UPDATES

സിനിമ

പറയേണ്ട കഥകള്‍, കാണേണ്ട കാഴ്ചകള്‍; അഭ്രപാളിയിലെ മേരി കോം

Avatar

Ashok K N

സിറാജ് ഷാ

ജീവചരിത്ര സിനിമകള്‍ കച്ചവടചേരുവകളോടെ നിര്‍മ്മിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് പറയുന്ന ജീവിതത്തിന്റെ യഥാര്‍ത്ഥ ഗന്ധം മാത്രമല്ല, സിനിമയുടെ ആത്മാവിന്റെ ഒരംശം കൂടിയാണ്. അത്തരം സിനിമകളുടെ കാലത്താണ് മേരികോമിനെക്കുറിച്ചുള്ള, അതേ പേരിലുള്ള ചിത്രം പ്രസക്തമാകുന്നത്. അശാന്തമായ കുടുംബജീവിതത്തെ മാത്രമല്ല, സംഘര്‍ഷപൂര്‍ണമായ മണിപ്പൂരികളുടെ ജീവിതത്തെയും തരണം ചെയ്താണ് മേരികോം എന്ന പെണ്‍കുട്ടി ലോകവേദികളില്‍ ചുവടുവച്ചതും മുഷ്ടി ചുരുട്ടി വിജയഗാഥയായതും.

നമ്മുടെ പെണ്‍കുട്ടികള്‍ പരിഷ്‌കൃത സമൂഹങ്ങളില്‍പോലും കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന കാലത്താണ് ആഭ്യന്തര സംഘര്‍ഷങ്ങളിലും അസ്വസ്ഥതകളിലും ജീവിതം ദുരിതപൂര്‍ണ്ണമായ ഒരു മണിപ്പൂരി ഗ്രാമത്തില്‍ നിന്ന് സ്വപ്നങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയ ഒരു പെണ്ണ് ലിംഗഭേദങ്ങളില്ലാതെ എവര്‍ക്കും മാതൃകയായി മാറുന്നത്. ആ ജീവിതത്തിന്റെ സഹനവും പ്രതിസന്ധികളുമെല്ലാം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കാന്‍ സംവിധായകന്‍ ഒമങ്ങ് കുമാറിനായി. ഒമങ്ങിനൊപ്പം ചിത്രത്തിനായി മികച്ച തിരക്കഥയൊരുക്കിയ രാമേന്ദ്ര വസിഷ്ഠും കരണ്‍ സിംഗ് റാത്തോഡും അഭിനന്ദനമര്‍ഹിക്കുന്നു.

എടുത്തു പറയേണ്ടയൊന്ന് പ്രിയങ്കാ ചോപ്രയെന്ന ബോളിവുഡ് താരത്തിന്റെ മേരികോമായുള്ള പകര്‍ന്നാട്ടമാണ്. പ്രിയങ്ക മികച്ച അഭിനേത്രിയാണെന്നതിന് തീര്‍ച്ചയായും സംശയമില്ല. പക്ഷെ, കഥാപാത്രമാകാന്‍ അവര്‍ നടത്തിയ തയ്യാറെടുപ്പുകള്‍ പ്രിയങ്കയുടെ മറ്റ് കഥാപത്രങ്ങളില്‍ നിന്ന് ഇതിനെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്. ഇംഫാലില്‍ മേരികോമിനെ സന്ദര്‍ശിച്ച് അവരുടെ ജീവിതത്തിലെ ഇടങ്ങളെല്ലാം  കണ്ടും അറിഞ്ഞും ഉള്‍ക്കൊണ്ടുമാണ് പ്രിയങ്ക മേരികോമെന്ന കഥാനായികയായി മാറിയത്.

ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധായകനായിരുന്ന ഒമങ് കുമാര്‍ തന്റെ ആദ്യ സംവിധാന സംരഭമൊരുക്കിയപ്പോള്‍ നടത്തിയ കാസ്റ്റിംഗിലും തന്റെ മികവ് കാട്ടി. മേരിയുടെ പരിശീലകന്റെ വേഷമിട്ട നേപ്പാളി നടന്‍ സുശീല്‍കുമാര്‍ ഥാപ്പയിലും മേരിയുടെ ഭര്‍ത്താവ് ഓണ്‍ലറിന്റെ വേഷമിട്ട തിയറ്റര്‍ ആര്‍ട്ടിസ്റ്റ് ദര്‍ശന്‍ കുമാറിലുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആ മികവ് കാണാം.

മണിപ്പൂരിലെ രാഷ്ട്രീയ-ജീവിത സാഹചര്യങ്ങളും ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ക്കുള്ളിലെ അരുതായ്മകളുമെല്ലാം ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വന്നുപോകുന്നുണ്ട്.പരാമര്‍ശങ്ങളായും വിമര്‍ശനങ്ങളായും.

മില്‍ഖ സിംഗിന്റെ ജീവിതം  പറഞ്ഞ ഭാഗ് മില്‍ഖാ ഭാഗ്, ഹോക്കി പശ്ചാത്തലമുള്ള ഷാരുഖ് ചിത്രം ചക് ദേ ഇന്ത്യ എന്നിവയുടെ സ്‌പോര്‍ട്‌സ് ആക്ഷന്‍ ഒരുക്കിയ റോബ് മില്ലറുടെ സ്‌പോര്‍ട്‌സ് ആക്ഷന്‍ സംവിധാനമാണ് മേരികോമിലും.

ബോളിവുഡ് സിനിമാപ്രവേശത്തിനായി ഏറെ ദുരിതപര്‍വങ്ങള്‍ താണ്ടിയ ചരിത്രമുണ്ട് പ്രിയങ്ക ചോപ്രയ്ക്ക്. അന്ന് അവരുടെ തടിച്ച ചുണ്ടും ബോളിവുഡ് പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായ മുഖവുമൊക്കെ പരിഹസിക്കപ്പെട്ടു. പക്ഷെ, മേരികോമിനെപ്പോലെ ഉന്നം വച്ചിടത്തേക്ക് പ്രിയങ്കയും എത്തി. അതുകൊണ്ട് തന്നെ  ഒരു പെണ്ണിന്റെ സഹനവും പ്രതിസന്ധികളും പ്രിയങ്കയ്ക്ക് നന്നായി അറിയാം. അത് മേരികോമെന്ന കഥാപാത്രത്തില്‍ കാണാനുമാകും.

ഇത് കാണേണ്ട ഒരു ചിത്രമാണ്. മേരികോം കാണേണ്ടത് പ്രത്യേകിച്ച് നമ്മുടെ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളുമാണ്. പിന്നെ പ്രതിഭകളെ അമ്മമാരും ഭാര്യമാരുമാക്കി മാത്രം തളച്ചിടുന്ന ഭര്‍ത്താക്കന്മാരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍