UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ബെലേനോ; മാരുതിയുടെ പൊന്‍തൂവല്‍

മാരുതി ബെലേനോ എനിയ്‌ക്കൊരു ഗൃഹാതുരമായ ഓര്‍മ്മയാണ്. ഞാന്‍ സ്വന്തമായി അദ്ധ്വാനിച്ച് സമ്പാദിച്ച പണം കൊണ്ടുവാങ്ങിയ ആദ്യ സെഡാനാണ് ബെലേനോ. അഞ്ചുവര്‍ഷം ഉപയോഗിച്ച ബെലേനോ വിറ്റത് ഷെവര്‍ലേ ക്രൂസില്‍ മനസുടക്കിയപ്പോഴാണ്. മലേഷ്യന്‍ കമ്പനിയായ എച്ച് ആറിന്റെ സ്റ്റീല്‍ അലോയ് വീലുകളും സബ്‌വൂഫറും ആംപ്ലിഫയറും ഡി വി ഡി സ്‌ക്രീനും സോണി എക്‌സ്ട്രീം മ്യൂസിക് സിസ്റ്റവുമൊക്കെ ഫിറ്റു ചെയ്ത ബെലേനോ വിറ്റപ്പോള്‍ മനസ്സു നൊന്തു. മൈലേജ് കുറവായിരുന്നു എന്നൊരു കുറവ് മാത്രമേ ബലേനോയെക്കുറിച്ച് പറയാനുണ്ടായിരുന്നുള്ളൂ ഇപ്പോഴും റോഡില്‍ ബെലേനോ കാണുമ്പോള്‍ ആദ്യ കാമുകിയെ കാണുമ്പോഴെന്ന പോലെ മനസ്സിലൊരു നീറ്റല്‍ പടരും.

അങ്ങനെ കൈവിട്ടുപോയ ബെലേനോയെപ്പറ്റി ഓര്‍ത്തു ജീവിക്കവേയാണ് മാരുതി പുതിയ വാഹനത്തിന്റെ മീഡിയ ഡ്രൈവിനായി രാജസ്ഥാനിലെ ജയ്പൂരിലേക്ക് ക്ഷണിച്ചത്. ഏതാണ് വാഹനമെന്നു നോക്കിയപ്പോള്‍ നൂറായിരം ഓര്‍മ്മകള്‍ മനസ്സിന്റെ എക്‌സ്‌ഹോസ്റ്റിലൂടെ തിരതള്ളി വന്നു… ബെലേനോ!

അതേ, മാരുതി തങ്ങളുടെ ബെലേനോയെ തിരികെ കൊണ്ടുവന്നിരിക്കുന്നു. ഇന്ത്യക്കാര്‍ സ്‌നേഹിച്ചു തുടങ്ങിയ കാലത്ത് മാരുതി ബെലേനോയുടെ നിര്‍മ്മാണം നിര്‍ത്തിയതാണ്. പക്ഷെ ഒന്നുണ്ട്, പഴയ ബെലേനോയുമായി പേരിലുള്ള സാദൃശ്യം മാത്രമേ പറയാനുള്ളു. പ്ലാറ്റ്‌ഫോം മുതല്‍ ഹെഡ്‌ലൈറ്റ് വരെ അടിമുടി മാറിയാണ് പുതിയ ബെലേനോ വന്നിരിക്കുന്നത്.

ബെലേനോ 2015
രണ്ടുമൂന്നു മാസം മുമ്പ് നടന്ന ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് സുസുക്കി പുതിയ ബെലേനോയെ ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ ആദ്യമായി ബെലേനോ വിപണിയിലെത്തുന്നത് ഇന്ത്യയിലാണ്. തന്നെയുമല്ല, 99 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ മോഡല്‍ 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടാന്‍ പോകുന്നതും ഇന്ത്യയില്‍ നിന്നു തന്നെ.

പഴയ ബെലേനോ സെഡാനായിരുന്നെങ്കില്‍ പുതിയത് ഹാച്ച് ബായ്ക്കാണ്. ഹുണ്ടായ് ഐ 20 എലീറ്റ്, ഹോണ്ട ജാസ് എന്നിവയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ ബെലേനോയ്ക്കു കഴിയും.

കാഴ്ച
ഹോണ്ട ജാസിനെക്കാള്‍ 40 മി.മീ നീളമുണ്ട് ബെലേനോയ്ക്ക്. സ്വിഫ്റ്റിന്റെ ഒന്നര ഇരട്ടി നീളമെന്നു പറയാം. 3995 മിമീറ്ററാണ് ബെലേനോ ഹാച്ച്ബായ്ക്കിന്റെ നീളം. 1745 മി.മീ. വീതിയുണ്ട്. (1694 മി.മീ ആണ് ജാസിന്റെ വീതി) അങ്ങനെ നോക്കുമ്പോള്‍ വലിയൊരു വാഹനത്തിന്റെ അളവുകള്‍ ബെലേനോയ്ക്കുണ്ടെന്നു പറയാം.സുസുക്കിയുടേതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകുന്ന ഗ്രില്ലിന് ‘വി’ ഷെയ്പ്പാണ്. ഹെഡ്‌ലൈറ്റിന്റെ ഡിസൈന്‍ ഒറ്റനോട്ടത്തില്‍ സ്വിഫ്റ്റിന്റെ ഹെഡ്‌ലൈറ്റിനെ ഓര്‍മ്മിപ്പിക്കും. പക്ഷേ ബെലേനോയുടെ ഹെഡ്‌ലൈറ്റിന് വലിപ്പം കുറവാണ്. ഈ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പിന് ഡേ ടൈം റണ്ണിങ് ലൈറ്റുകളുമുണ്ട്. ഗ്രില്ലിന്റെ ക്രോമിയം ലൈന്‍ ഹെഡ്‌ലാമ്പിലേക്ക് ഇഴുകിച്ചേരുന്നത് കാണാന്‍ ഭംഗിയുണ്ട്.

വലിയ ബമ്പറില്‍ വലിയ എയര്‍ഡാം കാണാം. ഇവിടെ ബ്ലാക്ക് ഫിനിഷാണ്. എയര്‍ഡാമിന്റെ ഇരുവശത്തും ഉരുണ്ട ഫോഗ്‌ലാമ്പുകള്‍. ബോണറ്റില്‍ കനത്ത ലൈനുകള്‍.സൈഡ് പ്രൊഫൈലാണ് ഏറ്റവും സുന്ദരം. അലോയ്‌വീല്‍ മാരുതിയുടെ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തം. മറ്റൊരു പ്രത്യേകത, എസ്‌ക്രോസിലേതുപോലെ വിങ് മിററുകള്‍ ഡോറുകളിലാണ് ഫിറ്റു ചെയ്തിരിക്കുന്നത് എന്നതാണ്. ഇതുമൂലം ‘വിന്‍ഡ് നോയ്‌സ്’ (കാറ്റടിക്കുന്ന ശബ്ദം) കുറയുമത്രേ.

ഡോര്‍ ഹാന്‍ഡ്‌ലുകളില്‍ ക്രോം ഫിനിഷ്. എ, ബി, സി. പില്ലറുകളില്‍ ബ്ലാക്ക് ഫിനിഷുമുണ്ട്. തടിച്ച ബെല്‍റ്റ് ലൈനുകള്‍ ഉയരുന്നതോടൊപ്പം റൂഫ് ലൈന്‍ താഴ്ന്നു വരുന്നത് രസകരമായ ഡിസൈനാണ്. പിന്‍ഭാഗവും തികച്ചും സ്‌പോര്‍ട്ടിയാണ്. വണ്ണമുള്ള ‘സി’ പില്ലറും ചെരിഞ്ഞിറങ്ങുന്ന പിന്‍ വിന്‍ഡ് ഷീല്‍ഡും തള്ളി നില്‍ക്കുന്ന ബൂട്ട് ലിഡും പിന്‍രൂപത്തിന് ചേരുന്ന ടെയ്ല്‍ ലാമ്പും വീതിയുള്ള ക്രോമിയം ലൈനും കാണുക.എങ്ങനെ നോക്കിയാലും ആധുനികവും സ്‌പോര്‍ട്ടിയുമാണ് ഈ സുരസുന്ദരിയായ ഹാച്ച്ബായ്ക്ക്.

ഉള്ളില്‍
നാല് വര്‍ഷം കൊണ്ടാണ് സുസുക്കി, പുതിയ ബെലേനോയെ ഡിസൈന്‍ ചെയ്ത്, നിര്‍മ്മിച്ചെടുത്തത്. നാലുവര്‍ഷത്തെ അദ്ധ്വാനം പാഴായിട്ടില്ല എന്ന് ഉള്‍ഭാഗം കാണുമ്പോള്‍ കൂടുതല്‍ വ്യക്തമാകും. ഫുള്‍ബ്ലാക്കാണ് ഇന്റീരിയര്‍. സ്റ്റിയറിങ് വീല്‍, കണ്‍ട്രോളുകള്‍, പവര്‍വിന്‍ഡോ സ്വിച്ചുകള്‍ എന്നിവ സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള മാരുതി മോഡലുകളില്‍ കണ്ടിട്ടുള്ളതാണ്. നല്ല തുട സപ്പോര്‍ട്ടുള്ള മുന്‍ സീറ്റുകള്‍. ഡ്രൈവര്‍ സീറ്റിന്റെ ഉയരം മാനുവലി അഡ്ജസ്റ്റ് ചെയ്യാം.

മീറ്റര്‍ കണ്‍സോള്‍ കാണാന്‍ രസകരമാണ്. നീലനിറത്തിലുള്ള 4.2 ഇഞ്ച് ടിഎഫ് ടി സ്‌ക്രീനാണ് ഇതിലുള്ളത്. ട്രിപ്പ് കമ്പ്യൂട്ടര്‍ ആണ് സ്‌ക്രീനിലെ പ്രധാന കാര്യം. ആവറേജ് സ്പീഡ്, എത്ര കിമീ ഓടാനുള്ള ഇന്ധനം ബാക്കിയുണ്ട്, മൈലേജ് എന്നിവ കൂടാതെ പവര്‍ടോര്‍ക്ക് മീറ്ററും സ്‌ക്രീനിലുണ്ട്.

ഇതു കൂടാതെ ഒരു 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡില്‍ ഉയര്‍ന്നുനില്‍പുണ്ട്. ഇത് എസ് ക്രോസിലും സിയാസിലും കണ്ടിട്ടുള്ള സ്‌ക്രീനിന്റെ വംശത്തില്‍ പെടുന്നതാണെങ്കിലും ഇതില്‍ ഒരു കാര്യം അധികമായുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ.

ഇന്ത്യയില്‍ ആദ്യമായാണ് ഐഫോണോ, ഐപാഡോ, യു.എസ്.ബി വഴി കണക്ട് ചെയ്ത് ടച്ച് സ്‌ക്രീനില്‍ ‘കളിക്കാവുന്ന’ സംവിധാനം കാറില്‍ ഘടിപ്പിക്കപ്പെടുന്നത്. ഫോണിന്റെ / ഐപാഡിന്റെ സ്‌ക്രീന്‍ ഈ ടച്ച് സ്‌ക്രീനില്‍ ‘മിറര്‍’ ചെയ്തു കാണാവുന്നതുകൊണ്ട് സ്വന്തം ഫോണ്‍ /ഐപാഡ് പോലെ ഈ സ്‌ക്രീന്‍ ഉപയോഗിക്കാം.

2520 മി.മീ വീല്‍ ബെയ്‌സുള്ളതുകൊണ്ട് ബെലേനോയില്‍ ഇന്റീരിയര്‍ സ്‌പേസിന് ഒരു കുറവുമില്ല. ചെറിയ സ്റ്റോറേജ് ഏരിയാകളും ബോട്ടില്‍/കപ്പ് ഹോള്‍ഡറുകളും ധാരാളമുണ്ട്. പിന്‍സീറ്റുകള്‍ വിശാലമാണ്. പക്ഷേ നടുവില്‍ ആം റെസ്റ്റില്ല എന്നത് ഒരു കുറവു തന്നെയാണ്. 339 ലിറ്റര്‍ ബൂട്ട് സ്‌പേസും ഈ ഹാച്ച്ബായ്ക്ക് നല്‍കുന്നുണ്ട്.

എഞ്ചിന്‍
ബെലേനോയ്ക്കു വേണ്ടി പുതിയ എഞ്ചിനൊന്നും നിര്‍മ്മിച്ചിട്ടില്ല മാരുതി, 1.2 ലിറ്റര്‍ കെ. 12 പെട്രോള്‍, 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടി ജെറ്റ് ഡീസല്‍ എന്നിവയാണ് എഞ്ചിനുകള്‍. (ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ബെലേനോയ്ക്ക് ഒരു 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുണ്ട്. പക്ഷേ, കഷ്ടമെന്നു പറയട്ടെ, അത് ഇന്ത്യയിലേക്കില്ല) 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് കൂടാതെ പെട്രോള്‍ മോഡലില്‍ ഒരു സിവിടി ഓട്ടോമാറ്റിക് മോഡല്‍ കൂടിയുണ്ട്.

1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 75 ബി എച്ച് പിയാണ്. സ്വിഫ്റ്റിന്റെ എഞ്ചിന്‍ തന്നെയാണിതെങ്കിലും ട്യൂണിങ്ങില്‍ വ്യത്യാസമുണ്ട്. ബെലേനോയ്ക്ക് 100 കി.ഗ്രാം ഭാരം കുറവായതും പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. നാമമാത്രമായ ടര്‍ബോ ലാഗ് മാത്രമേ അനുഭവപ്പെടുന്നുള്ളു. അതിനുശേഷം ക്രമാനുഗതമായി പവര്‍ കയറി വരുന്നത് അനുഭവപ്പെടും. അഞ്ചാം ഗിയറിലും 20 കിലോ മീറ്റര്‍ വേഗതയില്‍ ഓടിക്കാം. 5000 ആര്‍പി.എമ്മോളം പവര്‍ നിലനില്‍ക്കുന്നുണ്ട്. 27.39 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജും ഈ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു.

1.2 ലിറ്റര്‍ കെ 12 എഞ്ചിന്‍ ആണ് യഥാര്‍ത്ഥ താരം. മാരുതി സ്വയം വികസിപ്പിച്ചെടുത്ത ഈ എഞ്ചിന്‍ 83.14 ബി എച്ച് പിയാണ്. ഗിയര്‍ റേഷ്യോ മാറുകയും വാഹനത്തിന്റെ ഭാരം കുറയുകയും ചെയ്തതോടെ സ്വിഫ്‌ററ് ഉള്‍പ്പെടെയുള്ള മോഡലുകളില്‍ ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ എഞ്ചിന്റെ തുടക്കത്തിലെ മന്ദതയൊക്കെ പമ്പ കടന്നു. 6000 ആര്‍ പി എമ്മിലേറെ പവര്‍ തുടിച്ചു നില്‍ക്കുന്ന ഈ എഞ്ചിനില്‍ തന്നെയാണ് സിവിടി ഗിയര്‍ബോക്‌സും ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് സിറ്റി ഡ്രൈവിങ്ങിന് തികച്ചും ഉതകും. രണ്ടാമത്തെ വേരിയന്റായ ഡെല്‍റ്റയില്‍ മാത്രമേ സിവിടി ഗിയര്‍ ബോക്‌സ് മോഡല്‍ ലഭ്യമാവുകയുള്ളു എന്നത് വിചിത്രമായി തോന്നുന്നു. ഓട്ടോമാറ്റിക്/മാനുവല്‍ മോഡലുകള്‍ക്ക് രണ്ടിനും 21.4 കി.മീ/ ലിറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യാനുള്ള ധൈര്യവും മാരുതി കാണിക്കുന്നുണ്ട്.

വലിയ കാറുകള്‍ ഓടിക്കുന്നതുപോലെ തോന്നും ബെലേനോ ഡ്രൈവ് ചെയ്യുമ്പോള്‍. എന്‍ വി എച്ച് ലെവലുകള്‍ ഒന്നാന്തരം. പലപ്പോഴും വളരെ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനുകള്‍. സസ്‌പെന്‍ഷനും അമ്പരപ്പിക്കും വിധം മികവാര്‍ന്നതാണ്. 16 ഇഞ്ചാണ് ടയറുകള്‍.

170 മിമീ. ഗ്രൗണ്ട് ക്ലിയറന്‍സും സ്റ്റിയറിങിന്റെ കൃത്യതയും മൂലം ബെലേനോയുടെ ഡ്രൈവ് സുഖമുള്ള അനുഭൂതിയായി മാറുന്നു. എല്ലാ വേരിയന്റുകള്‍ക്കും 2 എയര്‍ബാഗുകളും എബിഎസും ഇബിഎസും നല്‍കി മാരുതി പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ സുരക്ഷയുടെ കാര്യത്തിലും, മറ്റു പല കാര്യങ്ങളിലുമെന്ന പോലെ, മാരുതി മുന്നില്‍ നടന്നു തുടങ്ങിയിരിക്കുന്നു. ഏതായാലും ഒരു കാര്യം ഉറപ്പ്. മാരുതിയുടെ കിരീടത്തിലെ പൊന്‍തൂവലായി മാറും, ബെലേനോ…!

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍