UPDATES

ലിപിന്‍ രാജ് എം.പി

കാഴ്ചപ്പാട്

ലിപിന്‍ രാജ് എം.പി

ന്യൂസ് അപ്ഡേറ്റ്സ്

മാത്തേരാന്‍ : ആത്മീയതയുടെ വേഷപ്പകര്‍ച്ചകള്‍

ചൂളം കുത്തി ടോയ് ട്രെയിന്‍ മാത്തേരാന്‍ കുന്ന് കയറവേ കൂടെ വന്ന വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ ചാന്ദ് രാജാണ് സ്വാമി സ്വരൂപാനന്ദിനെ ഞങ്ങള്‍ ഉറപ്പായും കാണണമെന്ന് പറഞ്ഞത്. ആത്മീയതയോട് അത്ര അടുപ്പമില്ലാത്ത എല്ലാ പ്രൊബേഷണര്‍മാരും അതിന് ഉടക്കിട്ടപ്പോള്‍ ചാന്ദ് രാജിന് കാര്യം മനസിലായി. ‘നിങ്ങള് വിചാരിക്കണ മാതിരിയുള്ള സ്വാമിയല്ല ഇത്’ എന്ന് ചാന്ദ് രാജ് അയാളുടെ കണ്ണുകള്‍ കൊണ്ട് പറയുന്നതായി തോന്നി.

 

“നിങ്ങളിവിടെ കാണേണ്ട രണ്ടുണ്ട്. ഒന്ന് മാത്തേരാനിലെ ഇക്കോ പോയിന്‍റുകള്‍. രണ്ട് സ്വാമി സ്വരൂപാനന്ദ്.”

 

ഒടുവില്‍ ചാന്ദ് രാജ് ഒരു സസ്പെന്‍സ് പറഞ്ഞു വെച്ചതോടെ എല്ലാവരും കൂടിയങ്ങ്‌ തീരുമാനിച്ചു. രണ്ടും കാണുക തന്നെ.

 

മാത്തേരാന്‍ ഏഷ്യയിലെ ഏക വാഹനരഹിതമായ ഹില്‍സ്റ്റേഷനാണ്. ഒരു ടോയ് ട്രെയിന്‍ ഒഴികെ മറ്റൊരു വണ്ടിക്കും ഇവിടെ പ്രവേശനമില്ല. അത്യാവശ്യം വന്നാല്‍ മാത്രം മുന്‍സിപ്പാലിറ്റിയുടെ ആംബുലന്‍സ് കടത്തി വിടും. ഹില്‍ സ്റ്റേഷനുകളില്‍ പൊതുവേ കാണുന്ന മലിനമായ പുകയും പൊടിയും ഇവിടെ ആര്‍ക്കും കാണാന്‍ കഴിയില്ല. മഹാരാഷ്ട്രയിലെ റായ്ഗദിലെ ‘കര്‍ജാതി’ന്‍റെ ഭാഗമായ ഇവിടെയാണ് മുംബൈ നഗരവാസികള്‍ ഒരു ഔട്ടിംഗിനായി ആഴ്ചാവസാനം പലപ്പോഴും അഭയം പ്രാപിക്കുക.

 

ഇടയ്ക്കിടെ ആളുകളെയും കൊണ്ട് സവാരി നടത്തുന്ന വൃദ്ധന്‍ കുതിരകളെയും കുതിരച്ചാണകത്തില്‍ ചവിട്ടി നടക്കുന്ന അതിന്‍റെ ഉടമകളായ ബംഗാളി പയ്യന്‍മാരേയും കാണാം. പിന്നെ അസംഖ്യം കൈ കൊണ്ടു വലിക്കുന്ന സൈക്കിള്‍ റിക്ഷാക്കാരെ കാണാം. കണ്ടു നടന്നു തീര്‍ക്കേണ്ടത് 28 ഇക്കോപോയിന്‍റുകളാണ്. പേര് പോലെ തന്നെ ‘മലകളുടെ നെറുകയിലെ വനമാലികള്‍’ തന്നെയാണ് മാത്തേരാനില്‍ മുഴുവനും.

 

ട്രെയിനിലിരിക്കുമ്പോള്‍ ഞാവല്‍ പഴം ഒരു ചെറുകൂടയിലാക്കി വില്‍ക്കുകയും യാചിക്കുകയും ചെയ്യുന്ന മൂന്നോ നാലോ പെണ്‍കുട്ടികളെ കാണാം. അങ്ങോട്ട്‌ പോകുമ്പോള്‍ അവരെ ചാന്ദ് രാജ് കാട്ടിത്തന്നു. എന്നിട്ട് പറഞ്ഞു: “പണ്ടിവിടെ ഞാവല്‍ പഴങ്ങള്‍ ചെറുകൂടയിലാക്കി വില്‍ക്കുന്ന, യാചിക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികള്‍ ടോയ് ട്രെയിന്‍ വന്ന് നിര്‍ത്തുമ്പോള്‍ അതിനെ പൊതിയുമായിരുന്നു. ഇന്നവരില്ല. അവരെയെല്ലാം രക്ഷപ്പെടുത്തിയത് സ്വാമി സ്വരൂപാനന്ദാണ്.”

 

 

 

ഞങ്ങള്‍ക്ക് സ്വാമിയെ കാണാന്‍ തിടുക്കമായി. വഴിയില്‍ വെച്ച് കണ്ട ഒരാളോടും ചാന്ദ് രാജ് പറഞ്ഞു: “സ്വാമിയുടെ ആശ്രമത്തിലേക്ക് പോകുവാ.”

 

അയാള്‍ ഭവ്യതയോടെ വഴിയൊഴിഞ്ഞു തന്നപ്പോള്‍ ഞങ്ങളെല്ലാം വീണ്ടും സസ്പെന്‍സിലായി. ആശ്രമം എന്നും പറഞ്ഞ് ഞങ്ങളെ ഒരു ഗസ്റ്റ് ഹൗസ് പോലെയുള്ള താമസസ്ഥലത്ത് എത്തിച്ചപ്പോള്‍ ഇനി ചാന്ദ് രാജിന് വല്ല സ്വകാര്യതാല്പര്യമുണ്ടോയെന്ന സംശയത്തിലായി ഞങ്ങള്‍.

 

പക്ഷേ ഗസ്റ്റ് ഹൗസിന് പുറകില്‍ ചെറിയ ചുടുകട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച, ചാണകവരളികള്‍ അടുക്കിയ പുരയുടെ വരാന്ത കടക്കും മുന്‍പേ സ്വാമി സ്വരൂപാനന്ദ് ഇറങ്ങി വന്നു.

 

ഒരു സ്വാമിയുടെ യാതൊരു രൂപസാദൃശ്യവുമില്ലാത്ത ഒരാള്‍. പഴയ മരവുരി പ്രതീക്ഷിച്ചു ചെന്നവര്‍ സ്വാമി ഇട്ടിരിക്കുന്ന റീബോക്ക് ജാക്കറ്റ് കണ്ട് അമ്പരന്നിരിക്കണം.

 

ചൂടു ചായ കുടിച്ചു, സ്വാമിയുടെ ചെറിയ പുരയിയിലിരിക്കെ, ‘ബാക്കിയുള്ള പെണ്‍കുട്ടികളേയും രക്ഷപ്പെടുത്തിക്കൂടേ’ എന്ന ചോദ്യത്തിന് സ്വാമി വെളുത്ത വരകള്‍ വീണ അദ്ദേഹത്തിന്‍റെ വലതു കൈ കാണിച്ച് തന്നു.

 

ഭിക്ഷാടനമാഫിയ തല്ലിയൊടിച്ചതാണ് സ്വാമി സ്വരൂപാനന്ദിന്‍റെ വലതു കൈ.

 

പിന്നെ സ്വാമി പറഞ്ഞു: “ഒരിക്കലും പറ്റില്ല അവരെ മോചിപ്പിക്കാന്‍. കാരണം അവര്‍ ശാരീരികമായും മാനസികമായും ഭിക്ഷാടന മാഫിയകളുടെ ഇരകളാണ്. അവര്‍ രാവിലെ ഇറങ്ങി തെണ്ടും. അതിനിടയില്‍ മോഷ്ടിക്കും. ഉച്ച കഴിഞ്ഞ് ഞാവല്‍പഴങ്ങള്‍ വില്‍ക്കാനിറങ്ങും. അവരെ ഇനി രക്ഷപെടുത്തണമെങ്കില്‍ ചങ്കൂറ്റമുള്ള, ഇവിടേക്ക് മാത്രമായി നല്ല സിവില്‍ സര്‍വീസുകാര്‍ വരണം.”

 

ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഇത്തവണ ഐ.പി.എസ് കിട്ടിയ ആന്ധ്രാക്കാരന്‍ സുഹൃത്ത് പ്രശാന്ത്‌ കുമാര്‍ ചിലുക്ക ആവേശത്തോടെ ചാടിയെഴുന്നേറ്റിട്ട് പറഞ്ഞു: “വരും.അവരിത് അവസാനിപ്പിക്കും.”

 

“എന്താണീ മാനസികമായ ഇരകള്‍ എന്ന് സ്വാമി ഉദ്ദേശിച്ചത് ?”

 

ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള മറ്റൊരാള്‍ ചോദിച്ചു.

 

“അവര്‍ ഒരു ദിവസം ഞാവല്‍പഴങ്ങള്‍ വിറ്റാല്‍ പൈസ കിട്ടും. സ്കൂളില്‍ പോയാല്‍ ഒന്നും കിട്ടില്ലല്ലോ. അത് കൊണ്ടു തന്നെ അവരെ തെണ്ടാന്‍ വിടാന്‍ അവരുടെ അച്ഛനമ്മമാര്‍ക്കും ഇഷ്ടമാണ്. മാഫിയയിലെ ആളുകള്‍ അത് തന്നെയാണ് എല്ലാവര്‍ക്കും ഉപദേശിച്ചു കൊടുക്കുക. പതിനെട്ടു തികയുമ്പോള്‍ ഇവര്‍ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷരാവും. പിന്നെ ഒന്നുകില്‍ മുംബൈയിലെ ഏതെങ്കിലും ഡാന്‍സ് ബാറില്‍. അല്ലെങ്കില്‍ ചുവന്ന തെരുവില്‍. അവിടെ തന്നെ അവരുടെ ജീവിതമൊടുങ്ങും.”

 

സ്വാമിയുടെ കീഴില്‍ ഇവിടെ നിന്ന്‍ രക്ഷപ്പെടുത്തിയ അസംഖ്യം കുട്ടികളുണ്ട്. ഓരോ ഇക്കോ പോയിന്‍റുകളും കാണാനിറങ്ങിയപ്പോള്‍ സ്വാമി ദുഃഖത്തോടെ പറഞ്ഞു: “ഇന്ന് മാത്തേരാന്‍ നിരവധി പോയിന്‍റുകള്‍ ഉള്ള ഒരു ഹില്‍സ്റ്റേഷന്‍ അല്ല; മറിച്ച് ഓരോ പോയിന്ടിലും നിരവധി ഹോട്ടലുകള്‍ ഉള്ള ഒരിടമാണ്”.

 

ചാര്‍ലറ്റ് തടാകവും റംബാഗ് പോയിന്‍റ്, അലക്സാണ്ടര്‍ പോയിന്‍റ് , പനോരമ പോയിന്‍റ് എന്നീ ഇക്കോ പോയിന്‍റുകള്‍ കണ്ടു കഴിഞ്ഞപ്പോള്‍ സ്വാമി സ്വരൂപാനന്ദ്‌ പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്കും തോന്നി.

 

തിരികെ വന്നപ്പോള്‍ സ്വാമിയും കൂടെ വന്നു. നെരാളില്‍ നിന്ന് സ്വാമിക്ക് കുട്ടിക്കള്‍ക്കായി ഫസ്റ്റ്-എയ്ഡ് ബോക്സ്‌ വാങ്ങണം. പിന്നെ കുറേ മാസികകളും.

 

“ഇളയവള്‍ മുബീന ഇപ്രാവശ്യം ഒന്നാം ക്ലാസ്സില്‍ ചേരും. അവള്‍ക്കൊരു കളര്‍ കുടയും ബാഗും വാങ്ങി കൊടുക്കാമെന്ന് ഞാനേറ്റിട്ടുണ്ട്.” ഒരച്ഛന്‍റെ നിര്‍വൃതി കണക്കെ സ്വാമി പറഞ്ഞു. ആ നിര്‍വൃതിക്കിടയില്‍ മതങ്ങളില്ല. വേലിക്കെട്ടുകളില്ല. പക്ഷേ ഈശ്വരസാമീപ്യമുണ്ട്.

 

കുന്നിറങ്ങുമ്പോള്‍ മലയില്‍ ഏതോ പഴയ ലോക്കോപൈലറ്റുമാര്‍ കൊത്തിയെടുത്ത കൂറ്റനൊരു ഗണപതി വിഗ്രഹം കാണാം.

 

ടോയ് ട്രെയിനിലിരിക്കെ സ്വാമി താഴ്വാരങ്ങളിലെ മരങ്ങളെ ചൂണ്ടിക്കാട്ടി ചലനവേഗം നഷ്ടപ്പെട്ട മരങ്ങളുടെ ഒരു കഥ പറഞ്ഞു.

 

പണ്ടു പണ്ടൊരിക്കല്‍ മഹാമുനിയായ വിപഞ്ചികന്‍ ഒരിക്കല്‍ താഴ്വാരത്ത് വന്നു. അന്ന് മരങ്ങള്‍ക്കും മനുഷ്യന്മാരെ പോലെ നടക്കാന്‍ കഴിവുണ്ടായിരുന്നത്രേ.

 

അവ ഒരു സായാഹ്നത്തില്‍ വിപഞ്ചികനെ കണ്ട് പരാതി പറഞ്ഞു: “മഹാമുനേ, ഞങ്ങളീ താഴ്വാരവും മലമുകളും കണ്ടു മടുത്തു. ഞങ്ങള്‍ക്ക് ഇതിന് അപ്പുറമുള്ള പ്രദേശങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ട്. അങ്ങ് ദയവുണ്ടായി ഞങ്ങള്‍ക്കും പക്ഷികളെപ്പോലെ ചിറകുകള്‍ തരണം.” വിപഞ്ചികന്‍ സമ്മതിച്ചു.പകരം ഒരു നിബന്ധന വെച്ചു.

 

“പറക്കാന്‍ ഉള്ള കഴിവ് നിങ്ങള്‍ മരങ്ങള്‍ക്കും തരാം.പക്ഷേ താഴ്വാരത്ത് നിന്നും പറന്നു പൊങ്ങി പുറത്തു കടക്കുന്നത്‌ വരെ ആരും തിരിഞ്ഞു നോക്കാന്‍ പാടില്ല. തിരിഞ്ഞു നോക്കിയാല്‍ അവര്‍ എല്ലാ കാലത്തേക്കും ചലനവേഗം നഷ്ടപ്പെട്ട് ഒരിടത്ത് തന്നെ നിന്ന്, മഴയും വെയിലും സഹിച്ചു വളരും, എക്കാലവും.”

 

 

എല്ലാ മരങ്ങളും സമ്മതിച്ചു.

 

വിപഞ്ചികന്‍ അനുഗ്രഹിച്ചതോടെ എല്ലാ മരങ്ങളും ഒരുമിച്ച് പറന്നു പൊങ്ങി. പക്ഷേ തങ്ങളുടെ പുറകിലുള്ളവര്‍ പറക്കുന്നുണ്ടോ എന്നറിയാന്‍ പക്ഷികളായ എല്ലാ മരങ്ങളും സംശയത്തോടെ തിരിഞ്ഞു നോക്കി. അതോടെ എല്ലാ മരങ്ങളും എല്ലാ കാലത്തേക്കും ചലനവേഗം നഷ്ടപ്പെട്ട് താഴ്വാരത്തിലേക്ക് നിപതിച്ചു.

 

ഒരാള്‍ മാത്രം ആരെയും ഗൌനിക്കാതെ ദൂരേക്ക്‌ പറന്നകന്നു. അതൊരു ഓലാഞ്ഞാലിക്കുരുവിയായിരുന്നു. പാതി മുറിഞ്ഞ് പടര്‍ന്നു കിടക്കുന്ന വാലുകള്‍ കഴിഞ്ഞ ജന്മത്തില്‍ ഏതോ ചെറുഓലകള്‍ നിറഞ്ഞ മരത്തിന്റെതായിരുന്നത്രേ.

 

“ചലനവേഗം നഷ്ടപ്പെട്ട എല്ലാ മരങ്ങളും ഇപ്പോഴും ശാപമോക്ഷം കാത്തു താഴ്വാരത്ത് വിപഞ്ചികനെ കാത്തിരിക്കുകയാണ് എന്നാണ് ഇവിടുത്തുകാരുടെ സങ്കല്‍പം.”

 

സ്വാമി കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഓരോ പ്രൊബേഷണര്‍മാരും ട്രെയിന്‍ ജനാലയിലൂടെ തലയിട്ട് പുറത്തെ മരങ്ങളെ നോക്കാന്‍ തുടങ്ങി.

 

നെരാളില്‍ വെച്ച് യാത്ര പറയുമ്പോള്‍ സ്വാമി സ്വരൂപാനന്ദ്‌ പറഞ്ഞു :

 

“നിങ്ങളോട് ഒരു അപേക്ഷയുണ്ട്. ആരെങ്കിലും വിവാഹശേഷം ഇവിടെ വീണ്ടും വരുമ്പോള്‍ ഈ ആശ്രമത്തില്‍  വരണം. ഞങ്ങളുടെ ഗസ്റ്റ് ഹൗസില്‍ താമസിക്കണം. നിങ്ങളുടെ ഒരു ദിവസത്തെ വാടക ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭാസത്തിന് സഹായിക്കും.”

 

“എത്രയാണ് വാടക?”

 

കൂട്ടത്തിലൊരാള്‍ ചോദിച്ചു.

 

“ദിവസം 500 രൂപ. ഭക്ഷണമടക്കം. ഞങ്ങളുടെ കുട്ടികള്‍ക്ക് ഈ അഞ്ഞൂറ് രൂപ അവരുടെ ചിലവുകള്‍ക്ക് ധാരാളമാണ്.”

 

സ്വാമിയുടെ മറുപടി കേട്ടപ്പോള്‍ ആണ്‍കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങി.

 

സ്വാമി യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഞാന്‍ ഓരോരുത്തരേയും വെറുതേ വീക്ഷിച്ചു. ഓരോരുത്തരും സ്വാമിയെ തൊഴുന്നു. ചിലര്‍ കാല്‍ തൊട്ട് വന്ദിക്കുന്നു. കൂട്ടത്തില്‍ കുറേയധികം ചോദ്യങ്ങള്‍ ചോദിച്ചു സ്വാമിയെ വിഷമിപ്പിച്ചത് കൊണ്ടാവണം പിരിയാന്‍ നേരം സ്വാമി കുറെ നേരം എന്‍റെ കൈപിടിച്ചു നിന്നു.

 

തിരികെ വന്ന് വിക്ടോറിയ ടെര്‍മിനസില്‍ ഞങ്ങള്‍ ട്രെയിനിറങ്ങുമ്പോള്‍ ചാന്ദ് രാജ് പറഞ്ഞു.

 

“നമ്മളൊക്കെ നൂറു രൂപ പാവങ്ങള്‍ക്ക് കൊടുത്താല്‍ അതിന്‍റെ പ്രശസ്തിയും ക്രെഡിറ്റും കിട്ടാന്‍ ഓടി നടക്കുന്നവരല്ലേ സാര്‍. ഒന്‍പത് തവണ നിര്‍ത്തിയ ബാലാശ്രമമാണ് സ്വാമി സ്വരൂപാനന്ദിന്‍റെ. ഓരോ തവണയും നിര്‍ത്തുമ്പോഴും വീണ്ടും തുറക്കുമെന്ന് അദ്ദേഹം പ്രതിജ്ഞ എടുത്തിരുന്നു. ആ ചെറിയ മുറികളില്‍ നിന്നും കിട്ടുന്ന വാടക മുഴുവന്‍ അദ്ദേഹം അനാഥകുട്ടികള്‍ക്കായി ചിലവഴിക്കും. ലാഭം നോക്കിയാല്‍ അത് വെച്ച് ലക്ഷങ്ങള്‍ ഉണ്ടാക്കാമായിരുന്നു സ്വാമിക്ക്.”

ബെസ്റ്റ് ഓഫ് അഴിമുഖം 

പാഠപുസ്തകങ്ങളിലില്ലാത്ത ഒരു ജ്ഞാനവൃദ്ധന്‍റെ ജീവിതം
ആദിവാസി ഊരില്‍ നിന്ന് സ്പെയിനിലേക്കൊരു പെനാല്‍റ്റി കിക്ക്
സബീന എന്ന ചിന്തിക്കുന്ന സ്ത്രീ
മായ ഏഞ്ചലോവ്: എല്ലാ ശൈത്യങ്ങള്‍ക്കുമപ്പുറം
എം.പി അനില്‍കുമാര്‍: പൂക്കള്‍ പോലെ ജീവിതം വിരിയിച്ച ഒരാള്‍

 

ആത്മീയതയുടെ ഈ വേഷപകര്‍ച്ച കണ്ട് ഞങ്ങള്‍ അമ്പരന്നു നില്‍ക്കെ ചാന്ദ് രാജ് കൂട്ടിച്ചേര്‍ത്തു.

 

“ഒരു തവണ അദ്ദേഹം ഒന്നിനും വഴിയില്ലാതെ ആശ്രമം ഇനി ഒരിക്കലും തുറക്കാനാവില്ലെന്നു കരുതി ഹിമാലയത്തില്‍ പോയി. അദ്ദേഹത്തിന്‍റെ ഗുരു സ്വാമിയെ വീണ്ടും ഇങ്ങോട്ടു പറഞ്ഞയച്ചു. അവിടെ ഹിമാലയത്തിലെ ധ്യാനത്തിലല്ല ദൈവം ഇരിക്കുന്നത്, ഇവിടെ ഈ അനാഥക്കുട്ടികള്‍ക്കിടയിലാണെന്ന് പറഞ്ഞിട്ട് ”

 

സ്വാമി സ്വരൂപാനന്ദ് പിന്നീട് ഹിമാലയം കയറാന്‍ ശ്രമിക്കാഞ്ഞതിന്‍റെ ഗുട്ടന്‍സ് അപ്പോഴാണ് പിടി കിട്ടിയത്.

 

ഹിമാലയം കയറാതെ തന്നെ സ്വാമി സ്വരൂപാനന്ദ് മോക്ഷം നേടിക്കഴിഞ്ഞു. മനുഷ്യപുണ്യത്തിനുള്ള ഈശ്വരന്‍റെ അക്കൗണ്ടിലെ അജാമിളമോക്ഷം!

 

(കാഴ്ചപ്പാടുകള്‍ വ്യക്തിപരം. ഇവ ലേഖകന്‍റെ വകുപ്പിനെയോ ഗവന്മെന്റിനെയോ പ്രതിനിധീകരിക്കുന്നവയല്ല)

 

ലിപിന്‍ രാജ് എം.പി

ലിപിന്‍ രാജ് എം.പി

ലിപിന്‍രാജ് എം.പി 2012-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൊത്തം വിഷയങ്ങളും മലയാളത്തില്‍ എഴുതി റാങ്ക് നേടി. അതില്‍ തന്നെ ഉപന്യാസം പേപ്പറിന് ദേശീയതലത്തില്‍ ഉയര്‍ന്ന മാര്‍ക്കും ഒന്നാം സ്ഥാനവും. പ്ലസ്-ടുവില്‍ മലയാളത്തില്‍ നൂറില്‍ നൂറു മാര്‍ക്ക്. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് രണ്ടാം റാങ്കോടെ ജയം. തുടര്‍ച്ചയായി മൂന്നുതവണ കേരള യൂണിവേഴ്‌സിറ്റി കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം. ലേഖന വിഭാഗത്തില്‍ രണ്ടുതവണ ഒന്നാം സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയും യൂണിസെഫും ചേര്‍ന്ന് ഏര്‍പ്പെടഒത്തിയ 2009-ലെ യുവനേതൃതത അന്താരാഷ്ട്ര അവാര്‍ഡ് ജേതാവാണ്. മൂന്നുതവണ യുവദീപം കഥാപുരസ്‌കാരം. ബാലജനസഖ്യം മുന്‍ ഭാരവാഹി. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനും സ്വദേശി. ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും എഴുതുന്നു. ചെറുകഥാ സമാഹാരമായ സ്വര്‍ണത്തവളള പണിപ്പുരയില്‍. മുന്‍പ് സിറാജ് ദിനപത്രം, എസ്.ബി.ടി, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍