UPDATES

ഭയം വിതച്ചു വീശുന്ന മാത്യു

അഴിമുഖം പ്രതിനിധി

ജനജീവിതം ദുരിതത്തിലാക്കി മാത്യു ചുഴലിക്കാറ്റിന്റെ താണ്ഡവം തുടരുന്നു. കരീബിയന്‍ മേഖലയില്‍ ആഞ്ഞടിച്ച കാറ്റ് ക്യൂബന്‍ തീരങ്ങള്‍ കടന്നു ഇപ്പോള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ എത്തിയിരിക്കുകയാണ്. കാറ്റ് ശക്തമായി വീശി അടിക്കുന്നതിനാല്‍ ഫ്‌ളോറിഡയിലെ കിഴക്കന്‍ തീരം അതീവ ജാഗ്രത നിര്‍ദേശം നല്കിയിരിക്കുകയാണ്. ഫ്‌ളോറിഡ, കൊളംബിയ, ജോര്‍ജിയ എന്നിവിടങ്ങളില്‍ പ്രസിഡന്റ് ബാരക്ക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീരമേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ നാശം വിതച്ചു കൊണ്ടിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഒന്നര കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ഫ്‌ളോറിഡയിലെ തീരമേഖലയില്‍ ഏറെ ആശങ്കകള്‍ നിറഞ്ഞു നില്‍ക്കുന്നതായി ഗവര്‍ണ്ണര്‍ റിക്ക് സ്‌കോട്ട് ഒബാമയെ അറിയിച്ചിരുന്നു. 

സംസ്ഥാനത്തെ ആറുലക്ഷത്തോളം ജനങ്ങള്‍ക്ക് വൈദ്യുതിയില്ലാത്ത അവസ്ഥയിലാണ്. 22, 000 ത്തോളം ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. പുതിയതായി 145 ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കുകള്‍ എടുത്തു തുടങ്ങിയിട്ടേയുള്ളൂവെന്നും ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് അറിയികുന്നു. വൈദ്യുതിയില്ലാത്തതാണ് പ്രധാനതടസം. എല്ലാവര്‍ക്കും എത്രയും വേഗം വൈദ്യുതബന്ധം പുനസ്ഥാപിച്ചു നല്‍കാനാണ് ശ്രമിക്കുന്നത്. മനുഷ്യജീവന്‍ രക്ഷിക്കാന്‍ അതു സഹായിക്കുമൈന്നും സ്‌കോട്ട് പറയുന്നു.

മണിക്കൂറില്‍ 130 മീറ്റര്‍ വേഗതയുള്ള മാത്യുവിന്റെ ഉത്ഭവ സ്ഥാനം കേപ്പ് കാനവരല്‍ ആണെന്നാണ് നാഷണല്‍ ഹറിക്കെന്‍ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. സെപ്റ്റംബര്‍ അവസാനവാരത്തോടെ ആഫ്രിക്കന്‍ തീരത്തു നിന്ന് ചെറിയ തോതില്‍ ആരംഭിച്ച ചുഴലിക്കാറ്റ് പിന്നീടു ശക്തമായ രീതിയിലേക്ക് മാറുകയായിരുന്നു. ഹെയ്തിയിലും ക്യുബന്‍ തീരങ്ങളിലും വീശിയടിച്ചതിനു ശേഷം വ്യാഴാഴ്ചയോടെ ആണ് ഫ്‌ളോറിഡയില്‍ എത്തുന്നത്. ചുഴലിക്കാറ്റിനൊപ്പം ഏഴു മുതല്‍ 11 അടി വരെ ഉയര്‍ന്നു പൊങ്ങുന്ന തിരകള്‍ സാഹചര്യങ്ങളെ കൂടുതല്‍ ദുരിത പൂര്‍ണമാകുന്നു. 

മണിക്കൂറില്‍ 130 കിലോമീറ്റര്‍ കൂടുതല്‍ വേഗത ഉണ്ടയിരുന്നതിനാല്‍ വ്യാഴാഴ്ച വരെ കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തിയിരുന്ന മാത്യു ഇപ്പോള്‍ കാറ്റഗറി മൂന്നില്‍ ആണ്. 1850 നു ശേഷം അമേരിക്കയില്‍ വീശിയടിക്കുന്ന കാറ്റഗറി 4 കൊടുങ്കാറ്റ് ആണ് മാത്യു. ഉത്ഭവസ്ഥാനത് നിന്നും 60 മൈല്‍ അകലെ വരെ ആണ് കാറ്റ് സഞ്ചരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് ഫ്‌ളോറിഡയുടെ തീരത്തു നിന്നും ശനിയാഴ്ചയോടു കൂടെ പിന്‍വാങ്ങും എന്നാണ് കരുതുന്നത്. മാത്യുവിന്റെ കാമ്പുള്ള ഉള്‍പ്രതലമാണ് പ്രതീക്ഷിച്ചതിലും നാശം വിതയ്ക്കാന്‍ കാരണമായത്. 

പടിഞ്ഞാറന്‍ ഹെയ്തിയിലും ക്യൂബന്‍ തീരത്തും മാത്യു വിതച്ച നാശനഷ്ടങ്ങള്‍ ഇനിയും കണക്കാക്കിയിട്ടില്ല. ഹെയ്തിയില്‍ ഇതുവരെ മുന്നൂറോളം പേര്‍ മരണപ്പെട്ടതയാണ് കണക്കാക്കുന്നത്. ഈ വര്‍ഷം അമേരിക്കയെ ആക്രമിക്കുന്ന രണ്ടാമത്തെ കൊടുങ്കാറ്റ് ആണിത്.

നാശം ഒടുങ്ങാതെ ഹെയ്തി
ഹെയ്തിയില്‍ കൊടുങ്കാറ്റ് ദുരിതം വിതക്കുന്നത് ഇത് ആദ്യമായല്ല. പലവട്ടം അതിന്റെ ഭീകരത അനുഭവിച്ചറിഞ്ഞവരാണ് ഇവിടുത്തെ ജനങ്ങള്‍. 2008 ല്‍ തുടര്‍ച്ചയായി നാലു കൊടുങ്കാറ്റുകളാണ് രാജ്യത്ത് ഉണ്ടായത്. 793 പേര്‍ക്കാണ് അന്നു ജീവന്‍ നഷ്ടപെട്ടത്. 310 പേരെ കാണാതായി. 593 പേര്‍ക്ക് പരിക്കേറ്റു. 22,702 വീടുകള്‍ പാടെ ഇല്ലാതായി. 84,625 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 

അടുത്തത് നിക്കോള്‍ പിന്നെ ഓട്ടോ
മാത്യുവിനു ശേഷം ആരെന്ന ഭീതിക്കുള്ള ഉത്തരമാണ് നിക്കോളും ഓട്ടോയും. വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ ആണ് കൊടുങ്കാറ്റുകള്‍ക്കുള്ള പേരിടുന്നത്. ഒരു തവണ പുരുഷന്റെ പേരു നല്‍കിയാല്‍ അടുത്ത തവണ സ്ത്രീയുടെതാവും. ആറു വര്‍ഷത്തേക്കുള്ള പേരുകള്‍ കണ്ടുവച്ചു കഴിഞ്ഞു. രണ്ടോ മൂന്നോ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന പേരുകളായിരിക്കും ഇടുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍