UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിഭാഷകരോ മാധ്യമക്കാരോ, ആരാണ് ജനങ്ങളോട് കൂടുതല്‍ തെറ്റുചെയ്യുന്നത്?

ഏഷ്യാനെറ്റ് ന്യൂസില്‍ ആര്‍.എസ്.എസുകാര്‍ മാത്രം മതിയെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇമെയിലിനെക്കുറിച്ച് ഇത്ര ദിവസമായിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യധാരാ പത്രങ്ങളോ ചാനലുകളോ ചര്‍ച്ച ചെയ്യാത്തത്? 12 ദിവസത്തോളം ഇ.പി.ജയരാജന്റെ ബന്ധുനിയമനം ചര്‍ച്ച ചെയ്ത ചാനലുകള്‍, എത്രയോ ദിവസമായി നിയമവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചാനലുകള്‍ എന്തേ ഈ ഇ-മെയിലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല? നാട്ടിലെ ഏതു പ്രശ്‌നത്തിനും സംയുക്ത പ്രസ്താവന ഇറക്കുന്ന (തനിച്ച് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്ത) സാംസ്‌കാരിക നായകന്‍മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒപ്പിയാന്‍മാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു? എന്തുകൊണ്ട്, ആര്‍.എസ്.എസിനെ നഖശിഖാന്തം എതിര്‍ക്കുന്ന കൈരളി ചാനല്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നില്ല? (ബ്രിട്ടാസ് കുറച്ചുനാള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തിരുന്നതുകൊണ്ടാണോ? അതോ കൈരളിയില്‍ നിന്നും ഏഷ്യാനെറ്റിലേക്കും അവിടെ നിന്ന് തിരിച്ച് കൈരളിയിലേക്കും ചാടിനടന്നിട്ടുള്ള ബ്രിട്ടാസിന്, അടിസ്ഥാനപരമായി രണ്ടും തമ്മില്‍ വ്യത്യാസമൊന്നും ഇല്ല എന്ന് മനസ്സിലായതുകൊണ്ടാണോ?)

കൈരളിയും ദേശാഭിമാനിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗത്തിന്റെ ജിഹ്വകളാണെന്നും ചന്ദ്രിക മുസ്ലിം ലീഗിന്റെ പത്രമാണെന്നും മാധ്യമവും മീഡിയവണും ജമാഅത്ത് ഇസ്ലാമിന്റേതാണെന്നും, കേസരിയും ജനം ടി.വി.യും ആര്‍.എസ്.എസിന്റേതാണെന്നും അമൃത ടി.വി. അമൃതഭാഷിണിയാണെന്നും വീക്ഷണം പത്രം ആരുടേതാണെന്ന് ആര്‍ക്കുമറിയില്ല എന്നുമൊക്കെ ആര്‍ക്കാണറിയാത്തത്? പക്ഷെ, അങ്ങനെയല്ല ഏഷ്യാനെറ്റിനെയും മാതൃഭൂമിയെയും മനോരമയേയും കേരളീയര്‍ കാണുന്നത്? അതുകൊണ്ടാണ് ഇടതുപക്ഷം അധികാരത്തില്‍ വന്നാലും വലതുപക്ഷം വന്നാലും രാജേട്ടന്‍ ജയിച്ചാലും കൂടുതല്‍ മലയാളികള്‍ വാര്‍ത്തകള്‍ക്ക് സ്വതന്ത്രമെന്നു തോന്നുന്ന മാധ്യമങ്ങളെത്തന്നെ കൂടുതല്‍ ആശ്രയിക്കുന്നത്. ഈ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കൂടാനും ഈ ചാനലുകളുടെ  ടാം റേറ്റിംഗ് കുറയ്ക്കാനും കാരണവും ഈ നിഷ്പക്ഷതയാണ്. അല്ലാതെ ഈ മാധ്യമങ്ങളിലെ പത്രകേസരികളുടെ മിടുക്കുകൊണ്ടല്ല.

അത്തരമൊരു നിഷ്പക്ഷതയെ തകിടം മറിക്കുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ ഇ – മെയില്‍. എന്നിട്ടും ഏഷ്യാനെറ്റില്‍ ആരും പ്രതിഷേധസൂചകമായി ഒരു കറുത്ത ബാഡ്ജ് പോലും ധരിച്ചില്ല; മുതലാളിയോട് പ്രതിഷേധ സ്വരത്തില്‍ ഒരു സംയുക്ത മറുപടി പോലും അയച്ചില്ല. അനാവശ്യ നിബന്ധനകളുമായി വന്നാല്‍ തന്റെ മുതലാളിയോട് ഒരു അന്യദേശ ചായക്കടതൊഴിലാളി കാണിക്കുന്ന പ്രതിഷേധം പോലും തൊഴിലാളി പ്രസ്ഥാനങ്ങളുടെ നാടായ കേരളത്തിലെ പത്രത്തൊഴിലാളികളില്‍ നിന്നുണ്ടായില്ല. സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ പരിക്കേറ്റ പത്രപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് നടയിലേക്ക് മാര്‍ച്ച് നടത്തുന്ന ഒരു പത്രകേസരിയേയും ഇക്കാര്യത്തില്‍ കണ്ടില്ല. കോടതിയില്‍ മീഡിയാ റൂം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതി വരെ പോയ കെ.യു.ഡബ്ല്യു.ജെ.യിലെ ഒരൊറ്റ ഭാരവാഹി പോലും ഇത്തരമൊരു ഇ-മെയിലിനെ കുറിച്ച് പ്രതികരിച്ചില്ല.

അല്ലെങ്കില്‍ തന്നെ സ്വന്തം സ്ഥാപനങ്ങളിലെ  കൊള്ളരുതായ്മകളെക്കുറിച്ചോ, സ്വന്തം പ്രവര്‍ത്തികളിലെ ശുദ്ധതെമ്മാടിത്തത്തെ കുറിച്ചോ എന്നാണ് കേരളത്തിലെ പത്രപ്രവര്‍ത്തകരോ അവരുടെ അസോസിയേഷനോ പ്രതികരിച്ചിട്ടുള്ളത്? നാടാകെയുള്ള അനധികൃത ബാറുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത നാളുകളില്‍ പ്രസ് ക്ലബ്ബിന്റെ താഴെ പത്രക്കാര്‍ നടത്തുന്ന അനധികൃത ബാര്‍ ഉണ്ടെന്ന് എത്ര പത്രക്കാര്‍ പറഞ്ഞു?  മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും വരുമാനത്തില്‍ക്കവിഞ്ഞ സ്വത്തിനെക്കുറിച്ച് വാര്‍ത്തകള്‍ കൊടുക്കുന്ന പത്രലോകം തങ്ങളില്‍ എത്ര പേര്‍ക്കാണ് വരുമാനത്തില്‍ കവിഞ്ഞ സ്വത്തില്ലാത്തത് എന്നു കൂടി വ്യക്തമാക്കണം. (സത്യസന്ധമായ ഒരന്വേഷണം വന്നാല്‍ തിരുവനന്തപുരത്തെ 40 ശതമാനം പത്രക്കാരെങ്കിലും വരുമാനതതില്‍ കവിഞ്ഞ സ്വത്തുണ്ടായ കേസില്‍ ജയിലിലാകും. അവരില്‍ മുതിര്‍ന്ന കേസരികളും കാണും.) ബന്ധുനിയമനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന എത്ര പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പറയാന്‍ കഴിയും തങ്ങളുടെ സ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകരുടെ സ്വന്തക്കാരായ ആരും തന്നെ അനര്‍ഹമായി സര്‍ക്കാര്‍ ജോലി തരപ്പെടുത്തിയിട്ടില്ലെന്ന്?

തിരുവനന്തപുരത്ത് പ്രസ് ക്ലബ് ഇരിക്കുന്നത് സര്‍ക്കാര്‍ വക ഭൂമിയിലാണ്. അതിലെ വാടക ക്രമം ഇങ്ങനെയാണ്: പത്രസമ്മേളനം (15 മിനിട്ട്) 1500 രൂപ; പത്രസമ്മേളന ഹാള്‍ ഉച്ചതിരിഞ്ഞ്  (മൂന്ന് മണിക്കൂര്‍) 4000 രൂപ; ശീതികരിയ്ക്കാത്ത ഹാള്‍ (മൂന്നുമണിക്കൂര്‍) 4000 രൂപ; ശീതീകരിച്ച ഹാള്‍ (മൂന്നുമണിക്കൂര്‍) 6000 രൂപ എന്നിങ്ങനെയാണ്. (ഓര്‍ക്കുക, ഇവിടുത്തെ ഏറ്റവും മുന്തിയ റിസോര്‍ട്ടില്‍ 24 മണിക്കൂറിന് ഒരു മുറിയ്ക്ക് 30,000 രൂപയ്ക്ക് താഴെയുള്ളപ്പോഴാണ് ശീതികരിച്ച മുറിയ്ക്ക് മൂന്നുമണിക്കൂറിന് 6,000 രൂപ. ആ കണക്ക് നോക്കിയാല്‍ 24 മണിക്കൂറിന് 48,000 രൂപയാകും.) ഒരു ദിവസം 15 മിനിട്ട് വച്ച് എത്ര സമ്മേളനങ്ങള്‍ നടക്കുന്നുണ്ടാകും? ഈ പണമൊക്കെ എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി ചിലവാക്കുന്നു? പത്രക്കാരുടെ ക്ലബ്ബ് വിനോദങ്ങള്‍ക്കും കുറഞ്ഞ ചിലവിലുള്ള മദ്യപാനത്തിനും വേണ്ടി എന്തിനാണ് സര്‍ക്കാര്‍ ഭൂമി കൊടുത്തത്? അതിലെ വരുമാനത്തില്‍ നിന്ന് പൊതുജനത്തിന് എന്ത് പ്രയോജനം? പ്രസ് ക്ലബ്ബ് ഫണ്ടോ മറ്റ് ആനുകൂല്യങ്ങളോ സര്‍ക്കാര്‍ ചെയ്ത് കൊടുക്കുന്നത് ‘Favour’ ആയി കണക്കാക്കണമെന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കാണുമ്പോഴാണ് സെക്രട്ടേറിയറ്റിന് പുറകില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ളയുടെ അര്‍ത്ഥം കൂടുതല്‍ വ്യക്തമാകുന്നത്.

പ്രസ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍  (http://cyberjournalist.org.in/archive/council.html) പത്രക്കാര്‍ക്ക് കിട്ടുന്ന ‘Favour’ ന്റെ പട്ടികയില്‍ മറ്റു ചിലവ കൂടിയുണ്ട്: സര്‍ക്കാര്‍ വക ഫ്‌ളാറ്റോ താമസസൗകര്യമോ; ബസ്സിലോ ട്രെയിനിലോ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനുള്ള പാസ്; വിദേശ ടൂര്‍; സൗജന്യ വിമാന ടിക്കറ്റ്; മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് പത്രസ്ഥാപനങ്ങള്‍ക്കോ പത്രക്കാരുടെ സംഘടനകള്‍ക്കോ കിട്ടുന്നഫണ്ട്; പത്രക്കാരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാരില്‍ ജോലി കൊടുക്കുന്നത്; സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ കമ്മിറ്റികളിലോ നോമിനേറ്റ് ചെയ്യുന്നത് (നമ്മുടെ പ്രസ് അക്കാഡമി പോലുള്ളവ); പ്രസ് ക്ലബ്ബിനുള്ള സംഭാവന; തുടങ്ങി 25 ലേറെ കാര്യങ്ങള്‍.

ഇതില്‍ പല ‘Favour’ കളും കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ അനുഭവിക്കുന്നു; പ്രസ് കൗണ്‍സിലിന്റെ ശുപാര്‍ശകളെ തള്ളിക്കളഞ്ഞുകൊണ്ടുതന്നെ. ഇതിന് പുറമെയാണ് പത്രക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാനുള്ള പദ്ധതി. പത്രക്കാര്‍ പ്രവര്‍ത്തിക്കുന്നത് പത്രസ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് അതാതു സ്ഥാപനങ്ങളാണ്. പൊതുജനം നികുതി കൊടുക്കുന്ന പണത്തില്‍ നിന്ന് പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ കൊടുക്കാനുള്ള തീരുമാനത്തെ എന്തുകൊണ്ടാണ് പത്രപ്രവര്‍ത്തക യൂണിയന്‍ എതിര്‍ക്കാത്തത്? 1976 ല്‍ ഇറക്കിയ ഉത്തരവില്‍ (G.O.(MS)No. 7/76) പത്രപ്രവര്‍ത്തകരേക്കുറിച്ച് മാത്രമേ പറഞ്ഞിരുന്നുള്ളു. അതില്‍ ഭേദഗതി വരുത്തി ‘ദൃശ്യ-ഓണ്‍ലൈന്‍-റേഡിയോ മാധ്യമങ്ങളെ’ കൂടി ഉള്‍പ്പെടുത്തിയത് 2016 മാര്‍ച്ച്  മൂന്നാം തീയതിയാണ്.

മറ്റൊരു സ്വകാര്യ തൊഴിലിടത്തിലും തൊഴിലാളിയ്ക്ക് കിട്ടാത്ത സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കുമ്പോള്‍, അതിന് പകരമായി മാധ്യമങ്ങള്‍ പൊതുസമൂഹത്തിനെന്താണ് കൊടുക്കുന്നത്? (വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്നത് അവരുടെ പണിയാണ്. അതിനാണ് മാധ്യമ മുതലാളി അവര്‍ക്ക് കൂലി കൊടുക്കുന്നത്.) തെറ്റായ വാര്‍ത്ത, മറിച്ചൊരു ക്രോസ് വെരിഫിക്കേഷന്‍ പോലുമില്ലാതെ, കൊടുക്കാതിരിക്കാനുള്ള ഉത്തരവാദിത്തമെങ്കിലും പത്രപ്രവര്‍ത്തകരോ അവരുടെ സംഘടനകളോ കാട്ടേണ്ടതല്ലേ?

ഒരുദാഹരണമെടുക്കാം. 1994 ലാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഉണ്ടാകുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍, 2016 ല്‍ പോലും ഇന്ത്യ പൂര്‍ണ്ണമായും സ്വായത്തമാക്കിയിട്ടില്ലാത്ത ക്രയോജനിക് റോക്കറ്റ് സാങ്കേതികവിദ്യ (Cryogenic rocket technology) 1994 -ല്‍ ചിലര്‍ ചേര്‍ന്ന് പാകിസ്ഥാന് വിറ്റുവെന്നാണ് കേസ്. മിനിമം കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാമായിരുന്ന ചാരക്കേസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്ത ഏതെങ്കിലും പത്രപ്രവര്‍ത്തകനെതിരെ ഏതെങ്കിലും മാധ്യമസ്ഥാപനം ശിക്ഷണ നടപടി എടുത്തിട്ടുണ്ടോ? അഞ്ചാറ് പേരുടെ കുടുംബം തകര്‍ത്തതിനേക്കാള്‍ പ്രധാനമായി, ഇന്ത്യയുടെ റോക്കറ്റ് സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ വലിയ രീതിയില്‍ പിന്നോട്ട് തള്ളിയിട്ട ചാരക്കേസ് കൊട്ടിയാഘോഷിച്ച ഒരൊറ്റ പത്രസ്ഥാപനമെങ്കിലും തങ്ങള്‍ക്ക് പറ്റിയത് തെറ്റാണെന്ന് കാണിച്ച് പൊതുജനത്തോട് മാപ്പ് ചോദിച്ചിട്ടുണ്ടോ? ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീംകോടതി 1998 ല്‍ വിധിച്ചതിനുശേഷമെങ്കിലും അത്തരമൊരു പ്രസ്താവന ഇറക്കേണ്ടതായിരുന്നില്ലേ? ചാരക്കേസ് റിപ്പോര്‍ട്ട് ചെയ്ത അതേ ലാഘവത്തോടെയല്ലേ 22 വര്‍ഷത്തിനുശേഷവും, 2016 ഒക്‌ടോബറില്‍, ചൈനീസ് മുട്ടയെക്കുറിച്ച് മാതൃഭൂമിയും മനോരമയും റിപ്പോര്‍ട്ട് ചെയ്തത്? മാധ്യമസ്ഥാപനങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കും അത് എഡിറ്റ് ചെയ്തവര്‍ക്കുമെതിരെ എന്തു നടപടിയാണെടുത്തത്? മുട്ടക്കച്ചവടക്കാര്‍ക്കുണ്ടായ നഷ്ടത്തിനു പുറമെ സാധാരണക്കാരില്‍ ഉണ്ടാക്കിയ പരിഭ്രാന്തിയ്ക്ക് എന്ത് സമാധാനമാണ് ഇവര്‍ക്ക് പറയാനുള്ളത്?

തെറ്റായ റിപ്പോര്‍ട്ടിന് നടപടിയില്ല എന്നതു പോട്ടെ, അതിനു പാരിതോഷികം കൊടുക്കുന്ന നടപടി പത്രസ്ഥാപനങ്ങളില്ലാതെ മറ്റേതെങ്കിലും സ്ഥാപനത്തില്‍ കേട്ടിട്ടുണ്ടോ? ഒരുദാഹരണം പറയാം. 2002-ല്‍ ടൂറിസം മന്ത്രിയായിരുന്ന കെ.വി.തോമസിന് 3666 കോടിരൂപയുടെ ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫാക്‌സ് ചെയ്ത വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശോഭനാ ജോര്‍ജ്ജ് വഴി ലഭ്യമായ ഉടനെ, യാതൊരു ക്രോസ് വെരിഫിക്കേഷനും നടത്താതെ, സൂര്യ ടി.വി. റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ശോഭന ജോര്‍ജ്ജിനും അനില്‍ നമ്പ്യാര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. (ക്രൈം നമ്പര്‍ 256/2002). വ്യാജരേഖ ചമച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. കേസില്‍ അനില്‍ നമ്പ്യാരെ അറസ്റ്റ് ചെയ്തപ്പോള്‍ ഇവിടുത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ പോലീസ് പത്രസ്വാതന്ത്ര്യത്തെ ഹനിയ്ക്കുന്നു എന്ന് പറഞ്ഞ് മാര്‍ച്ച് നടത്തിയില്ലേ? (അത്രയൊക്കെയല്ലേ ഇപ്പോള്‍ അഭിഭാഷകരും ചെയ്യുന്നുള്ളു?) ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത അനില്‍ നമ്പ്യാര്‍ക്കെതിരെ സുര്യ ടി.വി. യാതൊരു നടപടിയും എടുത്തില്ല. മറിച്ച്, വാര്‍ത്താ മാധ്യമങ്ങളില്‍ സൂര്യ ടി.വി. നിറഞ്ഞുനിന്നതിനു കാരണക്കാരനായ  നമ്പ്യാരെ അനുമോദിക്കുകയാണ് ചെയ്തത്. (സ്ത്രീയെ അപമാനിച്ച ധനേഷ് മാത്യു മാഞ്ഞൂരാനെ അനുമോദിച്ചുകൊണ്ടുള്ള യോഗമോ പ്രസ്താവനയോ അഭിഭാഷക സംഘടന ഇറക്കിയിട്ടില്ല എന്നതും ഓര്‍ക്കണം.)

മറ്റൊരുദാഹരണം. പൊന്‍മുടിയില്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശം വിറ്റ സംഭവത്തില്‍ വസ്തു കൈമാറ്റം വേഗത്തില്‍ നടത്താനായി ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസില്‍ കാട്ടിയ ഒരു പത്രറിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഐ.എസ്.ആര്‍.ഒ. തുടങ്ങുന്ന സ്‌പെയ്‌സ് ടെക്‌നോളജി കോളേജിന്റെ  നിര്‍മ്മാണ പ്രവര്‍ത്തന ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുന്നു എന്ന് ‘ദി ഹിന്ദു’വില്‍ വന്ന റിപ്പോര്‍ട്ടായിരുന്നു അത്. ക്രമവിരുദ്ധമായ ഭൂമിക്കച്ചവടത്തിന് ഏറെ സഹായിച്ചത് ഈ Planted news report ആയിരുന്നു. എന്നിട്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത, കേരളത്തില്‍ പത്രപ്രവര്‍ത്തനം കണ്ടുപിടിച്ച, പത്രകേസരിയ്‌ക്കെതിരെ പത്രം നടപടിയെടുത്തില്ല. റിപ്പോര്‍ട്ടര്‍ക്കുവേണ്ടി എന്‍.റാമിനോട് ശുപാര്‍ശ ചെയ്ത രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉണ്ടായിരുന്നത്രേ!  റിപ്പോര്‍ട്ടര്‍ ഇന്നും പ്രസ് ക്ലബിലെ ജേര്‍ണലിസം  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പത്രപ്രവര്‍ത്തനം പഠിപ്പിക്കുന്നു.

അഭിഭാഷകര്‍ക്കെതിരെ സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്തു. അത് പത്രക്കാര്‍ വലിയ വാര്‍ത്തയാക്കി. എന്നാല്‍ സെബാസ്റ്റ്യന്‍ പോളിനുണ്ടായതിനു സമാനമായ വിലക്ക് 1999-ല്‍ സൂര്യ ടി.വി.യ്ക്കും അവര്‍ക്കുവേണ്ടി വാര്‍ത്താധിഷ്ഠിത പരിപാടിയായ ‘അണിയറ’ തയ്യാറാക്കി അവതരിപ്പിച്ചിരുന്ന ‘നെറ്റ്‌വര്‍ക്ക് ടെലിവിഷ’നും ഉണ്ടായി. ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാറിനെ ശോഭന ജോര്‍ജ്ജിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ നീക്കം നടത്തി എന്ന കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ എല്ലാ പത്രങ്ങളിലും ഒരേ വാചകത്തിലുള്ള റിപ്പോര്‍ട്ടാണ് വന്നത്. നന്ദകുമാറിന്റെ അറസ്റ്റിനെതിരെ പ്രതികരിയ്ക്കില്ല എന്ന് കേരള പത്രപ്രവര്‍ത്തകയൂണിയനിലെ ചില ഭാരവാഹികളില്‍ നിന്നും പ്രസ് ക്ലബ്ബിലെ ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ നിന്നും ശോഭന ജോര്‍ജ്ജ് ഉറപ്പുവാങ്ങിയശേഷമായിരുന്നു അറസ്റ്റ് നടന്നത്. അന്ന്, അറസ്റ്റിനെതിരെ ഒരു പ്രോഗ്രാം തയ്യാറാക്കിയത് നെറ്റ്‌വര്‍ക്ക് ടെലിവിഷനായിരുന്നു. സൂര്യ ടി.വി. അത് ആ ആഴ്ചയില്‍ തന്നെ ‘അണിയറ’യില്‍ പ്രക്ഷേപണം ചെയ്തു. ഇതിനെ തുടര്‍ന്ന് കുറച്ച് മാസത്തോളം സൂര്യ ടി.വിയ്ക്കും നെറ്റ്‌വര്‍ക്ക് ടെലിവിഷനുമെതിരെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രോഗ്രാമില്‍ പ്രസ് ക്ലബ്ബിലെ അനധികൃത ബാറിനെക്കുറിച്ചും അതിലെ മദുപന്‍മാരെക്കുറിച്ചും പരാമര്‍ശിച്ചതിനായിരുന്നു വിലക്ക്. മാധ്യമപ്രവര്‍ത്തകരുടെ യൂണിയന്‍ മാധ്യമപ്രവര്‍ത്തകരോട് ചെയ്തത് ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ടാണ് അധികമാരും ഇതറിയാതെ പോയത്. നാണക്കേടുകൊണ്ടാവും സൂര്യ ടി.വി.യോ നെറ്റ് വര്‍ക്ക് ടെലിവിഷനോ അതില്‍ പ്രതികരിയ്ക്കാതിരുന്നത്. അഭിഭാഷകന്‍ കാണിക്കുന്ന തെമ്മാടിത്തത്തിനെതിരെ പറഞ്ഞപ്പോള്‍ സെബാസ്റ്റ്യന്‍ പോളിനെ അഭിഭാഷക സംഘടന വിലക്കും. പത്രക്കാരും കാണിക്കുന്ന തെമ്മാടിത്തത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ സൂര്യ ടി.വി.യെയും നെറ്റ്‌വര്‍ക്ക് ടെലിവിഷനേയും പത്രക്കാരുടെ സംഘടന വിലക്കി. ചാരക്കേസിനെ സംബന്ധിച്ച ഏറ്റവും പുതിയ പത്രപ്രവര്‍ത്തനത്തെക്കുറിച്ചു കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് നിര്‍ത്താം.

മാതൃഭൂമി പത്രത്തിന്റെ ലേഖകനായ രാജന്‍ ചെറുകാട് എഴുതിയ ‘അട്ടിമറിക്കപ്പെട്ട ചാരക്കേസ്’ എന്ന പുസ്തകത്തില്‍ 22 കൊല്ലങ്ങള്‍ക്ക് മുമ്പ് കേരള പോലീസ് (അന്നത്തെ ഐ.ബി. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം) പടച്ചുവിട്ട നുണക്കഥകളുടെ തനിയാവര്‍ത്തനമാണ്. 1994-ല്‍ ഇന്ത്യയ്ക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ കൈവശമുണ്ടായിരുന്നോ എന്നോ എന്തുകൊണ്ടാണ്  തങ്ങള്‍ക്ക് കേസെടുക്കാന്‍ നിയമപരമായി അവകാശമില്ലാത്ത Indian Official Secrets Act അനുസരിച്ച് കേരള പോലീസ് കേസെടുത്തോ എന്നുള്ള സാങ്കേതികപരവും നിയമപരവുമായ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കാതെ ഒരു പുസ്തകം ഇന്നും എഴുതാന്‍ ഒരു പത്രക്കാരനു കഴിയുന്നു എന്നിടത്താണ് നമ്മുടെ പത്രപ്രവര്‍ത്തനവും സാമൂഹിക പ്രതിബന്ധതയും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പ്രത്യേകിച്ച്, ചാരക്കേസ് കച്ചവടതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തി സി.ഐ.എ. ഉണ്ടാക്കിയതാണെന്ന വസ്തുത റോക്കറ്റ് സാങ്കേതികവിദ്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ലോകത്തിലെ വിദഗ്ധര്‍ തര്‍ക്കമില്ലാതെ സമ്മതിച്ചിരിക്കുന്ന സ്ഥിതിക്ക്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍