UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി’ അതിന്റെ തൊഴിലാളികളോട്

അഴിമുഖം പ്രതിനിധി

ഒരു ആയുഷ്‌കാലം മുഴുവന്‍ സ്ഥാപനത്തിനുവേണ്ടി വിയര്‍പ്പൊഴുക്കിയശേഷം വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയില്‍ കൈയിട്ടു വാരി മാതൃഭൂമി പത്രത്തിന്റെ മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നടപടികള്‍ തുടരുന്നു. ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ പി സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ മാധ്യമ പ്രവര്‍ത്തകരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള മജീദിയ വേജ് ബോര്‍ഡ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ ഇന്ത്യയിലെ എല്ലാ മാധ്യമങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. 2011 നവംബര്‍ 11 മുതലാണ് മുന്‍കാല പ്രാബല്യം നിശ്ചയിച്ചിരുന്നത്. അത് മുതല്‍ 2014 മാര്‍ച്ച് വരെയുള്ള ശമ്പള കുടിശിക നാല് തുല്യ ഗഡുക്കളായി ഒരു വര്‍ഷത്തിനകം നല്‍കണമെന്നും സദാശിവം അധ്യക്ഷനായ മൂന്നംഗ ബഞ്ച് 2014 ഫെബ്രുവരി ഏഴിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ 2015 മാര്‍ച്ചിനകം നല്‍കേണ്ടിയിരുന്ന ഈ കുടിശിക മാതൃഭൂമി മാനേജ്‌മെന്റ് വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും ഭൂരിപക്ഷം ജീവനക്കാര്‍ക്കും നല്‍കാതെ കോടതി വിധി ലംഘിച്ചിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകരുടെ ശമ്പള വര്‍ദ്ധവ് ശുപാര്‍ശ ചെയ്യുന്ന വേജ് ബോര്‍ഡ് ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും ഒരുമനസോടെ നിന്ന് സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയിരുന്നു. മാധ്യമ മുതലാളിമാരുടെ ആവശ്യം തള്ളിയാണ് മാധ്യമ തൊഴിലാളികളുടെ പക്ഷത്ത് കോടതി നിലയുറപ്പിച്ചത്. എന്നാല്‍ മാധ്യമ സ്ഥാപനങ്ങളെല്ലാം ആ വിധി നടപ്പിലാക്കിയെന്നു വരുത്തുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ നടത്തിയ ഇത്തരം നീക്കങ്ങള്‍ ജീവനക്കാര്‍ക്ക് നഷ്ടം മാത്രമാണ് നല്‍കിയിട്ടുള്ളത്. വേജ് ബോര്‍ഡ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ പങ്കെടുത്ത മാതൃഭൂമി ജീവനക്കാരെ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് സ്ഥലം മാറ്റിയാണ് ശിക്ഷിച്ചത്. മാനേജ്‌മെന്റിന്റെ പീഡനം കാരണം തൊഴില്‍ ഉപേക്ഷിച്ചു പോയവരുമുണ്ട്. 

2008 ജനുവരി മുതല്‍ 2011 നവംബര്‍ വരെ മാതൃഭൂമി ജീവനക്കാര്‍ക്ക് നല്‍കിയ പ്രത്യേക അലവന്‍സില്‍ ഈ കുടിശിക തുക തട്ടിക്കിഴിക്കുകയായിരുന്നു മാനേജ്‌മെന്റ്. കൂടാതെ വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയില്‍ നിന്നും പണം പിടിക്കുകയും ചെയ്തു. പൂര്‍വകാല പ്രബല്യത്തിന് മുമ്പുള്ള കാലാവധിയില്‍ നല്‍കിയ വേതനം കുടിശികയ്ക്ക് പകരമായി കണക്കാക്കി തിരിച്ചു പിടിച്ച് ജീവനക്കാര്‍ക്ക് കുടിശിക നിഷേധിക്കുകയായിരുന്നു മാനേജ്‌മെന്റ്.

മാതൃഭൂമിയില്‍ നിന്ന് വിരമിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എന്‍പി രാജേന്ദ്രന്റെ ഗ്രാറ്റുവിറ്റിയില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയാണ് മാനേജ്‌മെന്റ് പിടിച്ചെടുത്തത്. രാജേന്ദ്രന് 1,32,365 രൂപ ശമ്പള കുടിശ്ശിക നല്‍കേണ്ടതുണ്ടെന്നും എന്നാല്‍ 2008 മുതല്‍ 2011 വരെ നല്‍കിയ അലവന്‍സ് തിരിച്ചു പിടിക്കുന്നതിനാല്‍ ശമ്പള കുടിശ്ശിക ഇല്ലെന്നും പിരിയുമ്പോള്‍ നല്‍കേണ്ട ഗ്രാറ്റുവിറ്റിയില്‍ നിന്നും 95,970 രൂപ കൂടെ പിടിക്കുകയും ചെയ്യുന്നുമെന്നാണ് മാതൃഭൂമിയുടെ സീനിയര്‍ ഫൈനാന്‍സ് മാനേജര്‍ രാജേന്ദ്രന് നല്‍കിയ മറുപടി.

ഗ്രാറ്റുവിറ്റി നിയമപ്രകാരമോ വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ് പ്രകാരമോ ഇപ്രകാരം തുക തിരിച്ചുപിടിക്കാവുന്നതല്ല. കോടതി വിധിയുടെ ലംഘനം കൂടാതെ ഈ നിയമങ്ങളും മാതൃഭൂമി ലംഘിച്ചിരിക്കുന്നു. വേജ് ബോര്‍ഡ് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച കാലാവധിക്ക് പുറത്തുള്ള കാലത്ത് ജോലിയുടെ ഭാഗമായി നല്‍കിയിട്ടുള്ള ആനുകൂല്യമാണിത്. അവ അനുഭവിച്ചു കഴിഞ്ഞ അലവന്‍സാണ്. കൂടാതെ ആദായ നികുതിയും നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഇത് തിരിച്ചു നല്‍കുന്നതിന് സമ്മതിക്കുന്ന ഒരു കരാറിലും ജീവനക്കാര്‍ ഒപ്പുവച്ചിരുന്നുമില്ല.

ടി അരുണ്‍ കുമാര്‍, ടി സുരേഷ് ബാബു, കെ ആര്‍ ബൈജു, പ്രസന്ന കുമാര്‍ തുടങ്ങിയവരുടെ കൈയില്‍ നിന്നും മാനേജ്‌മെന്റ് ഗ്രാറ്റുവിറ്റി തുക പിടിച്ചിട്ടുണ്ട്. അരുണ്‍ കുമാറില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപയും സുരേഷ് ബാബുവില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷവും ബൈജുവില്‍ നിന്ന് രണ്ട് ലക്ഷത്തോളും പ്രസന്ന കുമാറില്‍ നിന്ന് മുക്കാല്‍ ലക്ഷവും മാനേജ്‌മെന്റ് തിരികെ പിടിച്ചു. മറ്റു ജീവനക്കാര്‍ പിരിയുന്ന മുറയ്ക്ക് അവരില്‍ നിന്നും ഇപ്രകാരം പണം തിരികെ പിടിക്കാന്‍ ഒരുങ്ങുകയാണെന്ന് കെ യു ഡബ്ല്യു ജെ ഇന്‍സ്‌പെക്ടര്‍ ഓഫ് ന്യൂസ് പേപ്പര്‍ എസ്റ്റാബ്ലിഷ്‌മെന്റിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഗ്രാറ്റുവിറ്റി കൃത്യ സമയത്ത് നല്‍കാതെയും മാനേജ്‌മെന്റ് വിരമിച്ച ജീവനക്കാര്‍ക്ക് നഷ്ടമുണ്ടാക്കി. വിരമിച്ച് 30 ദിവസത്തിനകം ഗ്രാറ്റുവിറ്റി പണം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മൂന്നും നാലും മാസം കഴിഞ്ഞാണ് അവര്‍ക്ക് തുക ലഭിച്ചത്. ഇതുമൂലം രാജേന്ദ്രന് 55,994 രൂപയും സുരേഷ് ബാബുവിന് 59,279 രൂപയും പ്രസന്ന കുമാറിന് 45,000 രൂപയും നഷ്ടമുണ്ടായി. പണം നല്‍കുന്നതുവരെയുള്ള പലിശയുടെ കണക്കാണിത്. ഈ തുക മാനേജ്‌മെന്റ് നല്‍കിയില്ല.

വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പിലാക്കിയപ്പോഴും മാസ വേതനത്തില്‍ വേരിയബിള്‍ പേ ചേര്‍ക്കാതെയാണ് ഇത്രയും കാലം പിഎഫ് അടവ് കമ്പനി കണക്കുകൂട്ടിയിരുന്നു. ആ തെറ്റ് കമ്പനി തിരുത്താന്‍ തയ്യാറായിയെങ്കിലും വിരമിച്ച ജീവനക്കാര്‍ക്ക് ബാധകമാക്കാന്‍ കമ്പനി തയ്യാറായില്ല. ഈ വിഹിതം ചേര്‍ക്കാതെയാണ് പിഎഫ് അനുവദിച്ചത്. ആ ഇനത്തിലെ കുടിശ്ശിക നല്‍കിയതുമില്ല. മാനേജ്‌മെന്റ് അടയ്‌ക്കേണ്ട പിഎഫ് തുക നിയമാനുസൃതമായ പലിശ സഹിതം വരിക്കാരന് നല്‍കാന്‍ മാനേജ്‌മെന്റിന് ബാധ്യതയുണ്ട്.

2011 നവംബര്‍ പതിനൊന്നിനും 2014 മാര്‍ച്ചിനും ഇടയില്‍ വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് വേജ് ബോര്‍ഡ് ശുപാര്‍ശ പ്രകാരമുള്ള കുടിശികയോടെയുള്ള ശമ്പള വര്‍ദ്ധനവ്, അതിന് ആനുപാതികമായുള്ള ഗ്രാറ്റുവിറ്റി, പിഎഫ് എന്നിവ നല്‍കാന്‍ മാനേജ് മെന്റ് ബാധ്യസ്ഥമാണ്. 2011 നവംബറിനുശേഷം വിരമിക്കുകയോ രാജി വയ്ക്കുയോ ചെയ്ത പത്രപ്രവര്‍ത്തകര്‍ക്ക് പുതിക്കിയ ശമ്പള നിരക്കുകള്‍ പ്രകാരമല്ല ഗ്രാറ്റുവിറ്റി നല്‍കിയിരിക്കുന്നത്. ഇതു കാരണം പല ജീവനക്കാര്‍ക്കും നാലും അഞ്ചും ലക്ഷം രൂപ വീതം നഷ്ടമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍