UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മോദി ഭരിച്ചു വികസിപ്പിച്ച ഗുജറാത്ത് എന്തുകൊണ്ട് നിരക്ഷരരുടെ നാടായി’

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ വസ്തുതകളെ ചോദ്യം ചെയ്ത് എംബി രാജേഷ് എംപി. അറുപത് വര്‍ഷം കേരളം ഭരിച്ചവര്‍ കേരളത്തിന്റെ പുരോഗതിക്കായി ഒന്നും ചെയ്തില്ലെന്ന് മോദി പാലക്കാട്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനാത്താണ് കേരളമെന്ന് മോദി പറയുകയും ചെയ്തിരുന്നു. 

ആ നേട്ടം എങ്ങനെയുണ്ടായി എന്ന് അദ്ദേഹത്തിന് അറിയാമോ? ആദ്യത്തെ ഇ എം എസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ ബില്ലുമാണ് കേരളത്തെ വിദ്യാഭ്യാസത്തില്‍ ഒന്നാമത് എത്തിച്ചത്. താങ്കളും താങ്കളുടെ പാര്‍ട്ടിയും ചേര്‍ന്ന് തുടര്‍ച്ചയായി ഭരിച്ചു വികസിപ്പിച്ചിട്ടും ഗുജറാത്ത് നിരക്ഷരരുടേയും വിദ്യാവിഹീനരുടേയും നാടായി തുടരുന്നത് എന്തുകൊണ്ടെന്ന് എംപി തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. കൂടാതെ മോദിയോട് ചില ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിക്കുകയും ചെയ്തു.

എംബി രാജേഷ് മോദിയോട് ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്

പാലക്കാടും കേരളത്തിലും കൃഷി തകര്‍ന്നു എന്നു മോദി. കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവും അതിന്റെ പകുതിയും ചേര്‍ത്ത് താങ്ങുവില നിശ്ചയിക്കും എന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്വന്തം പ്രകടനപത്രികയിലെ വാഗ്ദാനത്തെക്കുറിച്ച് എന്തേ മോദിക്ക് മൗനം?

നാല് ശതമാനം പലിശക്ക് കൃഷിക്കാര്‍ക്ക് വായ്പ ഉറപ്പാക്കണമെന്ന സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ നടപ്പാക്കത്തതെന്തേ?

റബ്ബര്‍ വിലയിടിവിനെക്കുറിച്ചും ഒരക്ഷരം പറഞ്ഞില്ലല്ലോ?

റബ്ബര്‍ അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചക്ക് കാരണമായ ആസിയാന്‍ കരാറില്‍ നിന്ന് പിന്‍മാറുന്നതിനു പകരം യൂറോപ്യന്‍ യൂണിയനുമായി വീണ്ടം സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാന്‍പോകുന്നത് മോദി സര്‍ക്കാരല്ലേ?

അടിക്കടി പെട്രോള്‍ഡീസല്‍പാചക വാതക മണ്ണെണ്ണ വില കൂട്ടുന്നതിനെക്കുറിച്ചും അദ്ദേഹം ഒന്നും പറഞ്ഞില്ലല്ലോ?

കേരളത്തിലടക്കം തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കൊടുക്കാനുളള കോടിക്കണക്കിന് രൂപയുടെ കൂലി കുടിശ്ശികയെക്കുറിച്ചും മിണ്ടാട്ടമില്ലേ (അട്ടപ്പാടിയില്‍ മാത്രം തൊഴിലുറപ്പു തൊഴിലാളികള്‍ക്കുള്ള കൂലി കുടിശ്ശിക ഒരു കോടി പത്തൊമ്പത് ലക്ഷത്തി നാല്‍പത്തിയെട്ടായിരം രൂപയാണ്.)

പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് കൊക്കകോളയില്‍ നിന്ന് 216 കോടി രൂപ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നിയമം തന്റെ സര്‍ക്കാര്‍ തിരിച്ചയതിനെക്കുറിച്ച് ഈ കൊടും വരള്‍ച്ചക്കിടയിലും മോദി മറന്നതെന്തേ

മണ്ണ് വെള്ളം എന്നൊക്കെ പറഞ്ഞു നടക്കുന്ന കുമ്മനം പ്ലാച്ചിമട ബില്ല് തിരിച്ചയച്ച കാര്യം ഓര്‍മ്മിപ്പിക്കേണ്ടിയിരുന്നില്ലേ?

പുറ്റിങ്ങല്‍വെടിക്കെട്ടു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല എന്ന തന്റെ സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചും മോദിക്ക് മൗനമോ?

സഹകരിച്ചു ഭരിക്കുന്നത് ബി.ജെ.പിയും കോണ്‍ഗ്രസുമല്ലേ?

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസില്‍ കോഴ വാങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണം മോദി സര്‍ക്കാര്‍ വന്നശേഷം എന്തായി?

വിജയ് മല്യക്ക് ഉപകാരം ചെയ്യന്നതിലും അദാനിയെ സഹായിക്കുന്നതിലു മെല്ലാം ഇരുകൂട്ടരും സഹകരിക്കുകയല്ലേ?

1960 ല്‍ ഇ എം എസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ജനസംഘം പൊതു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പട്ടാമ്പിയില്‍ ഒരാഴ്ച തങ്ങി സഹകരിച്ച് പ്രവര്‍ത്തിച്ചത് നെഹ്‌റുവും മോദിയുടെ ആചാര്യനായ ദീന്‍ ദയാല്‍ ഉപാധ്യയും ഒരുമിച്ചായിരുന്നില്ലേ?

1982,84,87,91 എന്നീ തെരഞ്ഞെടുപ്പുകളിലെ കോലീബി മുന്നണിയെ കുറിച്ച് ബി ജെ പി നേതാക്കളായ കെ.ജി.മാരാരും രാമന്‍പിള്ളയും ആത്മകഥയില്‍ എഴുതിയത് മോദിക്ക് ആരും പരിഭാഷപ്പെടുത്തിക്കൊടുത്തില്ലേ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍