UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

യാത്ര

കൊച്ചീനഗരം മാത്രം കണ്ടവന്‍ അട്ടപ്പാടി കണ്ടപോലെ-രണ്ടു യാത്രാനുഭവങ്ങള്‍

മായ ലീല

അട്ടപ്പാടിയും ലുലുമാളും ഏതാനും ചില ദിവസങ്ങളുടെ ഇടവേളയില് സന്ദര്‍ശിക്കാന് ഇടയായി, കഴിഞ്ഞ ഓഗസ്റ്റില്. പെരുച്ചാഴിയെന്ന സിനിമയിലെ പരാമര്‍ശത്തെ പറ്റി ഒട്ടനവധി അഭിപ്രായങ്ങള് വായിച്ചപ്പോഴാണ് അതോര്‍ത്തത്. രണ്ട് സ്ഥലവും സന്ദര്‍ശിച്ചതിനെ പറ്റി എഴുതണമെന്ന് തോന്നിയതും അങ്ങനാണ്. വിവാദ പരാമര്‍ശത്തെപ്പറ്റി അധികമൊന്നും പറയാനില്ല. സവര്‍ണ്ണ നിത്യഹരിത നായകന്മാര് വിളയുന്ന, വിഹരിക്കുന്ന മലയാള മുഖ്യധാരാ സിനിമയിലെ സ്ത്രീവിരുദ്ധതയും നയ-നിലപാടുകളിലെ ശരികേടുകളും പറഞ്ഞാല് തീരുന്നവയല്ല. സിനിമയെന്നാല് സാമൂഹ്യ പ്രബുദ്ധതയെക്കുറിച്ച് ഉത്തരവാദിത്തമുള്ള മാധ്യമം ആണെന്നും അല്ലെന്നും വാദങ്ങള്‍ ഉള്ളപ്പോള്‍ അത് വിദഗ്ദ്ധര്‍ക്കു വിടുന്നതാണ് നല്ലത്.

ആദ്യത്തെ യാത്ര; വിപണിയിലേയ്ക്ക്
കൊച്ചിയില് പോയത് ഓറിയോണ് എന്ന സുഹൃത്തിനെ കാണാനാണ്. നാഷണല്‍ ഹൈവേയുടെ അരികില്‍ ആയതുകൊണ്ടും സാമാന്യം വലിപ്പം ഉള്ളതുകൊണ്ടും ലുലുവാണ് അടയാളം പറഞ്ഞിരുന്നത്. അവിടെ ഇറങ്ങി ഓറിയോണിന്‍റെയൊപ്പം വീട്ടില്‍ പോയി കുടുംബത്തെയും കണ്ട് ഗഡിയുടെ കുറേയധികം ചിത്രകലാവിരുതുകളും മറ്റും കണ്ട് വൈകുന്നേരം തിരിച്ചു പോകാന്‍ നേരമാണ് ലുലു വാണിഭകേന്ദ്രത്തില്‍ പോയത് (മാള് മാള്ന്നു എഴുതാന് തന്നെ ഒരു ചൊവ്വില്ല! അതുകൊണ്ട് മാളിന്റെ മലയാളം, വാണിഭകേന്ദ്രം). മണിച്ചിത്രത്താഴില്‍ കാണിക്കുന്നത് പോലെ ഓട്ടോറിക്ഷയില്‍ ഗുടുഗുടുന്ന് ഉരുണ്ടുപിരണ്ട് വായിലും മൂക്കിലും അണ്ഡകടാഹം വരെ പൊടിയും ശ്വസിച്ചു കേറ്റി ആവശ്യത്തിലധികം തിരക്കിലും പെട്ട് കാത്തുകിടന്ന് ഒരുവിധം അങ്ങെത്തി. തിരിച്ചു പോകാനുള്ള വണ്ടി വരാന്‍ വൈകുമെന്നറിയിച്ചത് കൊണ്ട് ലുലുവില്‍ കയറി സമയം കൊല്ലാമെന്നും ഭക്ഷണം കഴിക്കാമെന്നും പദ്ധതിയിട്ടു. പ്രത്യേകിച്ച് ഒന്നും വാണിഭം നടത്താന് ഉണ്ടായിരുന്നില്ല, വിശപ്പും കുറവായിരുന്നു. അതുകൊണ്ട് കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഞങ്ങളെപ്പോലെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും വെറും വെറുതെ നടക്കുന്നവരാണ് അതി.ല്‍ കൂടുതലും എന്ന് സംശയിക്കണം. പ്രത്യേകമായി കാണാനോ വിവരിക്കാനോ ഒന്നും തന്നെയില്ല. കുറച്ചു കടകളും പിന്നെ ഭക്ഷണശാലകളും (വാണിഭകേന്ദ്രത്തില്‍ പിന്നെ ആരാധാനലയങ്ങള്‍ വരുമോ എന്ന് ചോദിക്കരുത്, വരാനും വരാതിരിക്കാനും സാധ്യതയുണ്ട്). നാടന്‍ മലയാളികള്‍ക്ക് സുപരിചിതം അല്ലാത്തതായി അതില്‍ elevator  എന്ന ഒഴുകുന്ന പടികൾ മാത്രമാവും ഉണ്ടാവുക. നടക്കുന്നവരൊക്കെ പരപരാ നോക്കി യാതൊരു ദിശാബോധവുമില്ലാതെ നടക്കുന്നു. സാധനങ്ങൾ വാങ്ങുക എന്നതിലുപരി കാഴ്ച കാണല്‍ മഹാമഹമാണ് കൂടുതലും. മലയാളി പുരുഷന്റെ ജന്മസിദ്ധമായ കഴിവുകൾ അങ്ങേയറ്റം പ്രദർശ്ശിപ്പിച്ചുകൊണ്ട് അവരുടെ പ്രതിനിധികൾ അങ്ങോളം ഇങ്ങോളം അലയുന്നു. കണ്ണിൽപ്പെടുന്ന മൂടും മുലയുമുള്ള ശരീരങ്ങളെ അവർ നോക്കി അളക്കുന്നു, ചിരിക്കുന്നു, കൂട്ടുകാർക്ക് അപൂർവ്വ കാഴ്ചകൾ വിളിച്ചു കാണിക്കുന്നു. ചരക്കുകൾ എന്ന് വിളിക്കപ്പെടുന്ന, നാട്ടിലുള്ള ആണുങ്ങൾക്ക് മാത്രം കാണാൻ കഴിയുന്ന, ജീവികളെ തിരഞ്ഞാണ് അവരീ വാണിഭകേന്ദ്രത്തിൽ വരുന്നത് തന്നെ. ഇത് റോഡിൽ കിട്ടില്ലേന്ന് ചോദിക്ക്, ഓ.. റോഡിൽ തലമുറകളായി അവരിതുതന്നെ ചെയ്തുചെയ്തു മടുത്തില്ലേ, പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നവരെ കുറ്റപ്പെടുത്താൻ പറ്റില്ല.

അങ്ങനെ പലവിധ ബഹുജനങ്ങളെ കണ്ടു ക്ഷീണിച്ച് വിശന്നപ്പോൾ ദോശ തിന്നാമെന്നു കരുതി ഒരു കടയില് കയറി. ദോഷം പറയരുതല്ലോ, അവനവനു തിന്നാനുള്ളത് വെച്ചിരിക്കുന്ന മേശയും പരിസരവും പോലും വൃത്തികേടാക്കാനുള്ള നൂറ്റൊന്ന് വഴികൾ എളുപ്പത്തിൽ പഠിക്കാം. ഭക്ഷണം വാങ്ങാനുള്ള കൗണ്ടറിലെ ഇടിയും തള്ളും കൊണ്ട് മരിക്കാൻ താത്പര്യമില്ലാഞ്ഞത് കാരണം ഓറിയോൺ ആണ് അതു മേശയിൽ എത്തിക്കുക എന്ന സാഹസം ഏറ്റെടുത്തത്. രണ്ടു നെയ് റോസ്റ്റ്, ഒന്നിനു ഏതാണ്ട് അമ്പതു രൂപയ്ക്കും മുകളിലുണ്ടായിരുന്നു. ഞെട്ടി, പിന്നേം ഞെട്ടി. ആ ഞെട്ടല് രേഖപ്പെടുത്തി ദോശ കഴിച്ചു. എത്രയും പെട്ടെന്നു തീറ്റിയും കഴിഞ്ഞ് അവിടുന്നു പോരുകയും ചെയ്തു. പോകാനുള്ള വണ്ടി വന്നു, പോയി.

ഞങ്ങള്‍ അറിഞ്ഞുകൊണ്ട് രണ്ടു തെറ്റുകളാണ് അന്നു ചെയ്തത്. ഒന്ന് വാണിഭകേന്ദ്രത്തില് സമയം കൊല്ലാന്‍ കയറി, രണ്ട് ദോശമാവിന് പത്തരമാറ്റുള്ളത് പോലെ വിലയീടാക്കുന്നവരുടെ അടുത്തേയ്ക്ക് അറിഞ്ഞുകൊണ്ട് കഴുത്ത് കൊണ്ടുവെച്ചു കൊടുത്തു. അട്ടപ്പാടിയില്‍ നിന്നായാലും അനന്തപുരിയില്‍ നിന്നായാലും ആവശ്യമുണ്ടെങ്കില്‍, അതായത് സാധനങ്ങള് വാങ്ങാനോ വില്ക്കാനോ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ കാശിന് യാതൊരു വിലയുമില്ലെങ്കില്‍ മാത്രമേ ഇത്തരം കേന്ദ്രങ്ങളില് കയറാവൂ. ലുലുവില്‍ കണ്ട് അമ്പരക്കാനും ഇഷ്ടപ്പെടാനും പ്രത്യേകിച്ച് ഒന്നുമില്ല. മനുഷ്യ നിര്‍മ്മിതമായ ഒരു വലിയ കെട്ടിടം, അതിനകത്ത് ശീതീകരണവും തിളങ്ങുന്ന അകവും കുറേ മുറികളും സാധനങ്ങളും.  അതും വില്‍പ്പനക്കാരന്റെ കുബുദ്ധിയാണ്, ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലാഭങ്ങള്‍ കൊയ്യാനും. അതില് ഭംഗിയും സൌന്ദര്യവും ഇല്ല, വരവുചിലവുകളുടെ ലക്ഷ്യത്തെ ന്യായീകരിച്ചുകൊണ്ടുള്ള മുതലാളിത്ത അടവ് മാത്രം. തെങ്ങില്‍ പശുവിനെ കെട്ടിയിട്ട് തെങ്ങിന് പകരം പശുവിനെ വിശദീകരിക്കുന്നത് പോലെ ജനങ്ങളെ ആകര്‍ഷിക്കാനും പിടിച്ചുനിര്‍ത്താനും ഉപഭോക്തൃ സംസ്കാരം വളര്‍ത്തിയെടുക്കാനും ഉള്ള തന്ത്രമാണ് വിപണിയുടെ ലാഭേച്ഛയെ  ഇങ്ങനെ തിളങ്ങുന്ന വര്‍ണ്ണക്കടലാസില് പൊതിഞ്ഞു തരുന്നത്.

രണ്ടാമത്തെ യാത്ര; പ്രകൃതിയിലേയ്ക്ക് 
ഒരാഴ്ച കഴിഞ്ഞാണ് അട്ടപ്പാടിയിലേയ്ക്ക് പോയത്. പ്രജില്‍ എന്ന സുഹൃത്തിന്റെയൊപ്പം. മണ്ണാര്‍ക്കാടുന്ന് ബസ്സ് കയറുമ്പോള്‍ മുതല്‍ മഴയുണ്ട്. ഒരുപാട് കയറ്റങ്ങളും ഇറക്കങ്ങളും വളവും പുളവും ഉള്ള റോഡ്. മഴ കനത്തപ്പോള്‍ പോലും ചില പിന്തിരിപ്പന്‍ മൂരാച്ചികള്‍ ഒഴികെ ആരും തന്നെ ജനാലകള്‍ അടച്ചില്ല. അത്രയ്ക്കും ആസ്വദിക്കാന്‍ ഉണ്ടായിരുന്നു ആ യാത്ര. മനോഹരമായ ഒരു കൊച്ചു വെള്ളച്ചാട്ടം വഴിയരികില്‍ കണ്ടു. മഴകൊണ്ട് ഉണ്ടായതാവണം. പിന്നേയും കേള്‍ക്കുന്നുണ്ടായിരുന്നു ഇടയ്ക്ക് അരുവികള്‍ ഒഴുകുന്ന ശബ്ദം. ചുറ്റും കടുംപച്ച നിറവും മഴയുടേയും കോടയുടെയും തണുപ്പും “കല്പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍” തുടങ്ങിയ ഗാനങ്ങളുടെ അകമ്പടിയോടു കൂടെയും ഞങ്ങള്‍ ആ മല കയറി. അതുമുഴുവന്‍ നുകരുവാന്‍ തന്നെ ഉണര്‍വ് തികയുമായിരുന്നില്ല. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാനോ മറ്റെന്തെങ്കിലും അലട്ടുകയോ ചെയ്യാനുള്ള ഇടമില്ലാത്തവിധം അതിങ്ങനെ ബോധമണ്ഡലം നിറഞ്ഞു കയറി. ഇടയ്ക്കൊരു മല മൊട്ടപോലെ തരിശായി ബ്രൌണ് നിറത്തില്‍ നില്ക്കുന്നതു കണ്ടു. അധികാരികളുടെ കോപ്രായങ്ങളും പരീക്ഷണങ്ങളുമാണ് യൂക്കാലിപ്റ്റസ് എന്ന കാലനെക്കൊണ്ട് അപ്പണി ചെയ്യിച്ചത് എന്ന് പ്രജില്‍ അതിന്റെ ചരിത്രം പറഞ്ഞു തന്നു. അത്രയും കടുംപച്ച നിറമുള്ള തുടിയ്ക്കുന്ന ജീവന്റെ ഇടയില്‍ ശ്മശാനം പോലൊരു തരിശു ഭൂമി. വലിയൊരു കാടിന് നടുവില്‍ അത്രയും വ്യാപകമായി പച്ചപ്പ് തുടച്ചു മാറ്റാന്‍ മനുഷ്യ ചെയ്തികള്ക്ക് കഴിയും എന്നത് ഒരുപാട് ഭീതിയും അമര്‍ഷവും നിരാശയും ഉണ്ടാക്കുന്നതായിരുന്നു. അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല നശിപ്പിക്കപ്പെട്ട കഥകേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പോലൊരു നിസ്സാഹയതയും. പ്രകൃതിയ്ക്ക് മേല്‍ വിപണിയുടെ ലാഭേച്ഛ വലുതാകുമ്പോള്‍ ജീവനും ജീവിതങ്ങളും പച്ചപ്പും തുടച്ചുമാറ്റപ്പെടണമായിരിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം 

ലൈംഗിക മനോരോഗികള്‍ വീട് കൈയടക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എവിടെയാണ്?
കാവിരാജ്യക്കാര്‍ ചരിത്രത്തില്‍ നടത്തുന്ന കുത്തിത്തിരുപ്പുകള്‍
സബീന എന്ന ചിന്തിക്കുന്ന സ്ത്രീ
കരഞ്ഞു തീരാത്ത ഒരു പെണ്‍കുട്ടി
വിവാഹിതകളേ അതിലേ ഇതിലേ!

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരിക്കുന്ന സമയമായിരുന്നു. അവിടെ കോട്ടത്തറ എന്ന സ്ഥലത്ത് ഞങ്ങള്‍ ഇറങ്ങി. അവിടുത്തെ ആശുപത്രിയില് ഒരു വര്‍ഷത്തേയ്ക്ക് സേവനത്തിന് വന്ന ഒരു ഡോക്ടറെയും പിന്നെ അവിടെ തന്നെ താമസിച്ചു സേവനം നടത്തുന്ന ഒരു വൈദികനെയും പരിചയപ്പെട്ടു. ഒരു കൈ തളര്‍ന്ന, ഹൃദ്രോഗിയായ പപ്പ എന്ന സ്ത്രീയെ പ്രസവിക്കാന്‍ സമ്മതിക്കാതെ കൂടെ നില്‍ക്കാന്‍ ആളില്ല എന്ന കാരണം കാണിച്ച് വീട്ടിലേയ്ക്ക് പറഞ്ഞയക്കാനുള്ള അധികാരികളുടെ ശ്രമത്തെ പ്രജിലിന്റെ കൂട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. പപ്പ ആശുപത്രിയില്‍ തന്നെ പ്രവസിച്ചു, കുഞ്ഞിനേയും അമ്മയെയും കാണാന്‍ ഞങ്ങള്‍ ആശുപത്രിയില്‍ പോയി. രണ്ടാളും സുഖമായിരിക്കുന്നു, കൂട്ട് നില്‍ക്കാന്‍ അവര്‍ തന്നെ ഒരു ഹോം നഴ്സിനെ നിയോഗിച്ചിരുന്നു. പിന്നേയും ചില കുടുംബങ്ങളെ കണ്ടു. ആദിവാസികളുടെ തനത് വേഷവിധാനത്തോടെയുള്ള ഒരു പ്രായമായ സ്ത്രീയെയും കണ്ടു. അവരെ ഒരാളെ മാത്രമാണ് ആ വേഷത്തില് ആ യാത്രയില്‍ ആകെ കണ്ടത്. ബെഡ് കിട്ടാത്തതുകൊണ്ട് നിലത്തൊരു പായ വിരിച്ച് അതിലായിരുന്നു അവര്‍ കിടന്നിരുന്നത്. ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ വളരെ നാണത്തോടെ ചിരിച്ചു തന്നു. ആശുപത്രിയില്‍ കിടക്കുന്ന രോഗിയുടെ ഫോട്ടോ കൌതുകത്തിന്റെ പേരില് എടുത്തോട്ടെ എന്ന് ചോദിച്ച പരിതാപകരമായ മാനസികാവസ്ഥ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞത് കൊണ്ട് പിന്നെ അതിനു നിന്നില്ല.

അവിടുന്നിറങ്ങി ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയി. ഊണായിരുന്നു, രണ്ടും മൂന്നും തവണ വാങ്ങി കഴിക്കാം, ഒറ്റ വിലയേ ഉള്ളു. മുപ്പതു രൂപയോ മറ്റോ ആയിരുന്നു. അതിനിടയില്‍ വള്ളി എന്നൊരു സ്ത്രീയെ പരിചയപ്പെട്ടു. മുഡുഗര്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു എന്നാണ് ഓര്‍മ്മ. അവരും ഞങ്ങളുടെയൊപ്പം ഊണ് കഴിച്ചു. “പൊട്ടു കുത്തി നടന്തളെ മഗറാണി നീയേ, പൂവ് ചൂടി നടന്തളെ മഗറാണീ നീയെ” എന്നൊക്കെ വരികളുള്ള ഒരു പാട്ടും പാടിത്തന്നു. തൃശ്ശൂര് കോളേജില്‍ പഠിക്കുന്ന അവരുടെ മകളേയും  പരിചയപ്പെടുത്തി. തമിഴോ മലയാളമോ എന്നൊക്കെ തോന്നിക്കുന്ന പോലൊരു  ഭാഷയാണ് അവര്‍ പരസ്പരം സംസാരിച്ചത്. കൂടെയുണ്ടായിരുന്ന വൈദികന്റെ വീട്ടില് പോയി ചായയും കുടിച്ച് അവരുടെ വീടിനു പിന്നിലേയ്ക്ക് വിരുന്നു വന്ന ഒരു മയിലിനെയും കണ്ട് തിരികെയുള്ള ബസ്സില് കയറി ഞങ്ങള്‍ മലയിറങ്ങി. കോടമഞ്ഞില്‍, കുറ്റാക്കുറ്റിരുട്ടില്‍, റോഡില്‍ ലൈറ്റ് ഒന്നുമുണ്ടായിരുന്നില്ല. ബസ്സിന്റെ അരണ്ട വെളിച്ചത്തില്‍ കൊക്കയും മറ്റും കണ്ട് ഭയന്ന് ഒരു ത്രില്ലിംഗ് റോളര്‍ കോസ്റ്റര്‍ അനുഭവം ആയിരുന്നു മടക്കയാത്ര. അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു.

ആ യാത്രയില് പറ്റിയ ഒരേയൊരു തെറ്റ് ഇതായിരുന്നു; പരിചയപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഓര്‍ത്തുവെയ്ക്കാനോ കുറിച്ചെടുക്കാനോ ശ്രമിച്ചില്ല. പ്രകൃതി അത്രയ്ക്കും ഉള്ളില്‍ നിറഞ്ഞുപോയത് കൊണ്ടാവും മനുഷ്യരുടെ കാര്യം അപ്രസക്തമായി മറവിയുടെ കോണുകളിലേയ്ക്ക് വീണുപോയത്. ലുലുവില്‍ പോയി elevator കണ്ട് അന്തംവിട്ടിരിക്കുന്നവര്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ സാധിക്കുന്ന അട്ടപ്പാടി യാത്ര ഒന്ന് നടത്തണം; പക്ഷേ ഉള്ളിലെ ലാഭേച്ഛ മുഴുവനായും മാറ്റിവെച്ചിട്ട്. കാണുന്നവര്‍ ഹിന്ദുവോ, ക്രിസ്ത്യാനിയോ എന്ന് അളക്കാതെ, ഏതു ജാതിയെന്ന് വിഷലിപ്തമായി ചിന്തിക്കാതെ, ഇവിടെ സെന്റിന് എത്ര വില വരും എന്ന് അന്വേഷിക്കാതെ, വലിയ മരങ്ങളെ കാണുമ്പോള്‍ തടിയൊന്നിനു എത്ര കിട്ടുമെന്ന് തല പുകയ്ക്കാതെ, ശുദ്ധ വായു ശ്വസിച്ച് ജീവന്‍ നിലനില്‍ക്കുന്നത് കാണാന്‍. അട്ടപ്പാടിയിലെ ആദിവാസികളുടെ അന്തരീക്ഷം മുഴുവന്‍ ഏസിയിട്ടതാണ്, സീനറി അവരുടെ വീടിന്റെ പിന്നാമ്പുറവും.

കോണ്‍ക്രീറ്റ് ഭീമന്മാരെ അവര്‍ കണ്ടിട്ടുണ്ടാവില്ല പക്ഷേ മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നിങ്ങള്‍ നിഷേധിച്ച, അവരുടെ തൊഴിലായ കൃഷി ചെയ്തു ജീവിക്കേണ്ട ഭൂമി നിങ്ങള്‍ തട്ടിയെടുത്ത അതേ ആദിവാസികള്, പട്ടിണിയിലേക്കും ദുരിതത്തിലേക്കും നിങ്ങള് തള്ളിയിട്ട അതേ ആദിവാസികള്, നിങ്ങള്‍ താമസിക്കുന്ന നഗരങ്ങളെ അപേക്ഷിച്ച് എത്ര അത്ഭുതങ്ങള് നിറഞ്ഞ നാട്ടിലാണ് ജീവിക്കുന്നത്. അവരെ അത്ഭുതപ്പെടുത്തുന്നത് നിങ്ങളുടെ കൊള്ളലാഭങ്ങളുടേയും അനീതിയുടെയും മുകളില് കെട്ടിപ്പടുത്ത സമൃദ്ധി കണ്ടാവും. അവരുടെ എല്ലാ ആനുകൂല്യങ്ങളും കൊള്ളയടിച്ച നിങ്ങള്‍ പ്രകൃതിയില്‍ നിന്നും അവരേയും പറിച്ചു മാറ്റി നാഗരികതയുടെ നടുക്കളത്തില്‍ നിങ്ങളുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിതം പുതിയതായി അഭ്യസിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ശാസ്ത്രം കണ്ടുപിടിച്ചിട്ടുള്ള, ദീര്‍ഘദൂര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാത്ത, ജീവിതം ലളിതമാക്കാന്‍ പറ്റുന്ന ആധുനികതകള്‍ എല്ലാ മനുഷ്യവര്‍ഗത്തിനും ലഭ്യമാകണം. അവര്‍ക്ക് അത്തരത്തിലെ സൌകര്യങ്ങള്‍ വേണ്ടായെന്നു തീറെഴുതാനും അവര്‍ക്ക് അത്തരത്തിലെ ജീവിതം മാത്രം മതിയെന്ന് തിട്ടൂരം ഇറക്കാനും മറ്റാര്‍ക്കും അവകാശമില്ല എന്നതാണ് വാസ്തവം. അട്ടപ്പാടിയില് സാങ്കേതികവിദ്യയുണ്ട്, വൈദ്യുതിയുണ്ട്, യന്ത്രങ്ങളുണ്ട്, മനുഷ്യന് ഉപയോഗമുള്ള ശാസ്ത്രത്തിന്‍റെ കണ്ടുപിടിത്തങ്ങള്‍ ഒക്കെയുമുണ്ട്, ആദിവാസികളും അല്ലാത്തവരും ആയ സാധാരണക്കാരായ മനുഷ്യരുണ്ട്, മുതലാളിയും തൊഴിലാളിയും ഉണ്ട്, അതിന് പുറമേ പൊടിയടിച്ചു ബ്രൌണ്‍ നിറമാകാത്ത ആകാശമുണ്ട്, ജീവനുറ്റുന്ന ജന്തുസസ്യജാലങ്ങളുണ്ട്, ശ്വസിക്കാന്‍ ശുദ്ധവായുവുണ്ട്. നാഗരികതയുടെ കടന്നുകയറ്റം ധാരാളം രോഗങ്ങള്‍ അങ്ങോട്ട് കൊടുക്കുകയും തിരിച്ച് അവരുടെ കുടിവെള്ളം പോലും സ്വന്തമാക്കി ഇങ്ങോട്ട് എടുക്കുകയും ചെയ്തിട്ടുണ്ട്. ലാഭം മാത്രം നോട്ടമിട്ട് പടുത്തുയര്‍ത്തിയ വിപണിയെക്കാളും ജീവന്‍ നിലനിര്‍ത്തുന്ന പ്രകൃതിയാണ് തര്‍ക്കമന്യേ മനോഹരിയും സുന്ദരിയും.

വിപണി വച്ചുനീട്ടുന്നത് വാങ്ങി വിഴുങ്ങുന്നതാണ് പരിഷ്കൃതം എന്നും അങ്ങനെ മോടിപിടിപ്പിക്കാത്ത പച്ച പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നവര്‍ അപരിഷ്കൃതം എന്നും മനുഷ്യന്റെ പോതുബോധത്തിലെക്ക് ആണിയടിച്ചു കയറ്റുന്നതിലെ അപകടം തിരിച്ചറിയേണ്ടതുണ്ട്. ഉപമ പ്രയോഗിച്ച് വിനിമയം നടത്തേണ്ടത് അത്ഭുതങ്ങളും അന്താളിപ്പും ആണ് എങ്കില്‍ കൊച്ചീനഗരം മാത്രം കണ്ടവന്‍ അട്ടപ്പാടി കണ്ടപോലെ എന്നാക്കൂ… ഏറ്റവും കൃത്യമായിരിക്കും.

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍