UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കിക്കാവാന്‍ പ്രമേഹമരുന്നും; ഞെട്ടിക്കുന്ന കണ്ടെത്തലുമായി എക്സൈസ് വകുപ്പ്

പ്രമേഹ മരുന്നായ മാക്സ്ഗാലിന്‍ ലഹരിക്കായി ഉപയോഗിക്കുമ്പോള്‍

ഒരറ്റത്ത് ലഹരി ഉപയോഗം കുറയ്ക്കാനുള്ള നടപടികള്‍ തകൃതിയായി നടക്കുമ്പോള്‍ ഇവയെ മറികടക്കാനുള്ള പുതുവഴി തേടുകയാണ് കേരളത്തിലെ യുവതലമുറ. മദ്യനയം, വ്യാപകമായ കഞ്ചാവ് വേട്ട എന്നിങ്ങനെ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ലഹരി ഉപയോഗത്തെ തളയ്ക്കാനാവില്ലെന്ന് വ്യക്തമാകുന്നതാണ് എക്‌സൈസ് വകുപ്പ് പുറത്തുവിടുന്ന പുതിയ വിവരങ്ങള്‍. പ്രമേഹ രോഗികള്‍ക്ക് നല്‍കുന്ന മരുന്നില്‍ പോലും ലഹരി തേടുകയാണ് കേരളത്തിലെ ചെറുപ്പക്കാര്‍. ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് എക്‌സൈസ് വകുപ്പ് നടത്തിയിരിക്കുന്നത്.

പ്രമേഹ രോഗികള്‍ക്ക് വ്യാപകമായി നല്‍കുന്ന മാക്‌സ് ഗാലിന്‍ എന്ന മരുന്നാണ് പുതിയ വില്ലന്‍. നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കാനായി നല്‍കുന്ന ഈ മരുന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വന്‍ തോതില്‍ വിറ്റു പോവുന്നത് എക്‌സൈസ് അധികൃതരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി തേടിയെത്തുന്ന ചെറുപ്പക്കാര്‍ ഈ മരുന്നിലേക്ക് തിരിഞ്ഞതായി കണ്ടെത്തിയത്. മാക്‌സ് ഗാലിന്‍ ലഭിക്കാന്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ല. ഇത് ഇത്തരക്കാര്‍ക്ക് സഹായകമാവുകയാണ്.

അപസ്മാര രോഗത്തിനുള്ള മരുന്നായാണ് ട്രിഗര്‍ വാലിന്‍ കണ്ടന്റുള്ള മാക്‌സ് ഗാലിന്‍ മരുന്ന് വിപണിയിലെത്തുന്നത്. നാഡീ ഞരമ്പുകളുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ക്കും ഈ മരുന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്  മാക്‌സ് ഗാലിന്‍ പ്രമേഹ രോഗികള്‍ക്കും നല്‍കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഇതോടെ ഈ മരുന്നിന് കൂടുതല്‍ സ്വീകാര്യതയും ലഭിച്ചു. പ്രമേഹ രോഗികള്‍ക്ക് ന്യൂറോപ്പതി മരുന്നായാണ് ഇപ്പോള്‍ മാക്‌സ് ഗാലിന്‍ കൂടുതലും ഉപയോഗിക്കുന്നത്. പ്രമേഹം ബാധിച്ചവര്‍ക്കുണ്ടാവുന്ന കൈ, കാല്‍ മരവിപ്പ്, ശരീര വേദന ഇവയെ പിടിച്ചു കെട്ടാന്‍ ഈ മരുന്ന് ഫലപ്രദമാണെന്ന് കണ്ട സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ഇതിന്റെ ഉപയോഗം നിര്‍ദ്ദേശിക്കുന്നത്. ഡയബറ്റിക് ന്യൂറോപ്പതിയ്ക്ക് ഫലപ്രദമായ മറ്റ് മരുന്നുകള്‍ നിലവിലില്ലാത്തതും ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

ഈ അടുത്തകാലത്ത് ഏറണാകുളം നഗരത്തിലെ ചില മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ നിരവധി പേര്‍ ഈ മരുന്ന് വാങ്ങുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ‘മാക്‌സ് ഗാലിന്‍ ഷെഡ്യൂള്‍ഡ് ഡ്രഗ് വിഭാഗത്തിലുള്ളതായിട്ടു പോലും പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാത്തത് അതിശയമാണ്. മരുന്ന് ചോദിച്ചെത്തുന്നവര്‍ക്കെല്ലാം ഇത് ലഭ്യമാണ്. ഉറക്ക ഗുളികകള്‍ ലഹരിയായി ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പ് വിവരം കിട്ടിയപ്പോള്‍ അത് തടയാനുള്ള നടപടികള്‍ എടുത്തതാണ്. അപ്പോഴാണ് ഈ പുതിയ മരുന്നിന്റെ ഉപയോഗം എക്‌സൈസിന്റെ ശ്രദ്ധയില്‍ വരുന്നത്. ഇതുപയോഗിച്ചാല്‍ വലിയ വിപത്തുകള്‍ ഉണ്ടാവും. പ്രത്യേകിച്ചും ചെറുപ്പക്കാരില്‍ ഇത് മോശം ഫലങ്ങളാണുണ്ടാക്കുക. ഇത് തടയാനുള്ള നടപടികള്‍ വേണം. ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ ചീട്ടുമായി എത്തുന്നവര്‍ക്ക് മാത്രമേ മാക്‌സ് ഗാലിന്‍ നല്‍കൂ എന്ന തീരുമാനമുണ്ടായാലേ ഇപ്പോഴത്തെ മരുന്നുപയോഗത്തിന് തടയിടാനാവൂ. കൗമാരക്കാരായ വിദ്യാര്‍ഥികളും മാക്‌സ് ഗാലിനില്‍ ലഹരി അന്വേഷിക്കുന്നവരില്‍ പെടുന്നു. അതിനാല്‍ രക്ഷിതാക്കളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.’ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ നാരായണന്‍ കുട്ടി പറഞ്ഞു.

ഡൈസെപ്പാം പോലുള്ള മരുന്നുകള്‍ ലഹരിയായി ഉപയോഗിക്കുന്നതായി മുമ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ മരുന്നുകള്‍ ഡോക്ടര്‍മാരുടെ ചീട്ടില്ലാതെ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. മരുന്ന് വിതരണത്തിന്റെ കണക്കുകളുടെ പരിശോധന ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ശക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ ഈ മരുന്നുകളുടെ ദുരുപയോഗം ഒരു പരിധിവരെ നിയന്ത്രിക്കാനായി എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. ഇതോടെ ചീട്ടില്ലാതെ ലഭിക്കുന്ന മാക്‌സ് ഗാലിനിലേക്ക് വിദ്യാര്‍ഥികളടക്കമുള്ളവര്‍ തിരിഞ്ഞതായാണ് ഇവരുടെ കണക്കുകൂട്ടല്‍. 50ാഴ യില്‍ തുടങ്ങി 600ാഴ വരെയുള്ള ഡോസേജുകളില്‍ ഈ മരുന്ന ലഭ്യമാണെന്നത് അപകട സൂചനയുണര്‍ത്തുന്നു.

മാക്‌സ് ഗാലിന്റെ ഉപയോഗം കിഡ്‌നി, കരള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഡയബറ്റിക് ന്യൂറോപ്പതി മരുന്നായാണ് ഡോക്ടര്‍മാര്‍ മാക്‌സ് ഗാലിന്‍ പലപ്പോഴും സജസ്റ്റ് ചെയ്യാറ്. പല ഡോസേജുകളില്‍ ഇത് ലഭ്യമാണ്. വിറ്റാമിന്‍ സംയുക്തമടങ്ങിയ മാക്‌സ് ഗാലിനും വിപണിയിലുണ്ട്. നാഡീ ഞരമ്പുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഈ മരുന്ന് നല്‍കുന്നത്. അതിനാല്‍ ഇതിന് ഉത്തേജക സ്വഭാവം ഉണ്ടാവാനിടയുണ്ട്. അതാണ് മരുന്നിന്റെ ദുരുപയോഗത്തിലേക്ക് എത്തിക്കുന്നതെന്ന് വേണം കരുതാന്‍. നിരവധി സൈഡ് എഫക്ടുള്ള മരുന്നായതിനാല്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഈ മരുന്നിന് ആവശ്യമാണ്. വേദന സംഹാരിയായും ഈ മരുന്നു ഫലപ്രദമാണ്. പ്രമേഹരോഗികള്‍ക്ക് നല്‍കുന്ന മരുന്നായി വിപണിയിലെത്തിയപ്പോള്‍ ഇതിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ സാഹചര്യമാണ് മരുന്ന് ദുരുപയോഗത്തിലേക്ക് നയിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുക, പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നശിപ്പിക്കുക, മന്ദത, ഉറക്കം തുടങ്ങി മാക്‌സ് ഗാലിന്‍ കഴിക്കുന്നത് കൊണ്ടുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. രോഗത്തിനല്ലാതെ ഇത് കഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. മെഡിക്കല്‍ ഷോപ്പുകളില്‍ കൃത്യമായ പരിശോധനകള്‍ നടത്തുന്നത് വഴിയേ ഇതിന്റെ ദുരുപയോഗം തടയാനാവൂ.’– ആരോഗ്യ വിദഗ്ദ്ധനായ ഡോ.ബി.പത്മകുമാര്‍ പറയുന്നു. മരുന്ന് കഴിക്കുമ്പോഴുണ്ടാവുന്ന പ്രത്യാഘാതത്തേക്കാള്‍ ഭയക്കേണ്ടത് അത് കഴിച്ചിരുന്നവര്‍ പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാവുന്ന ശാരീരിക പ്രയാസങ്ങളാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് നല്‍കാനിരിക്കുന്നവര്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത പലപ്പോഴുമുണ്ടാവാറില്ലെന്ന വിമര്‍ശനം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. നഗരങ്ങളിലെയും ആശുപത്രി പരിസരങ്ങളിലെയും തിരക്കേറിയ മെഡിക്കല്‍ ഷോപ്പുകളില്‍ പലപ്പോഴും പാര്‍ട് ടൈമായി ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുന്നവര്‍ വരെയുണ്ട്. നിശ്ചിത മണിക്കൂര്‍ മാത്രം മരുന്നെടുത്ത് നല്‍കല്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് പലപ്പോഴും മരുന്നുകളെ സംബന്ധിച്ച് വേണ്ടത്ര ധാരണയുമുണ്ടാകാറില്ല. ആഴ്ചയിലൊരിക്കല്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തണമെന്നുണ്ട്. എന്നാല്‍ ആവശ്യമുള്ളത്ര ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരില്ലെന്ന ന്യായം പറഞ്ഞ് പലപ്പോഴും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഈ പരിശോധനയില്‍ നിന്ന് ഒഴിയാറാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാസത്തിലൊരിക്കലെങ്കിലും പരിശോധന കര്‍ശനമാക്കിയാല്‍ ഇത്തരം മരുന്ന് ദുരുപയോഗം കുറയ്ക്കാനാവുമെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍