UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പിരിച്ചുവിടണം?

Avatar

ടീം അഴിമുഖം

ഏറെ കാത്തിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സംഭവിച്ചത്. വൈദ്യ വിദ്യാഭ്യാസവും വൈദ്യവൃത്തിയില്‍ ഏര്‍പ്പെടലും നിയന്ത്രിക്കുന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കെതിരെ (MCI)  ഈയാഴ്ച്ച പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മറ്റി കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്.

ആരോഗ്യം എല്ലാവര്‍ക്കും പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ എത്രതന്നെ പണം ചെലവഴിച്ചാലും നമുക്ക് വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാതിരിക്കല്‍, ഉള്ളവരുടെ വിതരണത്തില്‍ത്തന്നെ കടുത്ത അസന്തുലനം, അവരുടെ വൈദ്യവിദ്യാഭ്യാസ നിലവാരത്തില്‍ ഗൌരവമായ സംശയങ്ങള്‍, എന്നിവ വന്നാല്‍ ആ പണം മുഴുവന്‍ പാഴാവുകയെ ഉള്ളൂ. വൈദ്യ വിദ്യാഭ്യാസ രംഗത്തെ ‘സമ്പൂര്‍ണമായ സംവിധാന തകര്‍ച്ചയ്ക്ക്’MCI-യെ കുറ്റപ്പെടുത്തിയ പാര്‍ലമെന്‍ററി സമിതി തങ്ങളുടെ 92-ആം റിപ്പോര്‍ടില്‍ ആവശ്യപ്പെട്ടത് ഇപ്പോള്‍ അതിനെ ഭരിക്കുന്ന 1952-ലെ കാലികമല്ലാത്ത നിയമം എടുത്തുകളഞ്ഞു എത്രയും വേഗത്തില്‍ പുതിയതൊന്നു കൊണ്ടുവന്നു MCI-യെ അടിമുടി അഴിച്ചുപണിയാനാണ്.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒന്നാമതായി, ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നതിനെക്കാളും-1:1000- വളരെ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ എണ്ണം. രണ്ട്, രാജ്യത്തെ ജനസംഖ്യയുടെ 31% ഉള്ള 6 സംസ്ഥാനങ്ങളിലാണ് 58% എം‌ബി‌ബി‌എസ് സീറ്റുകളും. 46% ജനസംഖ്യയുള്ള 8 സംസ്ഥാനങ്ങളിലായി 21% എംബിബിഎസ് സീറ്റുകള്‍ മാത്രമാണുള്ളത്. മൂന്ന്, വൈദ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം ഏറ്റവും താഴ്ന്ന നിലയിലാണ്, നിലവിലെ സംവിധാനം ശരിയായ തരത്തിലുള്ള ഡോക്ടര്‍മാരെയല്ല സൃഷ്ടിക്കുന്നത്. ലൈസന്സ്-രാജ് കാലത്തെ ഒരു ഉദ്യോഗസ്ഥപ്രഭുവിനെ പോലെ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി കൊടുക്കുന്നതിലും അപ്രായോഗികമായ വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതിലുമാണ് MCI ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ തൊഴില്‍ മേഖലയിലെ ധാര്‍മികമായ പെരുമാറ്റം നിലനിര്‍ത്താനുള്ള ചുമതല അത് അവഗണിച്ചു. അതുകൊണ്ട് ഈ രണ്ട് ചുമതലകളും അടിയന്തരമായി വിഭജിക്കാന്‍ സമിതി ശരിയായിതന്നെയാണ് ശുപാര്‍ശ ചെയ്തത്.

ക്രിക്കറ്റില്‍ BCCI എന്നപോലെ അതിനുള്ളിലെ തത്പരകക്ഷികളുടെ താത്പര്യങ്ങള്‍ക്കാണ് ദേശീയാരോഗ്യാവശ്യങ്ങളെക്കാള്‍ MCI മുന്‍ഗണന നല്‍കിയത്. ഇത് മാറണം. പരിഷ്കരണത്തിനുള്ള ആവശ്യം സമിതി പറയുന്നതുപോലെ ‘നീട്ടിവെക്കാനാകാത്ത വിധത്തില്‍ അടിയന്തരമാണ്.’ കൂടുതല്‍ ഇന്ത്യക്കാര്‍ രോഗികളായിക്കൊണ്ടിരിക്കെ സര്‍ക്കാരിന് ഇനിയും ഇതവഗണിക്കാനാകുമെന്ന് തോന്നുന്നില്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍