UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യക്കാരുടെ വീക്ക്‌നെസില്‍ പിടിച്ച് മാരുതി സെലേറിയോ ഡീസല്‍ – ബൈജു എന്‍ നായര്‍ എഴുതുന്നു

ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളു, മൈലേജ്? ഒരു കോടിയിലധികം രൂപ കൊടുത്ത് ആഢംബരകാര്‍ വാങ്ങുന്നവര്‍ പോലും മൈലേജിന്റെ കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്.

ഇന്ത്യക്കാരുടെ മനസ് ഏറ്റവുമധികം മനസ്സിലാക്കിയിട്ടുള്ള വാഹന നിര്‍മ്മാതാവാണ് മാരുതി സുസുക്കി. ഇന്ത്യക്കാര്‍ മൈലേജിനു നല്‍കുന്ന പ്രാധാന്യവും മാരുതിക്കറിയാം. മാരുതിയുടെ ആള്‍ട്ടോ 800 ആണ് ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള പെട്രോള്‍ കാര്‍. തന്നെയുമല്ല, മാരുതി വിപണിയിലെത്തിച്ച ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍ക്കുപോലും മറ്റ് കമ്പനികളുടെ മാനുവല്‍ മോഡലുകളെക്കാള്‍ മൈലേജ് കൂടുതലാണ്.

ഡീസല്‍ എഞ്ചിന്‍ മേഖലയിലാണ് മാരുതി അല്പം പിന്നോട്ടു പോയത്. സ്വന്തമായ ഡീസല്‍ എഞ്ചിന്‍ ടെക്‌നോളജി ഇല്ലാത്തതിനാല്‍ ഫിയറ്റുമായി സഹകരിച്ചാണ് മാരുതി ഇത്രനാളും മുന്നോട്ടു പോയത്. ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് എഞ്ചിന്‍ മോശമല്ലായിരുന്നെങ്കിലും സ്വിഫ്റ്റ്, ഡിസയര്‍, സിയാസ് എന്നീ മാരുതി മോഡലുകളില്‍ ഈ ഡീസല്‍ എഞ്ചിനാണുള്ളത്. സ്വന്തം ഡീസല്‍ എഞ്ചിന്‍ മാരുതിയുടെ എല്ലാ കാലത്തെയും സ്വപ്‌നമായിരുന്നു.

മാരുതിയുടെ സ്വപ്‌നപരിഹാരമാണ് ഈ 793 സിസി ഡീസല്‍ എഞ്ചിന്‍. മാരുതിയുടെ എഞ്ചിനീയര്‍മാര്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഈ ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച ആദ്യവാഹനം രണ്ടുദിവസം മുമ്പ് വിപണിയിലെത്തി, സെലേറിയോ. ഇക്കുറിയും മൈലേജാണ് മാരുതിയുടെ മുദ്രാവാക്യം. 27.62 കി.മീ/ലിറ്ററാണ് പുതിയ സെലേറിയോയ്ക്ക് മാരുതി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

കാഴ്ച 
ഇതുവരെ സെലേറിയോയുടെ 95,000 യൂണിറ്റുകള്‍ വിറ്റുകഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക് സെലേറിയോയുടെ രൂപം ഇഷ്ടമായി എന്നാണല്ലോ അതു വ്യക്തമാക്കുന്നത്. അതുകൊണ്ടാവാം, ഒരു രൂപമാറ്റവും കമ്പനി വരുത്തിയിട്ടില്ല. ചിരിക്കുന്ന ഗ്രില്‍, അലോയ്‌ വീലുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുള്ള സൈഡ് വ്യൂ മിററുകള്‍, ഫോഗ് ലാമ്പ് എല്ലാം പഴയതു തന്നെ. ‘വി ഡി ഐ’ എന്ന പിന്നിലെ ബാഡ്ജിങ് കാണുമ്പോഴാണ് ഇതൊരു ഡീസല്‍ കാറാണെന്ന് ബോധ്യമാവുക. കീലെസ് എന്‍ട്രി, റിയര്‍ വൈപ്പര്‍ ഡീഫോഗര്‍ എന്നിവയും നിലനിര്‍ത്തിയിട്ടുണ്ട്.

ഉള്ളില്‍
ഉള്ളിലും മാറ്റങ്ങളൊന്നുമില്ല, ബ്ലാക്ക് ആന്റ് ബീജ് തീം തന്നെ ഉള്ളില്‍. ഡിജിറ്റല്‍ ക്ലോക്ക്, ഡ്രൈവര്‍ – പാസഞ്ചര്‍ എയര്‍ബാഗ്, ടില്‍റ്റ് സ്റ്റിയറിംഗ്, എബിഎസ് /ഇബിഡി, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്.

എഞ്ചിന്‍
900 കോടി രൂപ വേണ്ടി വന്നു, മാരുതിക്ക് ഡീസല്‍ എഞ്ചിന്‍ വികസിപ്പിച്ചെടുക്കാന്‍. ടാറ്റ നാനോയിലേതു പോലെ 2 സിലിണ്ടര്‍ എഞ്ചിനാണിത്. 793 സി.സി., 47 ബി.എച്ച്.പി. (ഇന്ത്യയിലെ ചെറുകാറുകളില്‍ ഡീസല്‍ എഞ്ചിനുള്ളത് ഹ്യുണ്ടായ് ഐ 10 ഗ്രാന്റിലും ഷെവര്‍ലേ ബീറ്റിലുമാണ്. ഇവ യഥാക്രമം 1, 120 സിസിയും 936 സിസിയുമാണ്. എഞ്ചിന്‍ പവര്‍ യഥാക്രമം 70 ഉം 58.5 ബി.എച്ച്.പി.യും) 3500 ആര്‍.പി.എമ്മിലാണ് മാക്‌സിമം പവര്‍ ലഭിക്കുന്നത്. 12.1 കിഗ്രാം മീറ്റര്‍ മികച്ച ടോര്‍ക്ക് ഉള്ളതുകൊണ്ട് പവറിന്റെ കുറവ് കാര്യമായി ഫീല്‍ ചെയ്യുകയുമില്ല. തന്നെയുമല്ല, 900 കിലോഗ്രാമേ കാറിന് ഭാരമുള്ളുതാനും.

ചെറിയ വൈബ്രേഷനുണ്ട്, സെലേറിയോ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍. ഇത് 2 സിലിണ്ടര്‍ എഞ്ചിനുകള്‍ക്ക് പതിവുള്ള കാര്യമാണ്. എന്നാല്‍ ആക്‌സിലേറ്റര്‍ കൊടുക്കുന്നതിനനുസരിച്ച് വൈബ്രേഷനും എഞ്ചിന്‍ ശബ്ദവും കുറയും. ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനായതുകൊണ്ട് ആക്‌സിലേറ്റര്‍ മുഴുവന്‍ ചവിട്ടി അമര്‍ത്തിയിട്ട് കാര്യമില്ല. മെല്ലെ ആക്‌സിലേറ്റര്‍ കൊടുക്കുക. മനോഹരമായ താളത്തോടെ സെലേറിയോ ചലിച്ചുതുടങ്ങും. ടര്‍ബോ ലാഗ് വളരെ കുറവായതുകൊണ്ട് സിറ്റി ഡ്രൈവിങ്ങില്‍ മനംമടുക്കില്ല. മിഡ് റേഞ്ച് പെര്‍ഫോമന്‍സും ഒന്നാന്തരം. 100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ 20 സെക്കന്റോളം വേണം. പവര്‍ബാന്‍ഡ് വളരെ പരിമിതമായതിനാല്‍ 4000 ആര്‍.പി.എമ്മിനപ്പുറം തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സൊന്നും പ്രതീക്ഷിക്കരുത്.

വിധിയെഴുത്ത്
മാരുതിയുടെ കാറുകളെല്ലാം തന്നെ യൂസര്‍ ഫ്രണ്ട്‌ലിയും ഇടത്തരക്കാരന് ചേരുന്നവയുമാണ്. 28 കിലോമീറ്ററോളം മൈലേജുള്ള ഡീസല്‍ എഞ്ചിനാണ് സെലേറിയോയുടെ ഹൈലൈറ്റ്. കൃത്യതയുള്ള സ്റ്റിയറിങ്, മികച്ച സസ്‌പെന്‍ഷന്‍ എന്നിവയോടൊപ്പം കുറഞ്ഞ വിലയും സെലേറിയ ഡീസലിനെ ഇടത്തരക്കാരന്റെ ഇഷ്ടവാഹനമാക്കി മാറ്റും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍