UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേരിയെ പൊതിഞ്ഞ ബോക്സിംഗ് മേലാളന്‍മാരേ, എനിക്കൊരു കൈത്താങ്ങായി നിങ്ങളെ കണ്ടില്ലല്ലോ- സരിതാ ദേവി ചോദിക്കുന്നു

Avatar

ടീം അഴിമുഖം

ഏഷ്യന്‍ ഗെയിംസില്‍ മേരി കോം സ്വര്‍ണ്ണം നേടി. എന്നാല്‍ റിങ്ങിനകത്ത് മേരി കോം നേടിയ വിജയത്തെക്കാള്‍ റിംഗിനു പുറത്ത് നിന്ന് ആ വിജയം കണ്ട മേരിയുടെ സഹതാരം എല്‍. സരിതാ ദേവിയാണ് അവിടെ കൂടുതല്‍ ശ്രദ്ധേയയായത്.

മേരിയെക്കുറിച്ച് കൂടുതല്‍ ഇനി പറയേണ്ടതെന്ത്? ലോകം അവരെ വിളിക്കുന്നത് തന്നെ മാഗ്നിഫിഷ്യന്റ് മേരി എന്നാണ്. മേരി ഒരു പോലീസ് ഓഫിസറാണ്. ആയോധനാഭ്യാസമാണ് അവരുടെ വിനോദം. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണവര്‍. മറ്റ് കായികതാരങ്ങള്‍ക്കൊന്നും അവകാശപ്പെടാനാവാത്തൊരു സൂപ്പര്‍ ഡ്യൂപ്പര്‍ ജീവചരിത്ര ചലച്ചിത്രം കൂടി മേരികോമിന് സ്വന്തം. 

മേരിയുടെ ബോക്‌സിംഗ് കരിയറിലെ നേട്ടങ്ങള്‍ ഇന്ത്യയുടെ മറ്റ് കായികതാരങ്ങളോട് ചേര്‍ത്ത് വായിക്കാനാവാത്തതാണ്. അഞ്ച് വട്ടം ബോക്‌സിംഗില്‍ ലോകചാമ്പ്യനായിട്ടുണ്ട്. ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേട്ടം, അതിനെല്ലാമുപരി ബുധനാഴ്ച അവര്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബോക്‌സിംഗ് താരവുമായി.

മുപ്പത്തിയൊന്നുകാരിയായ മേരിക്ക് മൂന്നുകുട്ടികളാണ്. ഇരട്ടകളായ ആദ്യ സന്താനങ്ങള്‍ മുതിര്‍ന്നു. ഇളയകുട്ടിയായ പ്രിന്‍സ് ചുങ്താങ്‌ ഗെള്ന്‍ പിച്ചവയ്ക്കാറായി. അമ്മയുടെ മുഴവന്‍ സമയ പരിചരണത്തില്‍ നിന്ന് കുട്ടികള്‍ മുക്തരായി എന്നു തോന്നിയപ്പോഴാണ് മേരി തിരിച്ച് ബോക്‌സിംഗില്‍ എത്തുന്നത്. സെനോഹാക് ജിംനേഷ്യത്തില്‍ കഠിന പ്രയത്‌നം നടത്തി വൈകാതെ തന്നെ മേരി ദേശീയ ടീമിലേക്ക് തിരിച്ചെത്തി. ഈ പറഞ്ഞത് ഒരു വിജയത്തിന്റെ കഥയാണ്. എങ്കില്‍ പോഡിയത്തില്‍ നിന്ന് മെഡല്‍ നിരാകരിച്ചിറങ്ങിപ്പോന്ന സരിത ദേവി, ഈ കഥയുടെ മറ്റൊരു പുറമാണ്.

60 കിലോഗ്രാം വിഭാഗത്തില്‍ സരിതയ്ക്ക് ഫൈനല്‍ ബര്‍ത്ത് നിഷേധിച്ചുകൊണ്ട് വിജയം ആതിഥേയ രാഷ്ട്രത്തിന്റെ ബോക്‌സിംഗ് താരത്തിന് അനുകൂലമാക്കി ജഡ്ജി നടത്തിയ ലജ്ജാകാരമായ നടപടിയില്‍ ഒരാള്‍ക്കും സംശയമുണ്ടാവാനിടയില്ല. ചൊവ്വാഴ്ച രാവിലെ നടന്ന ഈ പക്ഷപാതം സരിതയെ സംബന്ധിച്ച് വലിയൊരു ആഘാതമായിരുന്നു. അവരുടെ മനസ്സില്‍ മായാത്തൊരു മുറിവ് ഉണ്ടാക്കിയിട്ടുണ്ട്, തീര്‍ച്ച.

അടക്കിവച്ചിരുന്ന ആത്മരോഷം സരിതയില്‍ നിന്നുയര്‍ന്നത് മേരികോമിന്റെ വിജയത്തില്‍ അവരെ ആലിംഗനം ചെയ്തതിനു പിന്നാലെയാണ്. “ഇപ്പോള്‍ മേരിയെ അനുമോദിക്കാന്‍ തിരക്കുകൂട്ടുന്ന എന്റെ രാജ്യത്തെ കായിക മേലാളന്മാരെ ഇന്നലെ ഒരുകൈ സഹായത്തിനായി ഞാന്‍ തിരഞ്ഞപ്പോള്‍ കണ്ടില്ലല്ലോ? എവിടെയായിരുന്നു അവര്‍? അവസാനംവരെ ഒരാള്‍ പോലും വന്നില്ല. ഞാന്‍ അപമാനിക്കപ്പെടുന്നത് അവര്‍ വി ഐ പി ബോക്‌സിലിരുന്നു കണ്ടു. ഇപ്പോള്‍ മേരി സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രതിനിധികളും ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പ്രതിനിധികളും മേരിയെ പൊതിയുകയാണ്. അവള്‍ക്ക് ചുറ്റും വലിയൊരു ആള്‍ക്കൂട്ടമാണ്. മേരിക്കൊപ്പം ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയാണ്. ഇതേ ആള്‍ക്കാരാണ് ഇന്നലെ അപ്രത്യക്ഷരായി പോയത്. ഇന്നലെ എന്റെ പ്രതിഷേധം രേഖാമൂലം സമര്‍പ്പിക്കാനുള്ള പണം ഇല്ലായിരുന്നു. എന്റെ കൈയില്‍ 400 ഡോളറെ ഉണ്ടായിരുന്നുള്ളൂ. 500 ഡോളറാണ് അടയ്‌ക്കേണ്ടത്, 100 ഡോളറിനുവേണ്ടി ഞാന്‍ ചുറ്റും നോക്കി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാളെങ്കിലും വന്ന് എനിക്ക് 100 ഡോളര്‍ തന്ന് സഹായിക്കുമോയെന്നറിയാന്‍, ആരുമുണ്ടായിരുന്നില്ല, എന്റെ ഭര്‍ത്താവ് തോയ്ബ സിംഗ്, അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. എന്റെ ശക്തിയും അതു മാത്രമായിരുന്നു.”

“എനിക്ക് നേരെ ആ നിര്‍ദ്ദയമായ നടപടി ഉണ്ടായി 24 മണിക്കൂര്‍ കഴിഞ്ഞിട്ടുപോലും ബന്ധപ്പെട്ടവരില്‍ നിന്ന് ഒരാള്‍പോലും എന്റെടുത്ത് വന്നില്ല. രണ്ട് ദേശീയ പരിശീലകര്‍ ഇവിടെ എത്തിയിട്ടുണ്ടല്ലോ?”- സരിത ചോദിച്ചു. സരിത പ്രധാനമായും ഉന്നം വയ്ക്കുന്നത് ദേശീയ കോച്ചായ ജി എസ് സന്ധുവിനെയാണ്. അദ്ദേഹമാണ് സരിതയെ പരാതി നല്‍കുന്നതില്‍ തടസ്സപ്പെടുത്താന്‍ നോക്കിയത്. “ഞാന്‍ പരാതി നല്‍കി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഒരാള്‍പോലും എന്റെ രക്ഷയ്ക്ക് വന്നിരുന്നില്ല. ഞാന്‍ പരാതി നല്‍കിയത് ഇവിടെയുള്ള അധികാരികളെ ആരെയും സന്തോഷിപ്പിച്ചിട്ടില്ല. കായികതാരങ്ങളുടെ സംരക്ഷണം നോക്കാത്ത ഇത്തരം പരിശീലകരെയും ഉദ്യോഗസ്ഥരെയും നമുക്ക് എന്തിനാണ്? തങ്ങളുടെ ബോക്‌സര്‍ കൊറിയന്‍ താരത്തോട് തോറ്റപ്പോള്‍ മംഗോളിയക്കാര്‍ എത്ര വലിയ വിഷയമാണ് ഇവിടെ ഉണ്ടാക്കിയത്! എനിക്കിവിടെ പ്രശ്‌നം വന്നപ്പോള്‍ സ്വയം പ്രതിരോധിക്കേണ്ടതായി വന്നൂ”, സരിത രോഷത്തോടെ പറഞ്ഞു.

“നമ്മുടെ ബോക്‌സിംഗ് അസോസിയേഷന്‍ പിരിച്ചുവിടണം. ഒരുപക്ഷേ നമുക്ക് അതില്‍പ്പിന്നെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലായിരിക്കാം. പക്ഷേ, കൈക്കൂലി വാങ്ങി പക്ഷപാതപരമായി നീതി നടപ്പാക്കാന്‍ ബോക്‌സിംഗ് റിംഗുകളില്‍ കയറിയിരിക്കുന്ന ജഡ്ജിമാരുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരാണ് ആഗ്രഹിക്കുന്നത്?”-സരിത ചോദിക്കുന്നു.

സരിതയ്ക്ക് മേല്‍ ഏതെങ്കിലും തരത്തിലുള്ള വിലക്ക് വരുമെന്ന് അവരുടെ ഭര്‍ത്താവ് തോയ്ബ സിംഗ് വിചാരിക്കുന്നില്ല. “സരിതയുടെ കാര്യത്തില്‍ ഒരു തെറ്റായ വിധി പറയുന്നതിനു മുമ്പ്  ഓള്‍ ഇന്ത്യ ബോക്‌സിംഗ് അസോസിയേഷനാണെങ്കിലും ഏഷ്യന്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയാണെങ്കിലും കുറഞ്ഞത് പത്തുപ്രാവശ്യം ചിന്തിക്കും”- തോയ്ബ സിംഗ് പറഞ്ഞു. “അവളുടെ പ്രതിഷേധം ഭാവിതാരങ്ങള്‍ക്ക് നിക്ഷ്പക്ഷമായ മത്സരവേദികള്‍ സമ്മാനിക്കും. നമ്മള്‍ എന്തെങ്കിലും ജീവിതത്തില്‍ നേടുമ്പോള്‍ മറ്റെന്തെങ്കിലും നഷ്ടപ്പെടും”-തോയ്ബയുടെ നിലപാട് അതായിരുന്നു.

മെഡല്‍ ദാന ചടങ്ങില്‍ കരച്ചിലടക്കാനാകാതെ സരിത തനിക്ക് നീട്ടിയ മെഡല്‍ കഴുത്തിലണിയാന്‍ വിസമ്മതിച്ചു. അവള്‍ തന്റെ കൈ ഉയര്‍ത്തി കാട്ടി, പിന്നെ പോഡിയം വിട്ടിറങ്ങി. “ഞാന്‍ എന്റെ മെഡല്‍ കൂടി കൊറിയ്ക്ക് സമ്മാനിക്കുന്നു. തെളിഞ്ഞ മനസ്സോടെയായിരിക്കും ഇന്ത്യയിലേക്ക് ഞാന്‍ തിരിച്ചുപോകുന്നത്. അവിടെ ബോക്‌സിംഗ് റിംഗില്‍ ഞാന്‍ പുതിയൊരു ജീവിതം തുടങ്ങും”-സരിത ഇതുപറയുമ്പോള്‍ വിചാരിക്കുന്നുണ്ടോ, തന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് അവസാനത്തേതു കൂടിയാകുമെന്ന്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍