UPDATES

വാര്‍ത്തകള്‍

‘കാര്യങ്ങളെല്ലാം നന്നായി നടന്നാല്‍ ഞാന്‍ അടുത്ത..’ പ്രധാനമന്ത്രി പദമോഹം ഒളിപ്പിക്കാതെ മായാവതി

പ്രധാനമന്ത്രി പദവിയോടുള്ള താല്‍പര്യം നേരത്തെയും മായവതി പരസ്യമാക്കിയിരുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രീയ മോഹങ്ങള്‍ വെളിപ്പെടുത്തി ബിഎസ്പി നേതാവ് മായാവതി. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തനിച്ച് ഭൂരിപക്ഷം കിട്ടാന്‍ സാധ്യത കല്‍പ്പിക്കാത്തതിനാല്‍ വിവിധ നേതാക്കള്‍ ഫല പ്രഖ്യാപനത്തിനുശേഷമുള്ള കൂട്ടുകെട്ടിനെ കുറിച്ച ചര്‍ച്ചകള്‍ സജീവമാക്കുമ്പോഴാണ് മായാവതി തന്റെ മോഹങ്ങള്‍ പ്രകടിപ്പിച്ചത്.

അംബേദ്ക്കര്‍ നഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് പരോക്ഷമായി തന്റെ മോഹം പ്രകടിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ മായാവതി മല്‍സരിക്കുന്നില്ല. എന്നാല്‍ എല്ലാ സഹാചര്യങ്ങളും ഒത്തുവന്നാല്‍ ഞാന്‍ ഇവിടെനിന്ന് മല്‍സരിക്കും. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വഴി അംബേദ്ക്കര്‍ നഗര്‍ വഴിയാണ് കടന്നുപോകുന്നത്.’ മായാവതി പറഞ്ഞു. റിതേഷ് പാണ്ഡെയാണ് ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥി.

എന്നാല്‍ മായാവതിയുടെത് പകല്‍ക്കിനാവ് മാത്രമാണെന്നും മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ എസ്പി അവരെ ഉപേക്ഷിക്കുന്നത് മായവതിക്ക് കാണേണ്ടിവരുമെന്നും പ്രദേശിക ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
ഉത്തര്‍പ്രദേശില്‍ 38 സീറ്റുകളിലാണ് മായവതിയുടെ ബിഎസ്പി മല്‍സരിക്കുന്നത്. മധ്യപ്രദേശ് രാജസ്ഥാന്‍ ചത്തീസ്ഗഡ് തുടങ്ങി മറ്റ് ചില സംസ്ഥാനങ്ങളിലും ബിഎസ്പി മല്‍സരിക്കുന്നുണ്ട്. എന്‍ഡിഎയ്ക്കും യുപിഎയ്ക്കും തനിച്ച് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാല്‍, മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്തുവരുന്നതിനാണ് മായാവതിയുടെ ശ്രമമെന്നാണ് സൂചന.

തെരഞ്ഞടുപ്പ് പ്രചാരണത്തിലുടനീളം ബിജെപിയെ ആക്രമിക്കുന്നതുപോലെ തന്നെ ബിഎസ്പി നേതാവ് കോണ്‍ഗ്രസിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. മൂന്നാം മുന്നണിയെ മുന്നില്‍ കണ്ടാണ് ബിഎസ്പി ഇത്തരത്തിലൊരു സമീപനം സ്വീകരിക്കുന്നതെന്ന് അന്നു തന്നെ സൂചനയുണ്ടായിരുന്നു.

എന്നാല്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖറ റാവു, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരെല്ലാം മുന്നാം മുന്നണിയുടെ നേതാവായി രംഗത്തുവരാന്‍ താല്‍പര്യമുള്ളവരാണ്. ഇവിടെ ഏത് പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നതാണ് പ്രധാനം.

പശ്ചിമ ബംഗാളില്‍ 42 സീറ്റില്‍ 34 എണ്ണമാണ് കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ഇത്തവണ ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് ബംഗാള്‍. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഫെഡറല്‍ മുന്നണി രൂപികരിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. തെലങ്കാനയില്‍ ആകെ 17 ലോക്‌സഭ സീറ്റാണുള്ളത്. ആന്ധ്ര പ്രദേശില്‍ 25 സീറ്റുകളാണ് ആകെ ഉള്ളത്. ഇവിടെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിലാണ് നേരിട്ടുള്ള മല്‍സരം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനുമായി ചന്ദ്രശേഖര്‍ റാവു ഇന്നലെ നടത്തിയ ചര്‍ച്ച ഫെഡറല്‍ മുന്നണിയുടെ സാധ്യതയിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത് എന്നതിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍