‍ ക്ലസ്റ്റര്‍, സ്റ്റിയറിംഗ് എന്നിവ അധികം മുഴച്ചു നില്‍ക്കാത്ത വിധം ഉള്‍ഭാഗത്തിനു ചേരുന്നരീതിയില്‍ ഭംഗിയായി ക്രമികരിച്ചിരികുന്നു, പിയാനോയുടെ രൂപത്തില്‍ വരുന്ന ഓഡിയോ സിസ്റ്റവും വാഹനവുമായി ഇണങ്ങുന്നതാണ്. സ്‌റ്റോറേജ് സൗകര്യത്തില്‍ അല്‍പ്പം പുറകിലാണ് എന്നുള്ളത് ഒരു പോരായ്മ ആണ്. എന്നാല്‍, വലിയ വാഹനം ഓടിക്കുന്ന പ്രതീതി ലഭിക്കുന്ന തരത്തിലാണ് ഡാഷ്‌ബോര്‍ഡ് രൂപപ്പെടുത്തിയിരിക്കുന്നത്. വളരെ മനോഹരമയിതന്നെയാണ് സീറ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്, പിന്‍ഭാഗത്ത് കൂടുതല്‍ ലെഗ് സ്‌പേസ് ലഭിക്കാന്‍ മുന്‍സീറ്റിന്റെ ചാരിന്റെ വീതി അല്‍പ്പം കുറച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. നാലുപേര്‍ക്ക് സുഗമായി യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന്റെ പിന്‍ഭാഗത്തു മിതമായ സൗകര്യങ്ങളെ കമ്പനി നല്‍കുന്നുള്ളു, ഒരു സിറ്റി കാര്‍ എന്ന നിലയ്ക്ക് അതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുമില്ല. ഓട്ടോമാറ്റിക്കില്‍ മുന്‍വശത്തെ രണ്ടുജനലുകള്‍ക്ക് പവര്‍വിന്‍ഡോയുണ്ടെങ്കിലും അത് നിയന്ത്രിക്കുന്ന ബട്ടണുകള്‍ ഡോറിനുപകരം ഗിയറിന്റെ ലിവറിനുസമീപം കൊടുത്തിരിക്കുന്നത് പലപ്പോഴും ഒരു അസൗകര്യമാകാറുണ്ട്. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

998 CC, 67 BHP, 3 സിലണ്ടര്‍ എഞ്ചിനാണ് ഈ വാഹനത്തില്‍ വരുന്നത്. മാക്‌സിമം പവര്‍ 68 PS @ 600 rpm ഉം മാക്‌സിമം ടോര്‍ക്ക് 90 Nm @ 3500 rpm ഉം ആണ്. K10 ന്റെ രണ്ടാം തലമുറ ആണിത്. പൂജ്യത്തില്‍ നിന്ന് അറുപതുകിലോമീറ്ററിലെത്താന്‍ ആറുസെക്കന്റില്‍ താഴെ സമയം മതി.

K10 ഓട്ടോമാറ്റിക് മോഡലില്‍ ഈ വാഹനത്തില്‍ ക്ലച് ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ വലതുകാല്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാവും. അക്‌സിലേറ്ററും ബ്രേക്കും മാത്രം ഉപയോഗിച്ചാല്‍ മതി എന്നുള്ളത് ഡ്രൈവ് മോഡില്‍ സിറ്റി ഡ്രൈവിംഗ് കൂടുതല്‍ ആയാസരഹിതമാക്കും, വാഹനം നിന്നുപോകും എന്ന് പേടിക്കുകയും വേണ്ട.

മാനുവല്‍ വാഹനം മാത്രം ഓടിച്ചു ശീലിച്ചവര്‍ക്കുവേണ്ടി മാനുവല്‍ ഓപ്ഷനും കമ്പനി നല്‍കുന്നുണ്ട്, കൂടുതല്‍ സമയം ഓട്ടോമാറ്റിക് ഓടിക്കുന്നതിന്റെ വിരസത മാറ്റാന്‍ ഓട്ടത്തില്‍ തന്നെ മാനുവല്‍ മോഡിലേക്ക് ഗിയര്‍ സിസ്റ്റം മാറ്റാന്‍ സാധിക്കും. ‘+’ ഓപ്ഷനുകള്‍ ആയിരിക്കും ഈ മോഡില്‍ ഉണ്ടായിരിക്കുക, ഓവര്‍ ടേകിംഗ് സമയത്ത് എന്‍ജിനു കൂടുതല്‍ പവര്‍ വേണമെന്ന് തോന്നിയാല്‍ ഗിയര്‍ ലിവര്‍ മൃദുവായി ഒന്ന് തട്ടിയാല്‍ മതി, ഗിയര്‍ ഡൌണ്‍ ആയി ഓവര്‍ട്ടെക്കിംഗ് സുഗമമാക്കും. ഒപ്പം ദുര്‍ഘടമായ വഴികളില്‍ വാഹനത്തിനു മുകളില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്നു തോന്നുമ്പോഴും ഗിയര്‍ സിസ്റ്റത്തിലേക്ക് നിമിഷനേരംകൊണ്ടു മാറാവുന്ന രീതിയിലാണ് K10 ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ക്രമീകരിച്ചിരിക്കുന്നത്. അതുപോലെ മാനുവല്‍ മോഡില്‍ വേഗത കുറയുമ്പോള്‍ ആനുപാതികമായ ഗിയറിലേക്ക് വാഹനം വന്നുകൊള്ളും, ഗിയര്‍ അപ്പ് ചെയ്യുന്ന കാര്യം മാത്രം ഈ മോഡില്‍ ശ്രദ്ധിച്ചാല്‍ മതി.

സിറ്റി കാറുകളുടെ ശ്രേണിയില്‍ ഓള്‍ട്ടോ K10 ഓട്ടോമാറ്റിക് ഒരു വിപ്ലവം സൃഷ്ടിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. നാലുലക്ഷത്തി എഴുപതിനായിരത്തില്‍ താഴെ വിലയില്‍ വഴിയിലിറങ്ങുന്ന K10 ഓട്ടോമാറ്റിക് പെട്രോള്‍ പമ്പിലേക്കുള്ള വാഹനത്തിന്റെ തിരിവ് പരമാധി കുറച്ച് പഴയ മാരുതി 800 പോലെ മധ്യവര്‍ഗക്കാരുടെ പ്രിയപ്പെട്ട വാഹനമാകുകയാണ്.

(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍