UPDATES

മാരുതി സുസുക്കി സമരം ഇന്ത്യന്‍ തൊഴിലാളികളോട് പറയുന്നത്

അടിച്ചമര്‍ത്തുന്ന ഒരു സ്ഥാപനത്തെയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ഭരണകൂടത്തെയും മാരുതി സുസുക്കി തൊഴിലാളികള്‍ ധീരമായി ചെറുത്തു

മാരുതി സുസുക്കി കമ്പനിയിലെ തൊഴിലാളികളും ഒരു സൂപ്പര്‍വൈസറും തമ്മിലുണ്ടായ കരാര്‍ പണിയെച്ചൊല്ലിയുള്ള തര്‍ക്കവും അതില്‍ ഒരു എച്ച്.ആര്‍ ജനറല്‍ മാനേജര്‍ മരിക്കാനിടയായതും (2012) അതിന്മേലുള്ള കോടതിക്കേസും, ദയനീയമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെയും സംഘടന ഉണ്ടാക്കാനുള്ള തങ്ങളുടെ മൌലികാവകാശത്തിനും വേണ്ടിയുള്ള തൊഴിലാളികളുടെ പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു. മാര്‍ച്ച് 10-ന് ഗുരൂഗ്രാം ജില്ലാ കോടതി ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ MSIL-ലെ 117 തൊഴിലാളികളെ വെറുതെ വിട്ടു. 31 പേരെ കൊലപാതകം, കൊലപാതകശ്രമം, കലാപം, സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ മാരുതി സുസുക്കി തൊഴിലാളി സംഘടനയുടെ മുഴുവന്‍ പ്രവര്‍ത്തകസമിതിയും ഉള്‍പ്പെടുന്നു. ഭരണകൂടത്തിന്റെ പരസ്യമായ ഒത്താശ ലഭിച്ച ഒരു ബഹുരാഷ്ട്രക്കുത്തകക്കെതിരെ നടന്ന പ്രക്ഷുബ്ധമായ സമര കാലഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് നേതൃത്വം നല്കിയത് അവരായിരുന്നു.

തൊഴിലാളികള്‍ ഒരു സംഘടന രൂപവത്കരിക്കാന്‍ ശ്രമിക്കുകയും തുടര്‍ച്ചയായ അടിച്ചമര്‍ത്തലും പിരിച്ചുവിടലുകളും നേരിടുകയും ചെയ്ത 2011 കാലത്തേക്ക് നീളുന്നു ഈ തര്‍ക്കം. അവരെ നിയമപരമായ അവകാശങ്ങള്‍ ഉപയോഗിക്കുന്ന തൊഴിലാളികളായല്ല, കമ്പനിയുടെ ശത്രുക്കളായാണ് കണ്ടത്. ദയനീയമായ തൊഴില്‍സാഹചര്യങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ ആ വര്‍ഷം തന്നെ സമരം ചെയ്തു. എന്തെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നതിന് മുമ്പ് സംഘടന ക്ഷേമ, പരാതി സമിതികള്‍ ഉണ്ടാക്കണമെന്ന് മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. ഇത് സംഘടനയുടെ പങ്കിനെ പരിമിതപ്പെടുത്താനുള്ള നീക്കമായാണ് തൊഴിലാളികള്‍ കണ്ടത്. സംഘടന നേതാക്കള്‍ക്കെതിരെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ കമ്പനി കള്ളക്കേസുകളും നല്കി. ഓരോ 50 സെക്കണ്ടിലും കമ്പനി ഒരു പുതിയ കാര്‍ പുറത്തിറക്കി. സ്ഥിരം തൊഴിലാളികളെ അപേക്ഷിച്ച് കരാര്‍ തൊഴിലാളികള്‍ക്ക് വളരെ കുറഞ്ഞ വേതനമാണ് നല്കിയത് (MSWU-വിന്റെ പ്രധാന ആവശ്യം തൊഴില്‍ സ്ഥിരപ്പെടുത്തുക എന്നതായിരുന്നു). ഉത്പാദന ലക്ഷ്യം കൈവരിക്കാനായി തൊഴിലാളികള്‍ക്ക് എല്ലുമുറിയെ പണിയെടുക്കേണ്ടിവന്നു. ഒരു മൂന്നാം കക്ഷി എന്ന നിലയിലെ നിഷ്പക്ഷ നാട്യമൊക്കെ ഭരണകൂടം കയ്യൊഴിഞ്ഞു. പ്രത്യേകിച്ചും പ്രാദേശിക പോലീസ് മാനേജ്മെന്റിന്റെ കൂടെയായിരുന്നു.

ജില്ലാ കോടതിയിലെ വിചാരണ വേളയില്‍ മുഴുവന്‍ തൊഴിലാളികളുടെ അഭിഭാഷകര്‍ 2012 ജൂലായ് 18-ലെ തര്‍ക്കത്തെ തുടര്‍ന്നുള്ള തിരിച്ചറിയല്‍ പരേഡ് ശരിയായല്ല നടത്തിയതെന്നും, ആയുധങ്ങള്‍ കൊണ്ടുവെക്കുകയായിരുന്നെന്നും തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചെന്നും, മറ്റ് തെളിവുകളെക്കാള്‍ മൊഴികളെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആശ്രയിച്ചതെന്നും വാദിച്ചു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം 2013-ല്‍ തൊഴിലാളികളുടെ ജാമ്യാപേക്ഷ തള്ളുമ്പോള്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറഞ്ഞത്, തൊഴില്‍ പ്രശ്നമുണ്ടായാല്‍ ഭയം മൂലം വിദേശ നിക്ഷേപകര്‍ രാജ്യത്തേക്ക് വരില്ല എന്നായിരുന്നു. തൊഴിലാളികള്‍ക്ക് കാര്യമായ ആവശ്യങ്ങളൊന്നും ഇല്ലെന്നും ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല എന്നുമായിരുന്നു തൊഴിലാളികളുടെ സംഘടന രൂപവത്കരണ ശ്രമങ്ങളോടുള്ള കമ്പനി അധ്യക്ഷന്റെ പ്രതികരണം.

ഇന്ത്യയിലെ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഏറ്റവും ക്ഷീണം ബാധിച്ച ഒരു കാലത്തിലൂടെ കടന്നുപോകുമ്പോള്‍ MSWU നേതൃത്വത്തിലുള്ള പോരാട്ടം എടുത്തുപറയേണ്ടതാണ്. ഇപ്പോള്‍ മുന്‍ സര്‍ക്കാരുകളെക്കാള്‍ ആവേശത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ തൊഴില്‍ നിയമ പരിഷ്കരണം നടപ്പാക്കുകയും അത് വിദേശ, ആഭ്യന്തര നിക്ഷേപകരെ ആകര്‍ഷിക്കും എന്നും കരുതുന്ന ഇക്കാലത്ത് ഇത് കൂടുതല്‍ പ്രസക്തമാണ്. നിലവിലെ തൊഴില്‍ നിയമങ്ങള്‍ വളര്‍ച്ചയെ തടസപ്പെടുത്തുന്നു എന്നു രാജ്യത്തെ മുതലാളിമാര്‍ പരാതിപ്പെടുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ നടപ്പാക്കിയതിനേക്കാള്‍ കൂടുതല്‍ ലംഘിക്കപ്പെട്ടു എന്നും  കരാര്‍ തൊഴില്‍ ഒരു പൊതുരീതിയായി എന്ന വസ്തുതയും അവര്‍ അവഗണിക്കുന്നു.

വ്യവസായത്തിന്റെയും ഭരണകൂടത്തിന്റെയും ഇത്തരം നിലപാടുകള്‍ക്കിടയില്‍ മാരുതി തൊഴിലാളികളുടെ സമരം വളരെ ഗൌരവമായി കാണണം. ന്യായമായ തൊഴില്‍ സമയവും അതിനുള്ള വേതനവും തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്  നിക്ഷേപകരെ ഭയപ്പെടുത്തും എന്നുപറഞ്ഞു കുറ്റപ്പെടുത്താനാകില്ല. എങ്കിലും ‘പരിഷ്കരണോന്‍മുഖമായ’ തൊഴില്‍ നിയമ പരിഷ്കാരങ്ങള്‍ എല്ലാം തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമ നടപടികളും വെട്ടിക്കുറയ്ക്കുന്നവയാണ്. പുതിയ മാറ്റങ്ങള്‍ക്കനുസൃതമായി നിയമത്തില്‍ മാറ്റമുണ്ടാകരുത് എന്നല്ല ഇതിനര്‍ത്ഥം. പക്ഷേ അസംഘടിതരും, അമിതജോലിഭാരമുള്ളവരും, കുറഞ്ഞ വേതനം ലഭിക്കുന്നവരുമായ തൊഴിലാളികളാകരുത് സുഗമമായ ഉത്പാദനത്തിന് വേണ്ടിയുള്ള എല്ലാ ഭാരവും സഹിക്കേണ്ടത്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത് 2013-14-ല്‍ 6,578 ആയിരുന്ന മാരുതി സുസുക്കിയിലെ കരാര്‍ തൊഴിലാളികളുടെ എണ്ണം 2016-ല്‍ 10,626 ആയി ഉയര്‍ന്നു എന്നാണ്. ഈ പ്രശ്നങ്ങളാണ്, നിലവില്‍ എല്ലാ വശങ്ങളില്‍ നിന്നും അടിയേല്‍ക്കുന്ന ഇന്ത്യയിലെ തൊഴിലാളി സംഘടനകള്‍ നേരിടേണ്ടത്.

തൊഴിലാളികള്‍ നേരിടുന്ന ഈ അനീതിയുടെ ചരിത്രത്തിന് ആക്കം കൂട്ടിക്കൊണ്ടാണ്, ഇപ്പോള്‍ വെറുതെവിട്ട തൊഴിലാളികള്‍ക്ക് നാല് വര്‍ഷം  ജയിലില്‍ കഴിയേണ്ടിവന്നത്. ഇവര്‍ക്കെതിരായ ഒരാരോപണം പോലും തെളിയിക്കാനായില്ല എന്നതുതന്നെ പീഡിപ്പിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്ന തൊഴിലാളി സംഘടനകളുടെ ആരോപണം ശരിവെക്കുന്നതാണ്. 2011- മുതല്‍ പ്രത്യേകിച്ചും കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതൊഴിച്ചാല്‍ മാരുതി സുസുക്കിയിലെ മിക്ക തൊഴിലാളികളും ഓഖ്ല-ഫരീദാബാദ്-നോയ്ഡ-ഗുഡ്ഗാവ്-മാനേസര്‍ വ്യവസായ മേഖലയിലെ തൊഴിലാളികളുമായി ബന്ധമുണ്ടാക്കുന്നതിന് മാത്രമല്ല,  ചുറ്റുമുള്ള ഗ്രാമ സമൂഹങ്ങള്‍, പൌരാവകാശ സംഘടനകള്‍, ഒരു വിഭാഗം മാധ്യമങ്ങള്‍ എന്നിവരെയെല്ലാം തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കാണിച്ച ശേഷി വളരെ വലുതാണ്.

MSWSU വിന്റെ ഉജ്വലമായ പോരാട്ടവും, മറ്റ് വിഭാഗങ്ങളുമായി ഐക്യമുണ്ടാക്കാനുള്ള ശേഷിയും തൊഴിലാളി ഐക്യത്തിനും തെളിഞ്ഞ വീക്ഷണത്തിനും എന്തൊക്കെ ചെയ്യാനാകും എന്നു കാണിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടവും കമ്പനികളും കൈകോര്‍ക്കുന്ന ഒരു ഭാവിയിലേക്ക് എല്ലാ സാധ്യതകളും വിരല്‍ചൂണ്ടവേ, MSWU ഭാവിക്ക് ഒരു പൊരുതുന്ന മാതൃക നല്കിയിരിക്കുന്നു.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍