UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാതൃഭൂമിയെ കുറിച്ച്; ചിലത് പറയാതെ വയ്യ

Avatar

ശ്രീജിത് ദിവാകരന്‍

മാതൃഭൂമിയില്‍ നിന്ന് രാജിവച്ചിട്ട് ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞു. അതിന് മുമ്പ് നീണ്ട് പതിമൂന്ന് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത സ്ഥാപനമാണ്. മാനേജ്‌മെന്റിന്റെ സമീപനങ്ങള്‍ക്കെതിരെയുള്ള യൂണിയന്റെ നിലപാടുകളോട് ചേര്‍ന്ന് നിന്നതിന് ട്രാസ്ഫര്‍ കിട്ടി- അഗര്‍ത്തലയിലേയ്ക്ക്. പക്ഷേ രാജിയ്ക്ക് കാരണം അതല്ലായിരുന്നു. കുറച്ചുകാലം കൂടി അവിടെ തന്നെ നിന്ന് യൂണിയന്‍ നിലപാടുകളോട് ഐക്യപ്പെടണം എന്നുണ്ടായിരുന്നു; കഴിഞ്ഞില്ല. രാജിയ്ക്ക് ശേഷം മാതൃഭൂമിയിലെ പ്രശ്‌നങ്ങളോടൊന്നും പരസ്യമായി പ്രതികരിച്ചിട്ടില്ല. തൊഴിലാളി വിരുദ്ധസമീപനങ്ങളോട് പ്രതികരിക്കണം എന്നില്ലാഞ്ഞിട്ടില്ല, രാജിവച്ച ശേഷം നേരത്തേ ജോലി ചെയ്ത സ്ഥാപനത്തെ കുറിച്ച് മോശം പറയുന്നത് മര്യാദയല്ല എന്നു കൂടി തോന്നിയത് കൊണ്ടാണത്. 
 
പക്ഷേ ഇത്, പരിധിക്കപ്പുറമാണ്. അവസാനം കേട്ടത് മലപ്പുറം യൂണിറ്റില്‍ ചീഫ് സബും റിപ്പോര്‍ട്ടറുമൊക്കെയായിരുന്ന നാരായണനെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നുവെന്നാണ്. ഏകദേശം എട്ടുമാസത്തിലധിമായി നാരായണന്‍ സസ്‌പെന്‍ഷനിലായിരുന്നു. പകുതി ശമ്പളത്തിലോ മറ്റോ. അതിനിടെ പലതവണ തെളിവെടുപ്പെന്ന ഹരാസ്‌മെന്റ്. എന്തുതെളിവെടുക്കാന്‍? നാരായണന്‍ ചെയ്ത കുറ്റം മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ സെക്രട്ടറിയായിരുന്നു എന്നതാണ്. ആ സമയത്ത് വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാത്ത സ്ഥാപനങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ചെറിയ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തു. അത് നടപ്പിലാക്കാന്‍ സെക്രട്ടറി എന്ന നിലയില്‍ നാരായണന്‍ പ്രവര്‍ത്തിച്ചു. അത്രമാത്രം. 
 
ഇത് പത്രതൊഴിലാളികളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇത്, കേരളത്തിലെ ഒരു സാംസ്‌കാരിക-രാഷ്ട്രീയ ഇടം സ്വന്തമാക്കി വച്ചിരിക്കുന്ന ഒരു മാധ്യമസ്ഥാപനം നടത്തുന്ന അനീതിയാണ്. പലതരത്തില്‍ മാതൃഭൂമികൊണ്ട് പ്രയോജനം ലഭിക്കുന്ന, ലഭിച്ചിട്ടുള്ള, ഇനിയത് പ്രതീക്ഷിക്കുന്ന ഒട്ടേറെ പേരുടെ മൗനമാണ് ഈ അനീതിക്ക് കുടപിടിക്കുന്നത്. എഴുത്തുകാരും രാഷ്ട്രീയക്കാരും നിരീക്ഷകരും സിനിമപ്രവര്‍ത്തകരും എല്ലാം പെടുമിതില്‍. ഇതില്‍ മാതൃഭൂമിയിലെ തന്നെ തൊഴിലാളികളും തൊഴിലാളി നേതാക്കളും പെടും. അവരവരുടെ മേഖലകളില്‍ കഴിവുള്ളവരാണ് ഒറ്റുകാരുടെ ഈ കുപ്പായമണിയുന്നത് എന്നുള്ളതാണ് പ്രധാനം.
 
 
മാതൃഭൂമിയിലെ പത്രപ്രവര്‍ത്തക യൂണിയന്‍ സ്വന്തമായ നിലപാടുകള്‍ ഉള്ളവരായിരുന്നു. വാര്‍ഷിക സമ്മേളനം നടത്തി ജനാധിപത്യരീതിയില്‍ നേതാക്കളെ തിരഞ്ഞെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മാനേജ്‌മെന്റിന്റെ താളത്തിനൊത്തു തുള്ളി സ്വന്തം സ്ഥാനങ്ങള്‍ കാത്തുസൂക്ഷിച്ച ഒരു സംഘം ഇതിന്റെ നേതൃത്വത്തിലേയ്ക്ക് എത്തിയപ്പോള്‍ ആരംഭിച്ചതാണ് ഈ പ്രശ്‌നം. അവരെ എതിര്‍ക്കുന്നവര്‍ മാനേജ്‌മെന്റിന്റെ നോട്ടപ്പുള്ളികളായി. ഒരോ യൂണിയന്‍ മീറ്റിങ്ങുകളിലും ഒരോരുത്തരും സംസാരിക്കുന്നത് വള്ളിപുള്ളി തെറ്റാതെ (ജേര്‍ണലിസത്തിന്റെ അടിസ്ഥാന തത്വമാണ്. എവ്‌രി ഐ-സ് ഷുഡ് ബീ ഡോട്ടഡ്. എവ്‌രി റ്റി-സ് ഷുഡ്ബി ക്രോസ്ഡ്) മാനേജ്‌മെന്റിലെത്തിക്കുന്ന ഒറ്റുകാരുടെ സംഘം ഉടലെടുത്തു. ഒരു വിദേശയാത്രയ്ക്ക്, ഒരു സ്ഥാനക്കയറ്റത്തിന്, ഒരു ട്രാന്‍ഫറിന്- അവര്‍ സ്വന്തം സഹപ്രവര്‍ത്തകരെ ഒറ്റി. ഇവര്‍ ന്യൂനപക്ഷം തന്നെയാണ്; പക്ഷേ ട്രാന്‍സ്ഫറുകള്‍ കൊണ്ടും, നിരീക്ഷണങ്ങള്‍ കൊണ്ടും മേലധികാരികളുടെ ഭീഷണികള്‍ കൊണ്ടും ഭീതിയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ മാനേജ്‌മെന്റിനും ഈ ഒറ്റുകാര്‍ക്കുമായി. ഒരു വലിയ സമൂഹം തൊഴിലാളികള്‍ നിസഹായകരായി. ജോലി കൊണ്ട് മാത്രം പുലര്‍ന്നിരുന്ന, അതിനെ ത്യജിക്കാനോ അപകടപ്പെടുത്താനോ പാകത്തിന് സാഹചര്യങ്ങള്‍ കാണാത്ത അവര്‍ നിശബ്ദതരായി. അപ്പോഴും നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറായ ഒരു കൂട്ടമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തെറിക്കപ്പെട്ടത്. 
 
ഒരു കാലത്ത് പത്രപ്രവര്‍ത്തക യൂണിയന്റെ ഭാരവാഹികളായിരുന്ന, പത്രലോകത്തെ സംഭാവനകള്‍ കൊണ്ട് മാതൃഭൂമിക്ക് പുറത്തേയ്ക്കും അറിയപ്പെട്ടിരുന്ന മുതിര്‍ന്ന ഒരു കൂട്ടം ജേര്‍ണിലസ്റ്റുകള്‍ ഈ ഘട്ടത്തില്‍ പുലര്‍ത്തിയ മൗനമായിരുന്നു ഏറ്റവും അസഹ്യം. അവരുടെ ഒരു പരസ്യനിലപാട് ഉണ്ടായിരുന്നുവെങ്കില്‍ ഇത്രമാത്രം വഷളായ തരത്തില്‍ കാര്യങ്ങള്‍ മാറുമായിരുന്നില്ല. മന:സാക്ഷിയോട് ഒരു കൂറും പുലര്‍ത്താതെ റിട്ടയര്‍മെന്റിനോട് അടുത്ത കാലത്തുപോലും സ്ഥാനങ്ങളും കെട്ടിപ്പിടിച്ച് അവര്‍ ഒളിവിലിരുന്നു. 
 
ജോലിയെടുക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലാത്ത ജേര്‍ണലിസ്റ്റുകളാണ് സ്ഥലം മാറ്റും ചെയ്യപ്പെട്ടത്. തൃശൂരില്‍ നിന്ന് ബാംഗ്ലൂരിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ന്യൂസ് എഡിറ്റര്‍ കെ.എസ്.വിപനചന്ദ്രനെ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലുള്ള പെടകാകണി എന്ന ഗ്രാമത്തിലേയ്ക്ക് വീണ്ടും ട്രാന്‍ഫര്‍ ചെയ്തു. എത്രമാത്രം ഫ്യൂഡലായാണ് തൊഴിലാളി സമൂഹം ഇവിടെ ട്രീറ്റ് ചെയ്യപ്പെടുന്നതെന്നും ഒരു ചെറു വിമത ശബ്ദം ഉയര്‍ത്തുന്നവര്‍ എത്രമാത്രം അപമാനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നുമൊന്നും ഇപ്പോള്‍ പറയുന്നില്ല. 
 
 
ഒന്നു കൂടി. പുതിയ കാലത്ത് മാധ്യമരംഗത്തുള്ള കരാര്‍വത്കരണത്തെ ഒക്കെ ചെറുത്തുനില്‍ക്കുന്നത് ബുദ്ധിമുട്ടാണ്. എതിര്‍ക്കാം. അത് ശരിയല്ലെന്ന് പറയാം, പക്ഷേ പറ്റിക്കൊള്ളണമെന്നില്ല. പക്ഷേ സ്ഥിരം തൊഴിലാളികളായി ക്ഷണിച്ച്, രണ്ട് വര്‍ഷം തുച്ഛമായ ശമ്പളത്തിന്റെ പരിശീലനവും പൂര്‍ത്തിയായ ശേഷം കരാര്‍ ജോലിക്കായി ഒപ്പിടണമെന്ന് പറയുന്നത് എന്ത് നീതിയാണ്? അതിന് തയ്യാറാകാത്തവരോട് പിരിഞ്ഞ് പോകാനോ അല്ലെങ്കില്‍ ദീര്‍ഘമായ പ്രെബേഷനിലോ പ്രവേശിക്കാനോ ആവശ്യപ്പെടുക! 
 
ഈ കനത്ത അനീതിയും പ്രതികാരനടപടികളും അവസാനിക്കണമെങ്കില്‍ പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടായേ തീരൂ. പത്രപ്രവര്‍ത്തക യൂണിയന്‍ മാത്രമല്ല, തൊഴിലാളി സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍ രംഗത്തെത്തണം. 
 
(ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റാണ് ശ്രീജിത്) 
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍