UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടെന്നീസ് കോര്‍ട്ടിലും വാതുവയ്പ്

അഴിമുഖം പ്രതിനിധി

കായികമത്സരങ്ങളെ ബാധിക്കുന്ന മാരക കാന്‍സറായ വാതുവയ്പ്പ് ടെന്നീസിലും പിടിപെട്ടിട്ടുണ്ടെന്ന് വിവരങ്ങള്‍ പുറത്തുവരുന്നു. വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള ലോക ടെന്നീസിലെ പ്രധാന ടൂര്‍ണമെന്റുകളില്‍ വാതുവയ്പ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ബിബിസിയാണ് ഇതു സംബന്ധിച്ചുള്ള രേഖകള്‍ പുറത്തുവിട്ടത്. കോടികള്‍ ഒഴുകിയ വാതുവയ്പ്പില്‍ പ്രധാന താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരങ്ങള്‍. 2007 ല്‍ അസോസിയേഷന്‍ ഫോര്‍ ടെന്നീസ് പ്രൊഫഷണല്‍സ് അഥവ എടിപി( ടെന്നീസിലെ വാതുവയ്പ്പ് ഉള്‍പ്പെടെയുള്ള അഴിമതികള്‍ അന്വേഷിക്കുന്ന ഏജന്‍സി) വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അന്വേഷണത്തില്‍ 28 താരങ്ങളുടെ പങ്ക് കണ്ടെത്തിയിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും തുടര്‍നടപടികളൊന്നും തന്നെ ഉണ്ടായതുമല്ല. പങ്കുണ്ടെന്നു കണ്ടെത്തിയ താരങ്ങളെ തുടര്‍ന്നു കളിക്കാന്‍ അനുവദിക്കുകയുമാണ്. ഇവരില്‍ 16 പേര്‍ ലോകറാങ്കിങ്ങില്‍ അമ്പതില്‍ താഴെ വരുന്നവരുമാണ്. എന്നാല്‍ ഏതൊക്കെ താരങ്ങളാണ് വാതുവയ്പ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നില്ല.

2008 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം(2009) പുതിയ അഴിമതി വിരുദ്ധ നിയമം ടെന്നീസില്‍ നടപ്പിലാക്കി. ഈ നിയമം നടപ്പില്‍ വരുന്നതിനു മുമ്പ് നടന്ന വാതുവയ്പ്പിലൊന്നും അന്വേഷണം വേണ്ടെന്നുള്ള വിചിത്രമായ നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് ടെന്നീസിലും കളങ്കം ചാര്‍ത്തിയ താരങ്ങളെ വെറുതെ വിട്ടുകൊണ്ട് ടെന്നീസിന്റെ മാനം കാക്കാന്‍ അധികൃതര്‍ തയ്യാറായി.

അതേസമയം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന എട്ടുപേരാണ് ഇന്നു തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പങ്കെടുക്കുന്നതെന്നും ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍