UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഥുര സംഘത്തിന്റെ നിഗൂഢലോകം

Avatar

അഴിമുഖം പ്രതിനിധി

2014 ഏപ്രില്‍, ധോത്തിയും കുര്‍ത്തയും ധരിച്ച, നരച്ചു തുടങ്ങിയ ഒരു കുറിയ മനുഷ്യന്‍, രാം വൃക്ഷ യാദവ്, 500-ഓളം വരുന്ന അനുയായികള്‍ക്കൊപ്പം മഥുരയിലെ ഒരു പാര്‍ക്ക് രണ്ടു ദിവസത്തെ പ്രതിഷേധത്തിനായി കയ്യേറി.

പക്ഷേ, സ്വാധീന്‍ ഭാരത് വിധിക് സത്യാഗ്രഹ് എന്ന സംഘവും അവരുടെ സായുധ വിഭാഗമായ സുഭാഷ് സേനയും പിന്നെ അവിടം വിട്ടുപോയില്ല. ആ പ്രദേശം സ്വയംപ്രഖ്യാപിത വിപ്ലവ സംഘത്തിന്റെ  കേന്ദ്ര ആസ്ഥാനമാക്കി. പ്രദേശവാസികള്‍ അവരെ നക്സലൈറ്റുകള്‍ എന്നാണ് വിളിച്ചത്.

വ്യാഴാഴ്ച്ച കോടതി ഉത്തരവ് പ്രകാരം അവരെ ഒഴിപ്പിക്കാനെത്തിയ പൊലീസ്, മൂവായിരത്തിലേറെ വരുന്ന, ആയുധധാരികളായ അനുയായികളുമായി ഏറ്റുമുട്ടുന്നതുവരെ ഈ സംഘത്തെക്കുറിച്ച് കാര്യമായൊന്നും പുറത്തറിയില്ലായിരുന്നു. ഏറ്റുമുട്ടലില്‍ മഥുര പൊലീസ് മേധാവിയടക്കം 24 പേര്‍ കൊല്ലപ്പെട്ടു.

പൊലീസ് ചേര്‍ത്തുവെക്കുന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്ര ബോസിനെ ആരാധനാ പുരുഷനാക്കി സങ്കുചിതമായ ലോകധാരണകളോടെ രൂപപ്പെട്ട അത്ര സംഘടിതമല്ലാത്ത ഒരു സംഘമാണിത്.

‘ജയ് ഹിന്ദ്, ജയ് സുഭാഷ്’ എന്ന മുദ്രാവാക്യത്തോടെയാണ് യാദവ് ഈ സംഘം ഉണ്ടാക്കിയത്. പ്രദേശത്തെ കൌമാരക്കാര്‍ക്ക് ആയുധപരിശീലനം നല്‍കി ഒരു തീവ്രവാദ സംഘടനയുണ്ടാക്കി, ബോസിനാല്‍ പ്രചോദിതമായ ഒരു ലോകവീക്ഷണത്തോടെ നിലവിലെ രാഷ്ട്രീയവ്യവസ്ഥയെ അട്ടിമറിക്കലായിരുന്നു അവരുടെ ശ്രമം.

രണ്ടു വര്‍ഷമായി ജവഹര്‍ ബാഗ് അവരുടെ കേന്ദ്രമായിരുന്നു. നാട്ടുകാര്‍ പറയുന്നത് പാര്‍ക്കിന് അകത്തുനിന്നുള്ള ഉച്ചഭാഷിണി സന്ദേശങ്ങളോടെയാണ് അവരുടെ പ്രഭാതങ്ങള്‍ തുടങ്ങിയിരുന്നത് എന്നാണ്. ജവഹര്‍ പാര്‍ക്കിന് ചുറ്റുമുള്ള താമസക്കാര്‍ ഇവരെ വിളിക്കുന്നത് ഭൂമി കയ്യേറ്റക്കാരും തെമ്മാടികളും എന്നാണ്.

“അവര്‍ എപ്പോഴും ആസാദ് ഹിന്ദുസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിക്കുകയും സര്‍ക്കാരിനെ ശപിക്കുകയും ചെയ്തിരുന്നു. ഒരു രൂപയ്ക്ക് 60 ലിറ്റര്‍ ഡീസലും, 40 ലിറ്റര്‍ പെട്രോളും കിട്ടുന്ന വേറൊരു രാജ്യത്തെക്കുറിച്ചാണ് അവര്‍ പറഞ്ഞിരുന്നത്. ഞങ്ങള്‍ ചിരിക്കും,” നാട്ടുകാരിലൊരാള്‍ പറഞ്ഞു.

പാര്‍ക്കില്‍ അവരൊരു സ്വാശ്രയ ജീവിതം രൂപപ്പെടുത്തിയിരുന്നു; പച്ചക്കറി തോട്ടമടക്കം. അധികവും ഉരുളക്കിഴങ്ങാണ് കൃഷി ചെയ്തിരുന്നത്. പൊലീസിനെയടക്കം ആരെയും അതിനകത്തേക്ക് കയറാന്‍ അനുവദിച്ചിരുന്നില്ല. ഓരോ 10-15 കുടിലുകള്‍ക്കും ശൌചാലയങ്ങള്‍ പണിതിരുന്നു. കുടുംബങ്ങള്‍ക്ക് അരിയും സാധനങ്ങളും കൊണ്ടുവരാന്‍ ട്രാക്ടറും ഉപയോഗിച്ചിരുന്നു.

യാദവിനെ കുറിച്ചു അധികമൊന്നും അറിയില്ല. നാലു കൊല്ലം മുമ്പ് മരിച്ചുപോയ ജയ് ഗുരുദേവ് എന്ന, വളരെ സ്വാധീനമുണ്ടായിരുന്ന ഒരു മതനേതാവിന്റെ അനുയായികളില്‍ നിന്നാണ് ഈ സംഘം രൂപമെടുത്തതെന്ന് കരുതുന്നു.

കാലം സൂചിപ്പിക്കാത്ത ചില ചിത്രങ്ങളില്‍ ഇയാള്‍ തോക്കുധാരികളായ അനുയായികള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്; പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തുന്നു; അനുയായികളുടെ ജാഥ നടത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടതായും പറയുന്നു.

സര്‍ക്കാരിലേക്കുള്ള പല തെരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന് സംഘം ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയ ഒന്നാണ് പാര്‍ലമെന്ററി സംവിധാനം എന്നും അതുകൊണ്ട് പ്രധാനമന്ത്രി, രാഷ്ട്രപതി പദവികള്‍ റദ്ദാക്കണമെന്നും സംഘം ആവശ്യപ്പെടുന്നു. ഇപ്പോള്‍ പൊലീസ് കീറിക്കളഞ്ഞ ഒരു പോസ്റ്ററില്‍ രാഷ്ട്രപതിയുടെ രാജ്യം ഏതാണെന്ന് അറിയണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ അംഗീകരിക്കാത്ത സംഘം രാഷ്ട്രപതി വിദേശ രാജ്യക്കാരനാണെന്നും ആരോപിക്കുന്നുണ്ട്.

ഇന്ത്യന്‍ നാണയം മാറ്റണമെന്നാണ് അവരുടെ പ്രധാന ആവശ്യം. പല കാര്യാലയങ്ങളിലും അവര്‍ ഇതുന്നയിച്ചു പോസ്റ്ററുകള്‍ പതിച്ചു. ‘ഇനി എന്റെ രാജ്യത്ത് ആസാദ് ഹിന്ദ് നാണയമായിരിക്കും പ്രചരിക്കുക,’ എന്നാണ് ഒരു പോസ്റ്ററില്‍ പറയുന്നത്.

അടുത്തുള്ള കോടതിയുടെയും പൊലീസ് സ്റ്റേഷന്റെയും മതിലില്‍ അധികവും ചുവന്ന ചായംകൊണ്ട് എഴുതിവെച്ചിരിക്കുന്നത്, ‘നിങ്ങള്‍ സ്വതന്ത്രഭാരത നാണയം ഉപയോഗിക്കുകയോ അല്ലെങ്കില്‍ ഇന്ത്യ വിടുകയോ ചെയ്യുക,’ എന്നാണ്. തഹസീല്‍ദാരുടെ കാര്യാലയത്തിന് പുറത്ത് ,’ജയ് സുഭാഷ് എന്ന് പറയൂ’ എന്നും എഴുതിയിട്ടുണ്ട്.

2014-ല്‍ സത്യാഗ്രഹ് അംഗങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ അവസാനിപ്പിക്കുക, വിലകുറച്ച് ഇന്ധനം നല്കുക, ബോസിന്റെ ആസാദ് ഹിന്ദ് ബാങ്ക് മാതൃകയിലെ പുതിയ നാണയം തുടങ്ങിയ വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മധ്യ പ്രദേശിലെ സാഗറില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് ഒരു ജാഥ തുടങ്ങിയിരുന്നു.

ബോസിന്റെ 1945-ലെ തിരോധാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്ന ഇവര്‍, പല സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതിനു ശേഷമാണ് മഥുരയിലെ ജവഹര്‍ ബാഗില്‍ ഈ വ്യാഴാഴ്ച വരെ താവളമടിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍