UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാക്സിന്‍ വിരുദ്ധ പ്രചരണം; മാതൃഭൂമിക്കെതിരെ വിമര്‍ശനവുമായി മുസ്ലിം ജമാഅത്ത്

അഴിമുഖം പ്രതിനിധി

മലപ്പുറം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെ മുസ്ലിം മതത്തിലെ ഒരു വിഭാഗം ആളുകള്‍ തടസ്സം നില്‍ക്കുന്നതാണ് ജില്ലയില്‍ ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ കാരണം ആളുകള്‍ മരിക്കുന്നതെന്ന മാതൃഭൂമി പത്രത്തിലെ മുഖപ്രസംഗത്തിനെതിരെ മുസ്ലിം ജമാഅത്ത് രംഗത്ത്. ഒരു പ്രത്യേക മതവിഭാഗം കൂടുതലുള്ളത് കൊണ്ട് മലപ്പുറം ജില്ലയിലുള്ളവര്‍ എല്ലാം പ്രതിലോമകരമായ ചിന്തകള്‍ വച്ചുപുലര്‍ത്തുന്നവരാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും വണ്ടൂര്‍ അബ്ദുല്‍ റഹിമാന്‍ ഫൈസി പറഞ്ഞു.

‘മതവിശ്വാസങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതിരോധകുത്തിവയ്പ്പുകള്‍ക്കെതിരെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ മലപ്പുറം ജില്ലയിലുണ്ടെ’ന്ന് ഇന്നലെ മാതൃഭൂമി മുഖപ്രസംഗത്തില്‍ പരാമര്‍ശം ഉണ്ടായിരുന്നു. ഡിഫ്ത്തീരിയ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച മുഹമ്മദ് അമീന്‍ എന്ന ബാലന്‍ ‘വിശ്വാസമൌഡ്യത്തിന്റെ ഇര’യാണ് എന്ന വാചകത്തിലൂടെയാണ്  മാതൃഭൂമി മുഖപ്രസംഗം ആരംഭിക്കുന്നത്.

പ്രതിരോധകുത്തിവയ്പ്പ് ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യപ്രശ്‌നങ്ങളില്‍ മുസ്ലിം മതപണ്ഡിതരും നേതാക്കളും സര്‍ക്കാരിനും പ്രതിരോധകുത്തിവയ്പ്പുകള്‍ക്കും അനുകൂലമായ നിലപാടുകളാണ് എടുത്തിട്ടുള്ളതെന്നും അബ്ദുല്‍ റഹിമാന്‍ ഫൈസി പറഞ്ഞു. ഒറ്റപ്പെട്ട ആരെങ്കിലും മറിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരെ ബോധവല്‍ക്കരിക്കുന്നതിന് പകരം ഒരു സമുദായത്തെത്തന്നെ പഴിചാരുന്നത് പത്രധര്‍മ്മത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയില്‍ മതത്തിന്റെ പേരില്‍ പ്രതിരോധകുത്തിവയ്പ്പുകള്‍ക്ക് നേരെ നിഷേധമനോഭാവം വച്ചുപുലര്‍ത്തുന്നു എന്ന  ആരോപണമാണ് ഇന്നലെ മാതൃഭൂമി മുഖപ്രസംഗത്തിലൂടെ ഉന്നയിച്ചത്. അതേസമയം ഡിഫ്തീരിയ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒരു കുട്ടി കൂടി ഇന്ന് മരിച്ചു. മുഹമ്മദ് അഷ്ഫാഖാണ് ഇന്ന് രാവിലെ മരിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍