UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മായാവരം അഥവാ മയിലാടുംതുറൈ; യാത്ര, അനുഭവം

സ്മിതാ മോഹന്‍

പേര് കേട്ടാല്‍ തന്നെ പീലി വിരിച്ചാടുന്ന മയിലിനെയോ അല്ലെങ്കില്‍ ഒരു മായാലോകത്തെയോ ഒക്കെ ഓര്‍മിപ്പിക്കുന്ന ഈ സ്ഥലം തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ്. പണ്ട് പേര് മയൂരം എന്നായിരുന്നു. സംസ്കൃതത്തില്‍ ഇതിനു മയിലിന്റെ സ്ഥലം എന്നര്‍ത്ഥം. ദ്രാവിഡ മുന്നേറ്റം വന്നപ്പോള്‍ അത് മാറി തമിഴ് വാക്കായ മയിലാടുംതുറൈ ആയി. ഭക്തിയുടെയും ചരിത്രത്തിന്റെയും വളരെ നല്ല പൈതൃകവും സംസ്കാരവും ഉണ്ട് കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ  മനോഹരമായ നാടിന്. ആധുനികത കടന്നു വന്നിട്ടുണ്ടെങ്കിലും പഴമയും സംസ്കാരവും ഇവിടത്തുകാര്‍ ഇപ്പോഴും മുറുകെ പിടിക്കുന്നു.

തെക്കേ ഇന്ത്യയിലെ ഒരു ഒരു പ്രധാന ശൈവക്ഷേത്രം ആയ മയൂരനാഥസ്വാമി ക്ഷേത്രത്തിന് ഈ സ്ഥലനാമവുമായി ഏറെ ബന്ധമുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാന ദേവന്‍ പരമശിവനാണ്. മയൂരനാഥന്‍ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.

ശാപമേറ്റ് ദേവി പാര്‍വ്വതി മയിലിന്റെ രൂപത്തിലാവുകയും പരമശിവനെ ആരാധിക്കുകയും ചെയ്ത സ്ഥലമായതുകൊണ്ടാണത്രെ മയുരം എന്ന പേര്‍ വന്നത്. ഈ ക്ഷേത്രത്തിലെ വാസ്തു ശില്പ ഘടന ഏറെ പ്രത്യേകതകള്‍ ഉള്ളതും അകര്‍ഷണീയവുമാണ്. മയിലിന്റെ രൂപത്തില്‍ ഉള്ള പാര്‍വതി ശിവനെ ആരാധിക്കുന്ന ശില്‍പവും, ശിവന്‍ സ്വന്തം തല അറുത്തു ദൈവത്തിനു സമര്‍പ്പിക്കാന്‍ പോകുന്ന ശില്പവും, അന്‍പത് മീറ്റര്‍ ഉയരം ഉള്ള പ്രവേശന ഗോപുരവും ഒക്കെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 

ചോഴ രാജാക്കന്മാര്‍ ഭരിച്ചിരുന്ന സ്ഥലം ആയതുകൊണ്ട്, അവരുടെ പ്രത്യേകത ആയ കല്ലില്‍ പണിതെടുത്ത ഒരുപാടു ക്ഷേത്രങ്ങളും ശൈവന്മാരുടെ സംസ്കാരവും ഇവിടെ കാണാം. ഇപ്പോഴും മായാവരത്തിന്റെ പടിഞ്ഞാറു ഭാഗത്ത്‌ ‘സിദ്ധര്‍ കാടു’ (സന്യാസിമാരുടെ സ്ഥലം /കാട്)  എന്ന ഒരു സ്ഥലം ഉണ്ട്. ഇത് പുരാണത്തിലെ ദാരികവനം ആണെന് പറയപ്പെടുന്നു.

കാവേരിയും പച്ചപുതച്ച പാടങ്ങളും ഭക്തിയും ഒക്കെക്കൊണ്ട് അനുഗ്രഹീതം ആയ സ്ഥലം ആയതിനാലാവാം ഒരുപാടു മഹാന്മാരുടെ ജന്മദേശം ആണ് മായാവരം. കര്‍ണാടക സംഗീതത്തിലെ ഇതിഹാസം ആയ മായാവാരം കൃഷ്ണമൂർത്തി ത്യാഗരാജഭാഗവതര്‍, ഒരു സ്വര്‍ണ്ണപ്പണിക്കാരന്റെ മകന്‍ ആയി ജനിച്ചത്‌ സ്വര്‍ണപ്പണിക്കും ആഭരണങ്ങള്‍ക്കും പേരുകേട്ട ഇവിടെയാണ്. മധുരൈ മണി അയ്യര്‍, മായാവരം രാജം അയ്യര്‍, മയൂരം ഗോവിന്ദരാജ പിള്ള ഇവര്‍ ഒക്കെ മായാവരത്തിന്റെ സംഭാവനകള്‍ ആയ സംഗീതജ്ഞര്‍ ആണ്. ഗോപാല കൃഷ്ണ ഭാരതി (നന്ദനാര്‍ ചരിതം), കല്‍ക്കി കൃഷ്ണമുര്‍ത്തി, മഹാ വിദ്വാന്‍ മീനാക്ഷി സുന്ദരം പിള്ള, മയൂരം വേദനായകം പിള്ള, തുടങ്ങിയവര്‍ ഇവിടെ ജീവിച്ച മറ്റ് പ്രമുഖര്‍. ഇത് കൂടാതെ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെയും ജന്മദേശം ആണ് മായാവരം.

നവീന ശിലായുഗത്തിനും മായാവരത്തിനും തമ്മില്‍ ബന്ധം ഉണ്ടെന്നു ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. നവീനശീലായുഗത്തില്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ചില ആയുധങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ വസ്തുക്കളില്‍ രേഖപ്പെടുത്തിയിരുന്ന ഇന്‍ഡസ് ഭാഷയില്‍ നിന്നും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നവീനശിലായുഗത്തില്‍ തമിഴ്‌നാട്ടില്‍ ജീവിച്ചിരുന്ന ജനതയും ഹാരപ്പ സംസ്‌കാരത്തിലെ ജനതയും ഒരേഭാഷ ഉപയോഗിച്ചിരുന്നുവെന്ന കാര്യത്തിലേക്കാണ് ഇത് വെളിച്ചം വീശിയത്. അതുകൊണ്ടുതന്നെ മായാവരം ചരിത്രകാരന്മാരുടെ ഇഷ്ടസ്ഥലമാണ്.

മയൂരനാഥന്‍റെ അനുഗ്രഹത്താല്‍ ജീവിതം ധന്യമാകും എന്നത് കൊണ്ട് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ വന്നു കല്യാണം നടത്താറുണ്ട്. അതുകൊണ്ട് തന്നെ ഒരുപാടു കല്യാണമണ്ഡപങ്ങള്‍ ഇവിടെ ഉണ്ട്. അത് പലര്‍ക്കും ഒരു പ്രധാന വരുമാനവും ആണ്. നെല്‍കൃഷി, കരിമ്പ്‌, ഇവ പ്രധാന കൃഷികള്‍ ആയിട്ടുള്ള ഈ സ്ഥലത്ത് രണ്ട് പഞ്ചസാര ഫാക്ടറികള്‍ ഉണ്ട്. നാഡി ജ്യോത്സ്യത്തിനും പ്രശസ്തമാണ് മായാവരം.

മായാവാരത്തെ കൂറനാട് എന്ന സ്ഥലം 18 മുഴം ഉള്ള പട്ടുസാരികളുടെ പേരിലാണ് അറിയപ്പെടുന്നത് (ഇവ പ്രധാനമായും ബ്രാഹ്മണര്‍ ആണ് ഉപയോഗിക്കുന്നത് ). തമിഴില്‍ കൂറ എന്ന വാക്കിനു അര്‍ഥം തുണി എന്നാണ്. ഒരുകാലത്ത് കൂറനാട്ടിലെ നെയ്ത്തുകാര്‍ വരള്‍ച്ച മൂലം ഉണ്ടായ ക്ഷാമത്തില്‍ പൊറുതി മുട്ടി. അവരെ ക്ഷാമത്തില്‍ നിന്നും രക്ഷിക്കാന്‍, അവിടുത്തെ ബ്രാഹ്മണര്‍ തങ്ങള്‍ക്കിടയിലെ ഓരോ കല്യാണത്തിനും ഈ നെയ്ത്തുകാരില്‍ നിന്നും പുടവ വാങ്ങിക്കൊള്ളാം എന്ന് വാഗ്ദാനം ചെയ്തു. ഈ പുടവകള്‍ വിറ്റ്‌ കിട്ടുന്ന പണമാണ് അവരെ ദാരിദ്ര്യത്തില്‍  നിന്നും രക്ഷിച്ചത്. ഇപ്പോളും അയ്യര്‍ വിഭാഗത്തില്‍ പെടുന്ന വധുക്കള്‍ കൂറനാട്ടെ നെയ്ത്തുകാര്‍ നെയ്യുന്ന സാരി ആണ് ധരിച്ചു പോരുന്നത്.

ആയിരത്തില്‍ പരം വര്‍ഷം പഴക്കം ഉള്ള അതിപുരാതനവും പ്രശസ്തവും ആയ ഒരുപാട് ക്ഷേത്രങ്ങള്‍ ഇവിടെ  ഉണ്ട്. വല്ലാലര്‍ ക്ഷേത്രം (കാവേരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന, ഉല്‍പത്തിയെപറ്റി നിരവധി കഥകള്‍ ഉള്ള  ഈ ക്ഷേത്രത്തില്‍ നിന്നും പുഴയിലേക്കുള്ള കാഴ്ചയും ഋഷഭ മണ്ഡപവും വളരെ മനോഹരമാണ്. അതുകൊണ്ട് ഈ ക്ഷേത്രം ഭക്തരെയും ടൂറിസ്റ്റുകളെയും ഒരുപോലെ ആകര്‍ഷിക്കുന്നു). അയ്യപരാര്‍ ക്ഷേത്രം (കുലോതുംഗ ചോഴന്റെ കാലത്ത് നിര്‍മിച്ച ഈ ക്ഷേത്രം കല്ലില്‍ കൊത്തിയ ശില്പങ്ങള്‍ക്ക് വളരെ പ്രശസ്തം), രംഗനാഥ ക്ഷേത്രം, ദക്ഷിണ കാളഹസ്തി എന്ന് അറിയപ്പെടുന്ന തിരുമാംബുറം ക്ഷേത്രം, പുനുകീശ്വരാര്‍ ക്ഷേത്രം, ഗംഗൈ കൊണ്ട ചോളപുരം (ചോളന്മാരുടെ കാലത്തെ കലയ്ക്കും കരവിരുതിനും ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിപ്പമേറിയ ശിവലിംഗമുള്ള ക്ഷേത്രമെന്ന പെരുമയും ഈ ക്ഷേത്രത്തിനാണ്. ശ്രീകോവിലില്‍ ആരാധിച്ചുവരുന്നത് നാല് മീറ്റര്‍ ഉയരമുള്ള ലിംഗമാണ്. ചുവരുകളില്‍ ചെമ്പ് തകിട് പതിപ്പിച്ചുകൊണ്ടുള്ള നിര്‍മ്മാണരീതി ചോളന്മാരുടെ കാലത്തെ സവിശേഷതയായിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ തിളക്കം ഇന്നും നിലനില്‍ക്കുന്നു. മനോഹരമായ കൊത്തുപണികളും, അതിലും മനോഹരമായ വാസ്തുവിദ്യയുമാണ് ക്ഷേത്രത്തിന്റേത്. 984 വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം.), ദക്ഷിണാമൂര്‍ത്തിക്ഷേത്രം,  ശ്രീ കാശി വിശ്വനാഥസ്വാമി ക്ഷേത്രം, കണ്ണകി ക്ഷേത്രം തുടങ്ങിയവ ഉദാഹരണങ്ങള്‍ ആണ്. അതിപുരാതനവും പ്രശസ്തങ്ങളും ആയ നവഗ്രഹ ക്ഷേത്രങ്ങള്‍ മായാവരത്തെ ചുറ്റിപ്പറ്റി ആണ് സ്ഥിതി ചെയ്യുന്നത്.

ഒരു മാസം നീണ്ടു നില്‍ക്കുന്ന തുലാ ഉത്സവം വളരെ പ്രശസ്തമാണ്. എല്ലാ വര്‍ഷവും തുലാമാസത്തില്‍ ഈ നാട്ടില്‍ ഉള്ളവരും നാട് വിട്ടു മറ്റു നാടുകളില്‍ ചേക്കേറിയവരുമൊക്കെ ഇവിടെ എത്തിച്ചേരും. തുലാമാസത്തിലെ അവസാന ദിവസം (കടായ്മുഗം), നദീ ദേവതകള്‍ ആയ ഗംഗയും യമുനയും സരസ്വതിയും കാവേരിയില്‍ കുളിക്കാന്‍ എത്തും എന്നും അന്ന് ഇവിടെ കുളിച്ചാല്‍ എല്ലാ പാപവും നീങ്ങും എന്നും ആണ് ഐതിഹ്യം. ഇതിന് തലേദിവസം വല്ലാലര്‍ ക്ഷേത്രത്തില്‍ നടക്കുന്ന രധോത്സവവും പ്രശസ്തമാണ്. പിന്നെ നവരാത്രി, ആടി പൂരം, ആവണി മൂലം, കാര്‍ത്തിക ഇവയൊക്കെ ഇവിടുത്തെ പ്രധാന ഉത്സവങ്ങളാണ്.

മയൂരനാട്യാഞ്ജലിയെന്ന  പേരില്‍ മയൂരനാഥക്ഷേത്രത്തില്‍  എല്ലാവര്‍ഷവും നൃത്തോത്സവം നടക്കാറുണ്ട്. നടരാജനുള്ള വഴിപാടെന്ന നിലയ്ക്കാണ് ശിവരാത്രി സമയത്ത് ഈ നൃത്തോത്സവം നടത്തുന്നത്. സപ്തസ്വരങ്ങള്‍ എന്ന ട്രസ്റ്റ് ആണ് ഇതിന്‍റെ സംഘാടകര്‍ . ഇന്ത്യയുടെ പലഭാഗത്തുനിന്നുള്ള നൃത്തപ്രേമികള്‍ ഈ നൃത്തോത്സവത്തിന് എത്താറുണ്ട്.

മായാവരം  ടൌണ്‍ കുറച്ചു തിരക്കേറിയത്‌ ആയാലും, ഉള്ളിലേക്ക് പോയാല്‍ തനി ഗ്രാമത്തിന്റെ ശാന്തതയും കുളിര്‍മയും അനുഭവിച്ചറിയാം. എങ്ങും പാടങ്ങളും കുളങ്ങളും കര്‍ഷകരും ചെറിയ അമ്പലങ്ങളുമാണ്. ഉള്‍പ്രദേശത്തുള്ള ആള്‍ക്കാരുടെ ജിവിതം അത്ര ആധുനികം ഒന്നും അല്ല. ഒരുപാടു ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഒക്കെ ഇവര്‍ ഇന്നും വച്ച് പുലര്‍ത്തുന്നു. അതിഥി പ്രിയരായ ഇവിടുത്തെ നാട്ടുകാര്‍ക്ക്  നമ്മളോട് പറയാന്‍ ഒരു പാട് കഥകള്‍ ഉണ്ട്.

ഒരു തവണ പോയാല്‍ ഇവിടത്തുകാര്‍ പറയുന്ന ഒരു ചൊല്ല് തികച്ചും സത്യമാണ് എന്ന് നമുക്കും തോന്നിപ്പോകും-‘ആയിരം ആനാലും മയൂരം ആകാത്’. അതിനര്‍ത്ഥം മയൂരത്തിന് പകരം മയൂരം മാത്രം.

(എം ബി എ ബിരുദധാരിയായ ലേഖിക ചെന്നൈയില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

സോഷ്യല്‍ മീഡിയ സ്ത്രീ കൂട്ടായ്മയാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. തൊഴില്‍ കൊണ്ട് വിവിധ മേഖലകളില്‍ നിലകൊള്ളുന്നവരാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരും. സ്ത്രീയെന്നാല്‍ അരങ്ങിലെത്തേണ്ടവളാണെന്ന ഉത്തമ ബോധ്യത്തോടെ തൂലിക ചലിപ്പിക്കുകയാണ് ഇവര്‍. അവരെഴുതുന്ന കോളമാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. മലയാളം ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് തന്നെ ഇത്തരമൊരു കോളം ആദ്യത്തേതാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍