UPDATES

വിദേശം

മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തല്‍: ലോകരാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ; നിലപാട് വ്യക്തമാക്കാതെ ചൈന

ചൈനയുടെ നിലപാട് അനിശ്ചിതത്വത്തില്‍ തുടരുമ്പോളും പാകിസ്താനുമായി അടുപ്പം പുലര്‍ത്തുന്ന സൗദിയുടേയും യുഎഇയുടേയും തുര്‍ക്കിയുടേയും നിലപാടുകള്‍ നിര്‍ണായകമായിരിക്കും.

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകര പട്ടികയില്‍ പെടുത്തുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ, ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്തുണ തേടിക്കൊണ്ടുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. യുഎസ്, സൗദി അറേബ്യ, യുഎഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെട്ടു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി വാഷിംഗ്ടണില്‍ ചര്‍ച്ച നടത്തി.

സൗദി മന്ത്രി ആദെല്‍ അല്‍ ജുബെയ്‌റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ചര്‍ച്ച നടത്തിയിരുന്നു. യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായും തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായും മോദി ഫോണില്‍ ചര്‍ച്ച നടത്തി. അതേസമയം ഇതുവരെ മസൂദ് അസ്ഹറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തുപോന്ന ചൈന നിലപാട് വ്യക്തമാക്കിയിട്ടില്ല.

ചൈനയുടെ നിലപാട് അനിശ്ചിതത്വത്തില്‍ തുടരുമ്പോളും പാകിസ്താനുമായി അടുപ്പം പുലര്‍ത്തുന്ന സൗദിയുടേയും യുഎഇയുടേയും തുര്‍ക്കിയുടേയും നിലപാടുകള്‍ നിര്‍ണായകമായിരിക്കും. ഭീകരപ്രവര്‍ത്തനം ഉന്മൂലനം ചെയ്യാന്‍ യോജിച്ചുള്ള പ്രവര്‍ത്തനം എന്ന് സൗദി മന്ത്രി ആദില്‍ ജുബെയ്‌റിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും പാകിസ്താനെ ഇതില്‍ പരാമര്‍ശിക്കുന്നില്ല. യുഎന്‍ രക്ഷാസമിതിയുടെ 1267 നമ്പര്‍ കമ്മിറ്റിയുടെ നടപടികളില്‍ ചൈന ഉത്തരവാദിത്തപൂര്‍ണമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നും ഉത്തരവാദിത്തത്തോടെയുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ എന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍