UPDATES

ട്രെന്‍ഡിങ്ങ്

മീശ പ്രസിദ്ധീകരിച്ചതില്‍ പെരുന്നയിലെത്തി മാപ്പ് പറഞ്ഞ് വീരേന്ദ്രകുമാര്‍, മാതൃഭൂമി ബഹിഷ്‌ക്കരണം എന്‍എസ്എസ് പിന്‍വലിച്ചു, അവരോട് ചോദിക്കെന്ന് ശ്രേയാംസ് കുമാര്‍

നോവല്‍ പ്രസിദ്ധീകരിച്ചതിന് ചുമതലകാര്‍ക്കെതിരെ നടപടിയെടുത്തെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞതായി എന്‍എസ്എസ്‌

എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ പ്രസിദ്ധീകരിച്ചതില്‍ എം.പി വിരേന്ദ്രകുമാര്‍ എംപി എന്‍എസ്എസ് ആസ്ഥാനത്തെത്തി മാപ്പ് പറഞ്ഞു. ഇതേതുടര്‍ന്ന് കഴിഞ്ഞ കുറച്ചുകാലമായി മാതൃഭൂമിക്ക് ഏര്‍പ്പെടുത്തിയിരുന്ന ബഹിഷ്‌ക്കരണം എന്‍എസ്എസ് പിന്‍വലിച്ചു. മാതൃഭൂമിയുമായി സഹകരിക്കണമെന്ന സര്‍ക്കുലര്‍, ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അത് അവരോട് ചോദിക്കണമെന്നായിരുന്നു ഡെപ്യൂട്ടി മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാറിന്റെ പ്രതികരണം. കൂടുതല്‍ ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല. വീരേന്ദ്രകുമാര്‍ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയെന്ന് എന്‍എസ്എസ് സ്ഥിരീകരിച്ചു.

മീശ പ്രസിദ്ധീകരിച്ചത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണെന്നായിരുന്നു നേരത്തെ പരസ്യമായി മാതൃഭൂമി വ്യക്തമാക്കിയത്. അതേസമയം അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന കമല്‍റാം സജീവിനെ മാറ്റുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹവും ആഴ്ചപ്പതിപ്പിലെ കോപ്പി എഡിറ്റര്‍ മനിലാ സി മോഹനും രാജിവെയ്ക്കുകയായിരുന്നു.

രാജ്യസഭ എംപിയും മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുമായ എം പി വീരേന്ദ്ര കുമാര്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി നടത്തിയ ചര്‍ച്ചയിലാണ് മാതൃഭൂമിക്കെതിരായ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ തയ്യാറായത്. ‘മീശ’ പ്രസിദ്ധീകരിച്ചതില്‍ വീഴ്ച്ച സമ്മതിക്കുകയും അതിനുത്തരവാദികളായവര്‍ക്കെതിരേയെല്ലാം നടപടികള്‍ സ്വീകരിച്ചെന്നും എം പി വീരേന്ദ്ര കുമാര്‍ എന്‍എസ്എസ് ആസ്ഥാനത്ത് രേഖാമൂലം എഴുതി നല്‍കി.

എന്‍എസ്എസ് നടത്തിയ ബഹിഷ്‌കരണം മാതൃഭൂമി ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നു മാനേജ്‌മെന്റിന് സമ്മതിക്കേണ്ടി വന്നെന്നാണ് സുകുമാരന്‍ നായര്‍ സര്‍ക്കുലറില്‍ അവകാശപ്പെട്ടിരിക്കുന്നത്. മീശ പ്രസിദ്ധീകരിച്ചതിന്റെ ഉത്തരവാദിത്വം ചുമത്തി പത്രാധിപരടക്കമുള്ളവര്‍ക്കെതിരേ നടപടി എടുക്കുകയും അവരെയെല്ലാം പുറത്താക്കുകയും ചെയ്തിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ തങ്ങളെ ബോധ്യപ്പെടുത്തിയെന്നാണ് എന്‍എസ്എസ് നേതൃത്വം പറയുന്നത്. നോവലിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നതായി സമ്മതിച്ച വീരേന്ദ്ര കുമാര്‍, ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാതൃഭൂമി ബഹിഷ്‌കരണത്തില്‍ നിന്നും നായര്‍ സര്‍വീസ് സൊസൈറ്റി പിന്മാറുകയാണെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞിരിക്കുന്നത്.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന ‘മീശ’ യിലെ ഒരു അധ്യായത്തില്‍ ക്ഷേത്രസംസ്‌കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ വന്നു എന്നാരോപിച്ച് ഹിന്ദുത്വ സംഘടനകളും എൻഎസ്എസും വലിയ വിവാദമാണുണ്ടാക്കിയത്.  എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞു മാതൃഭൂമി പത്രം എഡിറ്റോറിയല്‍ എഴുതുകയും ചെയ്തത് നായര്‍ സമുദായത്തിന് വേദനയുണ്ടാക്കിയതിന്റെ പുറത്താണ് പത്രം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കുലറില്‍ ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നത്. നേതൃത്വത്തിന്റെ തീരുമാനപ്രകാരം മുഴുവന്‍ സമുദായാംഗങ്ങളും മാതൃഭൂമി ബഹിഷ്‌കരിക്കുകയായിരുന്നുവെന്നും ജനറല്‍ സെക്രട്ടറി അവകാശപ്പെട്ടിട്ടുണ്ട്.

”സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകുന്നത് തങ്ങള്‍ ലൈംഗിക ബന്ധത്തിന് സജ്ജരാണെന്ന് മറ്റുള്ളവരെ അറിയിക്കാനാണ്. അതിനാലാണ് മാസത്തിലെ അഞ്ച് ദിവസങ്ങളില്‍ അവര്‍ ക്ഷേത്രത്തില്‍ പോകാത്തത്” എന്ന സംഭാഷണമാണ് വിവാദമായത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് ഇത്തരമൊരു പരാമര്‍ശം വരുന്നത്. എന്നാല്‍ ഈ പരാമര്‍ശത്തിലൂടെ ഹിന്ദു സ്ത്രീകളെ അപമാനിക്കുകയാണെന്നാരോപിച്ച് നോവലിനും എഴുത്തുകാരനും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനും എതിരെ പ്രതിഷേധങ്ങളുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. എസ്. ഹരീഷ് വ്യക്തിപരമായ ആക്ഷേപിക്കപ്പെട്ടു. മാതൃഭൂമി പത്രം പരസ്യമായി കത്തിക്കുകയും വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

മീശയ്‌ക്കെതിരേ പ്രതിഷേധം വ്യാപകമായപ്പോള്‍ 2018 ജൂലൈ 30ന് മാതൃഭൂമി പത്രത്തില്‍ നോവല്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വിശദീകരണ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഈ വിശദീകരണത്തിലും നോവലിനെയും അതിലെ പരാമര്‍ശത്തെയും ന്യായീകരിക്കുന്നുവെന്നായിരുന്നു എന്‍എസ്എസ് നേതൃത്വത്തിന്റെ ആരോപണം.

മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് വീടുകള്‍ തോറും കയറിയിറങ്ങി എന്‍എസ്എസ് പ്രചാരണം നടത്തുകയുണ്ടായി. 2018 ഓഗസ്റ്റ് ഒന്ന് മുതല്‍ മാതൃഭൂമി ദിനപ്പത്രം എന്‍ എസ് എസ് അംഗങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പെരുന്നയിലെ ആസ്ഥാനത്ത് നിന്നും എല്ലാ കരയോഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഹിന്ദു സംഘടനകളും എന്‍എസ്എസ്സും എതിരായെന്നു കണ്ടതോടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ നിന്നും മീശ പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു.

മീശയുടെ കാര്യത്തില്‍ മാതൃഭൂമി മാനേജ്‌മെന്റ് മത-വര്‍ഗ്ഗീയ സംഘടനകളുടെ മുന്നില്‍ വിധേയത്വം കാണിച്ചതിനെതിരേയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പല എഴുത്തുകാരും ആഴ്ച്ചപ്പതിപ്പില്‍ എഴുതുന്നത് അവസാനിപ്പിച്ചു.

നോവല്‍ പിന്‍വലിച്ചെങ്കിലും പത്രം ബഹിഷ്‌കരണം എന്‍എസ്എസ് തുടര്‍ന്നു വരികയായിരുന്നു. ഒരു വര്‍ഷത്തോളമായി തുടര്‍ന്നിരുന്ന ബഹിഷ്‌കരണമാണ് എം പി വീരേന്ദ്ര കുമാര്‍ ആസ്ഥാനത്ത് ചെന്നു കണ്ട് ക്ഷമ ചോദിച്ചതിന്റെ പുറത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍