UPDATES

എംബിബിഎസ് സീറ്റിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; ‘വരാണസിയില്‍ സമാധിയിരിക്കാന്‍’ പോയ പ്രതിയെ തിരുപ്പൂരില്‍ അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചയ്തു കോടികളുടെ തട്ടിപ്പു നടത്തിയ കേസില്‍ പ്രതിയായ തമിഴ് സിനിമ നിര്‍മാതാവ് എസ്. മദനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കഴിഞ്ഞ അഞ്ചുമാസത്തോളമായി ഒളിവിലായിരുന്നു. വേന്തര്‍ മൂവീസ് എന്ന ഫിലിം പ്രൊഡക്ഷന്‍ കമ്പിനിയുടെ ഉടമയായ മദന്‍ എസ്ആര്‍എം ഗ്രൂപ്പിന്റെ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് ഏര്‍പ്പെടുത്തി തരാം എന്ന ഉറപ്പില്‍ 80 കോടിയോളം രൂപ ക്യാപിറ്റേഷന്‍ ഫീസ് ഇനത്തില്‍ മാതാപിതാക്കളുടെ കൈയില്‍ നിന്നും വാങ്ങി തടപ്പുനടത്തിയെന്നതാണു കേസ്. 2013 മേയില്‍ ആണു മദനെതിരേ പരാതിക്കര്‍ രംഗത്തു വരുന്നത്. കോടികള്‍ ക്യാപിറ്റേഷന്‍ ഫീസ് നല്‍കിയിട്ടും അഡ്മിഷന്‍ കിട്ടാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. എസ്ആര്‍എം സാരഥി ടി ആര്‍ പാച്ചമുത്തുവുമായുള്ള അടുപ്പം മുതലെടുത്താണ് ഇയാള്‍ മെഡിക്കല്‍ സീറ്റിന്റെ പേരില്‍ പണപ്പിരിവു നടത്തിയത്. എന്നാല്‍ തനിക്കെതിരേ ആരോപണം ഉയര്‍ന്നതോടെ ഇയാള്‍ ചെന്നൈയില്‍ നിന്നും മുങ്ങി.

ചെന്നൈയില്‍ നിന്നും മദന്‍ നേരെ മണിപ്പൂരില്‍ ആണ് എത്തിയത്. ഇവിടെ നിന്നും മദന്‍ ഒരു കത്തെഴുതിയിരുന്നു. അതില്‍ പറയുന്നത് തന്റെ കാര്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും താന്‍ വാരണാസിയില്‍ സമാധി ഇരിക്കാന്‍ പോവുകയാണെന്നുമായിരുന്നു. കൂട്ടത്തില്‍ എസ്ആര്‍എം ഗ്രൂപ്പ് തന്നെ ചതിക്കുകയായിരുന്നുവെന്നും തനിക്ക് നല്‍കിയ വാക്ക് അവര്‍ പാലിച്ചില്ലെന്നും മദന്‍ കുറ്റപ്പെടുത്തുന്നുണ്ട്. സീറ്റുകള്‍ നല്‍കാമെന്നു ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണു താന്‍ പണം വാങ്ങിയതെന്നും മദന്‍ പറയുന്നു.

മണിപ്പൂരില്‍ എത്തിയ മദന്‍ അവിടെ സ്വന്തമായി ഒരു വീട് വാങ്ങി താമസിക്കുകയായിരുന്നു. രഹസ്യ ചേമ്പറുകളൊക്കെയുള്ള വീടായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് ചെന്നൈയിലെ ഒരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധമാണ് പൊലീസിന്റെ കയ്യില്‍ അകപ്പെടുത്തിയത്. ഈ സ്ത്രീയെ കാണാന്‍ മദന്‍ ചെന്നൈയില്‍ എത്താറുണ്ടെന്നും ഈ സത്രീ മണിപ്പൂരില്‍ പോകാറുണ്ടെന്നും വിവരം കിട്ടിയതോടെയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനു മദനെ കുടുക്കാന്‍ വഴി തെളിഞ്ഞത്. തിരുപ്പൂരില്‍ താമസിക്കുന്ന ഈ സ്ത്രീയുടെ വീട്ടിലെത്തിയ സമയത്താണ് പൊലീസ് മദനെ അറസ്റ്റ് ചെയ്യുന്നത്. ഞായറാഴ്ചയാണ് മദനെ കസ്റ്റഡിയില്‍ എടുക്കുന്നതെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും അതിനും മുന്നെ അയാളെ പൊലീസ് പിടികൂടിയെന്നും വിവരമുണ്ട്.

അസേമയം മദനും എസ്ആര്‍എം ഗ്രൂപ്പ് ഉടമ പാച്ചമുത്തുവുമായി അടുത്തബന്ധം ഉണ്ടായിരുന്നതിനാല്‍ പണംതട്ടിപ്പ് കേസില്‍ പാച്ചമുത്തുവിനെതിരേയും സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഇയാളെ ഇതേവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പാച്ചമുത്തുവിനെ മാര്‍ഗദര്‍ശി ആയാണ് മദന്‍ തന്റെ ഫെയ്‌സബുക്ക് പേജില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമ നിര്‍മാതാവെന്നതിനെക്കാള്‍ എസ്ആര്‍എം ഗ്രൂപ്പിന്റെ അഡ്മിഷന്റെ ഏജന്റായിട്ടായിരുന്നു മദന്റെ പ്രവര്‍ത്തനം കൂടുതലും. പാച്ചമുത്തു രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ ഫണ്ട് സ്വരൂപണത്തിനും നേതൃത്വം നല്‍കിയിരുന്നത് മദന്‍ ആയിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്നു പാച്ചമുത്തുവിന്റെ പാര്‍ട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍