UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവേലിക്കര മാവോയിസ്റ്റ് കേസ്: അഞ്ച് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

അയ്യായിരം രൂപ പിഴ ഈടാക്കാത്ത സാഹചര്യത്തില്‍ അഞ്ച് മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും

മാവേലിക്കര മാവോയിസ്റ്റ് കേസില്‍ അഞ്ച് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. മാവേലിക്കര കുറത്തിക്കാട് കരുവേലില്‍ രാജേഷ് മാധവന്‍(39), തമിഴ്‌നാട് ചെല്ലയ്യൂര്‍ സ്വദേശി ഗോപാല്‍(57), കൊല്ലം മയ്യനാട് ദവളക്കുഴി കൈപ്പുഴവിള വീട്ടില്‍ ദേവരാജന്‍(57), തിരുവനന്തപുരം ചിറയിന്‍കീഴ് തോട്ടശേരിയില്‍ വീട്ടില്‍ ബാഹുലേയന്‍(55), മൂവാറ്റുപുഴ ഐരപ്പുറം മന്നാടി കീഴില്ലം കുരിയന്നൂര്‍ വീട്ടില്‍ അജയകുമാര്‍(54) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

ഇവര്‍ കേസില്‍ യഥാക്രമം ഒന്നു മുതല്‍ അഞ്ച് വരെ പ്രതികളാണ്. എറണാകുളം എന്‍ഐഎ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2012 ഡിസംബര്‍ 29ന് മാവേലിക്കരയിലെ ചെറുമടം ലോഡ്ജില്‍ സിപിഐ(മാവോയിസ്റ്റ്) പാര്‍ട്ടിയുടെ പോഷകസംഘടനയായ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്നതാണ് മാവേലിക്കര മാവോയിസ്റ്റ് കേസ്. ആര്‍ഡിഎഫിന്റെ വിദ്യാര്‍ത്ഥി സംഘടന രൂപീകരണമായിരുന്നു യോഗത്തിന്റെ ലക്ഷ്യം. യോഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും പങ്കെടുത്തിരുന്നു. യോഗസ്ഥലത്തു നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മാവേലിക്കര പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2013 മെയ് 16ന് എന്‍ഐഎ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.

എന്‍ഐഎ അന്വേഷണത്തില്‍ 2015 ഏപ്രില്‍ 22ന് രാജേഷ്, ഗോപാല്‍, ദേവരാജന്‍, ബാഹുലേയന്‍, അജയന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷം കഠിന തടവ് കൂടാതെ അയ്യായിരം രൂപ പിഴയും ഈടാക്കണമെന്നാണ് വിധി. പിഴ ഈടാക്കാത്ത സാഹചര്യത്തില്‍ അഞ്ച് മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍