UPDATES

വിശകലനം

പ്രധാനമന്ത്രി മോഹങ്ങള്‍ മറച്ചുവെയ്ക്കാതെ മായാവതി; എന്നാല്‍ ദേശീയ രാഷ്ട്രീയ ചിത്രം ബിഎസ്പിയെക്കുറിച്ച് പറയുന്നതെന്താണ്?

ഉത്തര്‍പ്രദേശിലെ പ്രകടനവും ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സംഭവങ്ങളുമാണ് മായവതിയെ സംബന്ധിച്ച് നിര്‍ണായകമാവുക

തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ രാഷ്ട്രീയ സഖ്യത്തിന് തയ്യാറായി എന്നത് മായാവതിയുടെ രാഷ്ട്രീയ ജീവിതത്തിലെ അപൂര്‍വതകളിലൊന്നാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ തൊട്ടടുത്ത എതിരാളി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചതിന് പിന്നില്‍ ബിഎസ്പിയുടെ നിവര്‍ത്തികേടുണ്ട്. അതുപോലെതന്നെ മായാവതിയുടെ രാഷ്ട്രീയ മോഹവുമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടിയേറ്റാല്‍ ബിഎസ്പിയ്ക്ക് പിന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രസക്തി തിരിച്ചുപിടിക്കുകയെളുപ്പമല്ലെന്ന് അവര്‍ക്കറിയാം. അതുപോലെ, ഇപ്പോള്‍ ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ വേണ്ടതുപോലെ ഇടപ്പെട്ടാല്‍ രാജ്യത്തെ നയിക്കാനുള്ള ഉത്തരവാദിത്തവും തന്നിലേക്ക് എത്തിപ്പെടുമെന്നും അവര്‍ കരുതുന്നു. വെല്ലുവിളികളുടെയും വലിയ സാധ്യതകളുടെയും ഇടയിലാണ് 2019 ലെ തെരഞ്ഞെടുപ്പ് ബിഎസ്പിയും മായാവതിയും നേരിടുന്നത്.

കഴിഞ്ഞയാഴ്ച നാല് തെരഞ്ഞെടുപ്പ് റാലികളെയാണ് മായാവതി അഭിസംബോധന ചെയ്തത്. എന്നാല്‍ ഇതില്‍ ഒന്നു പോലും അവരുടെ ശക്തികേന്ദ്രമായ ഉത്തര്‍പ്രദേശിലായിരുന്നില്ല. ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലായിരുന്നു ഇവര്‍ പ്രസംഗിച്ചത്. ഈ സംസ്ഥാനങ്ങള്‍ ബിഎസ്പിയ്ക്ക് കാര്യമായ സ്വാധീനമുള്ള പ്രദേശങ്ങളുമല്ല. വിശാഖപട്ടണത്തിലെ യോഗത്തിന് ശേഷമാണ് മായാവതി തന്റെ ആഗ്രഹങ്ങള്‍ മറയില്ലാതെ പ്രകടിപ്പിച്ചത്. പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യം നിഷേധിക്കാതെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുള്ള സാഹചര്യത്തില്‍ അവസരം കിട്ടുകയാണെങ്കില്‍ നോക്കാമെന്നാണ് അവര്‍ പറഞ്ഞത്. നാല് തവണ എംപിയും മുഖ്യമന്ത്രിയുമായ തനിക്ക് പ്രധാനമന്ത്രിയാകാനുള്ള പരിചയവുമുണ്ടെന്നും അവര്‍ പറഞ്ഞു.

ഇത് മാത്രമല്ല മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയും ഉന്നയിക്കാത്ത രീതിയില്‍ കോണ്‍ഗ്രസിനെ മായാവതി ആക്രമിക്കുന്നതിന് പിന്നിലും അവരുടെ രാഷ്ട്രീയ മോഹത്തിന്റെ സൂചനകളുണ്ട് എന്നുവേണം കരുതാന്‍. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പോലും കോണ്‍ഗ്രസിനോട് മൃദുവായ സമീപനം പുലര്‍ത്തുമ്പോഴാണ് മായാവതിയുടെ ശക്തമായ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

2014 ല്‍ 503 ലോക്‌സഭ മണ്ഡലങ്ങളിലായിരുന്നു മായാവതി മല്‍സരിച്ചത്. അന്നും അവര്‍ക്ക് ദേശീയ മോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ദേശീയ തലത്തില്‍ ബിഎസ്പിയുടെ വോട്ടിംങ് ശതമാനം 6.17 ല്‍നിന്നും 4.19 ആയി കുറഞ്ഞു. അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബിഎസ്പിയക്ക് 21 സീറ്റുകള്‍ ലഭിച്ചിരുന്നു. 20 സീറ്റുകള്‍ ഉത്തര്‍പ്രദേശിലും ഒരു സീറ്റ് മഹാരാഷട്രയില്‍ നിന്നും. അന്ന് പക്ഷെ യുപിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയത് കൊണ്ട് ദേശീയ തലത്തില്‍ പ്രധാന റോള്‍ വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

മായാവതിയുടെ ദേശീയ മോഹങ്ങള്‍ വര്‍ധിക്കുമ്പോഴും പാര്‍ട്ടിയുടെ ദേശീയ സാന്നിധ്യം കുറയുന്നതായാണ് പാര്‍ട്ടിയുടെ തന്നെ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. 1996 ല്‍ ഉത്തര്‍ പ്രദേശിന് പുറമേ മധ്യപ്രദേശില്‍നിന്നും പഞ്ചാബില്‍നിന്നും സീറ്റുകള്‍ ലഭിച്ചിരുന്നു. മൂന്ന് സീറ്റുകളാണ് പഞ്ചാബില്‍നിന്ന ബിഎസ്പിയ്ക്ക് ലഭിച്ചത്.

പാര്‍ട്ടി രൂപികരണത്തിന് ശേഷം ഉത്തര്‍പ്രദേശിനെക്കാള്‍ ബിഎസ്പിയ്ക്ക് സാധ്യത കല്‍പ്പിച്ച സംസ്ഥാനമായിരുന്നു പഞ്ചാബ്. ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ ദളിത് വിഭാഗങ്ങളുള്ള സംസ്ഥാനം പഞ്ചാബാണ്. ആകെ ജനസംഖ്യയില്‍ 31.9 ശതമാനമാണ് ഇവിടുത്തെ ദളിത് വിഭാഗം.

ഉത്തര്‍പ്രദേശില്‍ പോലും ബിഎസ്പിയുടെ സ്വാധീനത്തില്‍ വലിയ കുറവാണ് സമീപകാലത്തുണ്ടായത്. 2009 ല്‍ 20 സീറ്റും 27.42 ശതമാനം വോട്ടുകളുമാണ് ബിഎസ്പിയ്ക്ക് ലഭിച്ചത്. എന്നാല്‍ 2014 ല്‍ അത് 19.82 ശതമാനമായി കുറഞ്ഞു. സീറ്റുകളൊന്നും ലഭിച്ചുമില്ല. അതുമാത്രമല്ല, സംവരണ സീറ്റുകളില്‍പോലും ബിഎസ്പിയുടെ പ്രകടനം പരിതാപകരമായിരുന്നു. 17 സീറ്റുകളില്‍ ആറിടത്തും ബിഎസ്പി മൂന്നാം സ്ഥാനക്കാരായി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ബിഎസ്പിയ്ക്ക് കഴിഞ്ഞില്ല. 22 ശതമാനമായി വോട്ട് ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലും 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ എസ്പിയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം സ്ഥിതിഗതികളില്‍ മാറ്റമുണ്ടാക്കുമെന്നാണ് ബിഎസ്പിയുടെ പ്രതീക്ഷ.

ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലും ബിഎസ്പി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. ആന്ധ്രയില്‍ പവന്‍ കല്ല്യാണിന്റെ ജനസേനയുമായും ചത്തീസ്ഗഡില്‍ അജിത്ത് ജോഗിയുടെ പാര്‍ട്ടിയായ ജനതാ കോണ്‍ഗ്രസുമായും സഖ്യത്തിലാണ് ബിഎസ്പി. ആന്ധ്രയില്‍ ഇടതുപാര്‍ട്ടികളുമായും ബിഎസ്പി സഖ്യത്തിലാണ്. എന്നാല്‍ ഇതിനെല്ലാം ഉപരിയായി ഉത്തര്‍പ്രദേശിലെ പ്രകടനം തന്നെയാണ് മായാവതിയുടെയും ബിഎസ്പിയുടെയും സാധ്യതകള്‍ നിര്‍ണയിക്കുക.

ബിജെപിയിലേക്ക് മാറി പോയ ദളിത് വോട്ടുകളെ തിരിച്ചെത്തിക്കാന്‍ ബിഎസ്പിയ്ക്ക് കഴിയുന്നതിനെ ആശ്രയിച്ചിരിക്കുമത്. 4.15 കോടി ദളിത് വോട്ടര്‍മാരാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇതില്‍ 54 ശതമാനവും മായാവതിയുടെ വിഭാഗമായ ജാതവരാണ്. ഇതിനപ്പുറം മറ്റ് ദളിത് വിഭാഗക്കാരായ പാസി, ധോബി എന്നി വിഭാഗങ്ങളുടെ വോട്ടുകള്‍ ഇത്തവണ മായവതിക്ക് തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന വെല്ലുവിളി.

ഉത്തര്‍ പ്രദേശില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞാലും ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന സ്ഥിതിഗതികളുമാണ് മായവതിയുടെ പ്രധാനമന്ത്രി മോഹത്തില്‍ തീരുമാനമാക്കുക. മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവര്‍ക്ക് കിട്ടുന്ന സീറ്റും കോണ്‍ഗ്രസിന്റ പ്രകടനത്തോളം തന്നെ മായവതിക്കും നിര്‍ണായകമാകും.

1993 ല്‍ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് അവരുമായി തെറ്റിപ്പിരിഞ്ഞ മായാവതി ബിജെപിയുമായി ചേര്‍ന്നിരുന്നു. അത്തരമൊരു അവസ്ഥ അവര്‍ ഇപ്പോള്‍ തള്ളിക്കളയുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ബിഎസ്പിയുടെ നിലപാടില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിലും ഉറപ്പ് പറയാന്‍ കഴിയില്ല. ഉത്തര്‍പ്രദേശിലെ പ്രകടനമായിരിക്കും ഇതിലൊക്കെ നിര്‍ണായകമാകുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍