UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീയെ ഒറ്റക്കള്ളിയില്‍ ഒതുക്കിയും ജാതി മാറ്റി നിര്‍ത്തിയുമല്ല അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടത്

ജിഷയും സൌമ്യയും അതിജീവിച്ചിരുന്നെങ്കിൽ അവരുടെ വോയിസ് കേൾക്കാൻ എത്രപേര്‍ തയ്യാറാവുമായിരുന്നു?

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള കേന്ദ്ര സര്‍വ്വകലാശാലയില്‍ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കര്‍ണാടക) ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ ഡോ. ശ്രീബിത പി.വി പ്രതികരിക്കുന്നു.  

നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ടു കേരളത്തിലെ വ്യവഹാരങ്ങളിൽ പാട്രിയാർക്കി, ആണത്തം, മാധ്യമങ്ങളിലെ സ്ത്രീ വിരുദ്ധ പ്രയോഗങ്ങൾ (ഇര, പീഡനം, മാനഭംഗം) എന്നിവയൊക്കെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇവയൊക്കെ സ്ത്രീയും പുരുഷനും എന്ന കാറ്റഗറിയെ മാത്രം അഡ്രെസ്സ് ചെയ്തും മറ്റു കാറ്റഗറികളെ എസ്സെൻഷ്യലൈസ് ചെയ്തും നിര്‍മ്മിക്കപ്പെടുന്നവയാണ്. സ്ത്രീ വ്യക്തിയായി അംഗീകരിക്കപ്പെടണമെന്നും, നല്ല/ചീത്ത ദ്വന്ദ്വത്തിനപ്പുറത്തെ ഗ്രേ ഏരിയ കാണണം എന്ന് പറയുമ്പോഴും ജെൻഡർ വിദ്യാഭ്യാസത്തെ കുറിച്ച് പറയുമ്പോഴും നമ്മൾ ആരെയാണ് അഡ്രസ്സ് ചെയ്യുന്നത്? ആരാണ് നല്ല/ചീത്ത ദ്വന്ദ്വത്തിൽ സ്ത്രീകളോടൊപ്പം തന്നെ എസ്സെൻഷ്യലൈസ് ചെയ്യപ്പെടുന്നത്? ജെൻഡർ എഡ്യൂക്കേഷനോടൊപ്പം സെക്ഷ്വല്‍ എഡ്യൂക്കേഷനും നിര്‍ബന്ധമാക്കേണ്ടേ?

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഒരു റെഡിമെയ്ഡ് പരിഹാരം ഒന്നുമില്ല. ഇതിനൊക്കെ അപ്പുറത്ത് ദ്രുതഗതിയിൽ സ്ത്രീ സംരക്ഷണം നടപ്പിലാക്കുന്ന നിയമങ്ങൾ നടപ്പിൽ വരുത്താൻ വാദിക്കുമ്പോൾ മറ്റു പല കാര്യങ്ങളും പരിഗണിക്കേണ്ടി വരും. ഒരു ഉദാഹരണം പറയാം. പലപ്പോഴും വുമൺ ഹെല്‍പ് ലൈൻ പരസ്യങ്ങൾ സ്ത്രീകൾ ഒറ്റയ്ക്ക് ഓട്ടോയിൽ യാത്രചെയ്യുന്ന ഇമേജ് തരുന്നു. ഇതിനർത്ഥം പൊട്ടൻഷ്യൽ റേപ്പിസ്റ്റ്  ഓട്ടോ ഡ്രൈവർമാർ മാത്രം ആണെന്നാണോ? അതുപോലെ, രാത്രി ഒറ്റയ്ക്ക് നടിമാർ യാത്രചെയ്യരുതെന്നു ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ, ‘ഫത്വ’ പുറപ്പെടുവിച്ചെന്ന് സമൂഹ മാധ്യമങ്ങള്‍ പറയുന്നു. പൊതുസമൂഹത്തിലെ പിന്തിരിപ്പന്‍ ആശയങ്ങളെ ചൂണ്ടിക്കാണിക്കാനും ഉപയോഗിക്കപ്പെടുന്നത് മുസ്ലീം സമുദായത്തിലെ ഒരു ടെര്‍മിനോളജി ആണെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഇവിടെ കേരളത്തിലെ ആണത്തത്തെ കുറിച്ചല്ല ആണത്തങ്ങളെ കുറിച്ചാണ് നമ്മൾ സംസാരിക്കേണ്ടത്. അതുപോലെ കേരളത്തിലെ സ്ത്രീകൾ ഒരു homogeneous കാറ്റഗറി അല്ല. അവർക്കിടയിലെ വ്യത്യസ്തതകളെ അഭിസംബോധന ചെയ്തു തന്നെ വേണം സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ ചെറുക്കാനുള്ള നിയമഭേദഗതിക്കോ നിയമനിര്‍മ്മാണത്തിനോ ആഹ്വാനം ചെയ്യാൻ. എല്ലാ സ്ത്രീകളുടെയും വോയിസ് അത് ഏതു ലൊക്കേഷനിൽ നിന്നുമാണ് എന്ന് പരിഗണിച്ചുകൊണ്ട് തന്നെ നമ്മൾ കേൾക്കാൻ തയ്യാറാവണം. അതോടൊപ്പം ജാതി, സമുദായം, മതം, വർഗം ഇവയെല്ലാം ആൺ, പെൺ വ്യത്യാസത്തോടോപ്പമോ വ്യത്യാസമില്ലാതെയോ പരിഗണിക്കേണ്ടി വരും.

നടിക്ക് മുൻപ് തന്നെ സ്ത്രീകൾക്കെതിരെയുള്ള അക്രമത്തെ ശക്തമായി പോരാടിയ സ്ത്രീകൾ ഉണ്ടായിട്ടുണ്ട്. പിഇ ഉഷയെ കേരളം അങ്ങനെ എളുപ്പം മറക്കില്ലല്ലോ. തങ്ങൾ നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് സ്ത്രീകൾ തുറന്നു പറയുമ്പോൾ തന്നെ സദാചാര മൂല്യവാദികൾ അവരെ ചീത്ത സ്ത്രീകൾ ആക്കുന്നു. ഇത് വകവെക്കാതെ സ്ത്രീകൾ സംസാരിക്കണം. നടികാണിച്ചതു പോലെ, പിഇ ഉഷ കാണിച്ചതുപോലെ എല്ലാവരും ധൈര്യം കാണിക്കണം. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കാൻ പേടിയാണെന്ന് ഡോക്ടർ ജയശ്രീ ഒരു അഭിമുഖത്തിൽ പറയുന്നു. പകൽ നേരം കേരളത്തിലെ തിരക്കുള്ള പബ്ലിക് ട്രാൻസ്പോർട്ടുകളിൽ, ഇരുട്ടുള്ള സിനിമ ഹാളുകളിൽ സേഫ്റ്റി പിന്‍ കൈവശം വെക്കാതെ ഇരിക്കാൻ പറ്റാത്ത ഒരു കാലം ഉണ്ടായിരുന്നു (ഇപ്പോൾ മാറിയോ എന്നറിയില്ല!)

ഒന്നുരണ്ട് അനുഭവക്കുറിപ്പുകൾ ചേർക്കട്ടെ. ഞാൻ മടപ്പള്ളി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. പ്രണയാഭ്യർത്ഥന നിരസിച്ചതിന് എന്റെ സുഹൃത്ത് പ്രതികാരം ചെയ്തത് ബസ്സിൽ തിരക്കിൽ പെട്ട് നിന്ന എന്നെ മറ്റു ആൺ സുഹൃത്തുക്കളുടെ ഒത്താശയോടെ തോണ്ടിയും പിടിച്ചുമാണ്. ഒന്നും രണ്ടുമല്ല അഞ്ചെട്ടു കൈകൾ എന്റെ മേൽ. നിസ്സഹായയായ ഞാൻ ഉറക്കെ കരയുകയായിരുന്നു. പുറകിൽ നിന്നും കൈകൾ പിൻവലിഞ്ഞു എന്നല്ലാതെ ബസ്സിൽ ഉണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ പോലും പ്രതികരിച്ചില്ല. ഇവിടെ ലൈംഗിക തൃഷ്ണക്കപ്പുറം ആണത്തത്തിനേറ്റ പ്രഹരമാണ് അയാളെക്കൊണ്ട് അത് ചെയ്യിച്ചത്. മറ്റു പുരുഷന്മാരും സ്ത്രീകളും മൗനം പാലിക്കുകയായിരുന്നു. ഇങ്ങനെയുള്ള നാട്ടിലാണ് ഹെല്പ് ലൈനിനെ കുറിച്ച് നാം സംസാരിക്കുന്നത്.

അതുപോലെ ഒരു ദിവസം നട്ടുച്ചക്ക് അടുത്ത വീട്ടിലുള്ള വളരെ പ്രായമുള്ള സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു ഓടിചെന്നപ്പോൾ കണ്ടത് അവരെ കൈകളിൽ നിന്നും താഴേക്കിട്ടു ഓടി പോവുന്ന ചെറുപ്പക്കാരനെയാണ്.  നൂൺ ഷോ സമയത്ത് സ്ഥിരമായി പോൺ മൂവി കാണിക്കുന്ന ഒരു ടാക്കീസിന്റെ അടുത്തായിരുന്നു എന്റെ വീട്. ഈ പറഞ്ഞ ചെറുപ്പക്കാരൻ അത്തരം സിനമയും കണ്ടു തിരികെ പോവുന്ന വഴിയാണ് യാതൊരു ‘പ്രകോപന’വും കാണിക്കാതെ സ്വന്തം വീടിന്റെ കോണിയിലിരിക്കുന്ന ഈ സ്ത്രീയെ ആക്രമിക്കുന്നത്. ചുരുക്കത്തിൽ പ്രായമോ പ്രകോപനമോ ഒന്നും ഒരു ലൈംഗിക അക്രമത്തെ നിർണയിക്കുന്ന ഘടകങ്ങൾ അല്ലെന്നു മനസ്സിലായി.

ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന കേസിൽ വളരെ പ്രിവിലേഡ്ജ്ഡ് ആയ ഒരു സ്പേസിൽ നിന്നും വരുന്ന ഒരു സ്ത്രീ കാണിക്കുന്ന ധൈര്യത്തിന്റെ കൂടെ നില്‍ക്കാന്‍ നമ്മളിൽ പലർക്കും സാധിക്കുന്നുണ്ട്. സാമ്പത്തിക നേട്ടത്തിനായാണ്, ഡ്രൈവറായ പ്രതി കാമുകിയുടെ അറിവോടെ ഇത് ചെയ്തത് എന്നതിൽ എത്തിനിൽക്കുന്നു കാര്യങ്ങള്‍. ഇതിനോടൊപ്പം നടിമാരുടെ ഡ്രൈവർമാരുടെ ചരിത്രത്തിലേക്കും പോവുന്നു അന്വേഷണങ്ങൾ. ഇതിനോടൊപ്പം ഡ്രൈവർ കാറ്റഗറി, ക്രിമിനൽ കാറ്റഗറി ആക്കപ്പെടുകയാണ്. ജിഷയുടെ കേസിലും സൗമ്യയുടെ കേസിലും ഒക്കെ അന്യസംസ്ഥാനക്കാരായിരുന്നല്ലോ കുറ്റവാളികൾ. ഇനി അഥവാ ജിഷയും സൌമ്യയും അതിജീവിച്ചിരുന്നെങ്കിൽ അവരുടെ വോയിസ് കേൾക്കാൻ എത്രപേര്‍ തയ്യാറാവുമായിരുന്നു? ജാതി ഹിന്ദു ഫെമിനിസ്റ്റുകൾ എന്തായാലും നടിക്ക് കൊടുക്കുന്ന ഐക്യദാർഢ്യം പോലെ അവരുടെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയോ ഒന്നുമുള്ള ഐക്യദാര്‍ഢ്യം ജിഷയുടെയോ സൌമ്യയുടെയോ കാര്യത്തില്‍ കണ്ടില്ല. ഇന്ത്യയിൽ ആദിവാസി, കീഴാള സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ അവർ പോലുമറിയാതെ അവർക്കു വേണ്ടി ശബ്ദിച്ച് ജാതി ഹിന്ദു ഫെമിനിസ്റ്റുകൾ നേടിയെടുത്ത നിയമ മാറ്റങ്ങൾ എങ്ങനെ അവരുടെ താൽപ്പര്യങ്ങളെയും ജാതി താല്പര്യങ്ങളെയും സംരക്ഷിച്ചു എന്ന് ഫ്ളാവിയ ആഗ്നെസിനെ ഉദ്ധരിച്ചുകൊണ്ട് ജെന്നി റോവെന പറയുന്നുണ്ട്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള വ്യവഹാരങ്ങൾ പുരുഷൻ/സ്ത്രീ എന്ന ദ്വന്ദ്വത്തിൽ നിന്നും വ്യതിചലിച്ച് കപടസദാചാരത്തോടൊപ്പം ആണത്തങ്ങളെയും സ്ത്രീകളുടെയും പുരുഷൻമാരുടെയും ജാതി, സമുദായ, മത ലൊക്കേഷനുകളെ അഡ്രസ്സ് ചെയ്തും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഡോ. ശ്രീബിത പി വി

ഡോ. ശ്രീബിത പി വി

കര്‍ണ്ണാടക കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍