UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാതൃ മരണം; ചില യാഥാര്‍ത്ഥ്യങ്ങള്‍

ഡോ. റീന

ആതുര ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാളിന്റെയും പേടിസ്വപ്നമാണ് മാതൃ മരണം. അമ്മയുടെ വേര്‍പാട് കുടുംബത്തിലുണ്ടാക്കുന്ന ശൂന്യത എന്താണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ആ ശൂന്യത അത്ര പെട്ടെന്നൊന്നും നികത്താനാകുന്നതുമല്ല. എന്നാല്‍ മാതൃമരണങ്ങള്‍ വികസിത രാജ്യങ്ങളില്‍ പോലും ഒഴിവാക്കാനായിട്ടില്ല എന്നത് ഒരു വാസ്തവം തന്നെയാണ്. വികസിത രാജ്യങ്ങളില്‍ ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 8 മുതല്‍ 12 വരെ മാതൃമരണങ്ങള്‍ ഉണ്ടാകുന്നു. യുനിസെഫിന്റെ കണക്കനുസരിച്ച് 2015ല്‍ ഇന്ത്യയിലെ മാതൃമരണ നിരക്ക് 174 ആണ്(അതായത് ഒരു ലക്ഷം പ്രസവത്തില്‍ 174 അമ്മമാര്‍ മരണപ്പെടുന്നു). കേരളത്തിലേത് 61 ഉം. 

മാതൃമരണനിരക്ക് പ്രതിഫലിപ്പിക്കുന്നത് ഒരു ഗര്‍ഭിണിക്ക് ലഭിക്കുന്ന ചികിത്സയോ പരിചരണമോ മാത്രമല്ല മറിച്ച് ആ സ്ത്രീയുടെ വിദ്യാഭ്യാസം അവളുടെ കുടുംബ പശ്ചാത്തലം, കുടുംബത്തില്‍ അവള്‍ക്ക് ലഭിക്കുന്ന പരിഗണന, സാമൂഹികവും സാമ്പത്തികവുമായ അവളുടെ ചുറ്റുപാട്, ഇതിനൊക്കെ പുറമേ സ്ത്രീജനാരോഗ്യത്തിന് സര്‍ക്കാരുകള്‍ വകയിരുത്തിയിരിക്കുന്ന വിഹിതം തുടങ്ങി പല പല ഘടകങ്ങളെയാണ് . 

അതുകൊണ്ടു തന്നെ മാതൃമരണ നിരക്ക് കുറക്കുക എന്നത് ഗൈനക്കോളജിസ്റ്റിന്റെ മാത്രം പ്രവര്‍ത്തനം കൊണ്ട് സാധ്യമാവുന്നതുമല്ല. എന്നിരുന്നാലും മാതൃമരണം കുറയ്ക്കുന്നതിലെ ഏറ്റവും നിര്‍ണായകമായ ഘടകം പ്രസവ സമയത്തെ ചികിത്സ തന്നെയാണ്. 

98% ത്തിലധികം പ്രസവങ്ങളും ആശുപത്രികളില്‍ നടക്കുന്ന കേരളം പോലെ ഒരു സംസ്ഥാനത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി മാതൃമരണ നിരക്കില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവരേയും ആശങ്കപ്പെടുത്തുന്നതാണ്.

മാതൃമരണനിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി(KFOG) എന്ന സംഘടന കേരളത്തില്‍ നടന്ന മാതൃ മരണങ്ങള്‍ വിശകലനം ചെയ്ത് പഠിച്ചതില്‍ മാതൃമരണത്തിന്റെ കാരണങ്ങള്‍ താഴെ പറയുന്നവയാണ്;

1. അമിത രക്തസ്രാവം(20%)
2. അമിത രക്ത സമ്മര്‍ദ്ദം(11%)
3. ഹൃദയ സംബന്ധമായ അസുഖങ്ങള്‍(4%)
4. അണുബാധ (5%)
5. ആമ്‌നിയോട്ടിക് ഫ്‌ലൂയിഡ് എംബോളിസം(8%)
6. ത്രോംബോ എംബോളിസം( 4%)
7. പ്ലാസന്റ പ്രിവിയ(4%)
8. ആത്മഹത്യ

അമിത രക്തസ്രാവം തന്നെയാണ് ഇതിലെ വില്ലന്‍. ഗര്‍ഭപാത്രത്തില്‍ നിന്ന് മറുപിളളയിലേക്ക് രക്തം ഒഴുകി പൊക്കിള്‍ കൊടി വഴി ഈ രക്തം കുഞ്ഞിനു ലഭിക്കുന്നതിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനാകുന്നത്. പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു മിനിറ്റില്‍ 600800ml രക്തം മറു പിളളയിലേക്ക് ഒഴുകുന്നു. 

പ്രസവ ശേഷം മറു പിള്ള വേര്‍പെടുകയും ഗര്‍ഭ പാത്രം ചുരുങ്ങി സാധാരണ വലിപ്പത്തിലാവുകയും ചെയ്യുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് മറുപിളളയിലേക്ക് രക്തം ഒഴുകുന്ന രക്തക്കുഴലുകള്‍ ചുരുങ്ങി മറു പിളളയിലേക്കുളള രക്തത്തിന്റെ ഒഴുക്ക് നിലയ്കുന്നു.

എന്നാല്‍ ചില അവസരങ്ങളില്‍ മറുപിളള വേര്‍പെട്ടതിനു ശേഷം ഗര്‍ഭപാത്രം ചുരുങ്ങാതിരിക്കുകയും മറു പിളളയിലേക്ക് തുറക്കുന്ന രക്ത കുഴലുകള്‍ തുറന്നു തന്നെ ഇരിക്കുകയും രക്തം വെളിയലേക്ക് ഒഴുകി പോവുകയും ചെയ്യുന്നു. കേവലം 10 മിനിറ്റ് കൊണ്ട് ശരീരത്തിലെ രക്തം മുഴുവന്‍ ഇത്തരത്തില്‍ നഷ്ടമാകാം. ഒരു സാധാരണ മനുഷ്യ ശരീരത്തില്‍ ആകെയുള്ള രകതം 5 ലിറ്ററോളമാണ്. അതില്‍ കാല്‍ഭാഗം(ഒന്നേകാല്‍ ലിറ്റര്‍) നഷ്ടമായാല്‍ തന്നെ രോഗിയുടെ അവസ്ഥ ഗുരുതരമാകാം. രക്തവും രക്തഘടകങ്ങളും വേണ്ട രീതിയില്‍ തല്‍ക്ഷണം കൊടുത്തില്ലെങ്കില്‍ മരണം തന്നെ സംഭവിക്കാം. ഇരട്ട കുട്ടികള്‍, തൂക്കകൂടുതലുളള കുഞ്ഞ്, മറുപിളള ഗര്‍ഭാശയ മുഖത്തേക്ക് താഴ്ന്നു ഇരിക്കുന്ന അവസ്ഥ, ഗര്‍ഭിണിക്ക് വിളര്‍ച്ച ഉണ്ടായിരിക്കുക, തുടങ്ങിയ സാഹചര്യങ്ങളില്‍ രക്തസ്രാവമുണ്ടാകാനുളള സാധ്യത കൂടുതലാണ്. എന്നാല്‍ അമിത രക്തസ്രാവം ഉണ്ടാകുന്ന രോഗികളില്‍ മൂന്നില്‍ രണ്ടു ഭാഗവും മുന്‍കൂട്ടി പ്രവചിക്കപ്പെടാത്തവരാണ്(മേല്‍ പറഞ്ഞ കൂട്ടത്തിലൊന്നും പെടാത്തവരാണ്) എന്നുളളതാണ് വസ്തുത. 

നിയന്ത്രണാതീതമായ രക്തസ്രാവം ഉണ്ടായാല്‍ നഷ്ടപ്പെടുന്ന ഓരോ തുള്ളി രക്തത്തിനും പകരം രക്തം ശരീരത്തില്‍ കയറ്റിയേ മതിയാകൂ. രക്ത ബാങ്ക് നിലവിലില്ലാത്ത താലൂക്ക് ആശുപത്രികളിലും പല സ്വകാര്യ ആശുപത്രികളിലും പ്രസവം എടുക്കുമ്പോള്‍ അമിതരക്ത സ്രാവം എന്ന അപകടകരമായ അവസ്ഥ അപൂര്‍വ്വമായെങ്കിലും ഉണ്ടാകാനുളള സാധ്യത രോഗിയെയും ബന്ധുക്കളെയും മനസ്സിലാക്കിക്കേണ്ടതാണ്. ഡോക്ടറുടെ അറിവും കഴിവും പോലെ ആശുപത്രിയിലെ സൗകര്യങ്ങളും രക്തത്തിന്റെ ലഭ്യതയും പ്രാധാന്യം അര്‍ഹിക്കുന്നവയാണ് എന്ന് ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പൂര്‍ണ്ണമായി ലഭ്യമല്ലാത്ത നമ്മുടെ രാജ്യത്ത് സൗകര്യങ്ങളെല്ലാം തികഞ്ഞ സ്വകാര്യ ആശുപത്രികളിലെ ചികിത്സ സാധാരണക്കാരന് താങ്ങാവുന്നതല്ല. അപ്പോള്‍ പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളും ചെറിയ സ്വകാര്യ ആശുപത്രികളും തന്നെയാണ് ആശ്രയം. 

അമിത രക്തസമ്മര്‍ദ്ദവും ഹൃദയ സംബന്ധമായ അസുഖങ്ങളും മുന്‍ കൂട്ടി കണ്ടെത്തി സൗകര്യമുളള ആശുപത്രികളിലേക്ക് വിടാവുന്നതാണ്. 

ആമ്‌നിയോട്ടിക് ഫ്‌ലൂയിഡ് എംബോളിസം എന്നത് ഒരു തരത്തിലും പിടി തരാത്ത വില്ലനാണ്. അത് തടയാനവില്ല. ആര്‍ക്ക് വരും എന്ന് പ്രവചിക്കാനാകില്ല. വന്നു കഴിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയുമില്ല. ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 2 മുതല്‍ 8 വരെ ഗര്‍ഭിണികളില്‍ ഈ അവസ്ഥ ഉണ്ടാകാം. വന്നു കഴിഞ്ഞാല്‍ 43% പേരില്‍ മരണം സംഭവിക്കാം.

പ്രസവ ചികിത്സാരംഗത്ത് വളരെ നാടകീയമായി മരണം കടന്നുവരുന്ന അവസ്ഥയാണിത്. വളരെ സാധാരണമായി പ്രസവ മുറിയിലേക്ക് നടന്നു കയറുന്ന ഗര്‍ഭിണി പ്രസവത്തിന്റെ അവസാന ഘട്ടത്തിലോ പ്രസവശേഷം ഉടനെയോ ശക്തമായ ശ്വാസതടസ്സവും അപസ്മാരവും കാണിക്കുന്നു. ഈ അവസ്ഥയില്‍ ഹൃദയസ്തംഭനം വന്ന് മരണപ്പെട്ടില്ലെങ്കില്‍ നിയന്ത്രണാതീതമായ രക്തസ്രാവം ഉണ്ടാകുന്നു. പ്രസവ മുറിയില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ മണിക്കൂറിനകമായിരിക്കും പലപ്പോഴും ഇതു സംഭവിക്കുക. പൂര്‍ണ്ണആരോഗ്യവതിയായി പ്രസവമുറിയിലേക്ക് നടന്നു കയറിയ യുവതിയുടെ ചേതനയറ്റ ശരീരം ഏറ്റു വാങ്ങേണ്ടി വരുമ്പോള്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന വികാര വിക്ഷോഭം വര്‍ണ്ണനാതീതമാണ്. ആ ആഘാതത്തില്‍ പ്രസവ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും നാം കണക്കിലെടുത്തേ മതിയാകൂ. ഡോക്ടര്‍മാര്‍ക്ക് അകാരണമായി അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരിക, ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടുക തുടങ്ങിയവയൊന്നും ഇന്ന് അസാധാരണമല്ല.

അനാസ്ഥയോ ചികിത്സാ പിഴവോ ഉണ്ടായാല്‍ കുറ്റക്കാരെ നിയമപരമായി ശിക്ഷിക്കേണ്ടതാണ്. എന്നാല്‍ അനാസ്ഥയോ ചികിത്സ പിഴവോ ഇല്ലാതെ തന്നെ മരണം ചിലപ്പോഴെങ്കിലും കടന്നുവരാം. അപ്പോഴൊക്കെ ചികിത്സകരെ കയ്യേറ്റം ചെയ്യുക എന്നത് ഒഴിവാക്കേണ്ട ദുഷ്പ്രവണതയാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:

1.Why mothers die-Published by KFOG

2.Williams Obstterics 24th edition

( ഡോ. റീന കൊല്ലം വിക്ടോറിയ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനോക്കോളജിസ്റ്റും Obstterics and Gynecoly Socitey യുടെ കൊല്ലം ജില്ല സെക്രട്ടറിയുമാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

സോഷ്യല്‍ മീഡിയ സ്ത്രീ കൂട്ടായ്മയാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. തൊഴില്‍ കൊണ്ട് വിവിധ മേഖലകളില്‍ നിലകൊള്ളുന്നവരാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരും. സ്ത്രീയെന്നാല്‍ അരങ്ങിലെത്തേണ്ടവളാണെന്ന ഉത്തമ ബോധ്യത്തോടെ തൂലിക ചലിപ്പിക്കുകയാണ് ഇവര്‍. അവരെഴുതുന്ന കോളമാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. മലയാളം ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് തന്നെ ഇത്തരമൊരു കോളം ആദ്യത്തേതാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍