എം ബി രാജേഷ് 77% ചിലവാക്കിയപ്പോള്‍ സുരേഷ് ഗോപിയുടെ വിനിയോഗം അഞ്ചര ശതമാനം മാത്രം
എംപി ഫണ്ട് വിനിയോഗത്തിന്റെ കണക്കുകള്‍ പറഞ്ഞു സുരേഷ് ഗോപി അനുകൂലികളും പാലക്കാട് എംപി എംബി രാജേഷും തമ്മില്‍ സോഷ്യല്‍ മീഡിയ അടി തുടങ്ങിക്കഴിഞ്ഞു. ‘സുരേഷ് ഗോപി എംപിയായിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. രാജേഷ് വര്‍ഷങ്ങളായി എംപിയാണ്. പക്ഷെ എംപി ഫണ്ട് ഉപയോഗത്തില്‍ രാജേഷ് സമ്പൂര്‍ണ്ണ പരാജയമാണ്. സുരേഷ്‌ഗോപി എംപി ഫണ്ട് രാജേഷിനെക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ വിനിയോഗിച്ചു’ ഇത്തരത്തിലുള്ള പോസ്റ്റുകളും മറ്റും ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് മറുപടി പോസ്റ്റുമായി എംബി രാജേഷ് എംപി രംഗത്തെത്തുകയായിരുന്നു.
രാജേഷിന്റെ വിശദീകരണം ഇങ്ങനെയാണ്;
‘സംഘി നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃക. ഞാന്‍ ചിലവഴിച്ചതിനേക്കാള്‍ മൂന്നിരട്ടി അധികമായി എം.പി.ഫണ്ട് ശ്രീ.സുരേഷ് ഗോപി ചെലവാക്കിയെന്ന മുട്ടന്‍ നുണ പ്രചരിപ്പിക്കുന്നതായി സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ വസ്തുത ഇതാണ്. മാസങ്ങള്‍ക്ക് മുന്‍പ് ചുമതലയേറ്റ സുരേഷ് ഗോപിയുടെ എം.പി. ഫണ്ടില്‍ നിന്നും ചെലവായിട്ടുള്ളത് വെറും 28 ലക്ഷം രൂപ മാത്രമാണ്. അതായത് വെറും 5.5 ശതമാനം മാത്രം! ഇപ്പോഴത്തെ കണക്ക് പ്രകാരം 77.17% തുക എന്റെ എം.പി.ഫണ്ടില്‍ നിന്നും ചെലവഴിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ടേമില്‍ നൂറു ശതമാനം തുകയും ചെലവഴിച്ചിട്ടുമുണ്ട്. സുരേഷ് ഗോപി എം.പി.ഫണ്ട് 5 % മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നത് ചൂണ്ടിക്കാണിക്കാനോ, അതിന്റെ പേരില്‍ അദ്ദേഹത്തെ ചെറുതായി കാണിക്കാനോ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തുന്ന വ്യാജപ്രചരണത്തെ തുറന്ന് കാണിക്കാന്‍ നിര്‍ബന്ധിതനായെന്ന് മാത്രം.’
സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് രാജേഷ് പ്രതികരിച്ചിരിക്കുന്നത്. 16-ാം ലോകസഭയിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ 2016 ഡിസംബര്‍ 30- വരെയുള്ള കണക്കുകള്‍ സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. 2009 മുതല്‍ പാലക്കാട് എംപി രാജേഷാണ്. 2014-ല്‍ വീണ്ടും എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജേഷിന് ഇതുവരെ 7.50 കോടി രൂപയാണ് ഇതുവരെ(2014 മുതല്‍) അനുവദിക്കപ്പെട്ടത്. ഇതില്‍ 77.17 ശതമാനം തുക ചിലവിട്ടെന്ന് കണക്കുകള്‍ കാണിക്കുന്നത് അതായത് 5.79 കോടി ചിലവഴിച്ചു. ലോകസഭ എംപി ഫണ്ടില്‍ രാജേഷിന് അര്‍ഹതപ്പെട്ടത് പതിനഞ്ച് കോടിയാണ്.

കേരള എംപിമാരുടെ ഫണ്ട് വിനിയോഗത്തിന്റെ കണക്കുകളുടെ ലിങ്ക്- https://goo.gl/di91MQ
രാഷ്ട്രപതി നാമനിര്‍ദ്ദേശ (നോമിറ്റേഡ് എംപി) പ്രകാരം 2016 ഏപ്രില്‍ 27 നായിരുന്നു സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. സുരേഷ് ഗോപിക്ക് അനുവദിച്ചിരിക്കുന്ന 5 കോടി മുഴുവനും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 28 ലക്ഷം രൂപയാണ് അദ്ദേഹം വിനിയോഗിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച തുകയുടെ 5.50 ശതമാനമാണ് സുരേഷ് ഗോപി ചിലവഴിച്ചിരിക്കുന്നത്. കണക്കുകള്‍ കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് രാജേഷ് തന്നെയാണ്. പക്ഷെ സുരേഷ് ഗോപി എംപിയായിട്ട് പത്ത് മാസം പോലും തികഞ്ഞിട്ടില്ലാത്തതിനാല്‍ അദ്ദേഹം ഫണ്ട് വിനിയോഗത്തില്‍ പരാജയമാണെന്നും മറ്റും ആരോപിക്കാന്‍ സമയമായിട്ടില്ല. പക്ഷെ കേരള എംപിമാര്‍ ഫണ്ട് വിനിയോഗത്തില്‍ ഉദാസീനരാണെന്നാണ് കണക്കുകള്‍ പറയുന്നത്.

സുരേഷ് ഗോപിയുടെ ഫണ്ട് വിനിയോഗത്തിന്റെ (നോമിനി എംപിയായതിനാല്‍ പ്രത്യേക കണക്കിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്) കണക്കുകളുടെ ലിങ്ക്- https://goo.gl/cDh9SK
16-ാം ലോകസഭയിലെ കേരളത്തിലെ എംപിമാര്‍ക്ക് 207.50 കോടിയാണ് അനുവദിച്ചിരിക്കുന്നത്. അതില്‍ 142.76 കോടിയാണ് വിനിയോഗിച്ചിരിക്കുന്നത്. ശതമാനകണക്കില്‍ 68.80 കേരള എംപിമാരുടെ വിനിയോഗം. കേരളത്തിലെ എംപിമാര്‍ക്ക് ഒരോരുത്തര്‍ക്കും അര്‍ഹതപ്പെട്ട ഫണ്ട് 15 കോടിയാണ്. പല എംപി-മാര്‍ക്കും അനുമതി ലഭിച്ച തുകകള്‍ വ്യത്യസ്തമാണ്. പക്ഷെ ഒരോരുത്തര്‍ക്കും 7.50 കോടിയ്ക്ക് മുകളില്‍ ലഭിച്ചിട്ടുണ്ട്. ഫണ്ടിന്റെ ഉപയോഗത്തില്‍ ശതമാനകണക്കില്‍ കേരളത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ജോസ് കെ മാണി (കോട്ടയം)യാണ്. ജോസ് കെ മാണിക്ക് 7.50 കോടി ലഭിച്ചതില്‍ 6.55 കോടിയും ചിലവഴിച്ചു കഴിഞ്ഞു. വിനിയോഗ ശതമാനം 87.30.
രണ്ടാം സ്ഥാനക്കാരനായ എന്‍ കെ പ്രേമ ചന്ദ്രന്‍ (കൊല്ലം) തനിക്ക് അനുവദിച്ചു കിട്ടിയ 10 കോടിയില്‍ 8.53 കോടി ചിലവഴിച്ചു. വിനിയോഗ ശതമാനം 85.27. മൂന്നാമത് വന്നിരിക്കുന്ന എ സമ്പത്തിന് (ആറ്റിങ്ങല്‍) ലഭിച്ച തുക 12.50 കോടിയാണ്. ഇതില്‍ 10.01 കോടി രൂപ സമ്പത്ത് ചിലവഴിച്ചപ്പോള്‍ വിനിയോഗ ശതമാനം വന്നിരിക്കുന്നത് 80.10 ആണ്. നാലാമത് ഇ അഹമ്മദാണ് (മലപ്പുറം) സ്ഥാനം പിടിച്ചിരിക്കുന്നത്. 12.50 കോടി കിട്ടിയ ഇ അഹമ്മദ് ചിലവഴിച്ചിരിക്കുന്നത് 9.70 കോടിയാണ്. 77.56 ശതമാണ് അദ്ദേഹത്തിന്റെ വിനിയോഗം. ഫണ്ട് വിനിയോഗത്തില്‍ അഞ്ചാം സ്ഥാനമാണ് എംബി രാജേഷിന്‍റേത്.

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും എംപി ഫണ്ട് വിനിയോഗത്തിന്റെ കണക്കുകളുടെ ലിങ്ക്- https://goo.gl/Zh1D49
എംപി ഫണ്ട് വിനിയോഗത്തില്‍ ഏറ്റവും പിന്നില്‍ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറാണ്. 10 കോടി ലഭിച്ച ഇ ടി ചിലവഴിച്ചിരിക്കുന്നത് 5.40 കോടിയാണ്. വിനിയോഗത്തില്‍ 55.13 ശതമാനമാണ് ഇ ടിയുടെ കണക്ക്. പി കെ ബിജുവാണ് (ആലത്തൂര്‍) അടുത്തത്. 7.50 കോടി ലഭിച്ച ബിജു ചിലവിഴിച്ചത് 4.13 കോടിയാണ്. വിനിയോഗ ശതമാനം 55.13 . വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനും തൊട്ടടുത്ത് തന്നെയുണ്ട്. 10 കോടി ലഭിച്ച മുല്ലപ്പള്ളി വിനിയോഗിച്ചത് 5.83 കോടിയാണ്. 58.34 ശതമാണ് അദ്ദേഹം വിനിയോഗിച്ചിരിക്കുന്നത്.
ഫണ്ട് വിനിയോഗത്തില്‍ 21-ആം സ്ഥാനത്താണ് കേരളം. 69 ശതമാനമാണ് കേരള എം പിമാരുടെ വിനിയോഗം. നാമ നിര്‍ദേശം ചെയ്യപ്പെട്ട എം പിമാരാണ് വിനിയോഗത്തില്‍ ഏറ്റവും പിന്നില്‍. അവരെല്ലാം കൂടി പതിനെട്ടര ശതമാനമാണ് വിനിയോഗിച്ചത്.