UPDATES

ട്രെന്‍ഡിങ്ങ്

ബുദ്ധസന്യാസിയായ മകന്‍; കോടികളുടെ സാമ്രാജ്യം; 2ജി കേസില്‍ ആനന്ദ കൃഷ്ണന്‍ ഡല്‍ഹി കോടതിയിലെത്തുമോ?

മാരന്‍ സഹോദരങ്ങളുടെ സണ്‍ നെറ്റ്‌വര്‍ക്കുമായുള്ള ഇടപാടുകളാണ് കൃഷ്ണനെ വെട്ടിലാക്കിയിരിക്കുന്നത്.

മലേഷ്യന്‍ ബിസിനസുകാരനായ ടി. ആനന്ദ കൃഷ്ണനോട് ഈ മാസം അവസാനിക്കുന്നതിനു മുമ്പ് 2ജി കേസിലെ പ്രത്യേക കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. ഹാജരായില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എയര്‍സെല്‍ ലിമിറ്റഡിനുള്ള 2ജി സ്‌പെക്ട്രം റദ്ദാക്കുമെന്നുമാണ് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്വതവേ പുറംലോകത്തു നിന്നകന്നു കഴിയുന്ന ആനന്ദ കൃഷ്ണന്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പുറത്തു വരുമോ? അതും ഇന്ത്യാ ഗേറ്റിനടുത്തുള്ള തിരക്കേറിയ പട്യാല ഹൗസ് കോടതിയില്‍ എന്നാണ് ഇനി അറിയേണ്ടത്. അതായത്, 10 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 67,000 കോടി രൂപ) ആസ്തിയുള്ള ഈ കോടീശ്വരന്‍ ഇന്ത്യയിലെ തന്റെ ബിസിനസ് താത്പര്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാകുമോ അതോ ഡല്‍ഹി കോടതിയില്‍ അദ്ദേഹം ഹാജരാകുമോ എന്നതാണ് ഏവരും കാത്തിരിക്കുന്നത്.

അതിന് കാരണവുമുണ്ട്. കാരണം ആനന്ദ കൃഷ്ണന്‍ എന്താണ് ചെയ്യുക എന്നതിനെ കുറിച്ച് നിങ്ങള്‍ക്കൊന്നും പ്രവചിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡുമായി തന്റെ കമ്പനിയ ലയിപ്പിക്കാനുള്ള നീക്കം അദ്ദേഹം ഉപേക്ഷിച്ചേക്കാം. അല്ലെങ്കില്‍ അദ്ദേഹം പുറത്തു വന്നേക്കാം. ബുദ്ധ സന്യാസിയായി മാറിയ മകനെ തിരഞ്ഞ് ഒരിക്കല്‍ തായ്‌ലാന്‍ഡിലെ വനത്തിനുള്ളിലേക്ക് പോയതു പോലെ.

നിഗൂഡതകളുടെ കോടീശ്വരന്‍
എയര്‍സെല്‍ ഇന്ത്യയില്‍ 74 ശതമാനം ഓഹരിയാണ് ആനന്ദ കൃഷ്ണന്റെ മാക്‌സിസ് ഗ്രൂപ്പിനുള്ളത്. അദ്ദേഹത്തോട് സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആനന്ദ കൃഷ്ണന്‍ അതിന് തയാറായിരുന്നില്ല. തുടര്‍ന്ന് ജനുവരി 27 വരെ സി.ബി.ഐ അദ്ദേഹത്തിന് സമയം നല്‍കുകയായിരുന്നു.

“ഈ രാജ്യത്തുള്ള അദ്ദേഹത്തിന്റെ എന്തെങ്കിലും സ്വത്തുക്കള്‍ ഉപയോഗിക്കണമെങ്കില്‍ ആനന്ദ കൃഷ്ണന്‍ ലോകത്തിന്റെ എവിടെയായാലും തങ്ങള്‍ക്കു മുമ്പാകെ ഹാജരായേ മതിയാകൂ”- സുപ്രീം കോടതി വ്യക്തമാക്കി.

ഒരുവിധപ്പെട്ട ധനികരെയൊക്കെ പോലെ കൃഷ്ണനൃം തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ആരംഭിച്ചത് 80-കളുടെ പകുതിയോടെയാണ്. 90-കളുടെ ആദ്യം മള്‍ട്ടിമീഡിയ ബിസിനസ് ലോകത്ത് പ്രവേശിച്ച അദ്ദേഹം ഇന്ന് രണ്ട് വമ്പന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനികളുടെ ഉടമയുമാണ്: മാക്‌സിസ് കമ്യൂണിക്കേഷന്‍സ്, MEASAT Broadcast Network Systems and SES World Skies – ഒപ്പം ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന മൂന്ന് കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളുടെ ഉടമയും.

ശ്രീലങ്കയില്‍ നിന്നു കുടിയേറിയ തമിഴ് ദമ്പതികളുടെ മകനായി കുലാലംപൂരിലാണ് ആനന്ദ കൃഷ്ണന്‍ ജനിച്ചത്. ഇന്ത്യയിലും ശ്രീലങ്കലയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമായി അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം പടര്‍ന്നു കിടക്കുന്നു.

കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആസ്‌ട്രോയും മാരന്‍ സഹോദരങ്ങളുടെ സണ്‍ നെറ്റ്‌വര്‍ക്കുമായുള്ള കരാര്‍ അനുസരിച്ച് ഇന്ത്യന്‍ വിപണിയേയും ഒപ്പം അമേരിക്ക, വടക്കന്‍ യൂറോപ്പ്, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലുമുള്ള തമിഴ് വംശജരേയും ലക്ഷ്യമിട്ട് ടി.വി ചാനലുകള്‍ പുറത്തിറക്കാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു. അതോടൊപ്പം ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുടെ ഇന്ററാക്ടീവ് ടി.വി സര്‍വീസും അദ്ദേഹത്തിന്റെ പദ്ധതിയില്‍ പെടുന്നതാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട പല കമ്പനികളിലും അദ്ദേഹത്തിന് ഓഹരികളുമുണ്ട്.

എന്നാല്‍ മാരന്‍ സഹോദരങ്ങളുടെ സണ്‍ നെറ്റ്‌വര്‍ക്കുമായുള്ള ഇടപാടുകളാണ് കൃഷ്ണനെ വെട്ടിലാക്കിയിരിക്കുന്നത്.

എയര്‍സെല്‍ സ്ഥാപകന്‍ സി. ശിവശങ്കരനില്‍ നിന്ന് 2006-ല്‍ 74 ശതമാനം ഓഹരി മാക്‌സിസ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ തനിക്കിത് നിര്‍ബന്ധപൂര്‍വം വില്‍ക്കേണ്ടി വന്നതാണെന്ന് ആരോപിച്ച് ശിവശങ്കരന്‍ രംഗത്തു വന്നു. അന്ന് ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശിവശങ്കരന്‍ ഇത് വിറ്റതെന്നാണ് സി.ബി.ഐയുടെ ആരോപണം. എയര്‍സെല്ലിനു വേണ്ട അനുമതി നല്‍കുന്നത് തടഞ്ഞുവച്ചു കൊണ്ടായിരുന്നു മാരന്റെ നടപടി. ഇതിനു പ്രത്യുപകാരമായി ദയാനിധി മാരന്റെ സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി.വി നെറ്റ്‌വര്‍ക്കില്‍ മാക്‌സിസ് നിക്ഷേപം നടത്തി. 640 കോടി രൂപയാണ് ഈ വിധത്തില്‍ സണ്‍ നെറ്റ്‌വര്‍ക്കില്‍ എത്തിയതെന്നാണ് കേസ്.

മനുഷ്യസ്‌നേഹിയായ ഒരു വ്യവസായ സംരംഭകന്‍ എന്നതില്‍ നിന്ന് ഇത്തരത്തിലുണ്ടായ വിവാദം ആനന്ദ കൃഷ്ണന്റെ പ്രതിച്ഛായയ്ക്കും മങ്ങലേല്‍പ്പിച്ചു. അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിലും ഏറെ കുഴപ്പങ്ങളുണ്ടാക്കുന്ന ഒന്നായി ഇത് മാറുകയും ചെയ്തു എന്നതാണ് മറ്റൊരു കാര്യം.

ബുദ്ധസന്യാസിയായ മകന്‍
കോടീശ്വരനായ ആനന്ദ കൃഷ്ണന്റെ ഏക മകന്‍ ഭൗതിക സൗകര്യങ്ങളെല്ലാം ത്യജിച്ച് ഇന്ന് തായ്‌ലന്‍ഡിലെ വനാന്തരങ്ങളിലെവിടെയോ ബുദ്ധ സന്യാസിയായി കഴിയുകയാണ്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആനന്ദ കൃഷ്ണന്റെ മകന്‍ പൊടുന്നനെ അപ്രത്യക്ഷനാകുകയായിരുന്നു എന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മകനെ തേടിയുള്ള ആനന്ദ കൃഷ്ണന്റെ അന്വേഷണം അദ്ദേഹത്തെ എതിച്ചത് വടക്കന്‍ തായ്‌ലാന്‍ഡിലെ ഒരു ബുദ്ധാശ്രമത്തിലായിരുന്നു. ബുദ്ധസന്യാസി വേഷത്തില്‍, ഭിക്ഷാ പാത്രവുമായി നില്‍ക്കുന്ന മകനെ കണ്ട് ആനന്ദ കൃഷ്ണന്‍ അയാളെ ഭക്ഷണത്തിന് ക്ഷണിച്ചു.

“എന്നോടുക്ഷമിക്കുക, അങ്ങയുടെ ക്ഷണം സ്വീകരിക്കാന്‍ എനിക്ക് കഴിയില്ല. ഇവിടുത്തെ മറ്റെല്ലാ സന്യാസിമാരേയും പോലെ ഞാനും എന്റെ ഭക്ഷണം ഭിക്ഷയെടുത്തുണ്ടാക്കിക്കൊള്ളാം”.- മകന്‍ അച്ഛനോട് വ്യക്തമാക്കി.

മകനോടുള്ള കൃഷ്ണന്റെ മറുപടി അക്കാലത്ത് ഏറെ മാധ്യമങ്ങളില്‍ തലക്കെട്ടായിരുന്നു. “ഇത്രയധികം സമ്പത്തുണ്ടായിട്ടും എനിക്കെന്റെ മകന് ഭക്ഷണം കൊടുക്കാന്‍ പോലും കഴിയുന്നില്ല…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍