UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മത്സ്യമാംസങ്ങള്‍ മദ്യവും മയക്കുമരുന്നും പോലെ; മന്ത്രി രവീന്ദ്രനാഥ് സംഘികളേക്കാള്‍ വലിയ സംഘിയാകരുത്

Avatar

അഴിമുഖം പ്രതിനിധി

മത്സ്യം, മാംസം, മുട്ട എന്നിവ മയക്കുമരുന്നിനോടും മദ്യത്തോടും ഉപമിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനെതിരേ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം. എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍ എസ് മാധവന്‍, പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എസ് ഫെയ്‌സി എന്നിവര്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നു. തിരുവനന്തപുരം വിജെടി ഹാളില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ‘മയക്കുമരുന്ന് കുട്ടികളില്‍; പ്രശ്‌നങ്ങളും പരിഹാരവും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം വന്നത്. പ്രകൃതി തന്ന ഭക്ഷണമല്ലാതെ മറ്റൊന്നും ഉപയോഗിക്കരുതെന്ന് ഉപദേശിക്കുന്ന മന്ത്രി മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന്, മദ്യം എന്നിവയുടെ സ്വാദ് തനിക്കറിയില്ലെന്നും പറയുന്നു.

മാംസം, മത്സ്യം, മുട്ട എന്നിവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ചതു വഴി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് സംഘികളുടെ താളത്തിനൊപ്പം പാടുകയാണെന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

 

പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. ഫയ്‌സിയും മന്ത്രിയുടെ ആഹ്വാനം സംഘികളുടെ പ്രവര്‍ത്തികളെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതാണെന്നു കുറ്റപ്പെടുത്തുന്നു. മാംസഭക്ഷണത്തിന്റെ പേരുപറഞ്ഞു സംഘികള്‍ രാജ്യം താറുമാറാക്കാന്‍ ശ്രമം നടത്തുമ്പോള്‍ തന്നെയാണു മന്ത്രിയുടെ വായില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശം വന്നിരിക്കുന്നത്. കേരളസമൂഹത്തെയാകെ അപമാനിക്കുന്നതാണിതെന്നും ഫെയ്‌സി കുറ്റപ്പെടുത്തുന്നു. എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ തന്നെ വലിയതോതില്‍ അത്ഭുതപ്പെടുത്തുന്നില്ലെന്നും സിപിഎമ്മിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും ഇതേ അഭിപ്രായം പറയുന്നവര്‍ വളരെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നമ്മുടെ പൂര്‍വികര്‍ വേട്ടയാടി ഭക്ഷണം കഴിച്ചിരുന്ന കാലമുണ്ടായിരുന്നു. മനുഷ്യപരിണാമത്തിലെ മികച്ച ഘട്ടമായിരുന്നു അത്. മനുഷ്യമസ്തികത്തിന്റെ വികാസത്തിന് മാംസഭക്ഷണം വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. ഭക്ഷണത്തില്‍ മാംസത്തിന്റെ പ്രത്യേകിച്ച് മൃഗക്കൊഴുപ്പിന്റെ അഭാവം മസ്തിഷ്‌കത്തെ സാരമായി ബാധിച്ചേക്കാമെന്നും ഫെയ്‌സി ചൂണ്ടിക്കാണിക്കുന്നു. ഹിറ്റ്‌ലര്‍ ആണ് അതിനുള്ള ഏറ്റവും നല്ല ഉദാഹരണം. മറ്റൊരു ഹിറ്റ്‌ലര്‍ എന്നു പറയാവുന്ന ബല്‍ജിയത്തിലെ ലിയോപോള്‍ഡ് രണ്ടാമനും സസ്യഭക്ഷണപ്രിയനായിരുന്നു. എത്രയോ ജനങ്ങളെയാണ് അയാള്‍ കൂട്ടക്കൊല ചെയ്തത്. ഇത്തരം ഉദാഹരണങ്ങളാക്കി പറയാവുന്ന വേറെയും സസ്യാഹരപ്രിയരുണ്ട്.

രാജ്യത്തുടനീളം ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കൊള്ള, കൊല, ബലാത്സംഗം, അക്രമം എന്നിവയുടെയെല്ലാം പിറകിലുള്ളത് മാംസഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങളുടെ അഭാവമുള്ള മസ്തിഷ്‌കം പേറുന്നവരാണ്. ഒരു സ്ത്രീയുടെ ജഡത്തില്‍ പോലും ലൈംഗികവൈകൃതം തീര്‍ക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നതിനും കാരണമിതു തന്നെ. മാംസഭക്ഷണം കഴിക്കുന്നവരാണ് അധികം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെന്നു പറയുന്നു, അതു ഭക്ഷണത്തിന്റെ കുഴപ്പമല്ല, അതവരുടെ സൈക്കോളജിക്കല്‍ പ്രശ്‌നമാണ്. മസ്തിഷ്‌കവും മാംസഭക്ഷണവവും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിന് എംഗല്‍സ് എഴുതിയ വിഖ്യാത കൃതി ‘ഡയലക്ടിക്‌സ് ഓഫ് നേച്ചറിലെ ദി പാര്‍ട്ട് പ്ലേയ്ഡ് ബൈ ലേബര്‍ ഇന്‍ ദി ട്രാന്‍സിഷന്‍ ഫ്രം ഏഫ് ടു മാന്‍’ എന്ന അധ്യായം വായിച്ചാല്‍ മതി; ഫെയ്‌സി മന്ത്രിയെ ഉപദേശിക്കുന്നു.

ഒരുപക്ഷേ താങ്കള്‍ക്ക് മാര്‍ക്‌സിയന്‍ സാഹിത്യങ്ങളെക്കാള്‍ ചായ്‌വ് കൂടുതല്‍ വേദസംഹിതകളോടായിരിക്കും. എങ്കിലും വേദങ്ങളിലും പുരാണങ്ങളിലും മാംസത്തെ കുറിച്ച് പറഞ്ഞിരിക്കുന്നതെന്താണെന്ന് അങ്ങ് മനസിലാക്കിയിട്ടുണ്ടോ? (അവയുടെ യഥാര്‍ത്ഥപരിഭാഷ തന്നെ വായിക്കണം, വ്യാഖ്യാനങ്ങള്‍ വായിക്കരുത്, യഥാര്‍ത്ഥസത്ത കളഞ്ഞുള്ളവയാണ്). മാംസം കഴിക്കുന്നതിനെ കുറിച്ചു മാത്രമല്ല, അവ സൂക്ഷിച്ചു വയ്ക്കുന്നതിനെ കുറിച്ചും പറയുന്നുണ്ട്. രാമായണത്തില്‍ അയോധ്യകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും സുന്ദരകാണ്ഡത്തിലുമെല്ലാം കാണാം മാംസം അക്കാലത്ത് സാധാരണമായൊരു ഭക്ഷണമായിരുന്നുവെന്ന്. രാമായണത്തിലെ പ്രധാനകഥാപാത്രങ്ങള്‍ പോലും മാംസം ഭക്ഷിക്കുന്നവരായിരുന്നു.

മനുസ്മൃതിയില്‍ വിശ്വസിക്കുന്നൊരാളാണ് താങ്കളെങ്കില്‍ അതില്‍ അഞ്ചാം അധ്യായത്തില്‍ ഭക്ഷണത്തെ കുറിച്ച് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ചാണ്(അഭക്ഷ്യങ്ങള്‍), മറ്റൊന്ന് മാംസം കഴിക്കുന്നതിന്റെ രീതികളെക്കുറിച്ചാണ്(മാംസവിധി). മനുസ്മൃതിയില്‍ മാംസാഹാരം ഒരു സാധാരണപ്രവര്‍ത്തിയായിട്ടാണ് പറയുന്നത്.

 

 

സസ്യാഹാരിയാകാനുള്ള താങ്കളുടെ വ്യക്തിപരമായ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നെ സംബന്ധിച്ച് മാംസാഹാരം കഴിക്കുന്നൊരാളാണ് ഞാന്‍. എന്റെ കോളേജ് കാലത്ത് ഞാന്‍ മാംസാഹാരം കഴിച്ചിരുന്നത് മിക്കവാറും സഹപാഠിയായിരുന്ന ജി. സുരേഷ് എന്നയാള്‍ക്കൊപ്പമായിരുന്നു. അദ്ദേഹം ഇപ്പോള്‍ ഒരു സംഘപരിവാറുകാരനും രാജ്യസഭ എം പിയും താങ്കളെ പോലെ മാംസവര്‍ജ്ജനം പ്രസംഗിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് സുരേഷ് ഗോപി എന്നാണ്.

രാജ്യത്ത് സിപിഎം ഉള്‍പ്പെടെയുള്ള പുരോഗമനശക്തികള്‍ ഭക്ഷണസ്വാതന്ത്ര്യത്തിനായി പൊരുതുന്ന സമയത്തു തന്നെയാണ് ഒരു കമ്യൂണിസ്റ്റ് മന്ത്രിയായ താങ്കള്‍ മാംസവും മുട്ടയും മീനുമെല്ലാം കഴിക്കുന്നത് തെറ്റാണെന്നു പറയുന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്. ആ തെറ്റ് തിരുത്തി കേരളത്തിലെ ജനങ്ങളോട് അങ്ങ് ക്ഷമ ചോദിക്കും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഡോ. ഫെയ്‌സി മന്ത്രി രവീന്ദ്രനാഥിനയച്ച ഇ-മെയിലില്‍ വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍