UPDATES

അവയവദാനം; ജീവിച്ചിരിപ്പുണ്ടോ എന്നന്വേഷിക്കണം എന്ന് ശ്രീനിവാസന്‍ പറഞ്ഞയാള്‍ മറുപടിയുമായി രംഗത്ത്

അഴിമുഖം പ്രതിനിധി

അവയവ ദാനം തട്ടിപ്പാണെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി അവയവ സ്വീകര്‍ത്താവ് മാത്യു അച്ചാടന്‍. ‘അവയവദാനം എന്ന തട്ടിപ്പുമായി കുറേപ്പേര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. അവയവദാനം മഹാദാനം എന്നാണ് ഇവര്‍ പറയുന്നത്. ഒന്നുമല്ല സ്വന്തം അച്ഛന്റെയോ മകന്റെയോ പോലും അവയവം സ്വീകരിച്ചാല്‍ ശരീരം അത് റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് ഡോ. ബിഎം ഹെഗ്‌ഡെ പറഞ്ഞിട്ടുണ്ട്.’ ഇങ്ങനെ പോകുന്നു അവയവ ദാനത്തിനെതിരെയുള്ള ശ്രീനിവാസന്റെ പ്രസ്താവന.

ഇതിനെതിരെയാണ് അവയവ സ്വീകര്‍ത്താവ് മാത്യു അച്ചാടന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മാത്യു അച്ചാടന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഇങ്ങനെ പറയുന്നു, ‘എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശര്‍മ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളില്‍ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയില്‍ അന്ന് ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കള്‍ പരിഹസിച്ചത് എന്നെക്കുറിച്ചാണ്.’

മാത്യു അച്ചാടന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌-

‘പ്രിയ ശ്രീനിവാസന്‍, 

 അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവര്‍ത്തിയെ ഇകഴ്ത്തിക്കൊണ്ട് താങ്കള്‍ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ ഞാനീ കുറിപ്പ് ഇടുന്നത്. എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശര്‍മ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളില്‍ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയില്‍ അന്ന് ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കള്‍ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍. 15 മാസം മുമ്പ് നടക്കാനോ നില്‍ക്കാനോ കഴിയാതെ ഏത് നിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഓരോരുത്തരേയും പോലെ സാധാരണ ജീവിതം നയിക്കുകയാണ്. ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നു. അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ താങ്കളെപ്പോലെ പൊതുജന സ്വീകാര്യനായ ഒരാള്‍ പറയുന്നത് സങ്കടകരമാണ്. അവയവം ദാനം ചെയ്ത് മാതൃക കാട്ടുന്നവരേയും അത് സ്വീകരിച്ച് ജീവിതം തിരികെപ്പിടിയ്ക്കുന്ന എന്നെപ്പോലുള്ളവരേയും അത് ഏറെ സങ്കടപ്പെടുത്തും. ഒരു നടന്‍ എന്ന നിലയിലും, എഴുത്തുകാരന്‍ എന്ന നിലയിലും താങ്കളെ എറെ ബഹുമാനിക്കുന്ന ഞങ്ങള്‍ മലയാളികള്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രധാന്യം കല്പിക്കുന്നുണ്ടെന്ന മനസ്സിലാക്കുക. കാര്യങ്ങള്‍ അന്വേഷിച്ചും,പഠിച്ചും,മനസ്സിലാക്കിയും പൊതു വേദികളില്‍ അവതരിപ്പിക്കണമെന്ന് താങ്കളെ പോലുള്ള ഒരാളോട് പറയേണ്ടി വരുന്നതില്‍ എനിക്കു ഖേദമുണ്ട്. മരണത്തിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അവന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ….’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍