UPDATES

ട്രെന്‍ഡിങ്ങ്

പ്ലാച്ചിമട മാത്രമല്ല കേരളമാകെ വരളുകയാണ്; മയിലമ്മയുടെ ഓര്‍മ്മകള്‍ക്ക് പത്ത് വയസ്

“വായുവും വെള്ളവും ചീത്തയാവുന്നതിനെതിരെ എവിടെ സമരമുണ്ടായാലും ഞാന്‍ പോകും. മരിക്കുന്നതുവരെ പോകും. അതെന്റെ കടമയാ.”

“വായുവും വെള്ളവും ചീത്തയാവുന്നതിനെതിരെ എവിടെ സമരമുണ്ടായാലും ഞാന്‍ പോകും. മരിക്കുന്നതുവരെ പോകും. അതെന്റെ കടമയാ.” ആഗോള കുത്തക കമ്പനിയായ കൊക്കക്കോളക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത് കമ്പനിയെ മുട്ടുകുത്തിച്ച മയിലമ്മ എന്ന നിരക്ഷരയായ ആദിവാസി സ്ത്രീയുടെ വാക്കുകളാണിത്.

പാലക്കാട് പ്ലാച്ചിമടയില്‍ മയിലമ്മ നയിച്ച സമരം അതിജീവനത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു. ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് മയിലമ്മയെന്ന ആദിവാസി വീട്ടമ്മയുടെ നേതൃത്വത്തില്‍ നടന്ന സമരം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയിരുന്നു. മയിലമ്മ വിടവാങ്ങിയിട്ടു പത്തുവര്‍ഷം കടന്നുപോയിരിക്കുന്നു. 2007 ജാനുവരി ആറിനാണ് മയിലമ്മ അന്തരിച്ചത്. കൊക്കക്കോള കമ്പനിയെ പ്ലാച്ചിമടയില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ മയിലമ്മയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ക്ക് കഴിഞ്ഞെങ്കിലും കൊക്കകോള കമ്പനി ജനങ്ങള്‍ക്ക് വരുത്തിവച്ച നഷ്ടത്തിനു ഇപ്പൊഴും പരിഹാരമായിട്ടില്ല. അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ല് ഇനിയും എങ്ങുമെത്താതെ കിടക്കുകയാണ്.

1937 ആഗസ്ത് 10ന് പാലക്കാട് മുതലമട പഞ്ചായത്തില്‍ ആട്ടയാമ്പതിയിലെ ആദിവാസി വിഭാഗമായ ഇരവാളര്‍ സമുദായാത്തില്‍ രാമന്‍ – കുറുമാണ്ട ദമ്പതികളുടെ മകളായാണ് മയിലമ്മ ജനിച്ചത്. വിവാഹശേഷമാണ് അവർ പ്ലാച്ചിമട ഉൾക്കൊള്ളുന്ന പെരുമാട്ടി പഞ്ചായത്തിലെത്തുന്നത്. ഒരു ആദിവാസി കുടുംബത്തിന്‍റെ സ്വാഭാവിക ജീവിതം ജീവിച്ച് പോന്നിരുന്ന മയിലമ്മയുടെ ജീവിതം മാറിമറിയുന്നത് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട എന്ന സ്ഥലത്ത് 2000 ൽ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിൻറെ പ്ലാൻറ് പ്രവർത്തനമാരംഭിച്ചതോടെയാണ്. ആഗോള തലത്തിലെ തന്നെ പ്രമുഖ ശീതള പാനീയ നിർമ്മാതാക്കളായ കൊക്കക്കോള കമ്പനി, പ്ലാന്റിന്‍റെ പ്രവർത്തിക്കാനായി ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റിയെടുത്തു. പ്രദേശത്തെ കിണറുകളെയും മറ്റ് കുടിവെള്ള സ്രോതസ്സുകളെയും അത് പ്രതികൂലമായി ബാധിച്ചു. കൂടാതെ വളമെന്ന പേരിൽ മാരകവിഷാംശമുള്ള ഖരമാലിന്യം പ്രദേശത്തെ കർഷകർക്ക് വിതരണം ചെയ്ത്. അത് പ്രദേശത്തെ മണ്ണും ജലവും മലിനമാകാന്‍ കാരണമായി. നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ജലക്ഷാമവും കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമാകുന്നതും മയിലമ്മയെ  ഇരുത്തി ചിന്തിപ്പിച്ചു. തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട ജലം കൊക്കക്കോള കമ്പനിയുടെ കുഴല്‍ക്കിണറുകള്‍ ഊറ്റിയെടുക്കുകയും അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ മലിനമാകുകയും ചെയ്തതോടെയാണ്  അതിനു കാരണക്കാരനായ കമ്പനിയുടെ  ജലചൂഷണത്തിനെതിരെ 2002 ഏപ്രില്‍ 22 ന്  ആദിവാസികളെ സംഘടിപ്പിച്ച് പ്രതീകാത്മക സമരത്തിന് മയിലമ്മ നേതൃത്വം നല്‍കുന്നത്. അതോടെ പാലക്കാട്ടെ പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്ക് സമീപം വിജയനഗര്‍ കോളനിയില്‍ നിന്ന് പ്ലാച്ചിമട സമരത്തിന്റെ മുന്നണി പോരാളിയായി മയിലമ്മ വളരുകയായിരുന്നു.

“ജീവിക്കാന്‍ വെള്ളം വേണം. ഒന്നാലോചിച്ചാല്‍ ജീവിക്കാതിരിക്കാനും വെള്ളം വേണം. ഈ വെള്ളം എല്ലാവരുടേതുമാണ്. ഇതുപയോഗിക്കാന്‍ കഴിയതെവന്നാല്‍..? പറയുന്ന പോലെയല്ല അനുഭവത്തില്‍ വന്നാല്‍. ഞങ്ങളുടെ വെള്ളത്തില്‍ ഒന്നും വേവില്ല. കുടിച്ചാല്‍ ഒരുതരം തളര്‍ച്ച.ഒന്നാലോചിച്ചു നോക്കൂ. നല്ല ജീവനുള്ള പച്ചവെള്ളം കുടിച്ച് വളര്‍ന്നവരാ ഞങ്ങള്‍. നിങ്ങള്‍ക്കാണിങ്ങനെ വന്നതെങ്കിലോ..?പുലര്‍ച്ചയ്ക്ക് ഉണര്‍ന്നാല്‍ മുഖം കഴുകണ്ടേ. അതിന് ഒരു കപ്പ് നല്ല വെള്ളം കിട്ടാതായി ഞങ്ങള്‍ക്ക്. ഇതു തന്നെയാണ് ഞങ്ങളെ സമരത്തിനെത്തിച്ച അനുഭവം. ഇതില്‍ക്കൂടുതല്‍ എന്തുവേണം..? സമരത്തിലേക്കെത്തിയ സാഹചര്യത്തെകുറിച്ചു മയിലമ്മയുടെ തന്നെ വാക്കുകളാണിത്.

പ്ലാച്ചിമടയിലെ വീട്ടമ്മമാരുടെയും സാമൂഹികപ്രവര്‍ത്തകരുടെയും പിന്തുണയോടെ നടന്ന സമരം നിരവധി നിയമ പോരാട്ടങ്ങളിലൂടെ 2004 മാര്‍ച്ചില്‍ കമ്പനി അടച്ചുപൂട്ടുന്നതുവരെ തുടര്‍ന്നു. മയിലമ്മയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ സമരത്തിന്റെയും പെരുമാട്ടി പഞ്ചായത്ത്, കേരള മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ ഇടപെടൽ കാരണവും 2004 ൽ ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും കൊക്കക്കോള കമ്പനിയെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ കമ്പനിയിൽ നിന്ന് പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം ഈടാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാക്ടറിക്ക് ലൈസൻസ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പെരുമാട്ടി പഞ്ചായത്തും കൊക്കക്കോള കമ്പനിയും തമ്മിൽ ഹൈക്കോടതിയിൽ തുടങ്ങിയ നിയമയുദ്ധം അന്തിമതീർപ്പിനായി സുപ്രീം കോടതിയിൽ‌ പരിഗണന കാത്ത്കിടക്കുകയാണ്. 2009ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തുകയും പ്രദേശവസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കൊകോള കമ്പനിയിൽ നിന്നും ഈടാക്കാവുന്നതാണെന്നും ശുപാർശ ചെയ്തു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. 2011ൽ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാറിന് തിരിച്ചയച്ചു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങൾക്ക് 2011ൽ തന്നെ സംസ്ഥാന സർക്കാർ മറുപടി നൽകി. ഒടുവിൽ ബില്ല് അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടു കൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ‌ സംസ്ഥാന സർക്കാരിന് തിരിച്ചയച്ചിരിക്കുകയാണ്.

പ്ലാച്ചിമട സമരം കേവലമൊരു പരിസ്ഥിതി സമരമായിരുന്നില്ല. മറിച്ച്‌ ചൂഷണത്തിലൂടെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍  നിഷേധിച്ച ഒരു വൻകിട സ്വകാര്യ കമ്പനിക്കെതിരെ അനുഭവസ്ഥരായ ഒരുപറ്റം മനുഷ്യരുടെ അവകാശപോരാട്ടമായിരുന്നു. ആ പോരാട്ടത്തിലൂടെ പ്ലാച്ചിമട എന്ന ഗ്രാമം ചരിത്രത്തിലിടം നേടി. ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയ ഒന്നായിരുന്നു പ്ലാച്ചിമട സമരം. കൊക്കക്കോള കമ്പനി പ്ലാച്ചിമടയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും കമ്പനി അവിടത്തെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വരുത്തിവെച്ച നഷ്ടങ്ങള്‍ ഇന്നും അതുപോലെ നിലനില്‍ക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പെപ്‌സിയെന്ന അന്താരാഷ്ട്ര കമ്പനി നിരവധി കുഴല്‍ക്കിണറുകള്‍ കുഴിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് കഞ്ചിക്കോട്ട് നിന്ന് ഊറ്റിയെടുക്കുന്നത്. കഞ്ചിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിങ്ഫിഷറിന്റെ ബിയര്‍ കമ്പനിയും സമാനമായ രീതിയില്‍ ജലചൂഷണം നടത്തുന്നുണ്ട്. പ്രകൃതിക്ക് മേലുള്ള എല്ലാതരം ചൂഷണങ്ങളും ഏറ്റവും ആദ്യം ബാധിക്കുന്നത് ദലിതരെയും ആദിവാസികളെയും തന്നെയാണ്. അതുകൊണ്ട് തന്നെ മയിലമ്മ ഒരു പ്രതീകമാണ്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടത്തിന്റെ പ്രതീകം.

തനിക്ക് വേണ്ടി മാത്രമല്ല തനിക്ക് ചുറ്റും ജീവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി വരാനിരിക്കുന്ന തലമുറക്ക് വേണ്ടി പോരാടാനും  നേടിയെടുക്കാനുമുള്ള ഒരു മനസ്സ് മയിലമ്മയ്ക്ക് ഉണ്ടായിരുന്നു. കേരളം മുമ്പെങും കണ്ടിട്ടില്ലാത്ത വിധം അതിഭീകരമായ വരള്‍ച്ചയുടെ മുന്നിലേക്ക് നടന്നടുക്കുന്ന സാഹചര്യത്തിലാണ് മയിലമ്മ വിടപറഞ്ഞിട്ടു പത്തുവര്‍ഷം കടന്നുപോകുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു കഴിഞ്ഞു. വരുന്ന വേനലില്‍ കേരളം ചുട്ടുപൊള്ളുകമാത്രമല്ല, വരണ്ടുണങ്ങുമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. കേരളത്തിലെ 65 ശതമാനം പ്രദേശങ്ങളും ഇത്തവണ കൊടിയ വരള്‍ച്ചയുടെ പിടിയിലാകുമെന്നും കുടിവെള്ളം കണികാണാന്‍ പോലും സാധിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന കേരളത്തില്‍ മഴ കുറയാനുള്ള കാരണം എന്താണ്..? നമ്മുടെ ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറയുന്നത് എന്തുകൊണ്ടാണ് ജലസ്രോതസ്സുകള്‍ മലിനമാകുകയും ഇല്ലാതാകുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മയിലമ്മയുടെ ഓര്‍മ്മകള്‍ അതിനു കാരണമാകുമെന്ന് ആശിക്കാം.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍