UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളിയെ സാക്ഷരരാക്കിയ ഞങ്ങള്‍ക്ക് തിരിച്ചുതന്നത് നന്ദികേട്; മാത്യു മറ്റം/അഭിമുഖം-2

Avatar

മാത്യു മറ്റം/ടി സി രാജേഷ് 

ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു മാത്യുമറ്റവുമായി സാഹിത്യത്തെപ്പറ്റി സംസാരിക്കുക എന്നുള്ളത്. എന്നെ വായനയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതില്‍ മാത്യുമറ്റം എന്ന എഴുത്തുകാരനുള്ള സ്വാധീനം വളരെ വലുതാണ്. ആദ്യം വായിച്ച നോവല്‍ ഏതാണെന്നു ചോദിച്ചാല്‍ മംഗളം വാരിക പ്രസിദ്ധീകരിച്ച മാത്യു മറ്റത്തിന്റെ കരിമ്പ് ആണെന്നു പറയാന്‍ എനിക്കു ബുദ്ധിമുട്ടൊന്നുമല്ല. ജന്മനാതന്നെ ബുദ്ധിജീവിയല്ലാതിരുന്നതിനാല്‍ ആറേഴു വര്‍ഷം പൈങ്കിളിയില്‍ തന്നെയായിരുന്നു എന്റെ വായന. പിന്നെ, മറ്റു സാഹിത്യത്തിലേക്ക് വായന മാറിയെങ്കിലും അതൊരു ജ്വരമായതില്‍ ജനപ്രിയസാഹിത്യത്തോട് ഇന്നും എനിക്കു മമതയുണ്ട്. മലയാളസാഹിത്യത്തില്‍ ഒരിടത്തും അടയാളപ്പെടുത്തപ്പെടാതെ പോകുന്ന ഒന്നാണ് ജനപ്രിയസാഹിത്യവും അതിന്റെ രചയിതാക്കളുമെന്നതില്‍ ദുഃഖമുണ്ട്. 

കട്ടപ്പനയിലെ ജിയോ ബുക് സ്റ്റാള്‍ ഉടമയും മാത്യുമറ്റത്തിന്റെയും എന്റെയും സുഹൃത്തുമായ ജോര്‍ജുകുട്ടിയില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങിയാണ് ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെടുന്നത്. കോട്ടയം സംക്രാന്തിയിലുള്ള വീട്ടിലേക്ക് എഴുത്തുകാരനും സുഹൃത്തുമായ സുസ്മേഷ് ചന്ത്രോത്തിനൊപ്പമാണ് 2010 സെപ്തംബറില്‍ ഞാന്‍ പോയത്. ഒന്നു രണ്ടു മണിക്കൂറുകള്‍ അദ്ദേഹവുമായി സംസാരിച്ചു. അതത്രയും റെക്കോഡ് ചെയ്തു. തന്റെ എഴുത്തുജീവിതത്തിലെ ഇരുണ്ട ഒരു കാലഘട്ടത്തെപ്പറ്റി എത്ര ചോദിച്ചിട്ടും മാത്യുമറ്റം തുറന്നു പറയാന്‍ തയ്യാറായില്ല. അതില്ലാതെ അഭിമുഖം പൂര്‍ണമാകില്ലെന്നു തോന്നിയതിനാല്‍ ഞാനത് അക്ഷരങ്ങളിലേക്കു പകര്‍ത്തിയില്ല. പക്ഷേ, കംപ്യൂട്ടറിലേക്ക് അത് പകര്‍ത്തി സൂക്ഷിച്ചിരുന്നു. 

മാത്യുമറ്റത്തിന്റെ മരണത്തെതുടര്‍ന്ന് ആ അഭിമുഖം പ്രസിദ്ധീകരിക്കുകയാണ്. ചോദ്യങ്ങളിലും ഉത്തരങ്ങളിലും എഡിറ്റിംഗ് വരുത്തുന്നില്ല. അഞ്ചുവര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ അഭിമുഖത്തിനെന്ന് വായനക്കാര്‍ ഓര്‍മിക്കണം. മാത്യുമറ്റവുമായുള്ള ഏതെങ്കിലും അഭിമുഖം ഇതിനുമുന്‍പു വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒന്നും വന്നത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇത് ആദ്യ അഭിമുഖമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖമായിരിക്കാന്‍ സാധ്യതയേറെയുണ്ട്. കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ വായനയുടെ ഭാവനാലോകത്തേക്കു നയിച്ച ആ എഴുത്തുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, രണ്ടു ഭാഗങ്ങളായി ആ അഭിമുഖം ഇവിടെ വായനയ്ക്കായി സമര്‍പ്പിക്കുന്നു. (ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക- ഒരു ‘പൈങ്കിളി’ നോവലിസ്റ്റിന്‍റെ മാനസാന്തരം)

ടി സി രാജേഷ്: ദൈവത്തിന്റെ ലോകത്തിലേക്ക് വരാനുള്ള കാരണം?
മാത്യു മറ്റം: കാരണം അറിയില്ല. എന്റെ അനുഭവങ്ങളായിരിക്കും… ഒത്തിരി കയ്പ്പുനീര് കുടിച്ചിട്ടുണ്ട്. കരിമ്പിന്റെ സത്തും കുടിച്ചിട്ടുണ്ട്. കാഞ്ഞിരത്തിന്റെ സത്ത് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായ തോന്നലായിരിക്കും അത്. കരിമ്പിന്‍ ജൂസ് കുടിക്കുമ്പോള്‍ നമ്മള്‍ മതി മറക്കുമല്ലോ. കാഞ്ഞിരത്തിന്റെ ജ്യൂസ് കുടിക്കുമ്പോഴാണല്ലോ നമ്മള്‍ ജീവിതമെന്താണെന്ന് മനസ്സിലാക്കുന്നത്. പശ്ചാത്താപത്തിന്റെ കാര്യമൊന്നുമില്ല. ഒരു ഉള്‍വിളി കിട്ടിയതാണ്. 

രാ: ഇപ്പോഴത്തെ തലമുറ എങ്ങനെയാണ് മാത്യു മറ്റത്തെ കാണുന്നത്…?
മാ: പ്ലസ് ടു വരെയുള്ള പിള്ളേര്‍ക്ക് അറിയത്തില്ല. വീട്ടില്‍ പറഞ്ഞുകേട്ട് ആളെ അറിയാമെന്നല്ലാതെ കഥയെക്കുറിച്ചൊന്നും അറിയില്ല.

രാ: പഴയ പുസ്തകങ്ങള്‍ വീണ്ടും ഇറക്കണമെന്ന് ആരെങ്കിലും പറയുന്നുണ്ടോ…?മാ: പഴയതു തന്നെയാണല്ലോ സി.ഐ.സി.സി.യൊക്കെ ഇറക്കിയത്. എന്തായാലും ഇറക്കാന്‍ തയ്യാറായി പ്രസാധകരുണ്ട്.  പക്ഷേ അതെന്റെ കൈയില്‍ ഇല്ല.ഒരു പത്തറുപതെണ്ണം വേണണെങ്കില്‍ സെലക്ട് ചെയ്‌തെടുക്കാം… കയ്യെഴുത്തുപ്രതിയും അധികവും നഷ്ടപ്പെട്ടു. 

രാ: ഈ നോവലുകളിലെ കഥയും കഥാപാത്രങ്ങളും ഓര്‍മ്മയിലുണ്ടോ?
മാ: തീര്‍ച്ചയായും.

രാ: കോട്ടയം, ഇടുക്കി ജില്ലകള്‍ നോവലുകളില്‍  കൂടുതല്‍ വരുന്നു. പ്രത്യേകിച്ച് സ്ഥലപ്പേരുകള്‍…
മാ: ഹൈറേഞ്ചുകള്‍… വയനാട് ഉള്‍പ്പെടെ എന്റെ മനസ്സിനെ സ്വാധീനിച്ചിട്ടുള്ള സ്ഥലങ്ങളാണ്. ഏലവും കുരുമുളകും കപ്പയുമൊക്കെ കാണുമ്പോള്‍ നമ്മള്‍ ദൈവത്തെ സ്തുതിച്ചുപോകുമല്ലോ..!

രാ: കഥയും നോവലുകളും വായിച്ചിട്ട് ആരെങ്കിലും അതിന് തങ്ങളുടെ ജീവിതവുമായിട്ട് സാമ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ?
മാ: പത്തുപതിനാല് വയസ്സുള്ള പെണ്‍കുട്ടികള്‍ പോവുമ്പോള്‍ ആലിപ്പഴം പോകുന്നുവെന്ന് പറഞ്ഞ് കമന്റടിക്കാറുണ്ടായിരുന്നു. അഞ്ചു സുന്ദരികള്‍ ഒരുമിച്ച് പോകുമ്പോള്‍ അഞ്ചു സുന്ദരികള്‍ പോകുന്നുവെന്ന് പറയാറുണ്ട്. കഥ ഇഷ്ടപ്പെടുമ്പോള്‍ കഥാപാത്രം ആകാന്‍ ഇഷ്ടം പോലെ ആള്‍ക്കാര്‍ ആഗ്രഹിക്കുമല്ലോ. ഫോണ്‍വിളിയും കത്തുമൊക്കെ ഒത്തിരി വന്നിട്ടുണ്ട്. 

രാ: മലയാളിയെ സാക്ഷരരാക്കുന്നതില്‍ നിങ്ങളെ പോലുള്ള എഴുത്തുകാര്‍ ഉണ്ടാക്കിയ സ്വാധീനം…
മാ: ഞങ്ങളെ പോലുള്ള ജനകീയ എഴുത്തുകാരാണ് സാക്ഷരത ഇവിടെ കൊണ്ടുവന്നത്. കാരണം മംഗളവും മനോരമയും വായിക്കാന്‍ വേണ്ടി എഴുത്തും വായനയും പഠിച്ച ആള്‍ക്കാരുണ്ട്. മംഗളം വായിക്കാന്‍ പറ്റുന്നില്ലല്ലോ എന്നത് ഒരു കുറവായി കണക്കാക്കിയിരുന്നു. സാക്ഷരതയില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചിട്ടുള്ളത് കോട്ടയം എഴുത്തുകാരാണ്. പക്ഷേ അതിന്‍റെ പേരില്‍ ഞങ്ങളെ പോലുള്ളവരെ അംഗീകരിക്കുകയുണ്ടായില്ല. ‘അവളുടെ കമ്പിത ബിംബിത മഞ്ജുളാധരങ്ങളും വൃദ്ധവികാര സൂനങ്ങളായ ദ്വാരസമ്മളം’ എന്നൊക്കെ എഴുതുന്നവര്‍ക്കേ വിലയുള്ളു. ചുമട്ടുതൊഴിലാളിയുടെ കഥയെഴുതിയാല്‍ അത് സാഹിത്യമല്ലെന്നാ പറയുന്നത്. മനുഷ്യന്‍ വായിക്കുകയും എളുപ്പത്തില്‍ മനസ്സിലാകുകയും ചെയ്യുന്ന ഭാഷയില്‍ എഴുതണം. അതാ ശൈലി.. അതാ സാഹിത്യം. ഇംഗ്ലീഷ് നോവല്‍ വായിച്ചാല്‍ ആ കൊളോക്കല്‍ സ്റ്റൈല്‍ ഇല്ലെങ്കില്‍ അതിനൊരു ജീവനുമില്ല. ഗ്രാമത്തെക്കുറിച്ചെഴുതുന്നെങ്കില്‍ ആ ഗ്രാമീണന്റെ രീതിയും ഭാഷയും എല്ലാം എഴുതണ്ടേ. അത് വന്‍ സാഹിത്യവുമായി ബന്ധമില്ലാത്തതായിരിക്കും. 

രാ: മുട്ടത്തുവര്‍ക്കി, കാനം… ഇവരുടെ കഥകള്‍ വായിച്ചിട്ടുണ്ടോ…?
മാ: ഉണ്ട്… അത് അടുക്കള സാഹിത്യമെന്ന് പറഞ്ഞാണ് അന്ന് പുച്ഛിച്ചിരുന്നത്. മുട്ടത്തു വര്‍ക്കിക്ക് കൊടുത്ത സ്ഥാനപ്പേരാണ് പൈങ്കിളി. അത് പിന്നെ മാത്യു മറ്റത്തിനും കിട്ടി. ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. പലരും ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. പൊതുവേദിയില്‍ വച്ച് ആരും പറഞ്ഞിട്ടില്ല.പറഞ്ഞാല്‍ പറയുന്നവന് ഞാന്‍ മറുപടിയും കൊടുക്കും. ജനകീയമാകുന്നതിലുള്ള അസൂയയില്‍ നിന്നാണ് ഈ സകലരോഗങ്ങളുടെയും തുടക്കം. പിന്നെ പാര്‍ട്ടി ബുദ്ധിജീവികള്‍… വിശാലമായ നെറ്റി, നീണ്ട മൂക്ക്, തോള്‍സഞ്ചി… ഇതൊക്കെയാണ് ബുദ്ധിജീവികളുടെ ലക്ഷണം. ആ ലക്ഷണം മാത്രമേയുള്ളു. നാലക്ഷരം വൃത്തിയായിട്ട് എഴുതാന്‍ പറ്റില്ല. ഒരു വായനക്കാരനെ നല്ല രീതിയില്‍ ആകര്‍ഷിക്കാന്‍ പറ്റില്ല. ഇടതുപക്ഷ പ്രസ്ഥാനമാണ് സാഹിത്യത്തെയും സാംസ്‌കാരികരംഗത്തെയും നശിപ്പിക്കുന്നത്. ഒരു മനുഷ്യനെ ദൈവവിശ്വാസിയാകാന്‍ പോലും സമ്മതിക്കില്ലെന്നത് കടന്ന കൈ അല്ലേ. മനുഷ്യനെ എല്ലാവരും ഉപേക്ഷിക്കുമ്പോള്‍ ആകപ്പാടെയുള്ള ആശ്രയമെന്നത് ദൈവമേയെന്നുള്ള വിളിയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്നു പറയുന്നത് പാര്‍ട്ടി സെക്രട്ടറിയാണോ. നല്ല ഭാവിയുണ്ടാകേണ്ട കുട്ടികളെയൊക്കെ പന്ത്രണ്ട് വയസ്സിലൊക്കെ പിടിച്ച് മാര്‍ക്‌സിസം കുത്തിവയ്ക്കുകയെന്നത് വന്‍തെറ്റാണ്. ബാലസംഘം ചെയ്യുന്നത് അതാണ്.

എനിക്ക് രാഷ്ട്രീയമില്ല. ജാതിയില്ല. മതമില്ല. സത്യമായ ദൈവത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. രാഷ്ട്രീയ നോവല്‍ ഞാന്‍ എഴുതിയിട്ടില്ല. നോവലിലും ഇവരെ ഞാന്‍ പൊക്കിവിടത്തില്ല. രാഷ്ട്രീയക്കാരനെ ഒരു നല്ലവനായിട്ട് ഒരിക്കലും ഞാന്‍ ചിത്രീകരിക്കില്ല. കൊള്ളുകേല അവന്‍. വന്‍കിട ബിസിനസ് അല്ലേ. ഇന്ന് ഏറ്റവും കൂടുതല്‍ ലാഭം കൊയ്യാവുന്ന ബിസിനസാണ് പൊളിറ്റിക്‌സ്. കൊലപാതകങ്ങള്‍, അധോലോകം എല്ലാം ഇതിന്റെ പിന്നിലുണ്ട്. രാഷ്ട്രീയക്കാര്‍ക്കെതിരെ എഴുതിയിട്ടില്ല. പിന്നെ അവന്‍ വീട്ടില്‍ കിടത്തി ഉറക്കില്ല. ഗുണ്ടായിസവുമായിട്ട് അവന്റെ ആള്‍ക്കാര്‍ വരും.ഇന്നീ സാഹിത്യമൊന്നും വളരില്ല. ക്രിസ്ത്യാനിയെക്കുറിച്ചെഴുതിയിട്ടുണ്ടെങ്കില്‍ അവന്‍ വാമൂടിക്കെട്ടി സമരം ചെയ്യും. ബി.ജെ.പിക്കാരെ പറ്റി എഴുതിയിട്ടുണ്ടേല്‍ അവന്‍ ശൂലവുമായിട്ടു വരും. മുസല്‍മാനെക്കുറിച്ചെഴുതിയാല്‍ ആടിനെ അറുക്കുന്ന കത്തിയുമായിട്ട് വരും. കഥാപാത്രത്തെ മോശമായിട്ട് ചിത്രീകരിക്കാന്‍ പറ്റില്ല. ജാതി, മതം, രാഷ്ട്രീയം ഈ മൂന്ന് ചെകുത്താന്‍മാര്‍ ഉള്ളിടത്തോളം കാലം ഇവിടെ സാഹിത്യത്തിന് ഇനി സ്ഥാനമില്ല. രാഷ്ട്രീയ നോവല്‍ എന്നത് സ്തുതിപാടകന്‍മാരുടേതാണ്. അത് സത്യമായിരിക്കണമെന്നില്ലല്ലോ. കുറേ പുണ്യാളച്ചന്‍മാരുടേതെഴുതും. ഹിന്ദു ചരിത്രം കുറേ എഴുതും. അല്ലാതെ സ്വതന്ത്രമായ സാഹിത്യം ഇന്നി കേരള ജനത പ്രതീക്ഷിക്കണ്ട. 


മാത്യു മറ്റവും ഭാര്യയും കൊച്ചുമകനും

രാ: ഇവരെ പേടിയുണ്ടോ? മാത്യുമറ്റത്തിനുള്ളത്ര പിന്തുണ ഒരു പക്ഷേ മലയാളത്തില്‍ മറ്റൊരു എഴുത്തുകാരനും ഉണ്ടായിക്കാണില്ല… ഇത്രയും പിന്തുണയുള്ള എഴുത്തുകാരന്‍ എന്തിനാണ് പേടിക്കുന്നത്?
മാ: പേടിക്കണമല്ലോ. വീക്ക്‌ലിയില്‍ അവന്‍മാരുടെ രാഷ്ട്രീയത്തെ താങ്ങിനില്‍ക്കുന്നവരാകും പത്രാധിപന്‍മാര്‍… തീര്‍ന്നില്ലേ…

രാ: അന്യമതസ്ഥരുമായുള്ള കല്യാണം നോവലുകളില്‍ കൊണ്ടുവന്നിട്ടുണ്ടോ…? അതിന്റെ പേരില്‍ എവിടെ നിന്നെങ്കിലും സഭയില്‍ നിന്നോ….. 
മാ: മിക്കവാറും കഥകളില്‍ കൊണ്ടുവരുമായിരുന്നു. എന്നാല്‍ സഭയ്‌ക്കെതിരായി ഒന്നും എഴുതിയിട്ടില്ല. അച്ഛന്‍മാരെ വിമര്‍ശിച്ചെഴുതിയിട്ടില്ല. ഒരു മതത്തെയും അവഹേളിച്ചോ മതനേതാക്കന്‍മാരെ പുച്ഛിച്ചോ ഞാന്‍ എഴുതിയിട്ടില്ല.

രാ: ലൗ ജിഹാദ് പോലുള്ള വിഷയങ്ങള്‍… മതം മാറ്റാന്‍ വേണ്ടി പ്രേമം...
മാ: അങ്ങനെ നമ്മള്‍ ഒരു ലക്ഷ്യത്തിന് വേണ്ടി പ്രേമിക്കാന്‍ ചെന്നാല്‍ പെണ്ണുങ്ങള്‍ പ്രേമിക്കുകയൊന്നുമില്ല. അവര്‍ക്കിഷ്ടമാണെങ്കില്‍ പ്രേമിക്കുമെന്നല്ലാതെ. മതംമാറ്റാന്‍ വേണ്ടി ഒരുത്തന്‍ പ്രേമിക്കാന്‍ ചെന്നാല്‍ സമ്മതിക്കുമോ. അതാരോപണങ്ങളാണ്. പ്രേമത്തെക്കുറിച്ചും പെണ്ണിന്റെ മനസ്സിനെക്കുറിച്ചും അറിയാത്തതുകൊണ്ടാണ്.

രാ: ഈ പെണ്ണിന്റെ മനസ്സ്… നോവലെഴുത്തില്‍ എങ്ങനെ സ്വാധീനിച്ചു?
മാ: ഒരു പെണ്ണിനെ ഒറ്റ നോട്ടത്തില്‍ കണ്ടാലറിയാം. അവള്‍ എത്തരക്കാരിയാണെന്നും എന്താണെന്നും. എങ്ങനെയായിത്തീരുമെന്നും. ഒരു മനുഷ്യന്റെ പുഞ്ചിരിയിലും ചിരിയിലൂടെയും  സ്വഭാവം മനസ്സിലാക്കാം.. പുഞ്ചിരി താനേ വരുന്നതാണ്.

രാ: പള്ളിയില്‍ പോകാറുണ്ടായിരുന്നോ…?
മാ: കുര്‍ബാനയ്‌ക്കൊന്നും അധികം പോകാറില്ല. എങ്കിലും പള്ളീലച്ചന്‍മാരുമായി നല്ല ബന്ധമുണ്ടായിരുന്നു. മതപരമായി അവര്‍ക്ക് ദേഷ്യമൊന്നുമില്ല.

രാ: മദ്യപിക്കുമായിരുന്നോ?
മാ: വല്ലപ്പോഴുമൊക്കെ, കമ്പനിയൊക്കെ കൂടുമ്പോള്‍ ഒരു ചെറുത് കുടിക്കുമെന്നല്ലാതെ… പക്ഷേ ആള്‍ക്കാര്‍ പറയുന്നത് മാത്യു മറ്റം ഫുള്‍ടൈം വെള്ളവും കഞ്ചാവുമെന്നാണ്. ചിലര് ചോദിക്കും ഇപ്പോള്‍ കള്ളടിയുണ്ടോയെന്ന്. വീക്ക്‌നെസ് സിഗരറ്റാണ്. പത്തു പാക്കറ്റ് സിസറും. നാലഞ്ച് പാക്കറ്റ് ദിനേശ് ബീഡിയും വലിക്കുമായിരുന്നു. കതിന കത്തിക്കുന്നതുപോലെ കത്തിച്ച് പൊകച്ചോണ്ടാണ് എഴുത്ത്. ഒരു ഡിസിപ്ലിനും എന്റെ ജീവിതത്തിലില്ല. കുത്തഴിഞ്ഞ പുസ്തകം… കുത്തിക്കെട്ടാന്‍ ദൈവത്തിന് മാത്രമേ പറ്റൂ. എഴുത്തിനുവേണ്ടി തന്നെയാണ് ഡിസിപ്ലിനൊക്കെ നഷ്ടപ്പെടുത്തിയത്.  

രാ: പ്രേമത്തെക്കുറിച്ച്…
മാ: പ്രേമത്തെക്കുറിച്ച് കേരളത്തില്‍ ഇത്രയും നോവലെഴുതിയ ആരും കാണില്ല. പ്രേമത്തെയൊക്കെ വളരെയധികം ഞാന്‍ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ പക്ഷേ മാറി. പ്രേമം ഒരു മാനസികരോഗമെന്ന ലിസ്റ്റില്‍ പെടുത്തിയിരിക്കുകയാണ്. നമുക്ക് പിടിച്ചുനില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തുമ്പോള്‍ നാം ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ നമ്മള്‍ ഭ്രമിക്കും. അത് ഭ്രമമാണ്… ആ ഭ്രമമങ്ങ് ഇല്ലാതാക്കിയാല്‍ അവന്‍ രക്ഷപ്പെടും. ആ ഭ്രമം, അതിശയം, വിസ്മയം എന്നൊക്കെ പറയുന്നതാണ് മനുഷ്യനെ നശിപ്പിക്കുന്നത്. ആ അവസ്ഥയില്‍ നിന്ന് മനസ്സിനെ മാറ്റിയെടുത്താല്‍ അവന്‍ മിടുക്കനായി. പക്ഷേ മാറുകയില്ല. ഭ്രമിച്ചുകഴിഞ്ഞാല്‍ പോയി. സുബോധത്തോടെ ഒരു ആണിനും പെണ്ണിനും ഒരു കുട്ടിയുണ്ടാവില്ല. വികാരത്തിന്റെ പൂര്‍ണ്ണതയില്‍ അവര്‍ ബോധമില്ലാത്ത ഒരു ലോകത്തെത്തിക്കഴിഞ്ഞാണ് കുട്ടിയുണ്ടാകുന്നത്. ഏദന്‍ തോട്ടത്തില്‍ നിന്നേ ആ കുഴപ്പമുണ്ടായി. ആ കുഴപ്പം തലമുറകളായി ഇന്നും ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

രാ: എഴുത്തിനോടൊപ്പം വരയ്ക്കുന്ന ആള്‍ക്കാരെ വളര്‍ത്തിയെടുക്കാന്‍ ഈ നോവുലകള്‍ക്ക് സാധിച്ചിട്ടില്ലേ…?
മാ: സാധിച്ചിട്ടുണ്ട്. മനോരമയിലെ മോഹനന്‍. നല്ല വരയാണ്. ആലിപ്പഴത്തിലെ മിനിക്കുട്ടിയെ വരച്ചതൊക്കെ മോഹനനാണ്. അഞ്ചുസുന്ദരികളിലെ വരയും. വരയ്ക്കുന്നതിന് മുമ്പ് ചിലര്‍ക്ക് ചില നിര്‍ദ്ദേശം കൊടുക്കാറുണ്ട്. എഴുത്തുകാരനും പത്രാധിപരും വരയ്ക്കുന്നയാളിന്റെയും ഒരു കൂട്ടായ്മയുണ്ടായിരുന്നു. രണ്ടോ മൂന്നോപേര്‍ വായിച്ച് കഥ സെലക്ട് ചെയ്യുമായിരുന്നു. ഇന്ന് ഒരു കഥ സെലക്ട് ചെയ്യുന്നത് തന്നെ അറുപതുപേരിലൂടെ ചെന്നാണ്. ഇന്ന് സിനിമാ ലോബിയെന്ന് പറയുന്നതുപോലെ എഡിറ്റോറിയലിനകത്തു വരെ ലോബിയുണ്ട്.  അന്നൊരു ഐക്യമുണ്ടായിരുന്നു. ഒരു എഡിറ്റര്‍ കഴിവ് തെളിയുന്നത് കഥ റിജക്ട് ചെയ്തുകൊണ്ടാണ്.

രാ: അന്നത്തെ എഴുത്തുകാര്‍…
മാ: ഞാന്‍ എഴുതിത്തുടങ്ങിയപ്പോള്‍ മുട്ടത്തുവര്‍ക്കിയും കാനവുമുണ്ട്. പിന്നെയാണ് ജോയ്‌സി, ഏറ്റുമാനൂര്‍ ശിവകുമാര്‍, ബാറ്റണ്‍ ബോസ് തുടങ്ങിയവരൊക്കെ വന്നത്. 

രാ: മുട്ടത്തുവര്‍ക്കിയുമായുള്ള ബന്ധം… 
മാ: മുട്ടത്തുവര്‍ക്കിയെ ദീപികയില്‍ പോയി കണ്ടിട്ടുണ്ട്.. മുട്ടത്തുവര്‍ക്കി ഒരു നിഷ്‌കളങ്കനായ മനുഷ്യനാണ്. അദ്ദേഹം എന്‍റെ നോവല്‍ വായിച്ചിട്ട് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്കും നല്ല ബഹുമാനമായിരുന്നു. കേരളത്തില്‍ മുട്ടത്തുവര്‍ക്കിയും കാനവുമാണ് എഴുത്തുകാര്‍. കൊട്ടാരസാഹിത്യം മാറ്റി അടുക്കളയില്‍ കിടക്കുന്ന അമ്മച്ചിമാരെയും പെങ്ങന്‍മാരേയും വായിക്കാന്‍ പഠിപ്പിച്ചത് മുട്ടത്തുവര്‍ക്കിയാണ്. അദ്ദേഹം അത് ജനകീയ പ്രസ്ഥാനമാക്കി മാറ്റി. 

മുട്ടത്തുവര്‍ക്കിയുടെ അവാര്‍ഡിന് ജനകീയ സാഹിത്യകാരന്‍മാരെയാണ് വിളിക്കേണ്ടത്. അല്ലാത്തവരെയാണ് അവര്‍ നോക്കുന്നത്. കിട്ടാത്തതില്‍ വിഷമം തോന്നും. പക്ഷേ അത് വിവരക്കേടാണെന്ന് കരുതി നമ്മള്‍ തള്ളിയും കളയും.  


മുട്ടത്തു വര്‍ക്കി

രാ: മാത്തുക്കുട്ടിച്ചായന്റെയും വര്‍ഗ്ഗീസ് സാറിന്റെയും രണ്ടാംതലമുറയുമായുള്ള ബന്ധം…
മാ: അവരൊക്കെ നല്ലയാളുകളാണ്. 

രാ: എഴുത്തുമായിട്ടുള്ള കുടുംബത്തിന്റെ ബന്ധം…
മാ: നല്ല ബന്ധമായിരുന്നു. ഭാര്യ മിക്കവാറും നോവലൊക്കെ പകര്‍ത്തി തരുമായിരുന്നു.. അസുഖമായപ്പോഴും.. വേഗത്തിലെഴുതുമ്പോഴുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍  മിക്കവാറും ഭാര്യയാണ് പകര്‍ത്തിയെഴുതി പരിഹരിക്കുന്നത്.

രാ: പ്രണയം.
മാ: 19 ദിവസമേ പ്രണയിച്ചിട്ടുള്ളൂ. ഇരുപതാമത്തെ ദിവസം ഇത് വീട്ടിലറിഞ്ഞു. അമ്മാവന്‍മാരുടെ വീട്ടില്‍ നിന്നാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. അതറിഞ്ഞ് അവളെ ഇരിട്ടിയിലെ വീട്ടില്‍ കൊണ്ടുപോയി അടിയൊക്കെ കൊടുത്തപ്പോള്‍ ഞാന്‍ പിറകെ ചെന്നു. കാഞ്ഞിരപ്പള്ളി കോളേജില്‍ വച്ച് റോസാപ്പൂവിനകത്ത് കൈവിഷം കൊടുത്തുവെന്ന രീതിയില്‍ അവള്‍ക്ക് ചികിത്സ നല്‍കുകയായിരുന്നു. ഫാദര്‍ മുരിങ്ങലായിരുന്നു അപ്പോള്‍ വികാരി. അച്ഛനോട് ഞാന്‍ കാര്യം പറഞ്ഞു. അച്ഛന്‍ എന്റെ പുസ്തകം വായിച്ചിട്ടുള്ളയാളായിരുന്നു. അച്ഛന്‍ പച്ചക്കൊടി കാണിച്ച് നേരെയാക്കിതന്നു. രണ്ടുകൊല്ലം വീട്ടുകാരുമായി അകന്നു നിന്നു. പിന്നെ ലോഹ്യത്തിലായി.

പമ്പാവാലിയില്‍ ഞങ്ങള്‍ ഏഴുപേരായിരുന്നു. അഞ്ച് സഹോദരിമാരും ഒരു ചേട്ടനും.  അച്ഛന്‍ ദന്തഡോക്ടറായിരുന്നു. അച്ഛന്‍ പാമ്പാടി ബസപകടത്തില്‍ മരിച്ചതിന് ശേഷം ഇത്തിരി ബുദ്ധിമുട്ടിലൊക്കെയായിരുന്നു ഞങ്ങള്‍. മൂന്നാലേക്കര്‍ സ്ഥലമുണ്ടായിരുന്നു. ആദായമൊന്നുമില്ല. അടുത്ത് സ്‌കൂളൊന്നുമില്ല. എട്ട് മൈല്‍ നടന്നാണ് പഠിച്ചുകൊണ്ടിരുന്നത്. 16 മൈല്‍ ഓരോ ദിവസം നടന്നു. പേനാമുനയിലൂടെയാണ് ആ കഷ്ടപ്പാടുകളില്‍ നിന്നൊക്കെ ഞാന്‍ രക്ഷപ്പെടുന്നത്. പേനയാണ് എന്നെ രക്ഷപ്പെടുത്തിയത്. 

അച്ഛന്‍ മരിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളാണ് മാത്യുമറ്റത്തെ മാത്യുമറ്റമാക്കിയത്. ആ ബുദ്ധിമുട്ടുകള്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു. അത് മറന്നുപോയാല്‍ തീര്‍ന്നു. അന്നത്തെ ആ വിശപ്പും ദാഹവുമൊക്കെയാണ് ഇപ്പോഴും മധുരം. ഇന്നത്തെ ചിക്കന്‍ ബിരിയാണിയെക്കാളും ഫ്രൈഡ് റൈസിനെക്കാളും മധുരം അന്ന് ആ വിശന്നിരിക്കുമ്പോള്‍ കിട്ടുന്ന കപ്പ വേവിച്ചതിനാണ്. സുഖജീവിതമല്ല. മനുഷ്യന്റെ കഷ്ടകാല ജീവിതമാണ് മനുഷ്യന് മധുരം തരുന്നത്. സുഖജീവിതം നമ്മളെ സ്പര്‍ശിക്കുകയേയില്ല. ഒരു വ്യക്തി അവന്റെ നേട്ടത്തിലല്ല അഭിമാനിക്കേണ്ടത്. അവന്റെ കഴിവുകേടിനെക്കുറിച്ചാണ് ബോധവാനാകേണ്ടത്. കഴിവുകേടില്‍ ബോധവാനാകുമ്പോള്‍ അവന്‍ കഴിവുള്ളവനായി മാറും. എനിക്ക് കഴിവുണ്ടെന്ന് ഒരാള്‍ സ്വയം തീരുമാനിച്ചു കഴിഞ്ഞാല്‍, പോയി. 

രാ: സമ്പാദ്യം…
മാ: എനിക്ക് ഈ കണക്കുനോക്കുന്നതിലും കണക്കുപറയുന്നതിലും താല്‍പ്പര്യമില്ല. ഒത്തിരിയൊക്കെ ഉണ്ടാക്കി. എല്ലാം എതിലേ പോയെന്നെനിക്കറിയത്തില്ല. സമയദോഷം ഉണ്ടായ ഒരു പത്തുവര്‍ഷം ചില ബാധ്യതകളുമുണ്ടായി. അക്കാലത്ത് ഒന്നും എഴുതാനൊന്നും തോന്നിയില്ല. ഇപ്പോള്‍ എല്ലാം പിക്കപ്പായി. ആ വീഴ്ച വന്ന സമയത്ത് മംഗളവും സഹായിച്ചു, മനോരമയും സഹായിച്ചു. 

രാ: സീരിയല്‍ രംഗത്തെക്കുറിച്ച്…
മാ: ആലിപ്പഴം സീരിയലാക്കി.അതു നന്നായി ഹിറ്റായിരുന്നു. കിഴക്കന്‍ കാറ്റ് സീരിയലാക്കാന്‍ വന്നതാണ്. അപ്പോഴേക്കും ഞാന്‍ വീണുപോയി. ഞാന്‍ തന്നെ സ്‌ക്രിപ്റ്റ് എഴുതി കൊടുക്കണമെന്ന് പറഞ്ഞതാണ്. സീരിയലിന് കഥയെഴുതണമെന്ന് പറഞ്ഞ് പലരും വന്നു. ഒന്നിനോടും ഇപ്പോള്‍ താല്‍പ്പര്യമില്ല. ഞാന്‍ ജീവിച്ചിരിക്കുന്നതായിട്ട് എനിക്കറിയത്തില്ല എന്ന് പറയാവുന്ന അവസ്ഥയാണ് ഇപ്പോള്‍. ഈ ലോകത്തിലെ സുഖവും ഭക്ഷണവും ഒന്നും എനിക്ക് പറ്റുന്നില്ല. ജീവിതം കൊള്ളുകേലെന്ന ഒരു തോന്നലിലേക്ക്… ജീവിതം മടുത്തു. ആരോടെങ്കിലും ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥമായ സ്‌നേഹമുണ്ടോ?


മാത്യു മറ്റം, ടി സി രാജേഷ്

രാ: പക്ഷേ മാത്യു മറ്റത്തിന്റെ കഥാപാത്രങ്ങള്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവരല്ലേ…? 
മാ: അതേ… പക്ഷെ അന്നത്തെ കഥാപാത്രങ്ങളല്ല ഇന്നത്തെ കഥാപാത്രങ്ങള്‍. കാലം മാറി. അന്നത്തെ പ്രേമം പോലും ആദര്‍ശത്തിനായിരുന്നു. അത് കിട്ടിയില്ലെങ്കില്‍ അവന്‍ പോയി തൂങ്ങിച്ചാവും.

രാഇപ്പോഴത്തെ സീരിയലുകളുടെ കഥകളെക്കുറിച്ച്… 
മാ: സീരിയലുകളിലൂടെ പിള്ളേരില്‍ ക്രിമിനല്‍ വാസന വളര്‍ത്തിയെടുക്കാന്‍ പാടില്ല. കുരുന്നു ഹൃദയങ്ങളാണ് അവര്‍ക്കിതൊക്കെ ചെയ്യണമെന്ന് തോന്നും. പിള്ളേരെ കുറ്റവാളികളാക്കുന്ന സീനുകള്‍ ഒഴിവാക്കേണ്ടതാണ്.

രാ: ചേട്ടനൊക്കെ ഉണ്ടാക്കിവച്ച വായനാ സംസ്‌കാരത്തിന്റെ തുടര്‍ച്ചയല്ലേ ഈ സീരിയലുകള്‍ നല്‍കുന്നത്?
മാ: പെണ്ണുങ്ങളാരാണെന്ന് സീരിയിലിന്റെ പിന്നണിയിലുള്ളവര്‍ ചിന്തിക്കേണ്ടതാണ്. ആണിനേക്കാള്‍ കൂടുതല്‍ ക്രൂരകൃത്യം ചെയ്യുന്നത് പെണ്ണുങ്ങളാണ്. പെണ്ണ് ചെയ്യുന്നതിന്റെയത്രയും ക്രൂരമായ കൃത്യം ആണൊരിക്കലും ചെയ്യില്ല. ഒന്നോ രണ്ടോ കുത്ത്.അതാണ് ആണ് ചെയ്യുന്നത്. ഓമനയെന്ന സ്ത്രീ വെട്ടിനുറുക്കി മുപ്പത്താറോ നാല്‍പ്പതോ പീസ്സാക്കിയാണ് സ്യൂട്ട്‌കേസിനകത്ത് വച്ചത്. ഒരു മനുഷ്യനെ കള്ളനാക്കുന്നതും കാടനാക്കുന്നതും പരുക്കനാക്കുന്നതും കൈക്കൂലിക്കാനാക്കുന്നതും എല്ലാം സ്ത്രീയാണ്. അവളുടെ സുഖത്തോടുള്ള ആശ ഒരിക്കലും അവസാനിക്കില്ല. ജീവിതം മതിയേ ദൈവമേയെന്നോ സുഖം മതിയേയെന്നോ ഒരിക്കലും ഒരു സ്ത്രീയും പറയാറില്ല. സീരിയലുകളിലെ സ്ത്രീകളെ പവിത്രരായിട്ടാണ് കാണിക്കുന്നത്. ഒറിജിനല്‍ അറിയാവുന്ന ആളുകള്‍ മിണ്ടുന്നില്ലന്നേയുള്ളു. 

(മാധ്യമ പ്രവര്‍ത്തകനാണ് ടി സി രാജേഷ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍