UPDATES

പേടിക്കേണ്ടെങ്കില്‍ മായ നല്ലൊരു സിനിമയാണ്

അപര്‍ണ്ണ

അപര്‍ണ്ണ

പല അടരുകളിലായി പല കഥകളെ കൂട്ടി ചേര്‍ത്ത് അവതരിപ്പിക്കുന്ന തമിഴ് ഹൊറര്‍ സിനിമയാണ് മായ. നവാഗതനായ അശ്വിന്‍ ശരവണന്‍ ആണ് സംവിധായകന്‍. നയന്‍താരയുടെ ഡീ ഗ്ലാമറയിസ് വേഷം എന്ന നിലയ്ക്കാണ് ഷൂട്ടിങ്ങ് സമയത്ത് ഈ സിനിമ ശ്രദ്ധിക്കപ്പെട്ടത്. ഒറ്റയ്ക്ക് മായയുടെ തെലുങ്ക് വെര്‍ഷന്‍ മയൂരിയുടെ നൈറ്റ് ഷോ കണ്ടാല്‍ 5 ലക്ഷം രൂപ സമ്മാനം എന്നൊരു വെല്ലുവിളിയും കണ്ടു. പണ്ട് കടമറ്റത്തു കത്തനാര്‍ എന്ന നാടകത്തിനും പിന്നീട് ഏതൊക്കെയോ ഹിന്ദി സിനിമകള്‍ക്കോ ഉപയോഗിച്ച പരസ്യ തന്ത്രം ആണിത്, അവരുടെ നിബന്ധനകള്‍ അനുസരിച്ച് വേണം സിനിമ കാണാന്‍.

മായയിലെ മൂലകഥ നടക്കുന്നിടം മായാവനം എന്ന കൊടുംകാടാണ്. നഗരത്തില്‍ നിന്നും 18 കിലോ മീറ്റര്‍ അകലെ ഉള്ള ആ കാട്ടിനുള്ളില്‍ എവിടെയോ വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു ഭ്രാന്താശുപത്രി ഉണ്ടായിരുന്നു. ഭ്രാന്തുള്ളവരെയും ഭ്രാന്ത് ആരോപിക്കപ്പെടുന്നവരെയും നാട്ടുകാര്‍ ഇവിടേയ്ക്ക് അയക്കും. വളരെ ക്രൂരമായാണ് ഇവിടത്തെ അധികൃതര്‍ അന്തേവാസികളോട് പെരുമാറിയിരുന്നത്. ഭീകര ശാരീരിക പീഡനങ്ങള്‍ക്കു പുറമേ ഇവരുടെ മേല്‍ മരുന്ന് പരീക്ഷണവും നടത്താറുണ്ട്.

ഇവിടേക്ക് 30 വര്‍ഷം മുന്നേ എത്തുന്ന ആളാണ് മായ മാത്യൂസ് എന്ന യുവതി. ഭ്രാന്ത് ആരോപിച്ച് അവരുടെ അകന്ന ബന്ധു ഇവിടെ കൊണ്ട് വന്നു തള്ളിയതാണ് മായയെ. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ മായ രണ്ടു കാര്യങ്ങള്‍ അറിയുന്നു. ഒന്ന് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം രണ്ട് ഭര്‍ത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വിവരം. ആകെ തകര്‍ന്നുപോയ ഇവര്‍ ഭര്‍ത്താവിനെ കൊല്ലുന്നു. തുടര്‍ന്നാണ് മായാവനത്തില്‍ എത്തുന്നത്. ഇവിടുന്നുള്ള മരുന്ന് പരീക്ഷണത്തില്‍ മായയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാവുന്നു. ഭ്രാന്താശുപത്രിയില്‍ കിടന്നു തന്നെ മായ പ്രസവിക്കുന്നു. പ്രസവിച്ച് അധികം താമസിയാതെ അവരില്‍ നിന്ന് കുഞ്ഞിനെ എടുത്തു മാറ്റുന്നു. പിന്നീട് ആ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു ദുരൂഹ സാഹചര്യത്തില്‍ മായ മരിക്കുന്നു. അവരുടെ ഡയറിയും കുഞ്ഞിനായി അവര്‍ ഉണ്ടാക്കിയ പാവയും ഒക്കെ അവര്‍ക്കൊപ്പം കുഴിച്ചിടുന്നു. അവരുടെ കുഞ്ഞിനും അവര്‍ അണിഞ്ഞിരുന്ന 13 കോടി വിലയുള്ള മോതിരത്തിനും പിന്നീട് എന്ത് സംഭവിച്ചെന്നു ആര്‍ക്കും അറിയില്ല.

ഈ സംഭവത്തെ ആസ്പദമാക്കി ആര്‍ കെ എന്ന സംവിധായകന്‍ ഇരുള്‍ എന്ന പേരില്‍ ഒരു സിനിമ എടുക്കുന്നു. ആ സിനിമ ഒറ്റയ്ക്ക് കണ്ടാല്‍ അഞ്ചു ലക്ഷം രൂപ സമ്മാനം ഉണ്ടെന്നറിഞ്ഞ അപ്‌സര എന്ന മോഡല്‍ (നയന്‍താര ) ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ക്കിടയില്‍ കിടന്നു പൊറുതിമുട്ടുന്ന സിംഗിള്‍ പാരന്റ് ആണ് അപ്‌സര. ആ തീയറ്ററില്‍ അപ്‌സരയ്ക്ക് ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

സിനിമക്കുള്ളിലെ സിനിമ, സിനിമയിലെ കഥയും ജീവിതവും ഒന്നാവുന്ന അവസ്ഥ, തുടങ്ങീ ദക്ഷിണേന്ത്യന്‍ ജനകീയ സിനിമ സ്ഥിരമായി പരീക്ഷിക്കാത്ത ആഖ്യാന രീതികള്‍ ഉണ്ട് മായയില്‍, ഒരു പുതുമുഖ സംവിധായകന്‍ എന്ന് ഒറ്റ രംഗത്തിലും തോന്നിക്കാത്ത അത്രയും മികവുണ്ട് ഓരോ രംഗത്തിനും. കണ്ടാല്‍ അഞ്ചു ലക്ഷം രൂപ സമ്മാനം എന്ന പരസ്യ തന്ത്രത്തെ സിനിമയിലും ഉപയോഗിക്കുന്ന രീതി കൗതുകമുള്ളതാണ്. മായാവനത്തിലെ ഇരുട്ട് മൂടിയ കാഴ്ചകളിലൂടെ മനോഹരമായി സഞ്ചരിക്കുന്നുണ്ട് സത്യന്‍ സൂര്യന്റെ ക്യാമറ. കളര്‍ ടോണിന്റെ സൂക്ഷ്മ വ്യതിയാനം കൊണ്ട് കഥകളെ വേര്‍തിരിക്കുന്ന രീതിയും അധികം പരീക്ഷിച്ചു കണ്ടിട്ടില്ല. കവയത്രി കുട്ടി രേവതിയാണ് ഗാന രചയിതാവ്.

പക്ഷെ ഒരു ഹൊറര്‍ സിനിമയുടെ ആത്യന്തിക ലക്ഷ്യം പേടിപ്പിക്കുക, ഭീതിതമായ അന്തരീക്ഷം ഉണ്ടാക്കുക ഒക്കെ ആണെങ്കില്‍ തികഞ്ഞ പരാജയമാണ് മായ. പച്ചക്കണ്ണും, ചൊറി പിടിച്ച പോലുള്ള കൈകളും ഉള്ള ആത്മാക്കള്‍, കണ്ടു മടുത്ത മതിഭ്രമ കാഴ്ചകള്‍, ഇരുട്ട് നീളുന്ന വഴികളുടെ മരണത്തിലേക്ക് ഓടുന്ന കഥാപാത്രങ്ങള്‍, പിന്നില്‍ നിന്നും നീണ്ടു വരുന്ന കൈകള്‍ തുടങ്ങീ പ്രേത സിനിമകള്‍ ഉണ്ടായ മുതലേ ഉള്ള രംഗങ്ങള്‍ ആണ്. ഓരോ രംഗങ്ങളും പ്രവചിക്കുന്നുണ്ട് തീയറ്ററിലെ കാണികള്‍. സാങ്കേതിക വിദ്യകളെയും പുത്തന്‍ നരേറ്റീവ് രീതികളെയും ആശ്രയിക്കുമ്പോഴും കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന, ഞെട്ടിക്കുന്ന ഒറ്റ കാഴ്ച പോലും ഇല്ല സിനിമയില്‍. അതി വൈകാരികത കലര്‍ത്താതിരിക്കാന്‍ ശ്രമിപ്പിച്ചപ്പോഴും പ്രണയ നഷ്ടം പേറി മരിച്ചു പോകുന്നവരാണ് മോക്ഷം കിട്ടാതെ അലയുന്ന പ്രേതാത്മാകള്‍ എന്ന വിശ്വാസം തന്നെയാണ് സിനിമയുടെ കഥാകൃത്ത് കൂടിയായ സംവിധായകനും ഉള്ളത്. ഗര്‍ഭം കൂടി ആ പരിസരത്തുണ്ടെങ്കില്‍ ശക്തി കൂടും എന്നും പറയുന്നു.

കോട്ടയം പുഷ്പനാഥ് ആണ് മലയാളികള്‍ക്ക് ഏറ്റവും സുന്ദരമായി പ്രേത, ഡിക്റ്ററ്റീവ് കഥകള്‍ പറഞ്ഞു തന്നത്. രാത്രിയുടെ മൂന്നാം യാമത്തില്‍ എപ്പഴോ ഇരുട്ട് തുളച്ചു വരുന്ന കാലടി ശബ്ദം അത്രയും ഞെട്ടിക്കുന്ന രീതിയില്‍ വേറെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ‘ലിസ’ ഒക്കെ ആ ഭാവനകളുടെ സിനിമാ രൂപമാണ്. കാലവും സിനിമയും മാറിയപ്പോള്‍ സൈകോസിസിന്റെ ഒരു അവസ്ഥാന്തരം പേറുന്നവര്‍ മാത്രമാണ് ഭൂതപ്രേതാവേശിതര്‍ എന്ന് കണ്ടെത്തി നമ്മള്‍. പ്രേതങ്ങളുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നവരെ പറ്റി പണ്ടേക്കു പണ്ടേ കള്ളിയങ്കാട്ടു നീലിയിലും ഗന്ധര്‍വ ക്ഷേത്രത്തിലും ഒക്കെ നമ്മള്‍ പറഞ്ഞതാണ്. കാര്യവട്ടം കാമ്പസിലെ ഹൈമവതിയും സുമതിയെ കൊന്ന വളവും ഒക്കെ ഭാവനയെ ത്രസിപ്പിക്കുന്ന കഥകളാണ് നമുക്ക് ഇപ്പോഴും. ഓരോ നാട്ടിലും ഉണ്ടാവും ഏറിയും കുറഞ്ഞും അത്തരം കഥകള്‍.തമിഴ് സിനിമ അപ്പോളൊക്കെ പാമ്പുകളെയും നാഗ ദേവതകളെയും കൊണ്ട് കളിക്കുകയായിരുന്നു. പിന്നെടെപ്പോഴോ പിസ പോലുള്ള ന്യൂ വേവ് ഹിറ്റ് പടങ്ങള്‍ തീയറ്ററില്‍ ഓടി. ഹൊറര്‍ സിനിമകള്‍ എന്ന വിഭാഗത്തെ തന്നെ പ്രേക്ഷകര്‍ മറന്നു പോയിരുന്നു, ഇടക്കെപ്പോഴെങ്കിലും വരുന്ന ഇന്‍സീഡിയസ് പോലുള്ള സാങ്കേതിക മികവുള്ള ഹോളിവുഡ് സിനിമകളെ പ്രേക്ഷകര്‍ സ്വീകരിച്ചു. ഡ്രാക്കുളയുടെ തുടര്‍ച്ച പോലെ..

‘ ബ്രഹ്മദത്തന്‍ നോക്കി നില്‍ക്കെ ഉടല്‍ നിറയെ കൈകളുള്ള ഭീകര സത്വമായി മാറിയ സുഭദ്രയെ’ കണ്ടാല്‍ പേടിക്കുമെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി മായ കാണാന്‍ കയറാം. ക്യാമറയും എഡിറ്റിങ്ങും നന്നായാല്‍ കാശ് പോകില്ലെന്ന് വിശ്വസിക്കുന്നെണ്ടെങ്കിലും പോകാം. നല്ല ഹൊറര്‍ കാഴ്ചകള്‍ പ്രതീക്ഷിച്ചു പോയാല്‍ നിരാശയായിരിക്കും ഫലം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍