നാളെത്തെ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ ശ്രമം വിജയത്തിലേക്കെന്ന് സൂചന. ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ നടത്തിയ നീക്കങ്ങള്‍ ചൈന ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാളെ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് വിദേശ കാര്യ വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഐക്യരാഷ്ട്ര സഭയുടെ ഇസ്ലാമിക് സ്റ്റേറ്റ് ആന്റ് അല്‍ ഖ്വയ്ദ സാങ്ഷന്‍സ് കമ്മിറ്റി മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാളെ ഭീകരനായി മുദ്ര കുത്തുന്നതിനെതിരെ എടുത്ത നിലപാട് മാറ്റാന്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന് എന്നിവര്‍ ചൈനയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് സമ്മര്‍ദ്ദം ശക്തമാക്കിയത്.
പുല്‍വാമ ആക്രമണത്തിന് ശേഷമാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു ചൈനയെടുത്ത നിലപാട്. നാലാം തവണയാണ് ചൈന മസൂദ് അസ്ഹറിന് വേണ്ടി രംഗത്തുവരുന്നത്.
1990 കളില്‍ ഇന്ത്യയുടെ പിടിയിലായ മസൂദ് അസ്ഹറിനെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചിയതിന് ശേഷമാണ് മോചിപ്പിക്കേണ്ടിവന്നത്. 1999 ഡിസംബര്‍ 31 നായിരുന്നു അയാളെ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിന് വേണ്ടി വിട്ടയക്കേണ്ടി വന്നത്. വാജ്പേയ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. 2001ലാണ് ജെയ്ഷെ മുഹമ്മദിനെ ഐക്യരാഷ്ട്ര സഭ നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നത്.
പുല്‍വാമ ആക്രമണത്തിന് മുമ്പ് നടന്ന പത്താന് കോട്ട് വ്യോമ സേന കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം, പാര്‍ലമെന്റ് ആക്രമണം, ജമ്മു കശ്മീര്‍ നിയമസഭാ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണം എന്നിവ ആസൂത്രണം ചെയ്തത് ജെയ്ഷെ മുഹമ്മദ് ആണെന്നാണ് കരുതുന്നത്.
50 കാരനായ മസൂദ് അസഹര് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അയാളുടെ സഹോദരങ്ങളായ അത്തര്‍ ഇബ്രാഹിം, റൗഫ് അസ്ഗര്‍ എന്നിവരുടെ സഹായത്തോടെയാണ് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനിലെ ഭാവല്‍പൂരിലെ കേന്ദ്രത്തില്‍നിന്നാണ് ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനം.